UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

‘ആഫ്റ്റര്‍ ഊണ്‍’ എന്താ പരിപാടി? ഒഴിവാക്കേണ്ട 5 കാര്യങ്ങള്‍

നല്ല ആരോഗ്യത്തിന് ചില ശീലങ്ങള്‍ മാറ്റിപ്പിടിക്കുന്നതല്ലേ ഉചിതം?

നമ്മുടെ ‘ഊണ്’ എപ്പോഴും ഹെവിയാണ്. ഊണ് കഴിഞ്ഞാല്‍ ശരീരവും മനസ്സും മറ്റെല്ലാം മറന്ന് വിശ്രമം മാത്രം കൊതിക്കും. ഒന്ന് നീണ്ടുനിവര്‍ന്ന് കിടന്നാലെ ഊണിന്റെ തൃപ്തിപോലും ചിലര്‍ക്ക് ‘ഫീല്‍’ ചെയ്യുകയുള്ളൂ. എന്നാല്‍ ആ കിടപ്പ് ഉള്‍പ്പെടെ ഊണിന് ശേഷം നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. കിടപ്പ് കുഴപ്പമാകും: തുടക്കത്തില്‍ പറഞ്ഞതുപോലെ ഊണ് കഴിഞ്ഞുള്ള കിടപ്പുകൂടി കഴിഞ്ഞാലെ ചിലര്‍ ‘കഴിച്ചു’ എന്ന് പോലും പറയുകയുള്ളു. അത്രത്തോളം നമ്മള്‍ സ്‌നേഹിക്കുന്ന ഒരു ശീലമാണിത്. എന്നാല്‍ ശാരീരകമായ അസ്വസ്ഥതകളും ശരീരോഷ്മാവിലെ വര്‍ധനവും ഈ കിടപ്പിന്റെ സമ്മാനമാണ്. ഭക്ഷണം കഴിച്ച് കുറയേറെ സമയത്തിന് ശേഷം മാത്രം കിടന്ന് വിശ്രമിക്കുന്നവര്‍ക്ക് സ്‌ട്രോക്കിനുള്ള സാധ്യതകള്‍ വളരെ കുറവാണെന്നാണ് പുതിയ പഠനങ്ങള്‍. ഭക്ഷണം കഴിച്ച് കട്ടിലിനായി പരക്കം പായുന്നത് കുറഞ്ഞത് രണ്ട് മണിക്കൂറിന് ശേഷമെങ്കിലും മതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

2. ഊണും ചായയും:  ‘ആഫ്റ്റര്‍ ഊണ്‍’, എന്തെങ്കിലും ഇത്തിരികൂടി രുചിച്ചാലെ മിക്കവാറും ആള്‍ക്കാര്‍ക്ക് തൃപ്തിയാകൂ. ചിലര്‍ക്ക് അല്പം ചായയാണ് ഊണ് കഴിഞ്ഞാല്‍ വേണ്ടത്. ഈ കോമ്പിനേഷന്‍ കേള്‍ക്കുമ്പോള്‍ രസകരമാണെങ്കിലും സംഗതി രസിക്കരുതെന്നാണ് പറയുന്നത്. ഊണിന് ഒരു മണിക്കൂര്‍ മുമ്പും ശേഷവും ചായ ഒഴിവാക്കണമത്രെ. ശരീരത്തിലേക്കുള്ള ഇരുമ്പിന്റെ ആഗിരണത്തില്‍ തടസ്സം നില്‍ക്കുന്ന ടാന്നിന്‍(tannin) ചായയില്‍ അടങ്ങിയിട്ടുണ്ട്.

3. പഴവര്‍ഗങ്ങളും ശരിയാവില്ല: പഴങ്ങള്‍ കഴിക്കുന്നത് എപ്പോഴും നല്ലതാണ്. ശരീരത്തിന് ഗുണങ്ങള്‍ ഏറെ ലഭിക്കുന്ന ശീലമാണിത്. പക്ഷെ, ദോഷങ്ങള്‍ ഇല്ല എന്നല്ല ഇതിനര്‍ത്ഥം. പ്രത്യേകിച്ചും ഊണിന് ശേഷം പഴം കഴിക്കുന്ന ശീലം. പച്ചക്കറികളിലുള്ളതിലും മൂന്ന് മടങ്ങ് കലോറി പഴവര്‍ഗങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കൂടുന്നതിന് ഇനിയെന്ത് വേണം? ഊണ്, അതിനൊപ്പമുള്ള പച്ചക്കറികള്‍, മത്സ്യം, മാംസം തുടങ്ങിയവ… ഇതിനൊക്കെ പുറമെ പഴങ്ങളും… സൂക്ഷിക്കണം!

4. നടത്തം: നന്നായി ആഹാരം കഴിച്ചാലുടന്‍ കുറച്ചുദൂരം നടക്കണമെന്ന ഉപദേശം കിട്ടാത്തവരായി നമ്മളിലാരും ഉണ്ടാകില്ല. ഇതില്‍ ശരിയും തെറ്റുമുണ്ട്. ഭക്ഷണം കഴിച്ച് ഉടന്‍ നടക്കാനിറങ്ങുന്നത്, ദഹനത്തിന് തിരിച്ചടിയാണ്. ആസിഡിന്റെ പ്രവര്‍ത്തനത്തിലും ഇത് പ്രശ്‌നങ്ങളുണ്ടാക്കും. അതിനാല്‍ ഭക്ഷണം കഴിഞ്ഞ് അരമണിക്കൂര്‍ നേരം നടക്കാനിറങ്ങരുത്. അര മണിക്കൂറിന് ശേഷമുള്ള നടത്തം 10 മിനിട്ടില്‍ കൂടാനും പാടില്ല.

5. കുളി: ചിലര്‍ ഭക്ഷണം കഴിഞ്ഞാല്‍ അസ്വസ്ഥരാകും. ശരീരത്തെ ‘റിഫ്രെഷ്’ ചെയ്യാനാണ് പിന്നീട് താല്‍പര്യം. കുളിക്കുക എന്നതാണ് ആദ്യം കാണുന്ന മാര്‍ഗം. കഴിച്ച ആഹാരം ദഹിക്കാന്‍ ശരീരത്തിന് അത്യാവശ്യം വേണ്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്-ഊര്‍ജ്ജം, മറ്റൊന്ന്- ആമാശയത്തിലേക്കുള്ള രക്തയോട്ടം. ദഹനത്തിന്റെ ഭാഗമായി കുടലിലേക്ക് രക്തം നന്നായി പ്രവഹിക്കും. ആ സമയം കുളിക്കാനായി മാറ്റിവെക്കുമ്പോള്‍, തലച്ചോറിന്റെ നിര്‍ദേശപ്രകാരം, ഈ രക്തപ്രവാഹം, നേരെ കയ്യിലേക്കും കാലിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുമായി വീതിക്കപ്പെടും. അതായത്, ദഹനത്തിനായി രക്തത്തിന്റെ സഹായം കുറയുമെന്നര്‍ത്ഥം. അതുകൊണ്ട്, ആഹാരം കഴിഞ്ഞയുടന്‍ കുളി വേണ്ട!

പ്രോട്ടീനും മറ്റ് പോഷകങ്ങളും ധാരാളമാണ് നമ്മുടെ തീന്‍മേശയില്‍. ഇത് ശരീരത്തിന് ഗുണകരവുമാണ്. നല്ല ആഹാരശീലവും നല്ല വ്യായാമശീലവും ഒത്തുചേര്‍ന്നാല്‍ മാത്രമെ ഈ ഗുണങ്ങളധികവും ശരീരത്തിന് ലഭ്യമാകൂ. നല്ല ആരോഗ്യത്തിന് ചില ശീലങ്ങള്‍ മാറ്റിപ്പിടിക്കുന്നതല്ലേ ഉചിതം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍