UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പ്രമേഹരോഗികള്‍ക്ക് വരുന്ന ചര്‍മ്മ രോഗങ്ങളും ചികിത്സയും

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.

ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം അനുദിനം പെരുകുകയാണ്. 2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യം ഇന്ത്യയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പുറത്തു കാണത്തക്ക ലക്ഷണങ്ങള്‍ ഒന്നുമില്ലാതെ അവ നമ്മുടെ ഓരോ അവയവങ്ങളെയും ബാധിക്കും. അതുകൊണ്ടുതന്നെ നിശബ്ദ കൊലയാളി എന്ന പേരിലാണ് വൈദ്യശാസ്ത്ര രംഗത്ത് പ്രമേഹം അറിയപ്പെടുന്നത്.

പ്രമേഹം ബാധിച്ചവര്‍ക്ക് പലതരത്തിലാണ് രോഗദുരിതം അനുഭവിക്കേണ്ടിവരിക. അതിലൊന്നാണ് ചര്‍മ്മ സംബന്ധമായ രോഗങ്ങള്‍. പ്രമേഹം പ്രധാനകാരണമായി വരുന്ന അഞ്ച് ചര്‍മ്മ രോഗങ്ങള്‍ ഏതെല്ലാമാണെന്ന് പരിചയപ്പെടാം

1. അകോന്തൊസിസ് നൈഗ്രികന്‍സ്

അമിത വണ്ണമുള്ളവരിലും പ്രമേഹമുള്ളവരിലുമാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്. കഴുത്ത്, കക്ഷം, സ്വകാര്യ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ തൊലിയുടെ നിറം ഇരുണ്ടുവരികയോ, കട്ടി കൂടുകയോ ചെയ്യുന്ന അവസ്ഥയാണിത്. ഈ രോഗത്തിന് പ്രത്യേക ചികിത്സയൊന്നും ലഭ്യമല്ല. എന്നാല്‍ ശരീരഭാരം കുറച്ചാല്‍ ചര്‍മ്മത്തിന്റെ അവസ്ഥ മെച്ചപ്പെട്ടെക്കാം.

2. യീസ്റ്റ്

മനുഷ്യ ശരീരത്തില്‍ സാധാരണയായി കണ്ടുവരുന്ന അതിസൂക്ഷ്മമായ ഫങ്കസാണ് യീസ്റ്റ്. പ്രമേഹ രോഗികളില്‍ ഫംഗസ് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. രോഗം ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ എത്രയും പെട്ടന്ന് ഒരു ഡോക്ടറുടെ സഹായം തേടണം.

3. ഡയബറ്റിക് ന്യൂറോപ്പതി

നമ്മുടെ ശരീരത്തിലെ സന്ദേശപ്രവാഹത്തെ ബാധിക്കുന്ന തരത്തില്‍ പ്രമേഹം നിയന്ത്രണ രഹിതമായി മാറാറുണ്ട്. പഞ്ചസാരയുടെ അളവ് ശരീരത്തില്‍ നിയന്ത്രിക്കപ്പെടാതെ കൂടുതല്‍ കാലം തുടരുമ്പോഴാണ് നാഡീവ്യൂഹത്തെ ബാധിക്കുന്നത്. അത്തരത്തില്‍ നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു രോഗമാണ് ഡയബറ്റിക് ന്യൂറോപ്പതി. പ്രധാനമായും കാലിലെ ഞരമ്പുകളെയാണ് ഇത് ബാധിക്കുന്നത്. കാലുകളിലെ അസഹ്യമായ വേദന, മരവിപ്പ്, ചൂടും, തണുപ്പും പോലുള്ള അവസ്ഥ തിരിച്ചറിയാതിരിക്കുക, സ്പര്‍ശനത്തോട് അമിതമായ ബലഹീനത തുടങ്ങിയവയെല്ലാം ന്യൂറോപ്പതിയുടെ ലക്ഷണങ്ങളാണ്.

4. ഇറപ്റ്റീവ് ക്‌സാന്തൊമറ്റോസിസ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാവാതിരിക്കുകയോ, ട്രൈഗ്ലിസറൈഡുകളുടെ അളവ് അമിതമാവുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചര്‍മ്മ രോഗമാണിത്. ചര്‍മ്മത്തില്‍ ഉറച്ചതും മഞ്ഞനിറമുള്ളതുമായ ഉണ്ടാകും. അതിനുചുറ്റും ചുവന്ന നിറത്തിലുള്ള വലയങ്ങള്‍ കാണാം. നല്ല ചൊറിച്ചിലുണ്ടാകും. മുഖം, കൈകാലുകളുടെ പിറകുവശം, സ്വകാര്യ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ക്‌സാന്തൊമറ്റോസിസ് പ്രധാനമായും കണ്ടുവരുന്നത്.

5. ഡയബറ്റിക് ഡെര്‍മ്മോപതി

ചിലപ്പോള്‍ പ്രമേഹം ശരീരത്തിലെ ചെറിയ രക്തക്കുഴലുകളേയും ബാധിച്ചേക്കാം. രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍മൂലം രൂപപ്പെടുന്ന ചര്‍മ്മ രോഗമാണ് ഡയബറ്റിക് ഡെര്‍മ്മോപതി. ത്വക്കില്‍ ഇളം തവിട്ട് അല്ലെങ്കില്‍ ചുവപ്പ് നിറങ്ങളില്‍ കാണപ്പെടുന്ന കറപിടിച്ച പോലുള്ള അവസ്ഥയാണിത്. ഇത് സാധാരണയായി കാലിന്റെ മുന്‍വശത്താണ് കാണപ്പെടുന്നത്. വേദനയോ, ചൊറിച്ചിലോ, കുമിള രൂപപ്പെടുകയോ ഒന്നും ഉണ്ടാകില്ല.

Read: റൈല്‍സ് ട്യൂബ് വഴി ആഹാരം നല്‍കുമ്പോള്‍ ഇവ ശ്രദ്ധിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍