UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹവില്‍ദാര്‍ ശ്യാം ദാസിന്‍റെ ജീവിതം; രാജ്യദ്രോഹ കഥയ്ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ചതിയോ?

രാകേഷ് നായര്‍

ഇന്ത്യന്‍ കരസേന മേധാവി ആയിരിക്കെ ഇപ്പോഴത്തെ കേന്ദ്ര മന്ത്രി കൂടിയായ വി കെ സിംഗ് സേനയുടെ ഭാഗമായി രൂപീകരിച്ച സാങ്കേതിക സേവന വിഭാഗ(TDS)ത്തിലെ രേഖകളെല്ലാം സൈന്യം നശിപ്പിച്ചു കളഞ്ഞതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ദേശീയ ദിനപത്രമായ ദി ഹിന്ദു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. ടി ഡി എസ്സുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നശിപ്പിക്കാന്‍ 2012 മേയ് 22 നും 25 നും ഇടയില്‍ പൂനെ ആസ്ഥാനമായുള്ള സതേണ്‍ ആര്‍മി കമാന്‍ഡ് ഓഫീസര്‍ തലത്തിലുള്ളവരുടെ നേതൃത്വത്തില്‍ നീക്കം നടന്നതായി ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ സഹിതം ജോസി ജോസഫ് എന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഹിന്ദുവിലൂടെ പുറത്തു കൊണ്ടുവന്നപ്പോള്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു പേര് വീണ്ടും മാധ്യമ ശ്രദ്ധയില്‍ വരികയുണ്ടായി.

ടിഡിഎസ്സിലെ ഹവില്‍ദാര്‍ ശ്യാം ദാസിന്റെ പേര്.

സേനയുടെ ടെക്‌നിക്കല്‍ സര്‍വീസ് ഡിവിഷനുമായി ബന്ധപ്പെട്ട രേഖകള്‍ റവന്യു ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് മലയാളിയായ ശ്യാംദാസ് അറസ്റ്റിലാവുകയായിരുന്നു. ശ്യാം കൈമാറി എന്നാരോപിക്കുന്ന രേഖകള്‍ വി കെ സിംഗ് വിരമിക്കുന്നതിന് അഞ്ചുദിവസം മുമ്പ് നശിപ്പിക്കപ്പെട്ടവയുടെ പകര്‍പ്പുകളായിരുന്നുവെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സൈന്യത്തിന്റെ തടങ്കലിലായ ശ്യാമിനെതിരെ കോര്‍ട്ട് മാര്‍ഷലിന് ഉത്തരവുണ്ടാവുകയും തുടര്‍ന്ന് അദ്ദേഹത്തെ പത്തുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കുകയും സേനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും തരംതാഴ്ത്തുകയും ചെയ്തു.

ശ്യാം ഇപ്പോള്‍ തിഹാര്‍ ജയിലില്‍ ആണ്. ശ്യാമിന്റെ കാര്യത്തില്‍ നടപ്പാക്കപ്പെട്ടത് ശരിയായ നീതിയാണോ എന്നത് വൈകാതെ വെളിപ്പെടുമെന്ന് കരുതാം.

ഇനിയിവിടെ പറയുന്നത് മറ്റൊരാളുടെ ജീവിതകഥയാണ്. ആരെല്ലാമോ ചേര്‍ന്ന് നടപ്പാക്കിയൊരു വിധിയില്‍പ്പെട്ട് ജീവിതത്തില്‍ നിസ്സഹായയായ ഒരു സ്ത്രീയുടെ; ശ്യാം ദാസിന്റെ ഭാര്യയുടെ.

കഴിഞ്ഞ മൂന്നരവര്‍ഷക്കാലമായി ഉരുകിയെരിയുന്നൊരു മെഴുകുതിരിപോലെ പ്രതീക്ഷയുടെ വെളിച്ചം കെടാതെ സൂക്ഷിക്കുന്ന അവരുടെ കഥയാണ് ഇനി നാം കേള്‍ക്കുന്നത്.

തന്റെയും കുഞ്ഞിന്റെയും സ്വകാര്യത സൂക്ഷിക്കണമെന്ന ശ്യാമിന്റെ ഭാര്യയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് അവരുടെ യഥാര്‍ത്ഥ പേരോ മറ്റു വിവരങ്ങളോ അഴിമുഖം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തത്കാലം ലക്ഷ്മി എന്ന പേരില്‍ ആ സ്ത്രീ തന്റെ ജീവിതം പറയുകയാണ്.

ഒരവധിക്കാലത്ത്
ഞാനും ശ്യാമുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഒന്നര വര്‍ഷക്കാലമേ പിന്നിട്ടിരുന്നുള്ളു. ഡല്‍ഹിയിലെ ജോലിസ്ഥലത്ത് നിന്ന് ശ്യാം പത്തുദിവസത്തെ അവധിക്കായി നാട്ടിലേക്ക് വരുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകള്‍ക്കായി തന്നെ ആറു ദിവസങ്ങള്‍ നഷ്ടപ്പെടും. ബാക്കി നാലു ദിവസങ്ങളെ ഞങ്ങള്‍ക്ക് കിട്ടൂ. ഞാന്‍ നിര്‍ബന്ധം പിടിച്ചതുകൊണ്ട് ലീവ് കുറച്ചു ദിവസങ്ങള്‍ കൂടി നീട്ടിയെടുത്താണ് ശ്യാം ട്രെയിന്‍ കയറിയത്. ശ്യാമുമൊത്തുള്ള സന്തോഷത്തിന്റെ ദിനങ്ങള്‍ക്കായി ഞാന്‍ കാത്തിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ ആദ്യദിനങ്ങള്‍ കടന്നുപോയി. അതിനിടയില്‍ ഒരു ദിവസം ശ്യാം കൊച്ചിയിലേക്ക് പോയി. എന്തിനാണെന്ന് എന്നോട് പറഞ്ഞിരുന്നില്ല. ജോലിയെ സംബന്ധിച്ച വിവരങ്ങളൊന്നും ശ്യാം പങ്കുവച്ചിരുന്നില്ല. ആര്‍മിയില്‍ ക്ലറിക്കല്‍ പോസ്റ്റില്‍ ജോലി ചെയ്യുന്നുവെന്നു മാത്രമെ ആരോടും ശ്യാം പറയുമായിരുന്നുള്ളൂ. ശ്യാം ആര്‍മിയുടെ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നുവെന്ന് ഞാന്‍ അറിയുന്നതുപോലും വൈകിയാണ്. ഒരു പട്ടാളക്കാരന്റെ രഹസ്യസ്വഭാവം ശ്യാം കര്‍ശനമായി പിന്തുടര്‍ന്നിരുന്നു. ഡല്‍ഹിയില്‍ എവിടെയാണ് ജോലി ചെയ്യുന്നതിനെക്കുറിച്ചും എനിക്ക് വ്യക്തയില്ലായിരുന്നു. അദ്ദേഹം നല്ലൊരു ഭര്‍ത്താവായിരുന്നു, അതുപോലെ സ്നേഹമുള്ള മകനും സഹോദരനും സുഹൃത്തുമൊക്കെയായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്നശേഷം ഒരിക്കല്‍പ്പോലും ആരുമൊരു മോശം വാക്ക് ശ്യാമിനെതിരെ പറയുന്നത് കേള്‍ക്കേണ്ടി വന്നിരുന്നില്ല. പക്ഷേ എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു.

അവര്‍ കയറിവരുന്നു
2012 മേയ് 14, ആ ദിവസത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഭയമാണ്. അന്നാണ് എല്ലാ സന്തോഷത്തിന്റെയും പുറത്ത് വിധി കറുത്ത നിഴല്‍ വിരിച്ചത്.

അന്നേ ദിവസം ഉച്ചയോടടുത്തായിരിക്കണം, കുറച്ച് ആള്‍ക്കാര്‍ വീട്ടിലേക്ക് വന്നു. അവര്‍ മിലട്ടറി ഓഫിസര്‍മാരാണെന്ന് ശ്യാമിന്റെ സംസാരത്തില്‍ നിന്ന് മനസ്സിലായി. അവര്‍ ശ്യാമിനോട് എന്തൊക്കെയോ സംസാരിച്ചു. ഹിന്ദിയിലായിരുന്നതിനാല്‍ എനിക്ക് കാര്യങ്ങള്‍ വ്യക്തമായില്ല. പിന്നീടവര്‍ ഞങ്ങളുടെ മുറിയടക്കം കയറി പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ല. വൈകുന്നേരമായപ്പോള്‍ അവര്‍ ശ്യാമിനെ കൂട്ടികൊണ്ടുപോകാന്‍ തീരുമാനിച്ചു. എനിക്ക് പരിഭ്രമമായി. ഒന്നും വ്യക്തമാകുന്നില്ല. എന്താണിവിടെ നടക്കുന്നത്. ശ്യാമും ഒന്നും പറയുന്നില്ല. വന്നവരോട് ഞാന്‍ എന്തിനാണ് ശ്യാമിനെ കൊണ്ടുപോകുന്നതെന്ന് ചോദിച്ചു. പേടിക്കാനൊന്നുമില്ലെന്ന് മാത്രം മറുപടി. തുടര്‍ന്ന് ശ്യാം അവരോടൊപ്പം പോയി. എങ്ങോട്ട്? എന്തിന് ? എനിക്കൊന്നിനും ഉത്തരം കിട്ടിയില്ല.

പക്ഷേ പിറ്റേദിവസത്തെ പത്രവാര്‍ത്തകള്‍ എന്നെ തകര്‍ത്തു കളഞ്ഞു. മലയാളത്തിലെ പ്രമുഖദിനപത്രം ശ്യാമിനെ ഒരു രാജ്യദ്രോഹിയായി ചിത്രീകരിച്ച് വാര്‍ത്തെയഴുതിയിരിക്കുന്നു. ഞാനറിയുന്ന ശ്യാമിന് ഒരാളെപ്പോലും ചതിക്കാന്‍ കഴിയില്ല. അങ്ങനെയൊരാള്‍ക്ക് സ്വന്തം രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുമോ? പ്രചാരത്തില്‍ രണ്ടാംസ്ഥാനത്തെന്ന് അവകാശപ്പെടുന്ന ആ പത്രം എവിടെ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തകളെഴുതിയതെന്ന് അറിയില്ല. വാര്‍ത്തകള്‍ വില്‍ക്കുന്ന മാധ്യമപ്രവര്‍ത്തനത്തില്‍, അവര്‍ ചെയ്യുന്ന പ്രവര്‍ത്തികൊണ്ട് ആരുടെയൊക്കെ ജീവിതമാണ് തകരുന്നതെന്ന് ചിന്തിക്കേണ്ട ആവശ്യമില്ലായിരിക്കാം. ശ്യാമിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടപ്പോള്‍ ആത്മഹത്യ ചെയ്യാനാണ് ചിന്തിച്ചത്. പക്ഷെ, ഒന്നുമറിയാത്തൊരു പിഞ്ചുകുഞ്ഞിനെക്കൂടി ശിക്ഷിക്കുന്നതെന്തിനാണെന്ന ആലോചനയിലാണ് ആ തീരുമാനം ഉപേക്ഷിച്ചത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യങ്ങളെ പുറത്തുകൊണ്ടുവരികയാണ്. എന്റെ ഭര്‍ത്താവ് തെറ്റുകാരനല്ലെന്ന് ബോധ്യപ്പെടുമ്പോള്‍ പണ്ടദ്ദേഹത്തെ ക്രൂശിച്ച പത്രം എങ്ങനെ പരിഹാരം ചെയ്യും?

ശ്യാമിനെ കൊണ്ടുപോയതിന്റെ പിറ്റേദിവസം വന്ന വാര്‍ത്തകളിലാണ് അദ്ദേഹത്തെ തിരുവനന്തപുരം പാങ്ങോടുള്ള സൈനിക ക്യാമ്പിലേക്കാണ് കൂട്ടികൊണ്ടുപോയതെന്ന സൂചനകളുണ്ടായിരുന്നത്. അതനുസരിച്ച് ഞാനും അമ്മയും കൂടി അവിടെ ചെന്നു കാര്യങ്ങള്‍ തിരക്കി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു കാര്യവും അവര്‍ക്കറിയില്ലെന്നാണ് പറഞ്ഞത്. ശ്യാമിനെ അങ്ങോട്ട് കൊണ്ടുവന്നിട്ടില്ലെന്ന് അവര്‍ പറഞ്ഞു. അവര്‍ അന്ന് ഞങ്ങളോട് കാര്യങ്ങള്‍ മറച്ചുവയ്ക്കുകയായിരുന്നു.

എന്റെ മുന്നില്‍ ഇരുള്‍ നിറയുകയായിരുന്നു, ശ്യാമിനെക്കുറിച്ച് എനിക്കൊന്നും അറിയാന്‍ കഴിയുന്നില്ല…ശ്യാമിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു, ആരും ഫോണ്‍ എടുത്തില്ല.

എന്നാല്‍ പിറ്റേദിവസം ഡല്‍ഹിയില്‍ നിന്ന് എനിക്കൊരു ഫോണ്‍ കോള്‍ വന്നു, ശ്യാമാണ്. ഓഫിസ് നമ്പറില്‍ നിന്നാണ് വിളിക്കുന്നത്. അവരെന്നെ ട്രാപ്പില്‍ പെടുത്തിയിരിക്കുകയാണ്. പക്ഷെ എനിക്ക് വിശ്വാസമുണ്ട്, ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. നീ വിഷമിക്കണ്ട, നമുക്ക് നല്ലത് പ്രതീക്ഷിക്കാം; ശ്യാം എന്നോടു പറഞ്ഞു. കൂടുതല്‍ സംസാരിക്കാനൊന്നും കഴിഞ്ഞില്ല, ഫോണ്‍ കട്ടായി.

ശ്യാം വിളിച്ച നമ്പറിലേക്ക് പിന്നീട് ഞാന്‍ തിരിച്ചു വിളിച്ചു നോക്കിയെങ്കിലും കാര്യമുണ്ടായിരുന്നില്ല.

പിന്നീട് ശ്യാം രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ വിളിച്ചിരുന്നു, തളരരുത്, എല്ലാം ശരിയാകുമന്ന് ഓരോ വിളിയിലും എന്നെ ആശ്വസിപ്പിച്ചു. ശ്യാമിന് തന്റെ നിരപരാധിത്വത്തില്‍ പൂര്‍ണബോധ്യമുണ്ടെന്ന് ആ വാക്കുകളിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. പ്രതീക്ഷയോടെ കാത്തിരുന്നു.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു അവര്‍ ശ്യാമിനെ കുറ്റക്കാരനാക്കിയത്? റവന്യു ഇന്റലിജന്‍സിന് ഏതൊക്കെയോ രേഖകള്‍ കൈമാറിയെന്നാണ് ശ്യാമിനെതിരെ പറയുന്ന കുറ്റം. രാജ്യത്തിനോ സൈന്യത്തിനോ എതിരായ ഏതെങ്കിലും രേഖകള്‍ ശ്യാം കൈമാറിയതായി അവര്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞോ? അതോ ശ്യാം പറഞ്ഞപോലെ, ഇതൊരു ചതിയുടെ കഥയാണോ? കൃത്യമായി അറിയില്ലെങ്കിലും ഏതൊക്കെയൊ രഹസ്യങ്ങള്‍ ശ്യാം കണ്ടെത്തിയിരുന്നു. ആ രഹസ്യങ്ങള്‍ പല ഉന്നതരെയും അസ്വസ്ഥരാക്കുന്നതായിരുന്നു. അതുകൊണ്ടായിരിക്കണം അവര്‍ ചേര്‍ന്ന് ശ്യാമിനെ കുരുതി കൊടുക്കാന്‍ തീരുമാനിച്ചത്. മറ്റു പലരും കിടക്കേണ്ട തടവറയിലാണ് ശ്യാം ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത്. പക്ഷെ സത്യത്തെ എല്ലാക്കാലവും ആര്‍ക്കും ഇരുട്ടറയില്‍ അടച്ചിടാന്‍ സാധിക്കില്ല, ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആ സൂചനയാണ് പകരുന്നത്.

ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്നു
ശ്യാമിന് ഇങ്ങനെയൊരു അവസ്ഥ വന്നതോടെ ജീവിതത്തില്‍ ഞാനും ഒറ്റപ്പെടുകയായിരുന്നു. അതുവരെ കൂടെയുണ്ടായിരുന്നവരൊക്കെ അകലാന്‍ തുടങ്ങി. എല്ലാവര്‍ക്കും ഭയമായിരുന്നു. ഒരു സഹായത്തിന് ആരും കൂടെയില്ല. ശ്യാമിന് അനിയനും പ്രായമായൊരു അമ്മയുമാണ് ഉള്ളത്. എവിടെപ്പോയി അന്വേഷിക്കുമെന്നോ ആരോട് അന്വേഷിക്കുമെന്നോ എനിക്കറിയില്ല. ഡല്‍ഹിയില്‍ പോയി അന്വേഷിക്കാമെന്നുവെച്ചാല്‍ ആരും തുണ വരാന്‍ ഇല്ല, ഒരു കുഞ്ഞുമുണ്ട്.

ഇതിനിടയില്‍ അമ്മ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്റണി തിരുവനന്തപുരത്ത് വരുന്ന സമയത്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തി പല തവണ ശ്യാമിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അപേക്ഷിച്ചിരുന്നു. നോക്കാം, അന്വേഷിക്കാം എന്ന മറുപടിയല്ലാതെ യാതൊരു സഹായവും കിട്ടിയില്ല.

ശ്യാമിന്റെ അഭാവത്തോടെ ജീവിതത്തില്‍ പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. മുന്നോട്ടുപോകണമല്ലോ. അങ്ങനെയാണ് ഞാനൊരു ചെറിയ ജോലിയില്‍ പ്രവേശിക്കുന്നത്. ശ്യാമിന്റെ അമ്മയെ അനിയന്‍ കൂട്ടികൊണ്ടുപോയിരുന്നു. ഞാന്‍ എന്റെ വീട്ടിലേക്ക് പോന്നു. ഇപ്പോള്‍ ചില പത്രവാര്‍ത്തകളില്‍ കാണുന്നത് ശ്യാംദാസിന്റെ കുടുംബം വീടും നാടും ഉപേക്ഷിച്ചു പോയെന്നാണ്. ഞങ്ങളാരെയും പേടിച്ചോ നാണക്കേടോര്‍ത്തോ പുറപ്പെട്ടു പോയിട്ടില്ല. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ എന്തും ചെയ്യാം. മര്യാദ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ഞങ്ങളോട് കാര്യങ്ങളന്വേഷിക്കാമായിരുന്നു. എവിടെ നിന്നോ കിട്ടുന്ന സൂചനകള്‍വെച്ച് വാര്‍ത്തകള്‍ പടയ്ക്കുകയാണ്. അവര്‍ അങ്ങനെയൊക്കെ എഴുതുമ്പോള്‍ ഞങ്ങള്‍ അപമാനിക്കപ്പെടുകയാണ്.

എന്റെ പ്രതീക്ഷകള്‍ തകരുന്നു
കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാനെത്തിയ ശ്യാമിനെ അവര്‍ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ എന്റെ വിശ്വാസം അദ്ദേഹം വേഗം തന്നെ തിരിച്ചുവരുമെന്നായിരുന്നു. ആ കാത്തിരിപ്പ് മൂന്നരവര്‍ഷം പിന്നിടുന്നു.കാലമത്ര കഴിഞ്ഞിട്ടും ഞാന്‍ പ്രതീക്ഷയോടെ വീണ്ടും കാത്തിരുന്നു. ഇന്നല്ലെങ്കില്‍ നാളെ ശ്യാം തന്റെ നിരപരാധിത്വം എല്ലാം തെളിയിച്ച് എന്റടുത്തേക്ക് വരുമെന്ന് ഉറപ്പായിരുന്നു; ആ ലെറ്റര്‍ എന്റെ കൈയില്‍ കിട്ടുംവരെ.

കഴിഞ്ഞ മാസമാണ് ഡല്‍ഹിയില്‍ നിന്ന് ആര്‍മിയുടെ ഒരു ഔദ്യോഗിക ലെറ്റര്‍ എനിക്ക് കിട്ടിയത്. ശ്യാമിനെ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കിയെന്നും ആര്‍മി ട്രിബ്യൂണല്‍ കോര്‍ട്ട് അദ്ദേഹത്തിന് പത്തുവര്‍ഷത്തെ കഠിന തടവ് വിധിച്ചെന്നും കൂടാതെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും റാങ്ക് റെഡ്യൂസ് ചെയ്തതായും ആ ലെറ്ററില്‍ ഉണ്ടായിരുന്നു. ശ്യാം ഇപ്പോള്‍ തിഹാര്‍ ജയിലില്‍ ആണ്. ആ ലെറ്റര്‍ കൈയില്‍ പിടിച്ചു ഞാന്‍ മരവിച്ചു നിന്നുപോയി. ശ്യാം അവസാനം വിളിച്ചപ്പോള്‍ പോലും എന്നോടിങ്ങനെയൊക്കെ സംഭവിക്കുമെന്നതിനെ കുറിച്ച് ഒരു സൂചനയും തന്നിരുന്നില്ല. ഒരുപക്ഷേ ശ്യാമും വിചാരിച്ചു കാണില്ല; ഇത്തരത്തില്‍ ഒരു വിധി തനിക്കായി ഒരുങ്ങുന്നുണ്ടെന്ന്.
അതുവരെ ജീവിതത്തില്‍ കത്തിനിന്ന വെളിച്ചം അണഞ്ഞുപോകുന്നതുപോലെ… ഒരും തെറ്റും ചെയ്യാത്തൊരാളാണ് പത്തുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്…

സത്യം ജയിക്കും
ആരൊക്കെ കുറ്റക്കാരനെന്നു പറഞ്ഞാലും ശ്യാമിനെ എനിക്കു മനസ്സിലാകും. ചെയ്യാത്ത തെറ്റിനാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. നീതി അദ്ദേഹത്തിന് കിട്ടണം. നിയമത്തിന്റെ വഴിയിലൂടെ ഞാനദ്ദേഹത്തിനു വേണ്ടി പോരാടും. ആര്‍മി ട്രിബ്യൂണല്‍ കോടതി ഈ കേസിന്റെ അടുത്ത ഹിയറിംഗ് ഒക്ടോബറില്‍ വെച്ചിരിക്കുകയാണ്. ശ്യാമിന് ശിക്ഷ വിധിച്ച അതേ കോടതിയാണ്. എന്നാലും ന്യായം ജയിക്കുമെന്ന് വിശ്വസിക്കുന്നു.

ഇപ്പോള്‍ എനിക്ക് ഈ കാര്യത്തില്‍ കൂടുതല്‍ ദൃഢത വന്നിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട വാസ്തവങ്ങള്‍ പുറത്തുവരികയാണ്. യഥാര്‍ത്ഥത്തില്‍ ആരൊക്കെയാണ് കൃത്യവിലോപം കാട്ടിയതെന്ന് രേഖകള്‍ സഹിതം ഹിന്ദു പത്രം പുറത്തു വിടുകയാണ്. ശ്യാമിന്റെ കാര്യത്തില്‍ സംഭവിച്ചതും ആരൊക്കയോ നടത്തിയ ഗൂഢാലോചനകളാണെന്ന് താമസിയാതെ പുറത്തുവരും. ഒരു പട്ടാളക്കാരന്റെ ഭാര്യ ആയതില്‍ ഏറെ അഭിമാനിച്ചിരുന്നു ഞാന്‍. ശ്യാം ഒരു തികഞ്ഞ പട്ടാളക്കാരനായിരുന്നു. തന്റെ കണ്‍മുന്നില്‍ നടന്ന തെറ്റിനെതിരെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത് അദ്ദേഹത്തിനുള്ളിലെ സൈനികന്റെ മനസ്സാണ്. പക്ഷെ ശരിക്കുവേണ്ടി നിലകൊണ്ട ശ്യാമിന് ജയിലാണ് പകരം കിട്ടിയത്. എത്ര മൂടിവച്ചാലും സത്യം ഒരിക്കല്‍ പുറത്തുവരുമെന്നും എന്റെ ഭര്‍ത്താവ് മോചിതനാകുമെന്നും എനിക്കറിയാം…

ആ സത്യം തെളിയുന്നതുവരെ അദ്ദേഹത്തെ ഒരു കുറ്റക്കാരനായി കണ്ട് വാര്‍ത്തകളില്‍ നിറയ്ക്കരുതെന്ന് അപേക്ഷയുണ്ട്. ഇപ്പോള്‍ വരുന്ന പലവാര്‍ത്തകളും നിര്‍ഭാഗ്യവശാല്‍ വേദനിപ്പിക്കുന്നതും വസ്തുതകള്‍ തെറ്റായതുമാണ്.

ഇപ്പോള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെടുന്ന ജീവിതം വീണ്ടെടുത്ത് തരാന്‍ ആര്‍ക്കും കഴിയില്ല…ബാക്കിയുള്ള ജീവിതമെങ്കിലും അഭിമാനത്തോടെ ജീവിച്ചു തീര്‍ക്കാന്‍ ഞങ്ങളെ അനുവദിക്കണം..

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍