UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആസിഡ് ആക്രമണ ഇരകള്‍ക്ക് ഇനി കേന്ദ്രസര്‍ക്കാര്‍ ജോലിക്കുള്ള സംവരണപട്ടികയില്‍

ഓട്ടിസം ബാധിതരും കുഷ്ഠരോഗത്തില്‍ നിന്ന് മുക്തി നേടിയവരും ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ഇടം ലഭിക്കും

കേന്ദ്രസര്‍ക്കാര്‍ ജോലിക്കുള്ള സംവരണപട്ടികയില്‍ ഇനി ആസിഡ് ആക്രമണത്തിന്റെ ഇരകളും ഭാഗമാകും. വിവിധ തസ്തികകളിലേക്ക് വരാന്‍ പോകുന്ന വിജ്ഞാപനങ്ങളില്‍ ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കൊപ്പം ഓട്ടിസം ബാധിതരും കുഷ്ഠരോഗത്തില്‍ നിന്ന് മുക്തി നേടിയവരും ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ഇടം ലഭിക്കുക.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയ്‌നിംഗ്(DoPT) ഇത് സംബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 40% ശാരീരിക വൈകല്യം ബാധിച്ചവര്‍ക്ക് ഡയറക്ട് റിക്രൂട്ടിംഗ് മുഖേന മൂന്ന് ശതമാനം ഒഴിവുകളെന്നത് നാല് ശതമാനമാക്കി ഉയര്‍ത്തി. കൂടാതെ, വിവിധ കേന്ദ്രസര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഒരു ശതമാനം ഒഴിവ്, അര്‍ഹതപ്പെട്ടവര്‍ക്ക് നീക്കിവെക്കാനും നിര്‍ദേശം നല്‍കി. കാഴ്ചയ്ക്കും കേള്‍വിക്കും തകരാറുള്ളവര്‍, ഉയരക്കുറവുള്ളവര്‍, സെറിബ്രല്‍ പാല്‍സി ബാധിച്ചവര്‍, കുഷ്ഠരോഗ മുക്തി നേടിയവര്‍, ആസിഡ് ആക്രമണത്തിന്റെ ഇരകള്‍, പേശികള്‍ക്കുണ്ടായ പ്രശ്‌നം മൂലം ശാരീരിക വിഷമതകളുള്ളവര്‍ എന്നിവര്‍ ഈ വിഭാഗത്തില്‍ അര്‍ഹത നേടിയവരാണ്.

ഓട്ടിസം ബാധിതര്‍, ബുദ്ധിക്ക് തകരാര്‍ സംഭവിച്ചവര്‍, പഠന വൈകല്യം നേരിടുന്നവര്‍, മാനസിക വിഷമതകളുള്ളവര്‍ എന്നിവരെയും അര്‍ഹതക്കനുസരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കാനും തീരുമാനമുണ്ട്.

ബുദ്ധിപരമായ വൈകല്യം(intellectual disability) ബാധിച്ചവര്‍ക്കും പ്രത്യേകം പരിണന നല്‍കാനാണ് തീരുമാനം. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വേഗതക്കുറവും പൊതു ഇടങ്ങളിലെ പെരുമാറ്റ വൈകല്യവും മാനസികവും ശാരീരികവുമായി തളര്‍ത്തിയവരെയാണ് ഇന്റലക്ച്വല്‍ ഡിസ്എബിലിറ്റി വിഭാഗത്തില്‍ പരിഗണിക്കുക.

2016ലെ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണനിയമ (Right of Persons with Disabilities Act)ത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനങ്ങള്‍. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ തലത്തില്‍ ഈ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കാരണം. 2005ല്‍ ഭിന്നശേഷിക്കാര്‍ക്കായി 3% ഒഴിവുകള്‍ എല്ലാ വിഭാഗങ്ങളിലും മാറ്റിവെക്കാന്‍ ഉത്തരവുണ്ടായിരുന്നു. പട്ടികജാതി- പട്ടികവിഭാഗക്കാരുടെ സംവരണ സീറ്റുകളും ഭിന്നശേഷിക്കാരുടെ സംവരണ സീറ്റുകളും പ്രത്യേകം വിഭാഗങ്ങളായി പരിഗണിക്കണമെന്നും 2005ലെ ഉത്തരവ് പറയുന്നുണ്ട്.

‘ഗ്രീവെന്‍സ് റിഡ്രെസല്‍ ഓഫീസര്‍’ (Grievance Redressal Officer) തസ്തികകളില്‍ പരാതി പരിഹാര സെല്ലുകള്‍ എല്ലാ വിഭാഗങ്ങളിലും കര്‍ശനമാക്കും. പരാതികള്‍ സംബന്ധിച്ച വിശദാംശങ്ങളും തുടര്‍നടപടികളും രേഖകളായി സൂക്ഷിക്കണമെന്നതും പുതിയ തീരുമാനങ്ങളില്‍ ഉള്‍പ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍