UPDATES

ട്രെന്‍ഡിങ്ങ്

ഹൈദരാബാദ് സർവകലാശാലയിൽ അംബേദ്കർ സ്റ്റുഡൻ്റസ് അസോസിയേഷൻ-എസ്എഫ്ഐ സഖ്യം; എംഎസ്എഫ്, എസ്ഐഒ സഖ്യം അവസാനിപ്പിച്ചു

എസ് ഐ ഒയും എംഎസ്എഫുമായുള്ള സഖ്യം അവസാനിപ്പിച്ചെങ്കിലും മറ്റ് രീതിയിലുള്ള സഹകരണം തുടരുമെന്ന് എഎസ്എ. എബിവിപിയെ തോൽപ്പിക്കുകയെന്നതിനാണ് പ്രാധാന്യം നൽകിയതെന്നും വിശദീകരണം

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയും എഎസ്എയും ഒന്നിച്ച് മത്സരിക്കും. എസ്എഫ്‌ഐ-എഎസ്എ-ഡിഎസ്‌യു (ദളിത് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍)-ടിഎസ്എഫ്(ട്രൈബല്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) സഖ്യത്തില്‍ ധാരണയായി. നോമിനേഷന്‍ പിന്‍വലിക്കേണ്ട അവസാന ദിവസമായ വെള്ളിയാഴ്ചയാണ് സഖ്യം സംബന്ധിച്ച അന്തിമതീരുമാനമുണ്ടായത്. പത്ത് വര്‍ഷമായി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന എംഎസ്എഫ്, എസ്‌ഐഒ സംഘടനകളുമായുള്ള സഖ്യം അവസാനിപ്പിച്ചുകൊണ്ടാണ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എസ്എഫ്‌ഐക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. 2017-ല്‍ എസ്എഫ്‌ഐയും എസ്എസ്എയും ഉള്‍പ്പെട്ട വിശാല സഖ്യം മുഴുവന്‍ സീറ്റുകളും സ്വന്തമാക്കിയിരുന്നു. എന്നാല്‍ 2018-ല്‍ ദളിത് ന്യൂനപക്ഷ ഐക്യ സഖ്യവും എസ്എഫ്‌ഐയും വേറിട്ട് മത്സരിക്കുകയും എബിവിപി എട്ട് വര്‍ഷത്തിന് ശേഷം സര്‍വകലാശാലയിലെ മുഴുവന്‍ സീറ്റുകളും തൂത്തുവാരുകയും ചെയ്തു. എബിവിപിയെ നേരിടാന്‍ ഇടത് മതേതര സഖ്യം എന്ന കാഴ്ചപ്പാടിലാണ് വീണ്ടും എസ്എഫ്‌ഐയും എഎസ്എയും ഒന്ന് ചേരുന്നത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പാറാവുവിന്റെ കാലാവധി അവസാനിക്കാനിരിക്കെ യൂണിയന്‍ പിടിക്കുക എന്ന ഉദ്ദേശമാണ് എഎസ്എയ്ക്കും എസ്എഫ്‌ഐയ്ക്കുമുള്ളത്.

സഖ്യമുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ എസ്എഫ്‌ഐ-എഎസ്എ നേതൃത്വങ്ങള്‍ പലതവണ നടത്തിയെങ്കിലും എംഎസ്എഫ്, എസ്‌ഐഒ എന്നീ സംഘടനകളുമായി സഹകരിക്കാനോ സഖ്യമുണ്ടാക്കോ കഴിയില്ലെന്ന ഉറച്ച് നിലപാട് എസ്എഫ്‌ഐ സ്വീകരിച്ചു. ഇതിനോട് ആദ്യ ഘട്ടത്തില്‍ എഎസ്എ നേതൃത്വം യോജിച്ചില്ല. എന്നാല്‍ എബിവിപിയെ നേരിടാന്‍ സഖ്യമുണ്ടാവേണ്ടത് അനിവാര്യമാണെന്ന് തോന്നിയതിനാല്‍ വിട്ടുവീഴ്ചക്ക് തയ്യാറായതായി എഎസ്എ നേതൃത്വം അഴിമുഖത്തോട് പറഞ്ഞു. എംഎസ്എഫ്, എസ്‌ഐഒ സംഘടനകളുമായുള്ള സഖ്യം അവസാനിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് സഖ്യത്തിനായി താല്‍ക്കാലികമായി അവരെ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും എഎസ്എ ഓര്‍ഗനൈസിങ് സെക്രട്ടറി എസ് നരേഷ് പറഞ്ഞു, “കാമ്പസില്‍ എബിവിപിക്ക് സങ്കല്‍പ്പിക്കാനാവാത്ത അത്രയും അധികാരവും ശക്തിയും ആണുള്ളത്. അതിന് തടയിടുക എന്ന ഉദ്ദേശമാണ് സഖ്യത്തിന് പിന്നിലുള്ളത്. ചര്‍ച്ചകള്‍ പലഘട്ടത്തില്‍ പലവിധത്തില്‍ മുന്നോട്ട് പോയി. വര്‍ഷങ്ങളായി ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന എംഎസ്എഫ്, എസ്‌ഐഒ സംഘടനകളെ സഖ്യത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും എസ്എഫ്‌ഐ അതിനോട് യോജിച്ചില്ല. എന്നാല്‍ ഒടുവില്‍ പ്രാക്ടിക്കല്‍ ആയ സഖ്യം എന്ന നിലയില്‍ എസ്എഫ്‌ഐയുടെ ഡിമാന്‍ഡ് ഞങ്ങള്‍ അംഗീകരിച്ചു. സഹകരിപ്പിക്കാന്‍ കഴിയുമെന്ന് അവര്‍ നിര്‍ദ്ദേശിച്ച സംഘടനകളെ മാത്രം ഉള്‍പ്പെടുത്തി സഖ്യം രൂപീകരിച്ചു. എസ്‌ഐഒയും എംഎസ്എഫും മാത്രമല്ല, മുന്‍ വര്‍ഷം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് ചില സംഘടനകളേയും ഒഴിവാക്കി. എന്നാല്‍ ഇതുകൊണ്ട് ആ സംഘടനകളുമായുള്ള സഖ്യം ഇല്ലാതായി എന്നര്‍ഥമില്ല. തിരഞ്ഞെടുപ്പിനായി പ്രാക്ടിക്കലായ ഒരു സഖ്യം എന്നതിനപ്പുറം എംഎസ്എഫ്, എസ്‌ഐഒ സംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ ചെയ്യും.”

എഎസ്എയുടെ നിലപാട് തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് എസ്‌ഐഒ പ്രതിനിധി ഫസീഹ് പ്രതികരിച്ചു. കാമ്പസില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വാഭാവികമായി സംഭവിച്ചതാണ് എഎസ്എയുടെ തീരുമാനമെന്നും ഫസീഹ് പറഞ്ഞു, “തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവുന്ന സഖ്യമുണ്ടാക്കുക എന്നത് എഎസ്എയുടേയും ആവശ്യമായിരുന്നു. നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോസിബിള്‍ ആയ സഖ്യമാണ് ഉണ്ടായത്. എഎസ്എ കാമ്പസില്‍ ഉണ്ടായേ മതിയാകൂ എന്ന സാഹചര്യവും അനിവാര്യതയും മു്ന്നില്‍ കണ്ടുള്ള അവരുടെ നീക്കമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. എഎസ്എയുമായി തുടര്‍ന്നും സഹകരിക്കും. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം ദളിത്-മുസ്ലീം രാഷ്ട്രീയത്തിന് സംഘടന വിലകല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ അംഗീകരിക്കാന്‍ കഴിയാത്തത് എസ്എഫ്‌ഐയുടെ നിലപാടാണ്. ആദ്യം അവര്‍ പറഞ്ഞത് എസ്‌ഐഒ മാത്രമാണ് പ്രശ്‌നം എന്നതാണ്. ഇപ്പോള്‍ എംഎസ്എഫില്‍ മുസ്ലിം ഉള്ളിടത്തോളം അവരുമായി സഹകരിക്കാന്‍ കഴിയില്ല എന്ന് പറയുന്ന ഹിന്ദു-ലെഫ്റ്റ് പൊളിടിക്‌സ് ആണ് മനസ്സിലാവാത്തത്.”

കാമ്പസ് കയ്യടക്കിയിരിക്കുന്ന ഹിന്ദുത്വ, ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മതേതര മുന്നണി എന്നതായിരുന്നു എസ്എഫ്‌ഐയുടെ നിലപാടെന്ന് സംഘടനാ പ്രതിനിധി ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു, “എബിവിപിക്കെതിരെ ദളിത്-ആദിവാസി-ഇടത് സഖ്യമുണ്ടാവുക എന്ന ആശയത്തില്‍ നിന്നാണ് ഈ വര്‍ഷവും സഖ്യ ചര്‍ച്ചകള്‍ തുടങ്ങിയത്. മുസ്ലിം സംഘടനകളെ ഉള്‍പ്പെടുത്തുന്നില്ല എന്നതായിരുന്നു എഎസ്എയുടെ പ്രധാന പ്രശ്‌നം. എന്നാല്‍ ഇത്തവണ അവര്‍ അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തീരുമാനിച്ചു. വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ പോരാടാന്‍ വിയോജിപ്പുകളോടെ ഒന്നിച്ച് നില്‍ക്കുക എന്നതാണ് തീരുമാനം.”

2017ലും സഖ്യ രൂപീകരണ വേളയില്‍ ഇതേ വിഷയങ്ങള്‍ ചര്‍ച്ചയാവുകയും എന്നാല്‍ പിന്നീട് വിയോജിപ്പുകളോടെയുള്ള യോജിപ്പ് എന്ന ആശയത്തോടെ വിശാല സഖ്യം രൂപംകൊള്ളുകയും ചെയ്തു. എസ്എഫ്‌ഐ, എഎസ്എ, ഡിഎസ്‌യു, ടിഎസ്എഫ്, എംഎസ്എഫ് തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നുള്ളതായിരുന്നു ഇടത് മതേതര വിശാല സഖ്യം. 2016ലും എച്ച്.സി.യുവില്‍ എസ്.എഫ്.ഐ-എ.എസ്.എ സഖ്യസാധ്യതകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇത് നടപ്പായില്ല. തുടര്‍ന്ന് എ.എസ്.എ പ്രസിഡന്റ്‌റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും മുഴുവന്‍ സീറ്റിലും വിജയിച്ചത് എസ്.എഫ്.ഐ സഖ്യമാണ്. തുടര്‍ന്ന് 2017ല്‍ അഭിപ്രായഭിന്നതകള്‍ മാറ്റിവച്ച് സംഘപരിവാറിനെതിരെ ഒരുമിച്ചു മത്സരിക്കാനും മുഴുവന്‍ സീറ്റുകളിലും ദളിത്, ആദിവാസി, മുസ്ലീം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനും അലയന്‍സ് ഫോര്‍ ജസ്റ്റിസ് എന്ന സഖ്യം തീരുമാനിക്കുകയായിരുന്നു. എ.ബി.വി.പി-ഒബിസിഎഫ് സഖ്യത്തെ പരാജയപ്പെടുത്തി മുഴുവന്‍ സീറ്റുകളും സഖ്യം കരസ്ഥമാക്കുകയും ചെയ്തു. എന്നാല്‍ വിജയ പ്രഖ്യാപന സമയം മുതല്‍ സഖ്യത്തില്‍ വിള്ളല്‍ ഉണ്ടാവുകയും പരസ്പര സഹകരണം ഇല്ലാതാവുകയും ചെയ്തു. ഇത് യൂണിയന്‍ പ്രവര്‍ത്തനത്തെയും താളംതെറ്റിച്ചു.

2018ല്‍ സഖ്യ സാധ്യതകള്‍ വീണ്ടും ചര്‍ച്ചയായെങ്കിലും എംഎസ്എഫിനേയും എസ്‌ഐഒ യേയും മാറ്റി നിര്‍ത്തിയാല്‍ സഖ്യത്തിന് തയ്യാറാണെന്ന എസ്എഫ്‌ഐ നിലപാടിനോട് എഎസ്എ വിയോജിക്കുകയും ചര്‍ച്ചകള്‍ പരാജയപ്പെടുകയും ചെയ്തു. പിന്നീട് ദളിത്-മുസ്ലിം സംഘടനകള്‍ ഒന്നിച്ചും എസ്എഫ്‌ഐ പ്രത്യേകവും മത്സരിച്ചു. എസ്എഫ്‌ഐ രണ്ടാം സ്ഥാനത്തും എഎസ്എയുടെ നേതൃത്വത്തിലുള്ള സഖ്യം മൂന്നാം സ്ഥാനത്തുമായിരുന്നു. എബിവിപി യൂണിയന്‍ അധികാരമേറ്റത് മുതല്‍ എതിര്‍ക്കുന്നവര്‍ക്കും സമരം ചെയ്യുന്നവര്‍ക്കും എതിരെ പലതരം സമ്മര്‍ദ്ദ തന്ത്രങ്ങളായിരുന്നു പ്രയോഗിച്ചത് എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇതിന് പരിഹാരം എന്ന നിലയിലാണ് സഖ്യമുണ്ടാക്കി യൂണിയന്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതെന്നും ഇവര്‍ പറയുന്നു. എംഎസ്എഫ്- ഫ്രറ്റേര്‍ണിറ്റി സഖ്യവും മത്സര രംഗത്തുണ്ട്.

Read More: അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുമ്പോള്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ച് വയസ്സുകാരന്‍, ടോയ്‌ലറ്റില്‍ കിടന്നുറങ്ങേണ്ടിവരുന്ന ആളുകള്‍; ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരത്തെ ദളിത് കോളനികളിൽ ഇങ്ങനെയാണ് ജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍