UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിഡിയുടെ പിന്നാലെ പോയ മാധ്യമങ്ങള്‍ കാണാതെ പോയ കോടതി നിരീക്ഷണം

Avatar

സന്ദീപ് വെള്ളാരംകുന്ന്

കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ ഒരു പരാമര്‍ശം ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായെങ്കിലും വിഷയം കാര്യമായ ചര്‍ച്ചയായില്ല. കേരളത്തില്‍ വ്യാജ രേഖകളുടെ പിന്‍ബലത്തിലാണ് ഭൂമി കൈവശം വയ്ക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്ന ഹാരിസണ്‍ മലയാളം എന്ന വമ്പന്‍ പ്ലാന്റേഷന്‍ കമ്പനിക്കെതിരേ ആയിരുന്നു ഈ പരാമര്‍ശം. കേരളത്തില്‍ എഴുപതിനായിരത്തോളം ഏക്കര്‍ ഭൂമി കൈവശം വയ്ക്കുന്ന ഹാരിസണ്‍ മലയാളം വിദേശ കമ്പനിയാണെന്നും കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരമുള്ള ആനുകൂല്യങ്ങളൊന്നും തന്നെ ലഭിക്കാന്‍ ഹാരിസണ്‍ മലയാളത്തിന് അര്‍ഹതയില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം. സോളാര്‍ സിഡി കാത്തിരുന്ന മാധ്യമങ്ങളും പ്രബുദ്ധ മലയാളികളും വളരെ നിര്‍ണായകമായ ഈ കോടതി വിധിക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയതുമില്ല.

ഹാരിസണ്‍ മലയാളം കമ്പനിയുടെ നിയന്ത്രണത്തിലുള്ള നാല്‍പ്പതിനായിരത്തോളം ഏക്കര്‍ ഭൂമി ഭൂ സംരക്ഷണ നിയമപ്രകാരം സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ എം ജി രാജമാണിക്യം ഏറ്റെടുത്ത നടപടി ചോദ്യം ചെയ്ത് കമ്പനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസ് പി വി ആശയാണ് ഹാരിസണ്‍ വിഷയത്തില്‍ നിര്‍ണായക നരീക്ഷണം നടത്തിയത്. വിദേശ രജിസ്‌ട്രേഷനുള്ള കമ്പനിക്ക് കേരളത്തില്‍ ബിസിനസ് നടത്താന്‍ അര്‍ഹതയില്ലെന്നും ഭൂപരിധി വ്യവസ്ഥയില്‍ ഇളവു ലഭിക്കുന്ന ഭൂരഹിത നടപ്പു കുടിയാന്‍ ആയോ ഹാരിസണ്‍ മലയാളത്തെ പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയതോടെ ഹാരിസണ്‍ മലയാളത്തിന്റെ കേരളത്തിലെ ഭാവി തന്നെ തുലാസിലായിരിക്കുകയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഹാരിസണ്‍ മലയാളം ഭൂമി വിഷയത്തില്‍ സങ്കീര്‍ണ നിയമ പ്രശ്‌നങ്ങളുള്ളതിനാല്‍ ഈ വിഷയത്തില്‍ അന്തിമ തീര്‍പ്പുകല്‍പ്പിക്കാന്‍ കേസ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയും ചെയ്തിട്ടുണ്ട്.

ഹാരിസണ്‍ മലയാളം കമ്പനിയും സര്‍ക്കാരും തമ്മിലുള്ള നിയമ പോരാട്ടം തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങളായി. ഹാരിസണ്‍ മലയാളം കൈവശം വയ്ക്കുന്ന ആധാരം വ്യാജമാണന്നും ലണ്ടനില്‍ ഇപ്പോഴും വേരുകളുള്ള കമ്പനി വ്യാജ രേഖകളുടെ പിന്‍ബലത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഹാരിസണ്‍ മലയാളം വിദേശ കമ്പനിയാണെന്നും ഭൂപരിഷ്‌കരണ നിയമത്തിന്റെ ഇളവുകള്‍ ലഭിക്കാന്‍ കമ്പനിക്ക് അര്‍ഹതയില്ലെന്നും കോടതി കണ്ടെത്തിയതോടെ ഹാരിസണ്‍ ഈ വിഷയത്തില്‍ ഉയര്‍ത്തിയ വാദങ്ങളെല്ലാം പൊളിഞ്ഞു തുടങ്ങിയിരിക്കുകയാണെന്ന് ഒരു സ്രോതസ് ചൂണ്ടിക്കാട്ടുന്നു. ഒരേ സമയം ഭൂപരിഷ്‌കരണ നിയമ പ്രകാരമുള്ള ഇളവുകള്‍ നേടാന്‍ ശ്രമിക്കുകയും അതേ സമയം തന്നെ ഭൂവുടമയായി ഭൂമികള്‍ വില്‍ക്കാന്‍ ശ്രമിച്ചതുമാണ് ഹാരിസണിന്റെ വാദങ്ങള്‍ പൊളിയാന്‍ കാരണം. ഭൂ സംരക്ഷണ നിയമപ്രകാരം സര്‍ക്കാര്‍ നടപടി തുടരുകയാണങ്കില്‍ ഹാരിസണ്‍ മലയാളം കമ്പനിയില്‍ നിന്ന് ഭൂമി വാങ്ങിയിട്ടുള്ളവരുടെ ഭൂമികളും നഷ്ടപ്പെടും. കേരളത്തില്‍ ബിസിനസ് നടത്താനോ ഭൂമി കൈമാറ്റം ചെയ്യാനോ ഹാരിസണിന് അവകാശമില്ലെന്ന് കോടതി പറഞ്ഞതോടെ വിറ്റ ഭൂമികള്‍ സംബന്ധിച്ച ഇടപാടുകളുടെയെല്ലാം നിയമ സാധുത ഇല്ലാതായിരിക്കുകയാണ്. സ്രോതസ് ചൂണ്ടിക്കാട്ടുന്നു.

ഹാരിസണ്‍ മലയാളം കമ്പനി എണ്ണായിരത്തിലധികം ഏക്കര്‍ ഭൂമിയാണ് വിവിധ ജില്ലകളിലായി വിറ്റതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 2263 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്‌റ്റേറ്റ് വിറ്റിട്ടുള്ളത് കെപി യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്കാണ്. 1665 ഏക്കര്‍ വരുന്ന മുണ്ടക്കയത്തെ ബോയ്‌സ് എസ്‌റ്റേറ്റ് വാങ്ങിയിട്ടുള്ളത് കോഴിക്കോട് ആസ്ഥാനമായുള്ള പാരിസണ്‍ ഗ്രൂപ്പുമാണ്. കൊല്ലം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന 2,700 ഏക്കര്‍ വരുന്ന അമ്പനാട് എസ്റ്റേറ്റ് വാങ്ങിയിട്ടുള്ളത് ട്രാവന്‍കൂര്‍ കമ്പനിയാണ്. കൊല്ലം ജില്ലയില്‍ തന്നെയുള്ള 206 ഏക്കര്‍ ഭൂമി വാങ്ങിയിട്ടുള്ളത് റിയാ പ്രോപ്പര്‍ട്ടീസ് ആന്‍ഡ് റിസോര്‍ട്ട്‌സാണ്. ഭൂമി വാങ്ങിയവരെല്ലാം ഇവിടങ്ങളില്‍ റബര്‍ കൃഷി തുടരുന്നുമുണ്ട്. കോടതി ഉത്തരവ് പ്രതികൂലമായാല്‍ വിജിലന്‍സ് കണ്ടെത്തല്‍ പ്രകാരം വ്യാജ ആധാരം ചമച്ചു വില്‍പ്പന നടത്തിയെന്നു കണ്ടെത്തിയിട്ടുള്ള ഈ ഭൂമികളെല്ലാം ഭൂ സംരക്ഷണ നിയമപ്രകാരം സര്‍ക്കാരിന്റേതായി മാറുമെന്നാണ് ഈ രംഗത്തെ നിയമ വിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒരു നൂറ്റാണ്ടിലധികമായി കേരളത്തില്‍ പ്ലാന്റേഷന്‍ വ്യവസായ രംഗത്ത് സജീവ സാന്നിധ്യമായ മലയാളം പ്ലാന്റേഷന്‍ (ഇപ്പോള്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ്) എന്ന കമ്പനിക്കെതിരായ നടപടികള്‍ക്കു തുടക്കം കുറിച്ചിട്ട് ഒരു പതിറ്റാണ്ടായി. കൊല്ലം സ്വദേശിയും ഐഎന്‍ടിയുസി നേതാവുമായ സിആര്‍ നജീബ് നല്‍കിയ ഒരു പരാതിയാണ് ഹാരിസണെ തിരിച്ചുവരാന്‍ കഴിയാത്ത വിധം വലിയ കുടുക്കിലാക്കിയത്. സര്‍ക്കാര്‍ നിയോഗിച്ച മൂന്ന് അന്വേഷണ കമ്മീഷനുകളുടെയും വിജിലന്‍സ് അന്വേഷണത്തിന്റെയും ഫലം പൂര്‍ണമായും ഹാരിസണ്‍ മലയാളത്തിന് എതിരായിരുന്നു. പിന്നീടാണ് കേസ് കോടതിയിലേക്ക് നീണ്ടത്. കോടതി നിര്‍ദേശ പ്രകാരം ഭൂ സംരക്ഷണ നിയമ പ്രകാരം സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ എം ജി രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഓഫീസറുടെ പരിശോധന പൂര്‍ത്തിയായ നാലു ജില്ലകളിലെ നാല്‍പ്പതിനായിരത്തോളം ഏക്കര്‍ ഭൂമി ഭൂ സംരക്ഷണ നിയമ പ്രകാരം ഏറ്റെടുക്കുന്നതായി കാട്ടി നല്‍കിയ നോട്ടീസിനെതിരേ ഹാരിസണും ഹാരിസണില്‍ നിന്നു ഭൂമി വാങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതി ഹാരിസണ്‍ വിദേശ കമ്പനിയാണെന്നും ഇന്ത്യയില്‍ ഭൂമി കച്ചവടത്തിനോ ഭൂമി കൈമാറ്റത്തിനോ അവകാശമില്ലെന്നും നിരീക്ഷിച്ചത്. 

ഹാരിസണ്‍ വിദേശ കമ്പനിയാണെന്നും വിദേശത്ത് രജിസ്റ്റര്‍ ചെയ്ത കമ്പനിക്ക് കേരളത്തില്‍ ഭൂമി കൈമാറ്റത്തിനോ അവകാശമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ തുടക്കം മുതല്‍ വാദിച്ചിരുന്നതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുശീല ആര്‍ ഭട്ട് ഈ വിഷയം തെളിവുകള്‍ സഹിതം കോടതിയെ ബോധ്യപ്പെടുത്തിയതിനാലാണ് സര്‍ക്കാരിന് അനുകൂലമായ പരാമര്‍ശം കോടതിയില്‍ നിന്നുണ്ടായതെന്ന് നിയമ രംഗത്തെ ഒരു സ്രോതസ്സ് ചൂണ്ടിക്കാട്ടുന്നു.

ഇനിയെന്ത്?
ഹാരിസണ്‍ മലയാളത്തിന്റെ ഭൂമി സര്‍ക്കാരിന്റേതായി മാറണമെങ്കില്‍ ഇനിയും നിരവധി കടമ്പകളുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ അവകാശം സംബന്ധിച്ച് ഹാരിസണിനും സര്‍ക്കാരിനും സിവില്‍ കോടതികളെ സമീപിക്കാമെന്നു ഹൈക്കോടതി പറഞ്ഞതോടെ നിയമ പോരാട്ടം ഈ രീതിയിലും നീളുമെന്നാണ് സൂചന. നിലവിലെ അവസ്ഥയില്‍ കേസ് സര്‍ക്കാരിന് അനുകൂലമാണെന്നും അതേ സമയം കോടതിയില്‍ നിന്നുള്ള അന്തിമ വിധി സര്‍ക്കാരിന് എതിരായാല്‍ ഓര്‍ഡിനന്‍സ് ഇറക്കി ഹാരിസണിന്റെ മുഴുവന്‍ ഭൂമിയും ഏറ്റെടുക്കാനുള്ള ആലോചന സര്‍ക്കാര്‍ തലത്തിലുണ്ടെന്നാണ് ഒരു സ്രോതസ് നല്‍കുന്ന സൂചന.

ചരിത്രം വഴിമാറുമ്പോള്‍
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പറ്റി പറയുമ്പോള്‍ ആദ്യം തന്നെ ഉയരുന്ന പൊതുവിലയിരുത്തല്‍ അഴിമതിക്കാരും ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നവരുമാണെന്നാണ്. എന്നാല്‍ സമ്മര്‍ദങ്ങളുണ്ടെങ്കിലും ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്ന നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്ളതിനാലാണ് നമ്മുടെ സംവിധാനം ഇങ്ങനെയെങ്കിലും നിലനില്‍ക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. ഏറ്റവുമൊടുവില്‍ ഒരു നൂറ്റാണ്ടിലധികമായി വ്യാജരേഖകളുടെ പിന്‍ബലത്തിലാണ് ഹാരിസണ്‍ മലയാളം എന്ന പ്ലാന്റേഷന്‍ കമ്പനി 62000-ത്തിലധികം ഏക്കര്‍ ഭൂമി വ്യാജ രേഖകളുടെ പിന്‍ബലത്തിലാണു കൈവശം വച്ചിരിക്കുന്നതെന്നും വന്‍ തോതില്‍ സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമി മറിച്ചുവിറ്റ് കോടികള്‍ സമ്പാദിച്ചുവെന്നും കണ്ടെത്തിയതു നമ്മുടെ ഉദ്യോഗസ്ഥര്‍ തന്നെയാണെന്നു തിരിച്ചറിയുക. ഹാരിസണ്‍ മലയാളം എന്ന പ്ലാന്റേഷന്‍ കമ്പനി വ്യാജരേഖകളുടെ പിന്‍ബലത്തിലാണു ഭൂമി കൈവശംവയ്ക്കുന്നതെന്ന് 2003-ല്‍ ആരോപണം ഉയര്‍ന്നകാലം മുതല്‍ നിരവധി സമ്മര്‍ദങ്ങളുണ്ടായിട്ടും റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വളരെ ആത്മാര്‍ത്ഥമായാണ് ഈ സംഭവത്തില്‍ അന്വേഷണം നടത്തിയത്. പത്തു വര്‍ഷത്തിലധികം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ കോടതി നടപടികള്‍ക്കു വിധേയമായി ഹാരിസണ്‍ മലയാളത്തിന്റെ ഭൂമി ഏറ്റെടുക്കലിലേക്കു സര്‍ക്കാര്‍ നീക്കമെത്തുമ്പോള്‍ ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യവും റവന്യൂ മന്ത്രിയുടെ താല്‍പര്യവും ഈ കേസിന്റെ വിജയത്തിനു കാരണമായതായി റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

സുശീല ആര്‍ ഭട്ട് ആരാണെന്നു ചോദിച്ചാല്‍ കേരളത്തില്‍ അറിയാവുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കും. ചാനല്‍ ചര്‍ച്ചകളിലോ മാധ്യമങ്ങളുടെ പരിലാളനയോ ലഭിക്കാത്തതിനാലാവാം ആളുകള്‍ അവരെ അറിയാതെ പോവുന്നതും. മറ്റുള്ളവര്‍ സ്വന്തം കാര്യങ്ങളില്‍ വ്യാപൃതരാകുമ്പോള്‍ രാത്രി വൈകിയും നിയമത്തിന്റെ ഇഴകീറി പഠിച്ച് കേസ് സര്‍ക്കാരിന് അനുകൂലമാക്കാനുള്ള നടപടിലാവും ഈ അഭിഭാഷക. തിരുവഞ്ചൂരിന്റെ വാക്കുകള്‍ കടമെടുത്താല്‍ നിയമത്തിന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ചു ഭൂമി കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന വാക്കുകള്‍ കേരള ഹൈക്കോടതിയിലെ ഇപ്പോഴത്തെ ഗവണ്‍മെന്റ് പ്ലീഡര്‍ (റവന്യൂ) സുശീല ആര്‍ ഭട്ട് പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. ഒരു നൂറ്റാണ്ടിലധികമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വയ്ക്കുന്ന പ്ലാന്റേഷന്‍ കമ്പനിയായ ഹാരിസണ്‍ മലയാളം വ്യാജ രേഖകളുടെ പിന്‍ബലത്തിലാണ് 62000-ത്തിലധികം ഏക്കര്‍ ഭൂമി കൈവശം വയ്ക്കുന്നതെന്നു തെളിയിക്കാനുതകുന്ന നിര്‍ണായകമായ കണ്ടെത്തല്‍ നടത്തിയത് അത്ര പോപ്പുലറല്ലാത്ത ഈ സര്‍ക്കാര്‍ അഭിഭാഷകയാണ്. ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ എക്കാലവും സ്വകാര്യ വ്യക്തികളുമായി ചേര്‍ന്ന് ഹൈക്കോടതിയില്‍ കേസുകള്‍ അട്ടിമറിച്ചു അവര്‍ക്കു ലാഭമുണ്ടാക്കി കൊടുക്കുകയാണെന്ന ആരോപണം എക്കാലത്തും ഉയര്‍ന്നു കേള്‍ക്കുന്നതാണ്. എന്നാല്‍ ഏതാനും വര്‍ഷം മുമ്പ് ഗവണ്‍മെന്റ് പ്ലീഡറായി (റവന്യൂ) സുശീല ആര്‍ ഭട്ട് എത്തിയതു മുതല്‍ കേരളത്തില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. കേരളത്തില്‍ ആയിരക്കണക്കിന് ആദിവാസികള്‍ ഉള്‍പ്പടെയുള്ള ഭൂരഹിതര്‍ക്ക് തലചായ്ക്കാന്‍ ഒരു തുണ്ട് ഭൂമിക്കായി സെക്രട്ടേറിയേറ്റിനു മുമ്പില്‍ വരെ സമരം നടത്തേണ്ടി വന്നപ്പോഴാണ് ഇപ്പോഴും വിദേശ പങ്കാളിത്തമുള്ള സ്വകാര്യ കമ്പനി വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ 62000-ത്തില്‍ അധികം ഏക്കര്‍ ഭൂമി കാലങ്ങളായി കൈവശം വയ്ക്കുന്നുവെന്ന കണ്ടെത്തല്‍ സുശീലാ ഭട്ട് നടത്തിയത്.

ഒടുവില്‍ ഹാരിസണ്‍ മലയാളം കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന തരത്തിലേക്കു നടപടികള്‍ എത്തിയിരിക്കുന്നു. നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഹാരിസണ്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ സ്‌പെഷ്യല്‍ ഓഫീസറുടെ പരിശോധന പൂര്‍ത്തിയായ മുപ്പതിനായിരത്തിലധികം ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതായി കാട്ടി ഹാരിസണിനു സര്‍ക്കാര്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. 

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

ഒടുവില്‍ ഹാരിസണിന്റെ അനധികൃത ഭൂമി ഏറ്റെടുക്കുന്നു; വന്‍ തട്ടിപ്പിന്റെ നീണ്ട വര്‍ഷങ്ങളിലൂടെ

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍