UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് നിരോധനത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കലിന്‍റെ ഒരുത്തരേന്ത്യന്‍ വഴി

അഴിമുഖം പ്രതിനിധി

ചൊവ്വാഴ്ച രാവിലെ 10 മണി. ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള ഒരു ചാര്‍ട്ടേഡ് വിമാനം നാഗാലാന്‍ഡിലെ ദിമാപൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നു. വിമാനത്തിനുള്ളിലുള്ളത് മൂന്നര കോടി രൂപയുടെ പഴയ 500, 1000 രൂപാ നോട്ടുകള്‍.

 

ഉച്ചയ്ക്ക് 12.15. വിമാനം ഡല്‍ഹി ലക്ഷ്യമാക്കി അവിടെ നിന്നു പറന്നുയരുമ്പോള്‍ അതില്‍ ഒറ്റപ്പൈസ പോലും ഉണ്ടായിരുന്നില്ല.

 

വിമാനത്താവളത്തില്‍ വച്ച് ഈ പണം കണ്ടെത്തുകയും പിന്നീട് കാണാതാവുകയും വീണ്ടും കണ്ടെത്തുകയും ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിച്ച അധികൃതര്‍ എത്തിയത് പണം വെളുപ്പിക്കലിന്റെ പുതിയ മാതൃകകളിലാണ്. നോട്ട് നിരോധനത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള എളുപ്പവഴിയായിരുന്നു ഇത്.

 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഷെഡ്യൂള്‍ എട്ട് അനുസരിച്ച് ഇവിടെ നികുതി ഇളവ് ലഭിക്കും. ഈ സാധ്യതയാണ് ഇവിടെ ഉപയോഗിക്കപ്പെട്ടത്.

 

കഥ ഇതുവരെ
ഇന്റലീജന്‍സ് ബ്യൂറോയുടെ ഹരിയാന ബ്രാഞ്ചിന് ഒരു സന്ദേശം ലഭിക്കുന്നു. ഹിസാറില്‍ നിന്ന് ദിമാപൂരിലേക്ക് ഒരാള്‍ വിമാനം ചാര്‍ട്ട് ചെയ്തിരിക്കുന്നു. അതില്‍ കൊണ്ടുപോകുന്നത് പണമാണ്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐബി ഉദ്യോഗസ്ഥര്‍ രാവിലെ 10.30-ഓടു കൂടി ഹിസാര്‍ ഏവിയേഷന്‍ ക്ലബിലെത്തുന്നു. എന്നാല്‍ വിമാനം രാവിലെ 7.40-നു തന്നെ ദിമാപൂരിന് പുറപ്പെട്ടിരുന്നു എന്ന വിവരമാണ് അവര്‍ക്ക് ലഭിച്ചത്. അവര്‍ ഉടന്‍ തന്നെ ദിമാപൂരിലെ ഐ.ബി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നീടുള്ള അന്വേഷണത്തില്‍ മനസിലാകുന്നത് തലേദിവസം ഡല്‍ഹിയില്‍ നിന്ന് ഒരു ഓഡി കാറിലാണ് അമര്‍ജിത് സിംഗ് എന്ന ബിഹാര്‍ സ്വദേശി ഹിസാറില്‍ എത്തിയതെന്നും ഇതിലാണ് പണം കൊണ്ടുവന്നതെന്നുമാണ്. 

 

നവംബര്‍ 13-നും സിംഗും വി. ശര്‍മ എന്നൊരാളും ദിമാപൂരിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്ത് പോയിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.

 

പണം ദിമാപൂര്‍ സ്വദേശിയായ അനന്ദോ കെ ഴിമോമി എന്നയാളുടേതാണ് എന്നു തെളിയിക്കുന്ന രേഖകള്‍ സിംഗിന്റെ കൈവശമുണ്ടായിരുന്നുവെന്ന് ഐബിയുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ ആദായ നികുതി വകുപ്പ് പറയുന്നു. തുടര്‍ന്ന് ആദായനികുതി വകുപ്പ് തന്നെ പണം അനന്ദോയ്ക്ക് കൈമാറി. അനന്ദോയ്ക്ക് ഹരിയാനയിലും പഞ്ചാബിലും ബിസിനസുകള്‍ ഉണ്ടായിരുന്നുവെന്നും ഇതില്‍ നിന്നുള്ള പണമാണ് എത്തിച്ചതെന്നുമായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഐബിക്ക് സംശയമുണ്ടാവുകയും വീണ്ടും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയും ചെയ്തതതോടെയാണ് കള്ളപ്പണം വെളുപ്പിക്കലാണ് നടന്നതെന്ന് മനസിലാകുന്നത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഈ മൂന്നര കോടിക്ക് പുറമെ പഴയ 500, 1000 അടങ്ങിയ 4.47 കോടി രൂപ കൂടി ആദായനികുതി വകുപ്പ് കണ്ടെത്തി.

 

 

ആരാണ് അനന്ദോ?
ലോക്‌സഭാ എം.പിയും മൂന്നുവട്ടം നാഗാലാന്‍ഡ് മുഖ്യമന്ത്രിയുമായിരുന്ന നൈഫ്യു റിയോയുടെ മരുമകനായ ബിസിനസുകാരന്‍. തുടര്‍ന്ന് അധികൃതര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ ഡല്‍ഹി കേന്ദ്രമായ ബിസിനസുകാരന്റെ കള്ളപ്പണം വെളുപ്പിച്ചു കൊടുക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി. കറന്‍സി നിരോധനം വന്ന സാഹചര്യത്തില്‍ അനന്ദോയുടെ ബിസിനസിന്റെ മറവില്‍ നികുതി ഒഴിവാക്കി പണം വെളുപ്പിച്ചെടുക്കുകയായിരുന്നു ഇവിടെ സംഭവിച്ചത്. പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചതിനു ശേഷം മൂന്നു തവണയായി 6.7 കോടി രൂപയുടെ പഴയ നോട്ടുകള്‍ ഈ വിധത്തില്‍ ഡല്‍ഹിയില്‍ നിന്ന് കൊണ്ടുവന്ന് തന്റെ അക്കൗണ്ടില്‍ എത്തിച്ചതായും അനന്ദോ സമ്മതിച്ചിട്ടുണ്ട്. ഈ പണം പിന്നീട് ഡല്‍ഹി ബിസിനസുകാരന്റെ അക്കൗണ്ടിലേക്ക് അയയ്ക്കുകയാണ് ചെയ്യുക.

 

തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പ് ഡല്‍ഹി ബിസിനസുകാരന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. ബിസിനസുകാരന്റെ അക്കൗണ്ടിലുണ്ടായിരുന്ന രണ്ടര കോടി രൂപ മരവിപ്പിച്ചതായുമാണ് വിവരം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍