UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹവാനയുടെ പുരപ്പുറങ്ങളിലെ രഹസ്യ ജീവിതം

Avatar

നിക് മിറോഫ്
(വാഷിംഗ്ടണ്‍പോസ്റ്റ്)

ഹവാനായിലെ പുരപ്പുറങ്ങളിലെ രഹസ്യലോകം തെരുവുകളില്‍ നിന്നും കാണാനാകില്ല. ആകാശത്ത് നിന്നും നോക്കിയാല്‍ അതവിടെ കാണാം, പുരപ്പുറങ്ങളില്‍ മറ്റൊരു നഗരം!

വെച്ചുകെട്ടിയ വീടുകളും, കോഴിക്കൂടുകളും, പച്ചക്കറിതോട്ടങ്ങളും, പട്ടം പറത്തുന്ന കുട്ടികളും, ഉണക്കാനിട്ട തുണികള്‍ അലകളായി പാറുന്നതിനിടയില്‍ കടല്‍ക്കാറ്റില്‍ കറക്കിക്കുത്ത് കളിക്കുന്ന മേല്‍ക്കുപ്പായമിടാത്ത ആണുങ്ങളും എല്ലാം ചേര്‍ന്നൊരു മറഞ്ഞിരിക്കുന്ന ഗ്രാമം.

ഹവാനയുടെ തെരുവുകള്‍ തിക്കിലും തിരക്കിലും പെട്ട് ദുര്‍ഗന്ധം വമിപ്പിക്കുന്നുണ്ടാകാം. പക്ഷേ ഹവാനയുടെ പുരപ്പുറങ്ങള്‍ സൂര്യപ്രകാശത്തില്‍ കുളിച്ച്, കടല്‍ക്കാറ്റില്‍ തുവര്‍ത്തി നില്‍ക്കുകയാണ്. പരതിനടക്കുന്ന കണ്ണുകളില്‍നിന്നും ഒഴിഞ്ഞുമാറി ഏറെ കൊതിക്കുന്ന ഏകാന്തതയ്ക്കും പ്രണയ സമാഗമങ്ങള്‍ക്കുമുള്ള ഇടം.

‘ക്യൂബക്കാര്‍ എല്ലാത്തിലും തലയിടുന്നവരാണ്,’ പഴയ ഹവാനായിലെ സാന്‍ ഇഗ്‌നാഷ്യോ തെരുവിലെ ഒരു നാലുനിലക്കെട്ടിടത്തിന്റെ മുകളില്‍ കാലങ്ങളായി താമസിക്കുന്ന മുടിവെട്ടുകാരനും, സൈക്കിള്‍ ടാക്‌സി ഡ്രൈവറും ആയ 25കാരന്‍ യോര്‍ദാന്‍ അലോന്‍സൊ പറയുന്നു. ‘ഇവിടെ മുകളില്‍ ആരും നിങ്ങളെ ശല്യപ്പെടുത്തില്ല.’

നഗരത്തിന്റെ പഴയ കേന്ദ്രത്തിനും കുറച്ചു മാറിയാണ് അലോന്‍സോയുടെ കെട്ടിടം. വിനോദസഞ്ചാരികള്‍ നിറഞ്ഞ, തിരക്കുപിടിച്ച, ആഹ്ലാദം തുടിക്കുന്ന ഹവാനയും സഞ്ചാരികള്‍ അപൂര്‍വമായി മാത്രം കയറിവരുന്ന പഴയ ഹവാനയും തമ്മിലുള്ള അടയാളപ്പെടുത്താത്തൊരു അതിര്. തകര്‍ന്നുവീഴുന്നതിന് മുമ്പ് യു എസ് വിനോദസഞ്ചാരികളും നിക്ഷേപകരും തള്ളിക്കയറി രക്ഷപ്പെടുത്താന്‍ അക്ഷമരായി കാത്തിരിക്കുകയാണ് ഈ നഗരഭാഗം.

ക്യൂബയും യു എസും ബന്ധങ്ങള്‍ സാധാരണഗതിയിലാക്കാന്‍ ശ്രമം തുടങ്ങിയതോടെ ആ ദിവസം അടുത്തെന്ന തോന്നലിലാണ് അലോന്‍സയെ പോലുള്ള സാധാരണക്കാര്‍.

കൊളോണിയല്‍ കാലത്തെ പഴകിനശിച്ച ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ വെച്ചു കെട്ടിപ്പൊക്കിയ അലോന്‍സോയുടെ കുഞ്ഞുവീട്ടില്‍ നിന്നും പഴയ ഹവാനയുടെ ആകാശം തൊട്ട് ഫ്‌ളോാറിഡ കടലിടുക്കിന്റെ നീലിമ വരെ കാണാം. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സ്പാനിഷ് കോട്ടകളിലൊന്നായ പതിനെട്ടാം നൂറ്റാണ്ടിലെ സാന്‍ കാര്‍ലോസ് കോട്ടയെ പിന്നിട്ട് കപ്പലുകളും ചരക്ക് നൗകകളും ഹവാന ഉള്‍ക്കടലിലൂടെ ഒഴുകി നീങ്ങുന്നു.

2.1 ദശലക്ഷം ജനസംഖ്യയുള്ള ഈ നഗരത്തിലെ ആള്‍പ്പെരുപ്പം ഫിദല്‍ കാസ്‌ട്രോയുടെ 1959ലെ വിപ്ലവത്തിനുശേഷം കൂടിക്കൊണ്ടേയിരിക്കുന്നു. എന്നാല്‍ വീടുകളുടെ എണ്ണത്തില്‍ അതൊട്ടില്ല താനും. വേണ്ടത്ര വീടുകള്‍ വെക്കാനുള്ള ലക്ഷ്യം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഒരിക്കലും നേടിയില്ല. സോവിയറ്റ് കാലത്തുണ്ടാക്കിയ വൃത്തിയില്ലാത്ത, വലിയ കെട്ടിടങ്ങള്‍ക്ക് നഗരത്തിന്റെ ആള്‍പ്പെരുപ്പത്തെ ഉള്‍ക്കൊള്ളാനുമായില്ല.

സെന്‍ട്രല്‍ ഹവാനായില്‍ താമസിക്കാനും സ്വകാര്യതയ്ക്കും കളിക്കാനുമൊക്കെയുള്ള സ്ഥലത്തിന്റെ അഭാവം, നഗരത്തെ കുത്തനെ മുകളിലേക്ക്, പുരപ്പുറങ്ങളിലേക്ക് വളര്‍ത്തി.

ഇതിന്റെ സാങ്കേതികപദം ‘ഇത്തിക്കണ്ണി വാസ്തുവിദ്യ’ എന്നാണ്. ക്യൂബന്‍ സര്‍ക്കാര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ ഈ പഴയ നഗരഭാഗത്ത് പുറപ്പുറങ്ങളിലെ മേച്ചില്‍പ്പുരകളില്‍ ഏറെക്കാലമായി താമസിക്കുന്നവരെ സര്‍ക്കാര്‍ അതിനനുവദിക്കുന്നു. സ്ഥിരതാമസക്കാരായ ഇത്തിക്കണികള്‍.

ക്യൂബ അങ്ങനെയാണ്. ഒരു കാര്യത്തിനായി ഉണ്ടാക്കി, മറ്റൊന്നിനായി ഉപയോഗിക്കുന്നു. പഴയ ഹവാനായിലെ മാളികകളൊക്കെ ഒരു കുടുംബത്തിനായി ഉണ്ടാക്കിയതാണ്. താഴെ കച്ചവടവും പല തലമുറക്കുള്ള മുറികളും മുകളില്‍ വേലക്കാര്‍ക്കുള്ള മുറികളും. ഇപ്പോള്‍ അതൊക്കെ താമസക്കാരെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്നു. ജീര്‍ണതയുടെ വിവിധ ഘട്ടങ്ങളിലാണവയൊക്കെ.

അലോന്‍സൊ താമസിക്കുന്ന സമുച്ചയത്തില്‍ 36 വീടുകളുണ്ട്. ഒരു കൊടുങ്കാറ്റില്‍ നഗരത്തിന്റെ മറ്റൊരു ഭാഗത്തുള്ള വീട് തകര്‍ന്നതിനെത്തുടര്‍ന്നു ഭാര്യയുടെ കുടുംബം കഴിഞ്ഞ 20 വര്‍ഷമായി അവിടെയാണ് താമസം.

വൈദ്യുതി, ടെലിഫോണ്‍ വള്ളികളാണ് പ്രധാന ഗോവണി നിറയെ. പിന്നെ ചിലന്തിവലകളും. ഓരോ വീടിന് മുമ്പിലും വെള്ളം നിറക്കുന്ന വീപ്പയുണ്ട്. മിക്ക വീടുകളുടെ വാതിലുകളും അയല്‍ക്കാരന്റെ കുശുമ്പും കുന്നായ്മയും അറിയാന്‍ തുറന്നുകിടക്കുന്നു. വളര്‍ത്തുനായ്ക്കളും കോഴികളും ഇഷ്ടം പോലെ ഓടി നടക്കുന്നു. അവയുടെ കാഷ്ഠം കോണിപ്പടികളില്‍ ഉണങ്ങിക്കിടക്കുന്നു. ഭക്ഷണവില്‍പ്പനക്കാര്‍ തെരുവില്‍നിന്നും കോണി കയറി വരും.

അലോന്‍സോയുടെ വീട്ടിലേക്ക് ഇളകിയാടുന്ന ഒരു മരക്കോണിയുണ്ട്. അയാളുടെ അയല്‍ക്കാരന്റെ പ്രാവുകള്‍ അതിനടിയിലാണ്.

പ്രാവിന്‍ കൂട് മിക്കവാറും എല്ലാ വീട്ടിലുമുണ്ട്. ഓരോന്നും പ്ലാസ്റ്റിക്കിന്റെ മേല്‍ക്കൂര പലകയും മറ്റും വെച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്.

22കാരനായ ഗുടിയേറെസിന് നല്ലൊരു കൂടുണ്ട്. അയാളുടെ അച്ഛന്‍ ഉണ്ടാക്കിയതാണ്. പുലര്‍ച്ചെ 4 മണിക്കെഴുന്നേറ്റ് അയാള്‍ സുഹൃത്തുമൊത്ത് മീന്‍ പിടിക്കാന്‍ പോകും. വൈകീട്ട് പ്രാവുകള്‍ക്കുള്ള വെള്ളവും സര്‍ക്കാര്‍ റേഷനായി നല്‍കുന്ന അവയ്ക്കുള്ള ഭക്ഷണവും നല്‍കും.

കുറച്ചപ്പുറത്തുള്ള ഒരു സുഹൃത്തിനെ ഗുടിയേറെസ് ഉറക്കെ വിളിച്ചു. ‘വല്ലാത്ത കാറ്റ്, അവന് കേള്‍ക്കാന്‍ കഴിയുന്നില്ല.’

ഏതാണ്ട് എല്ലാ മേല്‍ക്കൂരകളിലും പ്രാവ് വളര്‍ത്തലുകാരുണ്ട്. അയല്‍പ്പക്കമാകെ ‘ഒരു പോരാട്ടഭൂമി’യാണെന്നാണ് അയാള്‍ പറയുന്നത്. എല്ലാവരും മറ്റുള്ളവരുടെ പ്രാവുകളെ കെണിയിലാക്കാന്‍ ശ്രമിക്കുന്നു.

യു എസില്‍ പ്രാവ് വളര്‍ത്തലുകാര്‍ ദൂതപക്ഷികളെയാണ് ഇഷ്ടപ്പെടുന്നതെന്ന് ഗുടിയേറെസ്. പക്ഷേ ക്യൂബയില്‍ കഥ വേറെയാണ്. പക്ഷികളെ വളര്‍ത്തുക, എന്നിട്ട് മറ്റു പക്ഷികളെ വശത്താക്കാനായി അവരെ പറഞ്ഞു വിടുക. ഇങ്ങനെ കൊണ്ടു വരുന്ന പക്ഷികളെ സ്വന്തം കൂട്ടത്തില്‍ ചേര്‍ക്കുക. ‘പ്രാവിനെ കക്കല്‍’ എന്നാണ് ഈ വിനോദത്തിന്റെ പേര്.

വശീകരണം തന്നെ സംഗതി. ഗുടിയേറെസിന്റെ കൈയിലുള്ള ഒരുവന്‍ പഴയ ഹവാനയിലെ കാസനോവ തന്നെയാണ്. എല്‍ അസൂള്‍ എന്ന ഈ പുള്ളി 14 മാസത്തിനുള്ളില്‍ ഏതാണ്ട് 82 പ്രാവുകളെയാണ് ഇങ്ങനെ ആകര്‍ഷിച്ചു കൊണ്ടു വന്നത്. കുറച്ചെണ്ണത്തിനെ ഗുടിയേറെസ് വളര്‍ത്തി. ബാക്കിയുള്ളതിനെ വിറ്റു. ആഫ്രിക്കന്‍-ക്യൂബന്‍ ദൈവങ്ങള്‍ക്കുള്ള ബലിയായി പ്രാവിന്റെ രക്തം കൊടുക്കുന്നതും ഇതിന്റെ മൂല്യം കൂട്ടുന്നു.

ഈ പക്ഷികള്‍ ഗുടിയേറെസിന് ഒരു വിനോദമാണ്. വാസ്തവത്തില്‍ അയാള്‍ക്കത് പണനഷ്ടം വരുത്തുന്നുണ്ട്. അലോണ്‍സോയെ പോലെ പുരപ്പുറത്ത് തമ്പടിക്കാന്‍ ആള്‍ക്ക് ഇഷ്ടവുമല്ല. ‘ഞാനിവിടെ ആളുകളെ നോക്കി സമയം കളയില്ല. താഴത്ത് എന്റെ പ്ലേസ്‌റ്റേഷനുമായി പോകും.’

അലോന്‍സോയും ഗുടിയേറെസും കുട്ടിക്കാലത്ത് താഴെ തെരുവില്‍ കളിയ്ക്കാന്‍ ഓടിപ്പോകുമായിരുന്നു. പഴയ ഹവാനായിലെ പ്രധാന തെരുവ് ജീര്‍ണിച്ചു കിടന്നപ്പോള്‍. ഇന്നത് പുതുക്കി, വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമാണ്. ഒരു ക്യൂബന്‍ സംഗീത സംഘം ഒരു ഇംഗ്ലീഷ് ഗാനം വായിക്കുന്നു.

അവിടെയിപ്പോള്‍ പുത്തന്‍ കഥകള്‍ വന്നിരിക്കുന്നു. എന്നാല്‍ അവിടുത്തുകാരായ കുട്ടികളെ പ്രദേശത്ത് ബേസ്‌ബോള്‍ കളിയ്ക്കാനോ, കുപ്പായമില്ലാതെ ഓടിനടക്കാനോ പോലീസ് അനുവദിക്കുന്നില്ല.

‘ഇതിപ്പോള്‍ ഒരു മ്യൂസിയം പോലെയാണ്.’ പ്ലാസയുടെ നടുവിലുള്ള ജലധാര പോലും വേലികെട്ടി തിരിച്ചിരിക്കുന്നു.

യു എസ്‌ക്യൂബ ബന്ധം മെച്ചപ്പെടുന്നതോടെ കൂടുതല്‍ വിനോദസഞ്ചാരികള്‍ വന്നേക്കും. പതുക്കെ പഴയ ഹവാനായിലെ പുരപ്പുറങ്ങള്‍ക്ക് ആ മാറ്റത്തിനെ അതിജീവിക്കാനാവാതെയാകും. അത് നല്ലതിനായേക്കാം.

‘ചിലപ്പോള്‍ ഇവിടെനിന്നു പോകണമെന്ന് വിചാരിക്കും, കുട്ടികള്‍ക്ക് കളിയ്ക്കാന്‍ കൂടുതല്‍ സ്ഥലം കിട്ടുമല്ലോ,’ വടക്കു നിന്നും നീങ്ങിയെത്തുന്ന വമ്പന്‍ മേഘക്കൂട്ടങ്ങളില്‍ കണ്ണുനട്ട് അലോന്‍സൊ പറഞ്ഞു. ‘പക്ഷേ ഇതുപോലൊരു കാഴ്ച എവിടെ കിട്ടും? എന്നെങ്കിലും ഒരിക്കല്‍ ഒരു കോടീശ്വരന്‍ വന്നു ഇത് വാങ്ങിയേക്കും.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍