UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഐസ് ഹോക്കി കാണുന്നത് ഹൃദയത്തിന് നല്ലത്; ഫുട്‌ബോള്‍ ഹാര്‍ട്ട് അറ്റാക്കും സ്ട്രോക്കും ഉണ്ടാക്കും!

ഹൃദ്രോഗമുള്ളവര്‍ കടുത്ത സമ്മര്‍ദമുള്ള മത്സരങ്ങള്‍ കാണുന്നതിനെ ഈ പഠനം വിലക്കുന്നുണ്ട്.

രണ്ടാഴ്ചയായി ജിമ്മില്‍ പോയിട്ടില്ലെന്ന് കരുതുക; സാരമില്ല,ഏതെങ്കിലും കായിക മത്സരങ്ങള്‍ ടെലിവിഷനില്‍ കണ്ടുകൊണ്ട് ഇരിക്കുന്നാലും മതി. അത്ഭുതം തോന്നുന്നുണ്ടോ? മോണ്‍റിയല്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഇങ്ങനെ ചില രസകരമായതും ആരോഗ്യസംബന്ധവുമായ കാര്യങ്ങള്‍ പുറത്തുവന്നത്. ഉദാഹരണത്തിന് ഐസ് ഹോക്കി കണ്ടുകൊണ്ടിരിക്കുന്നത് ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കാന്‍ നല്ലതാണത്രേ!

കളി ടെലിവിഷനില്‍ കാണുന്നവര്‍ക്ക് ഹൃദയമിടിപ്പില്‍ 75%ഉം നേരില്‍ കാണുമ്പോള്‍ 110%ഉം വര്‍ധനവാണ് ഉണ്ടാകുന്നത്. അല്പം കഠിനമായ വ്യായാമം ചെയ്യുമ്പോഴാണ് ഹൃദയമിടിപ്പ് ഇത്തരത്തില്‍ ഉയരാറുള്ളത്. അതിനാല്‍ അത് നല്ലതല്ലേ? ശ്രദ്ധിക്കണം,പഠനത്തിന് പുറത്തുള്ള എല്ലാവരുടെയും കാര്യം ഒരേപോലെയാണോ എന്ന് ഇനിയും വ്യക്തമല്ല.കായികക്ഷമതയും ശാരീരിക അധ്വാനവും സംബന്ധിച്ചാകുമ്പോള്‍ വ്യത്യാസം വന്നേക്കാം.

എങ്കിലും ഇനിയുള്ള കാര്യങ്ങള്‍ കേള്‍ക്കാനും രസമാണ്. ഫുട്‌ബോള്‍ കളി ആസ്വാദകരാണ് നമ്മള്‍ എല്ലാവരും. ലോകകപ്പ് ആവേശം തന്നെ ഉദാഹരണം. എന്നാല്‍ ഫുട്‌ബോള്‍ സ്ഥിരമായി കാണുന്നത് ഹൃദയത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഈ പഠനം പറയുന്നു. സ്ട്രോക്കും ഹാര്‍ട്ട് അറ്റാക്കുമാണ് അനന്തരഫലങ്ങള്‍ അത്രേ!

2006ല്‍ ലോകകപ്പ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ജര്‍മന്‍ ആരാധകരുടെ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും നിയന്ത്രണാതീതമായിരുന്നു എന്ന് ഉദാഹരണം പറയുന്നുണ്ട്. സോക്കര്‍ കളിക്കുമ്പോഴുള്ള സ്വന്തം ഹൃദയമിടിപ്പിലെ വ്യത്യാസം മനസിലാക്കിയ 13കാരി ലിയ ഖൈറിയാണ് ഈ പഠനങ്ങള്‍ക്ക് തുടക്കമിട്ടത്.

പ്രമുഖ ഗവേഷകന്‍ ഡോ. പോള്‍ ഖൈറിയുടെ മകളാണ് ലിയ. പക്ഷെ ഐസ് ഹോക്കി ദീര്‍ഘനേരം കാണുന്നത് വ്യായാമത്തിന് ബദലാണെന്ന അര്‍ഥം ഈ പഠനത്തിനില്ലെന്നു അദ്ദേഹം ചൂണ്ടികാണിക്കുന്നു. അത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വ്യായാമത്തിന് പകരം വ്യായാമം മാത്രമാണെന്ന സത്യമാണ് അദ്ദേഹം പറയുന്നത്.

ഹൃദ്രോഗമുള്ളവര്‍ കടുത്ത സമ്മര്‍ദമുള്ള മത്സരങ്ങള്‍ കാണുന്നതിനെ ഈ പഠനം വിലക്കുന്നുണ്ട്. അത് ഐസ് ഹോക്കി ആയാലും ഫുട്‌ബോള്‍ ആയാലും മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ടാല്‍ സൂക്ഷിക്കാനാണ് വിദഗ്‌ധോപദേശം. ഇത് രോഗസാധ്യത ഇരട്ടിയാക്കുമത്രേ. ഈ പഠനം വ്യക്തമാക്കുന്നതോരോന്നും പരുഷന്മാരിലെ അവസ്ഥകളാണ്. മാത്രമല്ല, ഒരു ടീമിനോടുള്ള അന്ധമായ ആരാധനയും തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദവും മറ്റൊരു സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അത്തരം സാഹചര്യങ്ങളെകുറിച്ചല്ല ഈ പഠനം പറയുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍