UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

26കാരി പ്രസവിച്ചത് 25 വര്‍ഷം പ്രായമുള്ള ഭ്രൂണത്തില്‍ ജനിച്ച കുഞ്ഞിനെ

അമ്മയേക്കാള്‍ ഒരു വയസ്സിന്റെ മാത്രം ‘പ്രായക്കുറവുള്ള’ ലോകത്തിലെ ആദ്യത്തെ കുട്ടിയായി ബേബി എമ്മ റെന്‍ ഗിബ്‌സണ്‍

25 വര്‍ഷം ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണത്തെ ഗര്‍ഭം ധരിച്ച് 26കാരി ഒരു കുഞ്ഞിന് ജന്മം നല്‍കി. ഇത്രയും കാലം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞ് പിറക്കുന്നത് ഇതാദ്യമായാണ്.

ഏഴ് വര്‍ഷം മുമ്പ് വിവാഹിതരായ ടീന-ബഞ്ചമിന്‍ ഗിബ്‌സണ്‍ ദമ്പതികള്‍ക്ക് കുട്ടികള്‍ ജനിക്കാത്തതിനെ തുടര്‍ന്ന് ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. 33കാരനായ ബെഞ്ചമിന്‍ ഗിബ്‌സണ് പുരുഷന്മാരില്‍ വന്ധ്യതയുടെ കാരണമാകുന്ന സിസ്റ്റിക് ഫൈബ്രോസിസ് ബാധിച്ചിരുന്നു. എന്നാല്‍ ഭ്രൂണദാനത്തെക്കുറിച്ച് കേള്‍ക്കാനിടയായ ദമ്പതികള്‍ ആ മാര്‍ഗം തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1992ല്‍ ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തെ 2017 മാര്‍ച്ചില്‍ ടീന ഗര്‍ഭം ധരിച്ചു. ഐവിഎഫ് ചികിത്സയിലെ അതേമാര്‍ഗത്തിലൂടെ ആണ് ഗര്‍ഭധാരണം സാധ്യമായത്. ഗര്‍ഭം ധരിച്ച അന്നാണ് ഭ്രൂണത്തിന്റെ പ്രായം ദമ്പതികള്‍ മനസിലാക്കുന്നത്.

ഈ കുഞ്ഞിനെ പ്രസവിക്കാനാകുമോ എന്ന് ആദ്യം താന്‍ വിഷമിച്ചതായി ടീന പറയുന്നു. അതേസമയം തനിക്ക് ലോക റെക്കോഡ് വേണ്ട കുഞ്ഞിനെ മതിയെന്നായിരുന്നു ടീനയുടെ നിലപാട്. അല്‍പ്പ സമയത്തിന് ശേഷം ആലോചിച്ചപ്പോള്‍ അതിശയം തോന്നി. ‘എനിക്ക് 26ഉം എന്റെ കുഞ്ഞിന് 25ഉം വയസ്സ് പ്രായം, ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരിക്കും’ എന്നും ടീന മാധ്യമങ്ങളോട് പറഞ്ഞു.

ഗര്‍ഭകാലത്ത് ടീന യാതൊരു സങ്കീര്‍ണതകളും അനുഭവിച്ചില്ല. നവംബര്‍ 25ന് ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് അവള്‍ ജന്മം നല്‍കി. ആറ് പൗണ്ടും ആറ് ഔണ്‍സും ആയിരുന്നു ജനന സമയത്തെ കുഞ്ഞിന്റെ ഭാരം. അമ്മയെക്കാള്‍ ഒരു വയസ്സ് മാത്രം ‘പ്രായക്കുറവ്’ ഉള്ള ബേബി എമ്മാ റെന്‍ ഗിബ്‌സണ്‍ ആരോഗ്യവതിയായിരിക്കുന്നു.

ടെന്നിസിയിലെ നാഷണല്‍ എംബ്രിയോ ഡൊണേഷന്‍ സെന്ററിലാണ് ഭ്രൂണം സൂക്ഷിച്ചിരുന്നത്. ‘സ്‌നോ ബേബീസ്’ എന്നാണ് ഇത്തരത്തില്‍ ശീതീകരിച്ച് സൂക്ഷിക്കുന്ന ഭ്രൂണങ്ങളെ പറയുക. കൂടുതല്‍ കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കുന്നവര്‍ക്ക് ഭ്രൂണം ദാനം ചെയ്താല്‍ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതിമാര്‍ക്ക് വലിയ ആശ്വാസമാകും. എമ്മയുടെ ജനനം ഒരു പ്രചോദനമാകട്ടെ എല്ലാവര്‍ക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍