UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീഡിയോ സ്ട്രീമിംഗ് രംഗത്ത് പുതിയ കാല്‍വയ്പുമായി ഹാവ്ഫണ്‍ ആപ്

അഴിമുഖം പ്രതിനിധി

യാത്രകള്‍ക്കിടയിലും ഠപ്പേന്ന് കാര്യങ്ങള്‍ നടക്കാത്തയിടങ്ങളിലും നമ്മള്‍ ബോറടി മാറ്റാന്‍ അഭയം പ്രാപിക്കുക പോക്കറ്റില്‍ തിരുകിവച്ചിരിക്കുന്ന മൊബൈലിലോ ബാഗിലിരിക്കുന്ന ടാബ്ലറ്റിലോ ആകും. പണ്ടൊക്കെ കമ്പ്യൂട്ടറില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്ത ഒന്നോ രണ്ടോ വീഡിയോകള്‍ തിരിച്ചും മറിച്ചും കണ്ട് ആഗ്രഹം തീര്‍ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍. ഒറ്റ ടച്ചില്‍ ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ ക്യൂവില്‍ നില്‍ക്കും. ഓപ്ഷനുകള്‍ അനവധി.

എന്നാല്‍ പ്രശ്നങ്ങള്‍ തീരുന്നില്ല. കീശ കീറുന്ന റേറ്റ് കൊണ്ട് നെറ്റ്വര്‍ക്ക് സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ കൊന്നു കൊലവിളിക്കും. ഇനിയിപ്പോള്‍ നല്ലൊരു ഡാറ്റ ഓഫര്‍ ചാര്‍ജ്ജ് ചെയ്തു എന്നുതന്നെയിരിക്കട്ടെ. നിങ്ങള്‍ക്ക് വീഡിയോ കാണണം എന്ന് തോന്നുന്ന സമയം ആ സ്ഥലത്തെ നെറ്റ്വര്‍ക്ക് ചതിച്ചാലോ. ബഫറിംഗ് റിംഗ് നല്ലവണ്ണം കറങ്ങുന്നതല്ലാതെ വീഡിയോ കാണാന്‍ പറ്റില്ല. അതും പോകട്ടെ വീഡിയോ കണ്ടു രസം പിടിച്ചു വരുമ്പോഴാവും വീണ്ടും നെറ്റ്വര്‍ക്ക് എറര്‍ വന്ന് പകുതിക്കു വച്ച് സംഗതി നിന്നു പോവുക.

ഇനി ആ ടെന്‍ഷന്‍ ഒന്നു മാറ്റിവയ്ക്കാം. ആസ്വാദനത്തിന് വിഘാതമുണ്ടാവാതെ ഇഷ്ടാനുസരണം വീഡിയോകളും സിനിമകളും മൊബൈലിലോ ടാബിലോ കാണാം. ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം എന്നേയുള്ളൂ. നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ഫണ്ണുമായി എത്തുന്ന വീഡിയോ സ്ട്രീമിംഗ് ആപ്പ് ഹാവ് ഫണ്‍ ആണ് ഇത് സാധ്യമാക്കുക. ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിലാണ് ഈ ആപ്പ് ലഭ്യമാവുക.

നിലവിലുള്ളതും നവീനങ്ങളുമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വിനോദപ്രദവും ദൈനംദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതുമായ ഉത്പ്പന്നങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തനം ആരംഭിച്ച മ്യൂട്ടോടാക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രഥമ സംരംഭമാണ് ഹാവ്ഫണ്‍. ഒരിക്കല്‍ നിങ്ങളുടെ ഡിവൈസില്‍ ഹാവ്ഫണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, ഹാവ്ഫണ്‍ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ചിരിക്കുന്ന എവിടെയും ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ സൗജന്യമായി സിനിമകളും വീഡിയോകളും ഉപയോക്താക്കള്‍ക്ക് ആസ്വദിക്കുവാന്‍ കഴിയും.

ഉപയോക്താക്കള്‍ക്ക് ഓരോ മാസവും 360 ജിബി സൗജന്യ വിഡീയോ സ്ട്രീമിങ്ങ് ഹാവ്ഫണ്‍ വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ ഒരു മാസത്തെ മുഴുവന്‍ ദിവസങ്ങളിലും ഉപയോക്താക്കളുടെ ഇഷ്ടാനുസരണം എത്രതന്നെ വീഡിയോകള്‍ കണ്ടാലും കൂടുതല്‍ വീഡിയോകള്‍ സൗജന്യമായി തന്നെ ആസ്വദിക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കുന്നു. ദിനംപ്രതി അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു വലിയ ശേഖരത്തില്‍ നിന്നും ഉപയോക്താക്കളുടെ അഭിരുചികള്‍ക്കനുസരിച്ച് മൂവീസ്, ഫീച്ചര്‍ഫിലിം, ഷോര്‍ട്ട്ഫിലിം, ഡോക്യുമെന്ററികള്‍, മ്യൂസിക് വീഡിയോകള്‍, കോമഡി ക്ലിപ്പിങ്‌സ് തുടങ്ങി എണ്ണമറ്റ പ്രോഗ്രാമുകള്‍ തിരഞ്ഞെടുത്ത് ആസ്വദിക്കുവാന്‍ ഹാവ്ഫണ്‍ സഹായിക്കുന്നു. മൊബൈല്‍ ഡാറ്റ ഒട്ടും പാഴാക്കാതെയും ഇന്റര്‍നെറ്റിനായി കീശ വെളുപ്പിക്കാതെയും ആണ് ഇത് സാധ്യമാവുക എന്നോര്‍ക്കണം.

വീഡിയോ സ്ട്രീമിംഗ് ആപ്പുകള്‍ക്ക് ഒരു ക്ഷാമവും ഇപ്പോഴില്ല. ഗൂഗിളിന്‍റെയും ആപ്പിളിന്‍റെയും സ്റ്റോറുകളില്‍ ഈ കീവേര്‍ഡ്‌ നല്‍കിയാല്‍ ഓപ്ഷന്‍സ് കണ്ടു കണ്ണുതള്ളേണ്ടി വരും. എന്നാല്‍ ഹാവ്ഫണ്‍ അതുപോലെയല്ല. മറ്റുള്ള മിക്കവാറും ആപ്പുകളും പ്രവര്‍ത്തിക്കുക നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍ നല്‍കുന്ന സ്പീഡിനനുസരിച്ചാവും.

ഹാവ്ഫണ്‍ വ്യത്യസ്തമായ ഒരു മെത്തേഡ് ആണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്. നഗരങ്ങളില്‍ കണ്ടുവരാറുള്ള വൈഫൈ ഹോട്ട്സ്പോട്ടുകള്‍ പോലെ ഹാവ്ഫണ്‍ ആപ്പിനായി പ്രത്യേകം ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുകയാണ് കമ്പനി. ഇതേക്കുറിച്ച് കമ്പനി സ്ഥാപകനും സിഇഒയുമായ ജിജി ഫിലിപ്പ് തന്നെ പറയട്ടെ.

”ട്രെയിനുകള്‍, ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, റെയില്‍വേ പ്ലാറ്റ്‌ഫോമുകള്‍ കൂടാതെ കാത്തിരിപ്പു മുറികളിലും ബസ് സ്റ്റാന്‍ഡുകളിലും എയര്‍പോര്‍ട്ടുകളിലും ഹാവ്ഫണ്‍ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുവാനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയെന്നോണം ഹാവ്ഫണ്‍ സേവനം ട്രെയിനുകളില്‍ ലഭ്യമാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ജനങ്ങളുടെ പ്രതികരണം അനുസരിച്ച് ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍ തുടങ്ങി മറ്റ് അനേകം മേഖലകളിലേക്കും ഈ സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്.” 

കൂടാതെ മിതമായ നിരക്കില്‍ ഏറ്റവും പുതിയ സിനിമകളും ഹാവ്ഫണ്‍ നിങ്ങളുടെ വിരല്‍ തുമ്പുകളില്‍ എത്തിക്കുന്നു. 2000-ത്തോളം മണിക്കൂറുകളുള്ള വീഡിയോകളില്‍ നിന്നും ഇഷ്ടപ്പെട്ടവ തിരഞ്ഞെടുത്ത് ആസ്വദിക്കുവാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. ആപ്പിന്റെ ഇന്റര്‍ഫേസ് യൂസര്‍ ഫ്രണ്ട്ലി ആയതിനാല്‍ അധികം കഷ്ടപ്പെടാതെ തന്നെ ഉപയോക്താവിന്റെ അഭിരുചിക്കനുസരിച്ചുള്ള വീഡിയോ കണ്ടെത്താനാകും.

ഹാവ്ഫണ്ണിന്റെ മറ്റൊരു സവിശേഷത വീഡിയോ സ്ട്രീമിങിന്റെ വേഗതയാണ്. സാധാരണ വീഡിയോ ഓപ്പണ്‍ ചെയ്താലും ബഫറിംഗ് റിംഗ് കറങ്ങുന്നത് കണ്ടു സമയം കളയാനാകും നമ്മുടെ യോഗം. ഇവിടെ ആ വിരസത ഒട്ടും തന്നെ ഉപയോക്താക്കള്‍ക്ക് അനുഭവിക്കേണ്ടി വരുന്നില്ല. വീഡിയോകള്‍ക്കിടയില്‍ കാണിക്കുന്ന പരസ്യങ്ങള്‍ ആണ് കമ്പനിയുടെ വരുമാനം. എന്നു കരുതി ചറപറാ പരസ്യങ്ങള്‍ വരുമെന്നു തെറ്റിദ്ധരിക്കേണ്ട. മണിക്കൂറില്‍ അഞ്ച് എണ്ണമേ ഉണ്ടാകൂ.

മികച്ച ദൃശ്യാനുഭവവും വീഡിയോ ക്വാളിറ്റിയും ഹാവ്ഫണ്ണിന്റെ സവിശേഷതയാണ്. പുതുമയാര്‍ന്നതും നിലയ്ക്കാത്തതുമായ ഒരു ആസ്വാദന അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് ഹാവ്ഫണ്‍ സ്ഥാപകരില്‍ ഒരാളും ചീഫ് ടെക്‌നിക്കല്‍ ഓഫീസറുമായ അഭിലാഷ് വിജയന്‍ അഭിപ്രായപ്പെടുന്നു.

ഒരേയൊരു പ്രശ്നം മാത്രമേയുള്ളൂ ഇപ്പോള്‍ ബാക്കി. ആപ്പ് ലോഞ്ച് ആവുക ജൂലൈ അവസാനം ആകും എന്നതാണ് അത്. എന്നാല്‍ നല്ലൊരു കാര്യത്തിനു വേണ്ടി അല്‍പ്പം കാത്തിരിക്കുന്നതില്‍ എന്താ കുഴപ്പം, അല്ലേ..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍