UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നേത്രപരിശോധന വൈകിക്കേണ്ട; 18 ലക്ഷം ഇന്ത്യക്കാർ ഗ്ലോക്കോമ ബാധിതർ!

കാഴ്ച നശിപ്പിക്കുന്നതിൽ ലോകത്ത് രണ്ടാം സ്ഥാനവും ഇന്ത്യയിൽ നാലാം സ്ഥാനവുമാണ് ഗ്ലോക്കോമയ്ക്ക്.

ഇന്ത്യയിൽ 70% ജനങ്ങളും ഗ്ലോക്കോമ രോഗത്തിന്റെ പിടിയിലാണെന്ന് റിപ്പോർട്ട്. രണ്ട് ലക്ഷത്തിലധികം പേർക്ക് കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും നിഗമനം.

കണ്ണുകളുടെ ശേഷി പതിയെ ഇല്ലാതാക്കി രോഗിയെ പൂർണാന്ധതയിലേക്കു നയിക്കുന്ന ഗ്ലോക്കോമ ‘കാഴ്ചയുടെ നിശ്ശബ്ദനായ കൊള്ളക്കാരൻ’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഒരു പകർച്ചവ്യാധിയുടെ ഗണത്തിലേക്ക് ഈ രോഗം മാറാതിരിക്കാൻ ബോധവത്കരണമാണ് ഏക മാർഗമായി ചൂണ്ടിക്കാണിക്കുന്നത്.

ഒപ്റ്റിക് നെർവ് (optic nerve) എക്സാമിനേഷൻ ഉൾപ്പെടെ നേത്ര പരിശോധനകൾ കൃത്യമായി നടത്തുന്നത് വഴി മാത്രമെ രോഗനിർണ്ണയം സാധ്യമാകൂ. പ്രത്യേകിച്ച് ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതും കാഴ്ചയെ പൂർണ്ണമായി നശിപ്പിക്കുന്നതുമായ രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാണ് ആവശ്യം. പ്രമേഹരോഗം പാരമ്പര്യമായുളളവർ, ബി.പി രോഗികൾ എന്നിവർക്ക് രോഗസാധ്യത വർധിക്കുമെന്ന് ഡോ. റിതിക സച്ദേവ് (Rithika Sachdev) പറയുന്നു.

എന്തുകൊണ്ട് പേടിക്കണം?

കാഴ്ച നശിപ്പിക്കുന്നതിൽ ലോകത്ത് രണ്ടാം സ്ഥാനവും ഇന്ത്യയിൽ നാലാം സ്ഥാനവുമാണ് ഗ്ലോക്കോമയ്ക്ക്. ലോകാരോഗ്യ സംഘടനയുടെ പഠനമാണിത്.

നാഷണൽ ഹെൽത്ത് പോർട്ടൽ ഇന്ത്യ സർവ്വെ പ്രകാരം (2017) ഇന്ത്യയിൽ 18 ലക്ഷം പേരുടെ കാഴ്ച ഈ രോഗം കവർന്നു. 50 വയസ് പിന്നിട്ടവരിൽ കണ്ടുവന്ന രോഗം ഇപ്പോൾ 50 ൽ താഴെ മാത്രം പ്രായമുളളവരിലും കണ്ടു വരുന്നുണ്ട്. ഇപ്പോൾ രോഗം കണ്ടത്തിയവരിൽ 70% ഉം 35 വയസിന് താഴെ പ്രായമുള്ളവരാണെന്നതാണ് ഞെട്ടിക്കുന്ന കണക്കുകൾ.

നേത്ര ഞരമ്പുകൾക്ക് സംഭവിക്കുന്ന തകരാർ വഴി തലച്ചോറും കണ്ണും തമ്മിലുള്ള ബന്ധമാണ് ആദ്യം നഷ്ടപ്പെടുക. തുടർന്നുണ്ടാകുന്ന ഒരു കൂട്ടം രോഗങ്ങളാണ് ഗ്ലോക്കോമ. ഉയർന്ന രക്തസമ്മർദമുള്ളവർ രാവിലെ ധാരാളം വെള്ളം കുടിക്കുന്നത് കണ്ണിലെ മർദം നിയന്ത്രിക്കാൻ നല്ലതാണെന്ന ഒരു പൊതു ധാരണയുണ്ട്. ഗ്ലോക്കോമ രോഗം പിടിപെട്ടെങ്കിൽ, ഈ ശീലം വഴി സ്ഥിതി വഷളാകാനാണ് സാധ്യതയെന്ന് വിദഗ്ധർ പറയുന്നു. നേത്രരോഗ വിദഗ്ധന്റെ നിർദ്ദേശമില്ലാതെ ഒന്നും ചെയ്യരുത്. യുവാക്കളിലേക്ക് ഈ രോഗം വ്യാപിക്കുന്നതാണ് നിലവിൽ ആശങ്കയുണ്ടാക്കുന്നത്.

എന്ത് ചെയ്യാനാകും?

നേത്ര പരിശോധന കൃത്യമായി നടത്തണം. രോഗം എത്രയും നേരത്തെ കണ്ടെത്തുമോ, അത്രയും നല്ലത്. കണ്ണട ഇടക്കിടെ മാറ്റുന്നവർ, മയോപ്പിയ ബാധിച്ചവർ, കണ്ണിന് ശസ്ത്രക്രിയ നടത്തിയവർ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍