UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായുള്ള ലൈംഗികബന്ധം; പാടില്ലെന്ന് ഹാര്‍വാഡ് സര്‍വ്വകലാശാല

Avatar

സൂസന്‍ സ്വര്‍ലഗ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അദ്ധ്യാപകരും ബിരുദപൂര്‍വ വിദ്യാര്‍ത്ഥികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഹാര്‍വാഡ് സര്‍വ്വകലാശാല ഔദ്യോഗികമായി നിരോധിച്ചു.

അതിനര്‍ത്ഥം കലാശാലയിലാകേ ഇത്തരം ബന്ധങ്ങളാണെന്ന് അവര്‍ കരുതുന്നു എന്നല്ല. ഹാര്‍വാര്‍ഡിലെ ഇത്രയും കാലത്തെ പഠന,അധ്യാപന കാലത്ത് താനൊരിക്കലും ഇത്തരം സംഭവങ്ങള്‍ കേട്ടിട്ടില്ലെന്നും ഈ റിപ്പോര്‍ട് തയ്യാറാക്കിയ സമിതിയുടെ തലപ്പത്തുള്ള അധ്യാപിക പറയുന്നു. അത്തരത്തിലൊന്ന് സ്വീകാര്യമല്ലെന്ന് വ്യക്തമാക്കുക മാത്രമാണു പുതിയ നയം ചെയ്യുന്നത്.

“അദ്ധ്യാപകര്‍ എന്ന നിലയില്‍ ഞങ്ങളുടെ മുന്‍ഗണനകള്‍ ഒന്നു ആവര്‍ത്തിച്ചുറപ്പിക്കുക മാത്രമാണു ഞങ്ങള്‍ ചെയ്തത്,” ചരിത്രാധ്യാപകന്‍ ആലിസന്‍ ജോണ്‍സണ്‍ പറഞ്ഞു. “ഈ  വിദ്യാര്‍ത്ഥികളെ നോക്കുമ്പോള്‍ ഞങ്ങള്‍ എന്തു കാണുന്നു എന്തു കാണുന്നില്ല എന്നും.  ഞങ്ങള്‍ പ്രണയ സാധ്യതയുള്ള പങ്കാളിയെ അല്ല, വിദ്യാര്‍ത്ഥിയെയാണ് കാണുന്നത്.”

യെല്‍,കണെക്റ്റികറ്റ് സര്‍വ്വകലാശാല അടക്കമുള്ള പല കലാലയങ്ങളിലും ഇത്തരം നയങ്ങള്‍ ഇപ്പോഴുണ്ട്. ലൈംഗികതയും, ലിംഗ പ്രശ്നങ്ങളും കലാലയ വളപ്പുകളില്‍ കൂടുതലായി ചര്‍ച്ച ചെയ്യുന്ന ഒരു കാലത്താണ് പുതിയ നയം വരുന്നത്.

ഇത്തരം ബന്ധങ്ങളെ കുറിച്ചുള്ള നയങ്ങള്‍ ഉരുത്തിരിഞ്ഞു വരികയാണെന്ന് ഇതേക്കുറിച്ച് പഠിക്കുകയും എഴുത്തുകയും ചെയ്തിട്ടുള്ള സിന്‍സിനാറ്റി സര്‍വ്വകലാശാല അധ്യാപിക ബില്ലീ സീച്ച് പറഞ്ഞു.

“ആദ്യമൊന്നും ഒരു നയവും ഉണ്ടായിരുന്നില്ല. സ്ഥാപനങ്ങള്‍ അതൊന്നും തൊടില്ല, അദ്ധ്യാപകരുമായുള്ള ഉരസല്‍ ഒഴിവാക്കും. അതില്‍നിന്നും നാം ഒരുപാട് ദൂരം മുന്നോട്ടുപോന്നു. പല സ്ഥാപനങ്ങള്‍ക്കും പക്ഷേ ദുര്‍ബ്ബലമായ നയങ്ങളാണ്. പരാമര്‍ശിക്കുകപോലും ചെയ്യാത്തവയുണ്ട്. ഹാര്‍വാര്‍ഡിനും മറ്റ് നിരവധി സര്‍വ്വകലാശാലകള്‍ക്കും നിരോധന നയമാണുള്ളത്.”

തങ്ങള്‍ പ്രായപൂര്‍ത്തിയവരാണെന്നും ആരുമായാണ് ലൈംഗികബന്ധം വേണ്ടതെന്ന് തങ്ങള്‍ തെരഞ്ഞെടുക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പരാതി പറയാറുമുണ്ട്. ഹാര്‍വാര്‍ഡിന്റെ തീരുമാനം ധീരമാണെന്നും അവര്‍ പറഞ്ഞു.

“അത് ഒരു സന്ദേശം നല്കുന്നു. നിങ്ങള്‍ മറ്റുള്ളവരുടെ കുട്ടികളുടെ കൂടെ കിടക്കുന്നില്ല-അവര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും-കാരണം നിങ്ങള്‍ അധികാരം ദുരുപയോഗം ചെയ്യുകയാണ്.”

സര്‍വ്വകലാശാല അദ്ധ്യാപകരുടെ അമേരിക്കയിലെ സംഘടന ഗുരു-ശിഷ്യ ബന്ധങ്ങള്‍ നിരോധിക്കണമെന്നതിന്റെ അടുത്തുവരെ പറഞ്ഞു. കാരണം അതില്‍ അധികാര ദുര്‍വിനിയോഗത്തിന്റെ സാധ്യതകളുണ്ട്. ഭാവിയില്‍ അവ സ്ഥാപനത്തിനും അദ്ധ്യാപകനും എതിരെ ലൈംഗിക പീഡന പരാതിയായി ഉയര്‍ന്നുവരാം.

“പഠന മേല്‍നോട്ടത്തിനോ വിലയിരുത്തലിനോ അധികാരമുള്ള അദ്ധ്യാപകരുമായുള്ള ബന്ധം ചൂഷണ സാധ്യത ഉള്ളതാണ്.”

നിരവധി സര്‍വ്വകലാശാലകള്‍ ലൈംഗിക പീഡന സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതികളുടെ പേരില്‍ നോട്ടപ്പുള്ളികളാണ്. ഒബാമ സര്‍ക്കാര്‍ ലിംഗവിവേചനം തടയുന്ന ടൈറ്റില്‍ 9 നിയമം കലാലയങ്ങള്‍ക്ക് മേല്‍ നിര്‍ബന്ധം ചെലുത്താന്‍ ഉപയോഗിക്കുന്നുണ്ട്. ഒരു സുരക്ഷിത കലാലയവളപ്പ് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പുമായി ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയും അവരുടെ നിയമ സ്കൂളും ധാരണയിലെത്തിയിരുന്നു.

സമിതി അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും  മറ്റ് ജീവനക്കാരുമൊക്കെയായി ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തി. അവരുടെ സംശയങ്ങളും ആശങ്കകളും പരിഹരിച്ചു. ആളുകളുടെ വ്യക്തിജീവിതത്തില്‍ അനാവശ്യമായി ഇടപെടുന്നതിനും അസന്തുലിതമായ ബന്ധത്തില്‍ നിന്നും ആളുകളെ സംരക്ഷിക്കുന്നതിനും ഇടയ്ക്ക് എവിടെ രേഖ വരയ്ക്കും എന്നതിനെകുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.

ബിരുദപൂര്‍വ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് ഈ പൂര്‍ണ നിരോധനത്തില്‍ വരുന്നത്. എല്ലാ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായുള്ള ലൈംഗിക, പ്രണയ ബന്ധങ്ങള്‍ നയത്തില്‍ തടയുന്നില്ല. അത്തരം ബന്ധങ്ങള്‍ സാഹചര്യ നിരോധനത്തില്‍ ഉള്‍പ്പെടും.“തങ്ങള്‍ ഏതെങ്കിലും തരത്തില്‍ പഠിപ്പിക്കുകയോ മേല്‍നോട്ടം നടത്തുകയോ ചെയ്യുന്ന ബിരുദ വിദ്യാര്‍ത്ഥികളുമായി അദ്ധ്യാപകര്‍ ലൈംഗിക ബന്ധം പുലര്‍ത്തരുത്. ബിരുദ വിദ്യാര്‍ത്ഥികള്‍ പഠിപ്പികുകയോ മേല്‍നോട്ടം നടത്തുകയോ ചെയ്യുന്ന ബിരുദപൂര്‍വ വിദ്യാര്‍ത്ഥികളുമായി അവര്‍ക്ക് ലൈംഗികബന്ധം പാടില്ല.”

ഈ ആശയം ഒട്ടും വിവാദമല്ലെന്നും നിലവില്‍ ഇത്തരമൊരു നിരോധനം ഉണ്ടായിരുന്നില്ലെന്നത് പലരെയും അത്ഭുതപ്പെടുത്തി എന്നും ജോണ്‍സണ്‍ പറഞ്ഞു. ഇത് ആരുമായാണ് ലൈംഗികബന്ധം പാടില്ലാത്തത് എന്നു വിദ്യാര്‍ത്ഥികളോട് പറയുന്നതിനെക്കാളേറെ അദ്ധ്യാപകരോട് അക്കാര്യം പറയുന്നതാണ്.

വിദ്യാര്‍ത്ഥികളെ അപകടത്തിലാക്കുന്ന അസന്തുലിതമായ, അസമമായ  ബന്ധങ്ങളെ തടയുന്ന ഒന്നാണിത് എന്നാണ് ഹാര്‍വാര്‍ഡിലെ ലൈംഗിക പീഡനങ്ങള്‍ക്കെതിരായ വിദ്യാര്‍ത്ഥി സംഘം പ്രതികരിച്ചത്. “ഹാര്‍വാര്‍ഡിലെ അധികാര അസന്തുലിതാവസ്ഥയും ലൈംഗികപീഡനവും സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങളുടെ തുടക്കമാവും ഇതെന്നും ഞങ്ങള്‍ കരുതുന്നു.”

ഹാര്‍വാര്‍ഡിലെ ബിരുദപൂര്‍വ വിദ്യാര്‍ത്ഥികളുടെ ശരാശരി പ്രായം കൌമാരത്തിലോ അല്ലെങ്കില്‍ 20-കളുടെ തുടക്കത്തിലോ ആണ്. അധികാര ഘടനയില്‍ ലൈംഗിക പീഡനം പലപ്പോഴും കടന്നുവരും എന്നുള്ളതുകൊണ്ടുതന്നെ അദ്ധ്യാപകരുമായി ബിരുദപൂര്‍വ വിദ്യാര്‍ത്ഥികള്‍ ഇടപെടുന്ന തരം ഘട്ടത്തില്‍ തങ്ങള്‍ അത്  വ്യക്തമാക്കുകയാണെന്നും ജോണ്‍സണ്‍ പറഞ്ഞു.

വളരെ കാര്യമാത്ര പ്രസക്തമായ ലൈംഗികച്ചുവയില്ലാത്ത ചെറിയ പ്രസ്താവനയാണ് ഹാര്‍വാര്‍ഡ് നല്കിയത്. ജോണ്‍സണ്‍ ചുരുക്കിപ്പറഞ്ഞപോലെ,“ മൂന്നാഴ്ച്ച മുമ്പുവരെ അദ്ധ്യാപകരും ബിരുദപൂര്‍വ വിദ്യാര്‍ത്ഥികളും തമ്മില്‍ രതിയിലേര്‍പ്പെട്ടിരുന്ന ഒരു സ്ഥലമായിരുന്നില്ല ഇവിടം.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍