UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയെ തടയാന്‍ മംഗളൂരുവില്‍ സംഘപരിവാര്‍ ഹര്‍ത്താല്‍

25ന് സിപിഎം സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കുന്നതിനാണ് പിണറായി മംഗളൂരുവില്‍ എത്തുന്നത്

മംഗളൂരുവില്‍ സന്ദര്‍ശനം നടത്താനിരിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടയാന്‍ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. 25ന് സിപിഎം സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കുന്നതിനാണ് പിണറായി മംഗളൂരുവില്‍ എത്തുന്നത്.

സ്വന്തം സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ സാധിക്കാത്ത കേരള മുഖ്യമന്ത്രിക്ക് മറ്റ് സംസ്ഥാനങ്ങളിലെ മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്നാണ് സംഘപരിവാര്‍ ഉന്നയിക്കുന്ന വാദം. മംഗളൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കന്നഡ ദിനപ്പത്രമായ വാര്‍ത്ത ഭാരതിയുടെ പുതിയ കോംപ്ലക്‌സ് ഉദ്ഘാടനം, മതസൗഹാര്‍ദ്ദ റാലി എന്നിവയാണ് മംഗളൂരുവിലെ പിണറായിയുടെ പരിപാടികള്‍. അതേസമയം പരിപാടികള്‍ നടത്തുന്നതില്‍ പ്രതിഷേധമില്ലെന്നും പിണറായി വിജയന്‍ ഇതില്‍ പങ്കെടുക്കുക തടയുക മാത്രമാണ് ലക്ഷ്യമെന്നും സംഘപരിവാര്‍ നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

കേരളം ഭരിക്കുന്ന ഏകാധിപതിയെന്നും എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഎമ്മിന്റെ നേതാവെന്നുമാണ് സംഘപരിവാര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് എം ബി പുരാണിക് ആണ് പിണറായിക്കെതിരായ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മുമ്പ് മധ്യപ്രദേശിലെ ഭോപ്പാല്‍ സന്ദര്‍ശിക്കാന്‍ പിണറായി എത്തിയപ്പോഴും സംഘപരിവാര്‍ തടഞ്ഞിരുന്നു. അതേസമയം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി കേരളത്തില്‍ ശിവഗിരി മഠം സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍