UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമൂലയുടെ മരണശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് ഇന്ന്‍

Avatar

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ദളിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമൂല ജീവനൊടുക്കിയതിന് ശേഷം സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയനിലേക്ക് ഇന്ന് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം. പ്രധാനമായും എസ്എഫ്ഐ – എ.എസ്.യു നേതൃത്വത്തിലുള്ള സഖ്യവും എബിവിപിയും തമ്മിലാണ് മത്സരം. ഇടതുപക്ഷ–ദളിത് വിദ്യാര്‍ഥിസംഘടനകളുടെ സഖ്യമായ യുണൈറ്റഡ് ഫ്രണ്ട് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് (യുഎഫ്എസ്ജെ)ല്‍ എസ്എഫ്ഐ, ഡിഎസ് യു എന്നിവയ്ക്കു പുറമെ ബഹുജന്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍ (ബിഎസ്എഫ്), ട്രൈബല്‍ സ്റ്റുഡന്‍സ് ഫ്രണ്ട് (ടിഎസ്എഫ്), തെലങ്കാന വിദ്യാര്‍ഥി വേദിക (ടിവിവി) എന്നീ സംഘടനകളുമുണ്ട്.

 

എന്നാല്‍ സര്‍വകലാശാലയില്‍ ശക്തമായ വേരോട്ടമുള്ള അംബേദ്ക്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (എ.എസ്.എ) തനിച്ചു മത്സരിക്കാന്‍ തീരുമാനിച്ചത് ഇടത് സഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കാനും അത് വഴി എബിവിപിക്ക് മേല്‍ക്കൈ ലഭിക്കാനും സാധ്യതയുണ്ടെന്ന സൂചനകളും സജീവമാണ്. എ.എസ്.എയുടെ വിജയകുമാര്‍ പെഡപ്പുടി പ്രസിഡന്‍റ് പോസ്റ്റിലേക്ക് മത്സരിക്കുന്നതിനാല്‍ ഈ സീറ്റില്‍ ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. മലയാളിയാ ഗോപീകൃഷ്ണയാണ് എബിവിപിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി. സാമ്പത്തികശാസ്ത്രത്തില്‍ ഗവേഷണവിദ്യാര്‍ഥിയായ കുല്‍ദീപ് സിങ് നാഗി (എസ്എഫ്ഐ)യാണ് സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. 

 

രാജ്യമെമ്പാടും ഉയര്‍ന്നിരിക്കുന്ന വിദ്യാര്‍ഥി-ദളിത് പ്രക്ഷോഭത്തിന്റെ പ്രധാന കാരണം വെമൂലയുടെ മരണത്തിന് ശേഷം ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്ന്‍ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭമാണ്. രാജ്യത്തെ മിക്ക ക്യാമ്പസുകളിലേക്കും ഇത് പടരുകയും ഇപ്പോള്‍ ഗുജറാത്ത് കേന്ദ്രീകരിച്ച് ഉയര്‍ന്നു വന്നിരിക്കുന്ന ദളിത് മുന്നേറ്റവും ഇതിന്റെ ബാക്കി പത്രമാണ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനും സംഘപരിവാര്‍ സംഘടനകള്‍ക്ക് തിരിച്ചടി നല്കാനും ഹൈദരാബാദ് സര്‍വകലാശാലയിലെ പ്രക്ഷോഭങ്ങള്‍ വഴിവച്ചിരുന്നു.

 

ഏതാനും നാളുകള്‍ക്ക് മുമ്പ് നടന്ന ജെഎന്‍യു സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ച എസ്എഫ്ഐ- ഐസ സഖ്യം എബിവിപിയുടെ കനത്ത പരാജയത്തിലേക്ക് തള്ളിവിട്ടിരുന്നു. എബിവിപ്പിക്കേതിരെ ഹൈദരാബാദിലും ഇടത് – ദളിത് സംഘടനകള്‍ ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും എ.എസ്.എയെ സഖ്യത്തില്‍ ഉള്‍പ്പെടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി പോസ്റ്റുകള്‍ എ.എസ്.എയ്ക്കു നല്‍കാമെന്ന്‍ തങ്ങള്‍ നിലപാടെടുത്തിരുന്നതായും എന്നാല്‍ സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) ഈ നീക്കങ്ങളെ തകര്‍ക്കാന്‍ ചരട് വലിച്ചതായും എസ്.എഫ്.ഐ വൃത്തങ്ങള്‍ ആരോപിക്കുന്നു. തുടര്‍ന്ന്‍ സഖ്യത്തിനില്ലെന്ന് എ.എസ്.എ നിലപാടെടുക്കുകയും പ്രസിഡന്‍റ് പോസ്റ്റിലേക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

രാഷ്ട്രതന്ത്രത്തില്‍ ഗവേഷണവിദ്യാര്‍ഥിയായ സുമന്‍ ദമേര (ഡിഎസ്‌യു) യാണ് സഖ്യത്തിന്റെ ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റായി ബുക്യ സുന്ദര്‍ (ടിഎസ്എഫ്), ജോയിന്റ് സെക്രട്ടറിയായി വിജയ്‌കു‌മാര്‍ (എസ്എഫ്ഐ), സ്പോര്‍‌ട്‌സ്‌ സെക്രട്ടറിയായി ഉഷ്നിഷ് ദാസ് (എസ്എഫ്ഐ), കള്‍ച്ചറല്‍ സെക്രട്ടറിയായി നഖ്രായി ദബേര്‍മ (ബിഎസ്എഫ്) എന്നിവരും മത്സരിക്കുന്നു. ജന്‍ഡര്‍ ജസ്റ്റീസ് കമ്മിറ്റിയിലേക്ക് എം തുഷാര (ടിവിവി)യാണ് സഖ്യത്തിന്റെ സ്ഥാനാര്‍ഥി. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍