UPDATES

പ്രവാസം

മലയാളിയായ പ്രവാസി ബിസിനസുകാരനെതിരെയുള്ള ലൂക്കൌട്ട് നോട്ടീസ് പുനഃപരിശോധിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റിനോട് കോടതി

തൃശ്ശൂര്‍ സ്വദേശി സി സി തമ്പിക്ക് അനുകൂലമായാണ് മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്

മലയാളിയായ വിദേശ വ്യവസായിക്കെതിരെ വിദേശനാണയ വിനിമ ചട്ടപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് പുനഃപരിശോധിക്കാനും അദ്ദേഹത്തിന്റെ യാത്ര രേഖകള്‍ മടക്കി നല്‍കാനും മദ്രാാസ് ഹൈക്കോടതി വിധിച്ചു. കേസില്‍ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ നൂട്ടി രാമമോഹന റാവുവും എസ് എം സുബ്രഹ്മണ്യവും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് തൃശ്ശൂര്‍ സ്വദേശി സി സി തമ്പിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഈ മാസം പതിനൊന്നിനകം പാസ്‌പോര്‍ട്ട് മടക്കി നല്‍കാനും നോട്ടീസ് പിന്‍വലിക്കാനും കോടതി എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തമ്പിയുടെ കമ്പനിയായ ഹോളിഡെ സിറ്റി സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ് വന്‍തോതില്‍ ഭൂമി വാങ്ങിക്കൂടിയതുമായി ബന്ധപ്പെട്ടായിരുന്നു കേസ. കമ്പനിയുടെ എന്‍ആര്‍ഐ ഡയറക്ടറായ തമ്പിയുടെ ഒറ്റ വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. 2013 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 40.87 കോടി രൂപയാണ് തമ്പി കമ്പനിക്ക് വായ്പയായി നല്‍കിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വാദിച്ചു. പിന്നീട് കമ്പനിയുടെ 99 ശതമാനം ഓഹരികളും തമ്പിയുടെ പേരിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇത് ഫെമ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറില്‍ തമ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ വിമാനത്താവളത്തില്‍ തമ്പിയെ തടഞ്ഞുവെക്കുകയും പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയുമായിരുന്നു.

തമ്പിയുടെ യുഎഇ വിസ ഈ മാസം 18ന് അവസാനിക്കുമെന്നും അത് പുതുക്കി ലഭിക്കുന്നതിന് യാത്രാ രേഖകള്‍ മടക്കി നല്‍കണമെന്നും ബഞ്ച് ഉത്തരവിട്ടു. ആവശ്യപ്പെട്ട സമയങ്ങളിലെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ മുന്നില്‍ തമ്പി ഹാജരായിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ യാത്രാരേഖകള്‍ തടഞ്ഞുവെക്കേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ഇനി പുറപ്പെടുവിക്കുന്ന നോട്ടീസുകള്‍ക്ക് മൂന്ന് ആഴ്ച കാലാവധി വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന് അപേക്ഷ നല്‍കാനും കോടതി തമ്പിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍