UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യ കുമാര്‍ രാജ്യദ്രോഹിയെങ്കില്‍ ഞാനുമതെ – മുന്‍ IAS ഉദ്യോഗസ്ഥന്‍ ഹര്‍ഷ് മന്ദര്‍

Avatar

ഹര്‍ഷ് മന്ദര്‍

ജവഹര്‍ ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷന്‍ കനയ്യ കുമാറിന്റെ അറസ്റ്റിലും സര്‍വകലാശാലാ വളപ്പിലെ പോലീസ് സാന്നിധ്യത്തിനെതിരെയും  പ്രതിഷേധിക്കാനായി, ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈസ് ചാന്‍സലറുടെ കാര്യാലയത്തിന് മുന്നില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമൊപ്പം ഞാനും ചേര്‍ന്നിരുന്നു. സായുധരായ സുരക്ഷാ ഭടന്മാരെ വളപ്പിലെങ്ങും കാണാമായിരുന്നു. ഉപരോധത്തിലകപ്പെട്ട ഒരു സൈനികത്താവളം പോലെ തോന്നിച്ചു സര്‍വകലാശാല വളപ്പ്.

പ്രതിഷേധത്തെ തടയാനുള്ള ഒരു വൃത്തികെട്ട മാര്‍ഗമായി, യോഗസ്ഥലത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുകയാണ് സര്‍വകലാശാല അധികൃതര്‍ ചെയ്തത്. ബാറ്ററി ഉപയോഗിച്ചുള്ള താത്ക്കാലിക ഉച്ചഭാഷിണികളാണ് വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചതെങ്കിലും വിദ്യാര്‍ത്ഥികളുടെ ആ വലിയ കൂട്ടം തികഞ്ഞ അച്ചടക്കത്തിലായിരുന്നതുകൊണ്ട് ശബ്ദം ഏറെ ദൂരേക്കും കേട്ടു. പ്രസംഗങ്ങള്‍ക്കിടയില്‍ അവര്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യങ്ങള്‍ മുഴക്കി. കയ്യടിച്ചു. ചെറുത്തുനില്‍പ്പിന്റെ ഐക്യത്തെ ആഘോഷിച്ചു. ആ സായാഹ്നത്തിലേതുപോലെ യുവാക്കളുടെ ശുഭാപ്തിവിശ്വാസവും, സഹവര്‍ത്തിത്വവും, ആദര്‍ശവാദവും ഞാന്‍ കണ്ടിട്ടും അനുഭവിച്ചിട്ടും ഏറെനാളായിരുന്നു.

സര്‍വകലാശാലയില്‍ ഇടതു, സോഷ്യലിസ്റ്റ്, മധ്യ, വലതു പ്രത്യയശാസ്ത്ര നിലപാടുകളുള്ള നിരവധി വിദ്യാര്‍ത്ഥി സംഘടനകളുണ്ട്. ഇവര്‍ തമ്മില്‍ കടുത്ത മത്സരവും എതിര്‍പ്പും ഉണ്ടാകാറുണ്ട്. പക്ഷേ, കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി ജെ പിയുടെ വിദ്യാര്‍ത്ഥി സംഘടന എ‌ബി‌വി‌പി ഒഴികെ എല്ലാവരും ഒറ്റക്കെട്ടാണ്. വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് ജെ എന്‍ യു അധ്യാപക സംഘടനയും അസാധാരണമായ തരത്തില്‍ പിന്തുണ നല്കുന്നു.

ആ വലിയ വിദ്യാര്‍ത്ഥി യോഗത്തിന്റെ ഒരു മൂലക്കായി ഒരു ചെറിയ കൂട്ടം എ‌ബി‌വി‌പി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരായ പൊലീസ് നടപടിയെ അനുകൂലിച്ച് മുദ്രാവാക്യങ്ങളും കരിങ്കൊടികളും ഉയര്‍ത്തി. സദസില്‍ നിന്നുള്ള പ്രസംഗത്തെ മുക്കാനാകാത്തവിധം തീരെ ചെറുതായിരുന്നു അവരുടെ എണ്ണം. വൈകുന്നേരത്തെ പരിപാടികളുടെ ഒരു ചെറുപശ്ചാത്തലം മാത്രമായി എ‌ബി‌വി‌പി മുദ്രാവാക്യങ്ങള്‍. അസാധാരണമാംവിധത്തില്‍ അതൊട്ടും ചേരാത്തതായി എനിക്കു തോന്നിയതുമില്ല (ഒരിക്കല്‍ അവര്‍ ഒരു പ്രഭാഷകനെ കയ്യേറ്റം ചെയ്തപ്പോളൊഴിച്ച്). ഒരു ചെറുന്യൂനപക്ഷത്തിന് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചത് സര്‍വകലാശാലയില്‍ എല്ലാത്തരം രാഷ്ട്രീയ അഭിപ്രായങ്ങള്‍ക്കും ജനാധിപത്യപരമായി വിയോജിക്കാനും സംവദിക്കാനും വേണ്ടിയുള്ള ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയായിരുന്നു.

ഇന്ത്യയുടെ പൊതു, ബൌദ്ധിക ജീവിതത്തിലും രാഷ്ട്രനിര്‍മാണത്തിലും ജെ എന്‍ യുവിനുള്ള നിസ്തുലമായ പങ്കിനെ പല പ്രഭാഷകരും എടുത്തുപറഞ്ഞു. ഇന്ത്യയുടെ വിശാലമായ ഭൂപരപ്പിലെ ഓരോ കോണിലുമുള്ള ശബ്ദങ്ങള്‍ ജെ എന്‍ യുവിന്റെ ഹോസ്റ്റലുകളില്‍ എവിടെയെങ്കിലും കേള്‍ക്കും. ഏതുതരം രാഷ്ട്രീയത്തിനും അവിടെ ഇടമുണ്ട്. ജനാധിപത്യ സംവാദങ്ങളാണ് സര്‍വകലാശാലയുടെ ജീവന്‍. രാത്രികാല പ്രഭാഷണങ്ങള്‍ക്കായി എന്നെ പലപ്പോഴും അവിടുത്തെ വിദ്യാര്‍ത്ഥികള്‍ വിളിച്ചിട്ടുണ്ട്. ഓരോ തവണയും അത്തരം യോഗങ്ങള്‍ക്കായി വലിയ തോതില്‍ എത്തുകയും ദത്തശ്രദ്ധരായി ഇരുന്നു ഏറെ താത്പര്യത്തോടെ രാത്രി വൈകുവോളം ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

സ്വപ്നം കാണാനുള്ള അവകാശം
ശനിയാഴ്ച്ചത്തെ യോഗത്തില്‍ സംസാരിക്കാനുള്ള എന്റെ ഊഴം വന്നപ്പോള്‍ സന്ധ്യയായിരുന്നു. ഒരു രാജ്യത്തെ യുവാക്കള്‍ക്ക് സ്വപ്നം കാണാനും വിയോജിക്കാനുമുള്ള അവകാശം നിഷേധിച്ചാല്‍ ഒരു രാജ്യം അനന്തമായി ദരിദ്രമാകും എന്നു പറഞ്ഞാണ് ഞാന്‍ തുടങ്ങിയത്. കാരണം ലോകചരിത്രത്തിലെന്നും കൂടുതല്‍ മനുഷ്യത്വവും നീതിയുമുള്ള ഒരു ലോകത്തിനായുള്ള പോരാട്ടം തുടങ്ങിയിരിക്കുന്നത്  യുവാക്കളുടെ വിയോജിപ്പുകളിലും വെല്ലുവിളികളിലും നിന്നാണ്. ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷന്‍ കനയ്യ കുമാര്‍ രാജ്യദ്രോഹിയാണെങ്കില്‍, അല്ലെങ്കില്‍ അതിനുമുമ്പ് ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുല രാജ്യദ്രോഹിയാണെങ്കില്‍ ഞാനും രാജ്യദ്രോഹിയാണെന്ന് ഞാന്‍ പ്രഖ്യാപിച്ചു.

എല്ലാതരം വിവരങ്ങളും ചേര്‍ത്തുവെച്ചാല്‍ മനസിലാകുന്നത്, പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടു എന്നു പറയുന്ന ഫെബ്രുവരി 9-ലെ പരിപാടി വിഘടനവാദ രാഷ്ട്രീയത്തെ ഉയര്‍ത്തിക്കാട്ടാനല്ല മറിച്ച് 2001-ലെ പാര്‍ലമെന്‍റ് ആക്രമണത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട അഫ്സല്‍ ഗുരുവിന് വധശിക്ഷ നല്കിയതിനെതിരെയായിരുന്നു  എന്നാണ്. അയാളെ തൂക്കുമരത്തിലേക്ക് കൊണ്ടുപോയപ്പോള്‍ ഞാനെഴുതിയ ലേഖനങ്ങള്‍ ഞാനോര്‍ക്കുന്നു. ആ സമയത്ത് ഹിന്ദു പത്രത്തില്‍ ഞാനെഴുതി,“ഫെബ്രുവരി 9,2013-നു നടപ്പാക്കിയ അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നീതി,നിയമം, വധശിക്ഷ, ശക്തമായ ഭരണകൂടം എന്നിവയെ കുറിച്ച് നിരവധി സംവാദങ്ങള്‍-ധാര്‍മികവും,നിയമപരവും,രാഷ്ട്രീയവുമായ- ഉയര്‍ത്തുന്നു. എന്താണ് ശരിയായ നീതിയുടെ ഗുണം? അത് നിയമപരവും ന്യായവും നിര്‍വികാരവും മാത്രമായാല്‍ മതിയോ, അതോ അത് ദയാപരവുമാകണോ?”

2003-ലെ അഫ്സല്‍ ഗുരുവിന് വധശിക്ഷ നല്കിയ ഹൈക്കോടതി വിധി എന്നെ അസ്വസ്ഥനാക്കിയതിന്റെ  ഒരു കാരണം ഗുരുവിന് വധശിക്ഷ നല്‍കുന്നത്  “സമൂഹത്തിന്റെ കൂട്ടായ മന:സാക്ഷിയെ” തൃപ്തിപ്പെടുത്തും എന്നു പരാമര്‍ശിച്ചതുകൊണ്ടുകൂടിയാണ്. കാരണം ഒരു കോടതിക്ക് ശിക്ഷ വിധിക്കാനുള്ള ഏക കാരണം അതിനു മുന്നില്‍ ഹാജരാക്കുന്ന തെളിവുകളെ നിയമപരമായി ന്യായമായി വ്യാഖ്യാനിക്കുന്നതിലൂടെ ന്മാത്രമാണ്. അല്ലാതെ ഭൂരിപക്ഷ പൊതുജനാഭിപ്രായത്തെ തൃപ്തിപ്പെടുത്താനാകരുത്. തൂക്കിക്കൊലയ്ക്ക് മുമ്പായി അഫസല്‍ഗുരുവിനെ അവസാനമായി ഒന്നു കാണാന്‍ അയായ്ളുടെ ഭാര്യക്കും കൌമാരക്കാരനായ മകനും അവസരം നിഷേധിച്ച പൊതുമാന്യതയുടെ ലംഘനത്തിനും അധികൃതരുടെ ക്രൂരമായ പരാജയത്തിനുമെതിരെ ഞാന്‍ അന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. തിടുക്കത്തില്‍ രഹസ്യമായി നടത്തിയ ആ തൂക്കിക്കൊല, കര്‍ത്താര്‍ സിങ് കേസില്‍ സുപ്രീം കോടതി ആവര്‍ത്തിച്ചുറപ്പിച്ച ദയാ ഹര്‍ജി തള്ളിയാല്‍ അത് പുനപരിശോധിക്കാനായി കോടതിയുടെ സമീപിക്കാനുള്ള നിയമാവകാശങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അവസരവും അയാള്‍ക്ക് നിഷേധിച്ചു.

ഞാനിങ്ങനെയാണ് അവസാനിപ്പിച്ചത്, “പലരും വിശ്വസിക്കുന്നത്, വൈകിപ്പോയ ഈ വധശിക്ഷ നടപ്പാക്കിയത് ഒരു ശക്തമായ, നിശ്ചയദാര്‍ഢ്യമുള്ള ഒരു രാഷ്ട്രത്തിന്റെ സൂചനയാണ്, പ്രത്യേകിച്ചും ‘അയല്‍രാജ്യത്തിന്’ നല്‍കുന്നത് എന്നാണ്. ഈ അയല്‍രാജ്യത്തിന്റെ ക്രൂരമായ ദൈനംദിന യാഥാര്‍ത്ഥ്യങ്ങളിലേക്കൊന്നു കണ്ണോടിച്ചാല്‍ സൈനികവത്കരിക്കപ്പെട്ട വിഭാഗീയ രാഷ്ട്രീയത്തിന്റെയും പൊതുപ്രതികാരത്തിന്റെയും നീണ്ട വര്‍ഷങ്ങളുടെ ബാക്കിപത്രമെന്തെന്ന് ബോധ്യപ്പെടുത്തും. രാജ്യത്തോട് തെറ്റു ചെയ്തവരോടുപോലും അനുതാപത്തോടെ പെരുമാറാന്‍ കഴിയുന്നത് ദുര്‍ബലമായതല്ല, മറിച്ച് സുഭദ്രവും പക്വവും ആത്മവിശ്വാസവും നിറഞ്ഞ ജനാധിപത്യത്തിനാണ്.”

പ്രതീക്ഷിച്ചപ്പോലെത്തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പ്രത്യേക രാഷ്ട്രീയ ധാരയിലുള്ളവര്‍ എന്നെ ദേശവിരുദ്ധന്‍ എന്നു മുദ്രകുത്തി മാസങ്ങളോളം എനിക്കുനേരെ വന്യമായ ആക്രമണം അഴിച്ചുവിട്ടു. എന്തായാലും എനിക്കുമേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ല. ഇന്നിപ്പോള്‍ എന്നെ ആശങ്കപ്പെടുത്തുന്നത് അതേ സംവാദം-പൊതുമൂല്യങ്ങളെയും നിയമങ്ങളെയും കുറിച്ച്- ഒരു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുമ്പോള്‍ അത് സ്വാഗതം ചെയ്യുന്നതിന് പകരം കുറ്റകരമായ രാജ്യദ്രോഹമായി കണക്കാക്കുന്നു എന്നതാണ്. അതിന്റെ പേരില്‍ പ്രധാന സംഘാടകന്‍ ഇപ്പൊഴും പൊലീസ് റിമാണ്ടില്‍ കിടക്കുകയാണ്.

ദുഷ്ടലാക്കുള്ള ഒരു ആരോപണം
കനയ്യ കുമാര്‍ ഇന്ത്യക്കെതിരെ മുദ്രാവാക്യമുയര്‍ത്തുകയോ അതിനെ പിന്തുണക്കുകയോ ചെയ്തിട്ടില്ല എന്നത് വ്യക്തമാണ്. കാരണം അത്തരത്തിലൊന്ന് ഒരിക്കലും അയാളുടെയോ അയാള്‍ അംഗമായ AISF-ന്റ്റെയോ CPI-യുടെയോ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നില്ല. അയാളെ വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത സര്‍വകലാശാലക്കും അയാള്‍ക്കുമെതിരെ ആള്‍ക്കൂട്ട ഭൂരിപക്ഷ, അതിദേശീയ വികാരമുയര്‍ത്തിവിടാനാണ് കുമാറിനെതിരായ ആരോപണങ്ങള്‍ എന്നത് വ്യക്തമാണ്.

ഇനിയിപ്പോള്‍ ഏതെങ്കിലും കാശ്മീരി വിദ്യാര്‍ത്ഥികള്‍ ഇന്ത്യക്കെതിരെ അസംതൃപ്തി പ്രകടിപ്പിക്കുന്നതും കാശ്മീര്‍ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നതുമായ  മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെങ്കില്‍ അതിനോടുള്ള പ്രതികരണം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഉള്‍പ്പെടുന്ന പൊതുസംവാദങ്ങളാണ്. അല്ലാതെ അവര്‍ക്കെതിരെ 10 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കൊളോണിയല്‍ ഭരണത്തിന്റെ ബാക്കിപത്രമായ രാജ്യദ്രോഹക്കുറ്റം ചുമത്തുകയല്ല. തങ്ങള്‍ ജീവിക്കുന്ന കാലത്തിന്റെ യുക്തികളെ സ്വതന്ത്രമായി ചോദ്യം ചെയ്യാന്‍ യുവാക്കള്‍ക്ക് അവസരം ലഭിക്കുന്ന ഇടങ്ങളാണ് സര്‍വകലാശാലകള്‍. ശക്തമായ അധീശാഭിപ്രായങ്ങളെ ചോദ്യം ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഭയത്തില്‍ നിന്നും കടമകളില്‍ നിന്നും ചങ്ങലകളില്‍ നിന്നും വിമുക്തമാകണം അവരുടെ മനസുകളും ഹൃദയങ്ങളും. സര്‍വകലാശാലകളിലാണ് ലോകത്തെല്ലായിടത്തും വിദ്യാര്‍ത്ഥികള്‍ കൊളോണിയലിസത്തിനും അന്യായമായ യുദ്ധങ്ങള്‍ക്കും സ്വേച്ഛാധിപത്യത്തിനും വെറുപ്പും അസമത്വവും നിറഞ്ഞ സാമൂഹ്യക്രമങ്ങള്‍ക്കും എതിരെ പോരാടിയിട്ടുള്ളത്. സര്‍ക്കാരുകളും ഭൂരിപക്ഷാഭിപ്രായവും അവര്‍ക്കെതിരായിരുന്നിരിക്കാം. പക്ഷേ എതിരാളിക്ക് പോലും അവരുടെ ആശയങ്ങള്‍ പറയാനും സംവദിക്കാനുമുള്ള തികഞ്ഞ സ്വാതന്ത്ര്യമാണ് ഒരു ജനാധിപതിന് വേണ്ടത്. വിയോജിക്കുന്ന വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും കുറ്റവാളികളായി ചിത്രീകരിക്കുകയും,  സ്ഥാപനത്തിന്റെ മേലധികാരികള്‍ കലാശാല വളപ്പില്‍ കടന്നുകയറി തന്നിഷ്ടപ്രകാരം വിദ്യാര്‍ത്ഥികളെ പിടികൂടാന്‍ പൊലീസിന് അനുവാദം നല്കുകയും ചെയ്യുന്ന ഇടങ്ങളായി മാറരുത് ഒരു ജനാധിപത്യത്തില്‍ സര്‍വകലാശാലകള്‍.

ഈ കാരണങ്ങള്‍കൊണ്ടാണ്, കനയ്യ കുമാറിനെ രാജ്യദ്രോഹത്തിന് കുറ്റം ചുമത്തുകയാണെങ്കില്‍ അതേ കുറ്റത്തിന് എന്നെയും വിചാരണ ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഞാന്‍ മാത്രമല്ല ഉയര്‍ത്തുന്നതെന്നും എനിക്കറിയാം.

(മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ് ഹര്‍ഷ് മന്ദര്‍) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍