UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹരിയാനയിലെ സ്ത്രീ അഥവാ ഒരു മിത്ത്

Avatar

ശില്‍പ ഷാജി

പെണ്ണുടലിന്റെ രാഷ്ട്രീയവും ആര്‍ത്തവത്തിന്റെ ശുദ്ധി-അശുദ്ധിയും ഇന്ന് ധാരാളമായി ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍ സ്ത്രീയെന്നത് ഈ വാക്കുകള്‍ക്കുള്ളില്‍ മാത്രമൊതുങ്ങുന്നതാണോ? അവളെ അടക്കിവാഴുന്ന പുരുഷാധികാര വ്യവസ്ഥിതി ഇത്തരം ഘടകങ്ങളിലേക്ക് മാത്രമായി അവരെ ഒതുക്കിനിര്‍ത്തുന്നുണ്ടോ?പെണ്‍ഭ്രൂണഹത്യ മൂലം സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കുറവുള്ള ഹരിയാനയില്‍ നിന്നും ഒരു അന്വേഷണം. 

 

2011-ലെ സെന്‍സസ് പ്രകാരം ഹരിയാനയില്‍ 1000 പുരുഷന്മാര്‍ക്ക് 879 സ്ത്രീകളാണ് ഉള്ളത്. ദേശീയ അനുപാതമനുസരിച്ച് 61 സ്ത്രീകള്‍ കുറവ് (ദേശീയ അനുപാതം:1000-940). ഇന്ത്യയില്‍ ലിംഗാനുസൃത ഗര്‍ഭഛിദ്രങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന. ഭ്രൂണഹത്യയുടെ കാര്യവും മറിച്ചല്ല. ഇവിടെയുള്ള പല ഗ്രാമങ്ങളിലും ആയിരത്തിന് അറുനൂറു സ്ത്രീകള്‍ പോലുമില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നു. ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ വളരെ വലുതാണ്. കല്യാണപ്രായത്തിലുള്ള പെണ്‍കുട്ടികളെ ഹരിയാനയില്‍ കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. മറ്റൊരു ഗ്രാമത്തില്‍ നിന്നുള്ള വധുവിനെ മാത്രമേ വരിക്കാന്‍ പാടുള്ളുവെന്ന ആചാരവും, സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്ന സ്ത്രീകള്‍ എന്‍ ആര്‍ ഐ (NRI) വരന്മാരെ തേടി പോകുന്നതുമെല്ലാം പ്രശ്നത്തിന്റെ ആഴം കൂട്ടുന്നു. ഇതിനു പരിഹാരമായി ഹരിയനക്കാര്‍ തങ്ങള്‍ക്കുള്ള വധുവിനെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കടത്തുന്നു. 

 

അതെ, പണ്ട് നിലനിന്ന അടിമ സമ്പ്രദായത്തെ ഓര്‍മപ്പെടുത്തും വിധം സ്ത്രീകളെ വിലകൊടുത്ത് വാങ്ങിക്കൊണ്ടു വരുന്നു. പെണ്‍കുട്ടിയുടെ ആകാരത്തിനും പ്രായത്തിനുമനുസരിച്ച് വില വ്യത്യാസപ്പെടുന്നു. പ്രധാനമായും അസാം, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ബീഹാര്‍, ഒഡീഷ, മദ്ധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഹരിയാനയിലെ കര്‍ണാല്‍, മീവാത്, രേവാരി, ജീന്ദ്, ഹിസാര്‍, കുരുക്ഷേത്ര എന്നിവിടങ്ങളിലേക്കാണ് ഈ മനുഷ്യക്കടത്ത് കൂടുതലായും നടക്കുന്നത്. ഇങ്ങനെയുള്ള സ്ത്രീകള്‍ പൊതുവേ ‘പാരോ’ എന്ന പേരില്‍ അറിയപ്പെടുന്നു.

 

 

വിവാഹപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് വന്ന ‘ഡിമാന്‍ഡ്’ ആണ് ഈയൊരു രീതിക്ക് ഇത്ര പ്രചാരം നല്‍കിയത്. ഇന്ത്യയുടെ മദ്ധ്യ, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യമാണ് മറ്റൊന്ന്. നിലവിലുള്ള സ്ത്രീധന വ്യവസ്ഥക്ക് പകരമായി ഇവിടെ വധുവിന് വരന്‍ പണം നല്‍കുന്നു. അങ്ങനെയാണ് ദരിദ്രകുടുംബങ്ങളിലെ പെണ്ണുങ്ങളെ ഇവര്‍ കൊണ്ടുവരുന്നത്.

 

വിപണിയില്‍ കൈമാറ്റം ചെയ്യുന്ന വെറുമൊരു ‘ചരക്കിനെ’ പോലെയാണ് ഇവരെ കരുതിപ്പോരുന്നത്. വാങ്ങാനും വില്‍ക്കാനും മടുത്ത് കഴിഞ്ഞാല്‍ കുറഞ്ഞ വിലക്ക് പിന്നെയും വില്‍ക്കാനും മാത്രമായുള്ള ഉല്പന്നം. ‘ഉടമസ്ഥന്‍’ ഉപേക്ഷിച്ചു പോയ ‘പാരോ’മാരെ ഒരു ഗ്രാമം മൊത്തം ബലാത്സംഗം ചെയ്യുന്ന സംഭവങ്ങളുമുണ്ട്. ഗ്രാമമുഖ്യന്മാരുടെ നേതൃത്വത്തില്‍ ഇതൊരു ആചാരം പോലെ നടന്നു വരുന്നു. കല്യാണപ്രായത്തിലുള്ള ഒന്നില്‍ കൂടുതല്‍ പുരുഷന്മാര്‍ എല്ലാ ഹരിയാന്വി കുടുംബങ്ങളിലുമുണ്ട്. അവര്‍ക്കൊക്കെ പൊതുവായി ഒരു ഭാര്യയെ വിലയ്ക്ക് വാങ്ങുന്ന പതിവുമുണ്ട്. ഇന്ത്യ നിരോധിച്ച ബഹുഭര്‍തൃത്വത്തിന്റെ മറ്റൊരു രൂപം. 

 

2004ല്‍ ‘ശക്തിവാഹിനി’യെന്ന എന്‍ജിഒ പുറത്ത് വിട്ട കണക്കു പ്രകാരം നൂറുകണക്കിന് സ്ത്രീകളാണ് ഇത്തരത്തിലുള്ള കല്യാണങ്ങള്‍ക്കും മറ്റുമായി ഹരിയനയിലെത്തുന്നത്. വീട്ടുവേലക്ക് വേണ്ടിയും ‘പെണ്‍കടത്ത്’നടക്കുന്നുണ്ട്. ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളാണ് ഇതിന്റെ ലക്ഷ്യസ്ഥാനം. ഡല്‍ഹി ആസ്ഥാനമാക്കിയുള്ള ഏജന്‍സികളാണ് ഇതിനു പിന്നില്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയാണ് ഇവര്‍ കൊണ്ടുവരുന്നത്. ഏജന്‍സിക്കാരാലോ തൊഴിലുടമ വഴിയോ ഈ കുഞ്ഞുങ്ങള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാവുന്നു.

 

കേട്ടാല്‍ കാതുപൊത്തുന്ന ഇത്തരം ഭീകരതകള്‍ക്കെതിരെ ഒരുപാട് സ്ത്രീസംഘടനകള്‍ ശബ്ദമുയര്‍ത്തിയിരുന്നു. രാഷ്ട്രീയത്തിലെയും നിയമപാലനത്തിലെയും നൂലാമാലകള്‍ കൊണ്ടു പ്രത്യേകിച്ചൊന്നും ഉണ്ടായില്ല. കടത്തിക്കൊണ്ട് വന്ന സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസത്തിനായി ഹരിയാന സര്‍ക്കാര്‍ പല പദ്ധതികള്‍ കൊണ്ടുവന്നു. വ്യക്തമായ മോണിട്ടറിംഗ് സംവിധാനങ്ങളുടെ അഭാവം മൂലം ഒന്നും തന്നെ മുന്നോട്ട് പോയിട്ടില്ല.

 

മീവാത് ജില്ലയാണ് ഇപ്പറഞ്ഞവയുടെയെല്ലാം ഒരു പ്രധാനകേന്ദ്രം. കുപ്രസിദ്ധിയാര്‍ജിച്ച “ഖാപ് പഞ്ചായത്ത്” കൂടുതലായി കണ്ടുവരുന്നതും ഇവിടെ തന്നെ. ജാതിയോ കുലമോ മാറി വിവാഹം കഴിച്ച ദമ്പതിമാരെ കൊലപ്പെടുത്തുന്ന നീചമായ “മാനഹത്യ“ നടപ്പിലാക്കുന്നത് ഈ നാട്ടുസഭകളാണ്. ഇത്തരം ബന്ധങ്ങള്‍ ഗ്രാമമഹിമക്ക് ചേര്‍ന്നതല്ല എന്നാണവരുടെ വാദം. 

 

 

പുരുഷാധികാര വ്യവസ്ഥയുടെ നീരാളിപ്പിടിത്തമാണ് ഈയൊരു സാമൂഹ്യാവസ്ഥയിലേക്ക് ഹരിയാനയെ എത്തിച്ചത്. സ്ത്രീയൊരു രണ്ടാംകിട വര്‍ഗമാണെന്നും, പുരുഷന്മാരില്ലാതെ അവര്‍ക്ക് നിലനില്‍പ്പില്ലയെന്നും, മറ്റൊരു കുടുംബത്തിലേക്ക് പറഞ്ഞയക്കേണ്ടവളാണെന്നും സമൂഹം പറഞ്ഞുപോന്നു. വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക ബാധ്യതകള്‍ ഇതിന് ആക്കം കൂട്ടി. ‘മേന്മയില്ലാത്ത’ ഈ വര്‍ഗത്തെ ഗര്‍ഭത്തില്‍ വെച്ചു തന്നെ നശിപ്പിക്കുന്ന രീതി അങ്ങനെയാണ് പ്രചരിക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭ്രൂണഹത്യ നടത്തപ്പെടുന്നു. ഇനിയങ്ങോട്ട് ഒറ്റ ഭ്രൂണഹത്യ പോലും നടക്കുന്നില്ലെന്നു ഹരിയാന സര്‍ക്കാര്‍ ഉറപ്പുവരുത്തിയാല്‍ പോലും സ്ത്രീ-പുരുഷ അനുപാതം സന്തുലിതമാകാന്‍ കുറഞ്ഞത് അന്‍പത് വര്‍ഷങ്ങളെടുക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. 

 

എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കിക്കൊണ്ട് മാത്രമേ ഇത്തരമൊരു സാമൂഹികാവസ്ഥയില്‍ നിന്ന് കരകയറാന്‍ കഴിയു. സ്ത്രീശാക്തീകരണ നിയമങ്ങള്‍, സ്ത്രീകളെക്കൂടി പങ്കാളികളാക്കിക്കൊണ്ടുള്ള നിയമനിര്‍മാണങ്ങള്‍, സംവരണം, സമ്പദ് വ്യവസ്ഥയ്ക്കനുയോജ്യമായ വികസനനടപടികള്‍, പൂര്‍ണമായ ഭ്രൂണഹത്യനിര്‍മാര്‍ജന പ്രക്രിയ ഇതിനെല്ലാം ഉപോല്‍ബലകമായ സാംസ്‌കാരിക മുന്നേറ്റം, ഇനിയും ലിസ്റ്റ് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളിലൂടെ മാത്രമേ ഈ പ്രതിസന്ധിയെ മറിക്കടക്കാന്‍ പറ്റു. രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് വേണ്ടി ഇവയെ തള്ളിക്കളഞ്ഞാല്‍, അഭിമുഖീകരിക്കേണ്ടിവരുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും. സ്ത്രീജനങ്ങളില്ലാത്ത ഒരു ഹരിയനയെന്ന ഭീതി സ്വപ്നം ദൂരത്തല്ല.

 

(സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ഹരിയാനയില്‍ ജേര്‍ണലിസം വിദ്യാര്‍ഥിനിയാണ് ശില്പ)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍