UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കുടവയർ കുറയ്ക്കാൻ പാടുപെടുകയാണോ? ഈ അഞ്ചുകാര്യങ്ങൾ ശ്രദ്ധിക്കുക

ജീവിതശൈലിയിൽ നല്ലൊരളവിൽ മാറ്റം വരുത്തിയാൽ മാത്രമേ വ്യായാമത്തിന് ഒരു ഫലം ഉണ്ടാവുകയുള്ളൂ

ട്രെഡ്മില്ലും നടത്തവും ഓട്ടവുമൊക്കെയായി കഷ്ട്ടപ്പെട്ടിട്ടും കുടവയർ കുറയാത്തത് എന്തുകൊണ്ടെന്ന് ചിന്തിക്കാറുണ്ടോ? വയറിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ തുരത്താൻ കിണഞ്ഞു പരിശ്രമിച്ചിട്ടും പരാജയപ്പെട്ടവർ മനസിലാക്കേണ്ടത് മറ്റൊന്നാണ്. ജീവിതശൈലിയിൽ നല്ലൊരളവിൽ മാറ്റം വരുത്തിയാൽ മാത്രമേ വ്യായാമത്തിന് ഒരു ഫലം ഉണ്ടാവുകയുള്ളൂ. ഡയറ്റ് ഉൾപ്പടെ ശ്രദ്ധിക്കണം. കുടവയർ വേഗം കുറയുന്നതിന് ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

1. ബലമുള്ള ശരീരം വേണം

പേശികളുടെ ബലം വർധിക്കുന്നത് അടിഞ്ഞുകൂടിയ കലോറി കുറയ്ക്കാൻ മികച്ച മാർഗമാണ്. ആഴ്ചയിൽ മൂന്ന് സെഷനുകളിലെങ്കിലും വ്യായാമത്തെ ഇതിനായി ക്രമപ്പെടുത്തുക. പുൾ അപ്പ്, ഡെഡ്ലിഫ്റ്റ്, സ്ക്വാറ്റ് തുടങ്ങി പേശികൾക്കാവശ്യമായ അഭ്യാസങ്ങളാവണം വ്യായാമത്തിൽ പ്രധാനമായും നടക്കേണ്ടത്. കഠിനാധ്വാനത്തിനിടെ പേശികൾക്ക് വിശ്രമം അനുവദിക്കാൻ മറക്കരുത്. ആഴ്ചയിൽ രണ്ട് തവണയെങ്കിലും പേശികളെ വ്യായാമമില്ലാതെ സ്വതന്ത്രമാക്കണം.

2. ഇടക്കൊരു ഉണ്ണാവൃതം

ദിവസത്തിൽ ഒരു നേരമോ ആഴ്ചയിൽ ചില നേരങ്ങളിലോ ഭക്ഷണം ഒഴിവാക്കുന്നത് കുടവയർ കുറയാൻ നല്ലതാണ്. ആവശ്യത്തിന് ഊർജം ഭക്ഷണത്തിലൂടെ എത്താതെ വരുമ്പോൾ, ശരീരം സംഭരിച്ചുവെച്ച കൊഴുപ്പിനെ ഉപയോഗിക്കാൻ തുടങ്ങും. ഇൻസുലിൻ അളവ് കുറയാനും ഈ വിദ്യ സഹായിക്കും.

3. ഈ ഭക്ഷണങ്ങൾ കഴിക്കുക

ശരീരത്തിലെ മൊത്തം കൊഴുപ്പ് കുറഞ്ഞെങ്കിൽ മാത്രമേ വയറിന്റെ കാര്യത്തിൽ നിങ്ങളുടെ ശ്രമങ്ങൾ ഫലം കാണുകയുള്ളു. കലോറി കുറഞ്ഞതും ഫാസ്റ്റ്-ജങ്ക് ശ്രേണിയിൽ ഉൾപ്പെടാത്തതുമായ ഭക്ഷണം കഴിക്കുന്നതാണ് ആദ്യത്തെ മാർഗം. സാൽമൺ, മുട്ട തുടങ്ങി കൊഴുപ്പ് സാമാന്യം കുറവുള്ള ഭക്ഷണം കഴിക്കണം. ആരോഗ്യത്തിന് വേണ്ട കൊഴുപ്പടങ്ങിയ അവോക്കാഡോ, നട്സ് എന്നിവയും ക്വിനോവ, ഓട്സ്, മധുരക്കിഴങ്ങ് തുടങ്ങിയ ഭക്ഷണ സാധനങ്ങളും ശീലത്തിന്റെ ഭാഗമാക്കാം. ഫൈബർ ധാരാളമടങ്ങിയ പച്ചക്കറികളായ ഇലകളും പയറും ബ്ലൂബെറി പഴവും കഴിക്കുന്നത് അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാൻ ഉപകരിക്കും.

4. മധുരം കുറയ്ക്കണം; പ്രോസെസ്സഡ് ആഹാരം പൂർണമായും ഒഴിവാക്കണം

ഐസ് ക്രീം,കുക്കീസ്‌, മഫിൻസ്, വൈറ്റ് ബ്രെഡ് തുടങ്ങി ഇൻസുലിൻ അളവ് വർധിപ്പിക്കുന്ന എല്ലാ ആഹാരസാധനങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ഇൻസുലിൻ കുറഞ്ഞ അളവിൽ ശരീരത്തിൽ നിലനിൽക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയാൻ മികച്ച മാർഗമാണ്. മാത്രവുമല്ല, കലോറിയുടെ കാര്യത്തിൽ മുൻപന്തിയിലാണ് ഈ ആഹാരസാധനങ്ങളെല്ലാം. ശരീരത്തിന് പ്രത്യേകിച്ച് ഒരു ഗുണവും,ഇവ കഴിക്കുന്നതിലൂടെ ലഭിക്കുന്നുമില്ല. മധുരമുള്ള ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്ന ശീലം ഇവയോടുള്ള ആർത്തിയും നിങ്ങളിൽ സൃഷ്ടിക്കും.

5. വേണ്ടത് മാത്രം കഴിക്കുക

വ്യായാമം കൃത്യമായി ചെയ്യുന്നുണ്ട്, ആരോഗ്യത്തിന് വേണ്ട ഭക്ഷണം കഴിക്കുകയും ചില നേരങ്ങളിൽ ആഹാരം മാറ്റിവെക്കുകയും ചെയുന്നുണ്ട്. പക്ഷെ ഭക്ഷണം മുന്നിലെത്തിയാൽ അമിതമായി വാരിവലിച്ചു കഴിക്കും. ഇത് ശരീരത്തിലെ കലോറി വീണ്ടും വർധിക്കാൻ കാരണമാകും. ഈ ശീലം ഒഴിവാക്കി ശരീരത്തിന് വേണ്ട ആഹാരം തൃപ്തിയോടെ കഴിക്കാൻ ശ്രദ്ധിക്കണം. വിശക്കുമ്പോഴല്ലാതെ ഭക്ഷണം കഴിക്കരുത്. ഇടയ്ക്കിടെ പലഹാരം കഴിക്കുന്നതും ഒഴിവാക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍