UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഓസ്‌ട്രേലിയയിലെ 104കാരനായ ശാസ്ത്രജ്ഞന്‍ ജീവിതം അവസാനിപ്പിക്കാനായി സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക്

ദയാവധമെന്ന തീ പിടിച്ച ചര്‍ച്ചയ്ക്ക് വലിയ വഴിത്തിരിവ് സമ്മാനിക്കുകയാണ് അദ്ദേഹത്തിന്റെ ഈ തീരുമാനം

ആസ്‌ട്രേലിയയിലെ ഏറ്റവും പ്രായമായ വ്യക്തികളില്‍ ഒരാള്‍, ഏറ്റവും പ്രായമായ ശാസ്ത്രജ്ഞന്‍. ഇതൊക്കെ വിശേഷണങ്ങളായിരുന്നെങ്കിലും ഇന്ന് ഡേവിഡ് വില്യം ഗൂഡലി (David William Goodell)ന് ഒക്കെയും ബാധ്യതകളായി മാറി.

104 കാരനാണ് ഡേവിഡ്. 1914 ല്‍ ലണ്ടനില്‍ ജനിച്ചു. രണ്ട് വര്‍ഷം മുമ്പ് ജോലി ചെയ്തിരുന്ന സര്‍വകലാശാല അദ്ദേഹത്തോട് സേവനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. പ്രായാധിക്യം തന്നെ കാരണം. പക്ഷെ ഈ തീരുമാനം കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ഡേവിഡ് വില്യമിന് നല്‍കിയത്. അതോടെ, ഈ ബാധ്യത അവസാനിപ്പിക്കാന്‍, അതായത് ജീവിതം മതിയാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ജീവിതം അവസാനിപ്പിക്കാനായി ഈമാസം സ്വിറ്റ്‌സര്‍ലന്റിലേക്ക് പോവുകയാണ് വില്യം. ദയാവധമെന്ന തീ പിടിച്ച ചര്‍ച്ചയ്ക്ക് വലിയ വഴിത്തിരിവ് സമ്മാനിക്കുകയാണ് അദ്ദേഹത്തിന്റെ ഈ തീരുമാനം. ലണ്ടനില്‍ ജനിച്ച ഡേവിഡ് വില്യം 1948 ലാണ് ആസ്‌ട്രേലിയയിലേക്ക് പോയത്. പരിസ്ഥിതി വിഷയങ്ങളില്‍, വിശേഷിച്ചും സസ്യജാലങ്ങളെക്കുറിച്ചുള്ള പഠനത്തിലായിരുന്നു താല്‍പര്യം. 2016ല്‍ ഓര്‍ഡര്‍ ഓഫ് ആസ്‌ട്രേലിയ (Order of Australia ) ബഹുമതി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

പ്രായാധിക്യത്തിന്റെ കാര്യമായ പ്രശ്‌നങ്ങളോ മറ്റ് രോഗങ്ങളോ അദ്ദേഹത്തിനില്ല. പക്ഷെ ദയാവധം വേഗം നടത്തുന്നതിനായി ‘ഫാസ്റ്റ്-ട്രാക്ക് ‘ അംഗത്വമാണ് ബേസലി (Basel) ലെ ഏജന്‍സിയില്‍ അദ്ദേഹം നേടിയത്.

‘ഈ പ്രായം എന്നെ വല്ലാതെ അലട്ടുന്നു, വിഷമിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് മരിക്കാന്‍ ആഗ്രഹിക്കുന്നത്. ഇത്രയും പ്രായമുള്ള ഒരു പൗരന് ആത്മഹത്യയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടാകണമെന്നാണ് ആഗ്രഹം’- ഡേവിഡ് വില്യമിന്റെ വാക്കുകള്‍. മിക്ക ലോകരാജ്യങ്ങളിലും ദയാവധം നിയമവിരുദ്ധമാണ്. വിക്ടോറിയ സ്റ്റേറ്റ് പോയവര്‍ഷം ഇത് നിയമപരമാക്കുന്നത് വരെ ആസ്‌ട്രേലിയയിലും നിരോധിച്ചിരുന്നു.

പക്ഷെ ഈ നിയമം 2019 ജൂണിലാകും പ്രാബല്യത്തില്‍ വരിക. മാത്രമല്ല ഗുരുതര രോഗം ബാധിച്ചവര്‍ക്കും ആറ് മാസത്തിലധികം ആയുസ് ഇല്ലാത്തവര്‍ക്കുമാണ് നിയമത്തിന്റെ സഹായം തേടാനാവുക.

ആസ്‌ടേലിയയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ദയാവധം നിയമപരമാക്കാന്‍ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. Exit International ആണ് ആസ്‌ട്രേലിയക്ക് പുറത്ത് പോകാന്‍ അദ്ദേഹത്തെ സഹായിക്കുന്ന സംഘടന. മാന്യമായി മരണം വരിക്കാനുള്ള അവകാശം വാര്‍ദ്ധക്യത്തില്‍ നിഷേധിക്കുകയാണ് രാജ്യം ചെയ്യുന്നതെന്ന് സംഘടന ആരോപിക്കുന്നു. വീട് ഉപേക്ഷിച്ച് മരണത്തിലേക്ക് പോകാന്‍ രാജ്യം അദ്ദേഹത്തെ നിര്‍ബന്ധിക്കുകയാണെന്നും എക്‌സിറ്റ് ഇന്റര്‍നാഷണല്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

ഗോ ഫണ്ട് മി (GoFund Me) എന്ന ക്യാമ്പെയിനിലൂടെയാണ്, ഡേവിഡിന്റെ യാത്രാചെലവ് കമ്പനി കണ്ടെത്തിയത്.

പെര്‍ത്ത്‌സ് എഡിത് കൊവാന്‍ (Perth’s Edith Cowan) സര്‍വ്വകലാശാലയില്‍ ഓണററി റിസേര്‍ച്ച് അസോസിയേറ്റ് ആയിരുന്ന അദ്ദേഹത്തെ അയോഗ്യനാക്കിയത് 2016ല്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഈ തീരുമാനം പിന്‍വലിക്കപ്പെട്ടു. പരിസ്ഥിതി വിഷയങ്ങളില്‍ നിരവധി പ്രബന്ധങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട് അദ്ദേഹം. നിരവധി മാസികകളിലും എഴുതിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍