UPDATES

വിസിയില്‍ നിന്നും ബിരുദം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു; ഹൈദരബാദ് സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിയുടെ പ്രതിഷേധം

അഴിമുഖം പ്രതിനിധി 

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ബിരുദ ദാന ചടങ്ങില്‍ ദളിത്‌ വിദ്യാര്‍ത്ഥിയുടെ പ്രതിഷേധം. സര്‍വ്വകലാശാല അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയ്ക്കൊപ്പം സര്‍വ്വകലാശാലയില്‍ നിന്നും നടപടി നേരിട്ട നാല് വിദ്യാര്‍ത്ഥികളില്‍ ഒരാളായ സുങ്കണ വെല്‍പുലയാണ് വിസി അപ്പാറാവുവിന്‍റെ കയ്യില്‍ നിന്നും ബിരുദം ഏറ്റു വാങ്ങില്ല എന്നു പറഞ്ഞു വേദിയില്‍ പ്രതിഷേധിച്ചത്. ഇന്ന് നടന്ന പതിനെട്ടാമത് ബിരുദദാന ചടങ്ങിലാണ് സംഭവം.

ബിരുദം ഏറ്റുവാങ്ങാനായി പേര് വിളിച്ചപ്പോള്‍ വേദിയിലെത്തിയ സുങ്കണ വെല്‍പുല വിസിയുടെ പക്കല്‍ നിന്നും ബിരുദം ഏറ്റുവാങ്ങില്ല എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. മാത്രവുമല്ല താങ്കളുടെ കയ്യില്‍ നിന്നും ഞാന്‍ ബിരുദം ഏറ്റുവാങ്ങുകയില്ല എന്ന് അപ്പാറാവുവിനോട് നേരിട്ട് പറയുകയും ചെയ്തു. ഇത്രയുമായപ്പോള്‍ സദസ്സിലിരുന്ന വിദ്യാര്‍ത്ഥികള്‍ കയ്യടിയോടെ സുങ്കണ വെല്‍പുലയ്ക്ക് പിന്തുണ നല്‍കി. തുടര്‍ന്ന് അധ്യക്ഷ വേദിയില്‍ ഇരുന്ന പ്രോ വൈസ് ചാന്‍സലര്‍ വിപിന്‍ ശ്രീവാസ്തവ വന്നാണ് വെല്‍പുലയ്ക്ക് ബിരുദം കൈമാറിയത്.

മുന്‍കൂട്ടി തീരുമാനിച്ച കാര്യമായിരുന്നില്ല ഇത്. കാരണം ബിരുദം മുഖ്യാതിഥി നല്‍കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. അപ്പാ റാവു ബിരുദം നല്‍കുന്നതാണ് ചടങ്ങിനെത്തിയപ്പോള്‍ കണ്ടത്. അദ്ദേഹത്തില്‍ നിന്നും ബുരുദം ഏറ്റുവാങ്ങില്ലെന്ന് അപ്പോഴെ ഞാന്‍ തീരുമാനിച്ചു. വേദിയില്‍ എത്തിയപ്പോള്‍ മറ്റാരില്‍ നിന്നും സ്വീകരിച്ചാലും നിങ്ങളില്‍ നിന്നും ഏറ്റുവാങ്ങാന്‍ തയ്യാറില്ലെന്ന് വിസിയോട് നേരിട്ട് പറഞ്ഞു. പ്രശ്‌നങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് ബിരുദം ഏറ്റുവാങ്ങിപ്പിക്കാന്‍ വിസി ശ്രമിച്ചെങ്കിലും ഞാന്‍ തിരസ്‌കരിച്ചു”. വെല്‍പുല മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ജനുവരി പതിനേഴിനാണ് രോഹിത് വെമുലയെ തൂങ്ങി മരിച്ച നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. രോഹിത് വെമുല എഴുതിയ ആത്മഹത്യക്കുറിപ്പ്‌ രാജ്യത്തെ ദളിതര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് എതിരെ സംഘടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി. തുടര്‍ന്ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ അടക്കം രാജ്യത്തെ നിരവധി കാമ്പസുകളില്‍ പ്രക്ഷോഭം ശക്തമായി. 

എബിവിപിയും അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷനും (എഎസ്എ)യും തമ്മില്‍ ഉണ്ടായ പ്രശ്നങ്ങളാണ് രോഹിതിനെയും സുങ്കണ വെല്‍പുലയെയും അടക്കം നാല് വിദ്യര്‍ത്ഥികളെ ഹോസ്റ്റലില്‍  നിന്നും പുറത്താക്കാനും പിന്നീട് രോഹിതിന്റെ ആത്മഹത്യയിലേക്കും നയിച്ചത്. ഈ വിഷയത്തില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാതെ വിസി അപ്പാറാവു എബിവിപിയ്ക്ക് ഒപ്പം നില്‍ക്കുകയും ഇവരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍