UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹരിയാനയിലെ ആദ്യ സമ്പൂര്‍ണ്ണ വൈ-ഫൈ ഗ്രാമം: നന്ദി പറയേണ്ടത് കുരങ്ങന്മാരോട്

അഴിമുഖം പ്രതിനിധി 

ഹരിയാനയിലെ ഗുംതാല ഗാരു എന്ന ഗ്രാമം സംസ്ഥാനത്തെ ആദ്യത്തെ വൈ-ഫൈ ഗ്രാമമായതിന് നന്ദി പറയേണ്ടത് കുരങ്ങന്മാരോടാണ്. ബ്രോഡ്ബാന്‍ഡ് കേബിളുകള്‍ കുരങ്ങന്മാര്‍ കടിച്ചു പൊട്ടിച്ച് കളിക്കാന്‍ തുടങ്ങിയതോടെ പ്രതിവിധി തേടിയ അധികാരികള്‍ ഒടുവില്‍ വൈ-ഫൈയില്‍ ശരണം പ്രാപിക്കുകയായിരുന്നു. അങ്ങനെയാണ് ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ആരും അധികം കേള്‍ക്കാത്ത ഗുംതാല ഗാരു സമ്പൂര്‍ണ വൈ-ഫൈ ഗ്രാമമായത്.

ഗ്രാമത്തെ വൈ-ഫൈ ആക്കാന്‍ ചുക്കാന്‍ പിടിച്ച പഞ്ചായത്ത് അംഗങ്ങളും ചെറുപ്പക്കാരാണ്. കഴിഞ്ഞ ഇടയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങള്‍ എല്ലാവരും തന്നെ 22-40 വിഭാഗത്തില്‍ പെടുന്നവരാണ്. നൂറിലധികം എന്‍ആര്‍ഐ കുടുംബങ്ങള്‍ ഉള്ള പഞ്ചായത്തില്‍ മൊത്തം 11,000 ആളുകളാണ് ഉള്ളത്. “ഐടിയുടെ ഉപയോഗം പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയില്‍ വര്‍ധിച്ചതോടെ എല്ലാവരും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായി തീര്‍ന്നിരിക്കുകയാണ്. കുരുക്ഷേത്രയില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ എത്തിയ പഞ്ചായത്തുകളില്‍ ഒന്നാണ് ഗുംതാലു ഗാരു. നേരത്തെ മിക്ക വീടുകളിലും ബ്രോഡ്ബാന്‍ഡ് ഉണ്ടായിരുന്നു. പക്ഷെ കുരങ്ങന്മാര്‍ വയറിംഗ് നശിപ്പിക്കും. ഗ്രാമം മുഴുവന്‍ വൈ-ഫൈ ആയതോടെ ഡാറ്റ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്,”പഞ്ചായത്ത് പ്രസിഡന്റ്‌ ഗഗന്‍ സന്ധു പറഞ്ഞു.

ഗ്രാമത്തിലെ യുവജനങ്ങള്‍ മുന്നോട്ട് വെച്ച ആശയം ചര്‍ച്ച ചെയ്തതിന് ശേഷം പഞ്ചായത്ത് അംഗീകരിക്കയായിരുന്നു. സംരംഭത്തിനായി മൂന്ന് ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചപ്പോള്‍ സ്ഥലം എംഎല്‍എ രണ്ട് ലക്ഷം രൂപ നല്‍കി. ഉദ്യമത്തിനായി നാട് മുഴുവന്‍ ഒരേ മനസ്സോടെ നിന്നപ്പോള്‍ നാട്ടുകാര്‍ പിരിച്ചെടുത്തത് 3.5 ലക്ഷം രൂപയാണ്. സംസ്ഥാന മുഖ്യമന്ത്രി വൈ-ഫൈ സിസ്റ്റം ഉദ്ഘാടനം ചെയ്യും എന്നാണ് പ്രതീഷിക്കുന്നത്.

“ഞങ്ങളുടെ കുട്ടികള്‍ സ്കൂളില്‍ പോകുന്നുണ്ട്. വീട്ടമ്മമാരാണെങ്കിലും എല്ലാവരും കംപ്യുട്ടര്‍ പരിജ്ഞാനമുള്ളവരാണ്. കുട്ടികളെ പഠിപ്പിക്കുന്നതിനും മറ്റുമായി ഇന്റര്‍നെറ്റ്‌ ഉപയോഗിക്കേണ്ട ആവശ്യം അവര്‍ക്കുമുണ്ട്,” വനിത മെമ്പര്‍ പര്‍ദീപ് കൌര്‍ പറഞ്ഞു.

സ്ഥലം എംഎല്‍എ ജസ്വീന്ദര്‍ സിംഗ് മുന്നേറ്റത്തെ പുരോഗമനപരം എന്ന് വിലയിരുത്തി. “ആളുകള്‍ ഈ കാര്യം അവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ സ്വയം ഇറങ്ങിതിരിക്കയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയാണ് പഞ്ചായത്ത് ഭരിക്കുന്നതെങ്കില്‍ കൂടി ഉദ്ഘാടനത്തിന് പോലും മുഖ്യമന്ത്രിയെയാണ് ക്ഷണിച്ചിരിക്കുന്നത്,” ജസ്വീന്ദര്‍ പറഞ്ഞു.

സംസ്ഥാനത്ത് ആകെ 22 ലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കളാണ് ഉള്ളത്. ഈ കണക്ക് അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ 2018-ല്‍ 550 ദശലക്ഷം ആളുകള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കും എന്നാണ് കരുതുന്നത്. 2014-ല്‍ ഈ കണക്ക് 190 ആയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍