UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആദ്യം രക്ഷിച്ചത് 24കാരനെ; ഇപ്പോള്‍ 70കാരിയെ! രണ്ട് പേരില്‍ മാറ്റിവച്ച്‌ താരമായ ‘വൃക്ക’യുടെ കഥ

ആദ്യം വൃക്ക സ്വീകരിച്ചയാള്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ആ വൃക്ക വീണ്ടും മാറ്റിവച്ചു

70 വയസ് പ്രായമുള്ള ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയാണ് വെര്‍ട്ടിസ് ബോയ്സ്(Vertice Boyce). ഇവര്‍ക്ക് അസുഖത്തെ തുടര്‍ന്ന് മാറ്റിവെച്ച വൃക്കയാണ് ഇപ്പോള്‍ ‘താരം’.

24 വയസുള്ള സ്പെയിന്‍ സ്വദേശിയായ യുവാവിന്റെ വൃക്കയാണ് വെര്‍ട്ടിസിന് നല്‍കിയത്. പക്ഷെ, ഈ വൃക്കയുടെ യാത്ര അതിനും മുമ്പെ ആരംഭിച്ചിരുന്നു; വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു 17കാരിയില്‍ നിന്ന്.

വൃക്ക മാറ്റിവയ്ക്കലില്‍ അപൂര്‍വ്വമായി നടക്കുന്ന റീ-ട്രാന്‍സ്പ്ലാന്റേഷന്‍ ആണ് ഇവിടെയും നടന്നത്. ഈ പ്രക്രിയ സാധാരണമായാല്‍ അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം നൂറ് കണക്കിന് പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നാണ് നിഗമനം.

‘വൃക്കമാറ്റിവെച്ചതിന് ശേഷം ഒരാള്‍ മരണപ്പെട്ടാലും വൃക്ക തുടര്‍ന്നും പ്രവര്‍ത്തനസജ്ജമാണ്. മാത്രമല്ല, ഒരു 17കാരിയില്‍ നിന്ന് മാറ്റിവെച്ച വൃക്കയായതിനാല്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കുമെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ജെഫ്രി വെയ്ല്‍(Jeffery Veale) വ്യക്തമാക്കി.

ലോസ് ആഞ്ചല്‍സിലെ യു.സി.എല്‍.എ കിഡ്നി എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ(UCLA Kidney Exchange Programme) ഡയറക്ടറാണ് ജെഫ്രി വെയ്ല്‍. പോയവര്‍ഷം ഇത്തരത്തില്‍ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. വൃക്കയുടെ കുറവ് കാരണം മാറ്റിവെക്കുന്ന ശസ്ത്രക്രിയകള്‍ വേഗത്തിലാക്കാന്‍ ‘റീ ട്രാന്‍സ്പ്ലാന്റേഷന്‍’ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

United Network for Organ Sharing(UNOS)ന്റെ കണക്ക് പ്രകാരം അമേരിക്കയില്‍ മാത്രം 95,000 രോഗികളാണ് വൃക്കമാറ്റിവെക്കാന്‍ കാത്തിരിക്കുന്നത്. മരിച്ചുപോകുന്നവരുടെ വൃക്കകള്‍ക്കായി 5 മുതല്‍ 10 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്ന രോഗികളാണ് ഏറെയും.

വൃക്കമാറ്റിവെച്ച രോഗികളില്‍ 25% പേര്‍ മരിക്കുന്ന സാഹചര്യം നിലവിലുണ്ട്. പക്ഷെ, മാറ്റിവെച്ച വൃക്കകള്‍ വീണ്ടും ഉപയോഗിച്ചാല്‍ നിരവധി പേര്‍ക്ക് അത് പുതുജീവനേകുമെന്നും ജെഫ്രി വെയ്ല്‍ പറയുന്നു.

അതേസമയം പ്രവര്‍ത്തനസജ്ജമായ ഒരു വൃക്ക എത്രതവണ മാറ്റിവെക്കാമെന്ന കൃത്യമായ വിവരം ജെഫ്രി വെയ്ലിനും ഇല്ല. പക്ഷെ, ഇതുവരെ നടത്തിയ ശസ്ത്രക്രിയകളെല്ലാം വിജയമാണെന്നും രോഗികള്‍ സാധാരണഗതിയില്‍ ജീവിതം തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

10 വര്‍ഷമായി ഡയാലിസിസിന് വിധേയമായിരുന്ന വെര്‍ട്ടിസ് ബോയ്സിന് ജീവിതത്തിലേക്ക് മടങ്ങിവരാമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കേയാണ് ഇങ്ങനെയൊരു സാധ്യതയ്ക്ക് വഴിതെളിഞ്ഞത്. തന്റെ ചെറുമകളുടെ കളിയും ചിരിയും കാണണമെന്ന ആഗ്രഹം സാധ്യമായതിന്റ സന്തോഷമാണ് ഈ എഴുപതുകാരിക്ക്. തനിക്ക് വൃക്ക നല്‍കിയ ബെറ്റോ മാള്‍ഡൊണാഡോ(Beto Maldonado)യുടെ കുടുംബത്തോട് നന്ദിയും അറിയിച്ചു.

ജീവിതത്തിന്റെ പകുതിയിലേറെ കാലം വൃക്കരോഗിയായിരുന്നു മാള്‍ഡൊണാഡോ. 2015ല്‍ വൃക്കമാറ്റിവെക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഒരു കാര്‍ അപകടത്തിലാണ് അദ്ദേഹം മരിച്ചത്. അങ്ങനെയാണ് വെര്‍ട്ടിസ് ബോയ്സിലേക്ക് ഒരിക്കല്‍ മാറ്റിവെച്ച വൃക്ക വീണ്ടുമെത്തുന്നത്.

2017 ജൂലായിലായിരുന്നു ഈ ശസ്ത്രക്രിയ നടന്നത്. ഇക്കാലമത്രയും നിരീക്ഷണത്തിലായിരുന്നു അവര്‍.

തന്റെ ആറ് വയസുകാരി ചെറുമകളാണ് ഇപ്പോള്‍ ഈ എഴുപതുകാരിയുടെ ലോകം. ശസ്ത്രക്രിയക്ക് ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് 5ന് മാള്‍ഡൊണാള്‍ഡോയുടെ അമ്മ ഈവ(Eva) സഹോദരി ലിന്‍ഡ(Linda) എന്നിവര്‍ ബോയ്സിനെ കാണാന്‍ എത്തിയിരുന്നു. ബോയ്സിന്റെ ഉദരത്തില്‍ കൈ അമര്‍ത്തി മകനെയോര്‍ത്ത് കരഞ്ഞ ഈവ എന്ന അമ്മയുടെ ചിത്രം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

വംശങ്ങള്‍ താണ്ടിയുള്ള ‘വൃക്കയുടെ സഞ്ചാരം’ വളരെ പ്രാധാന്യമുള്ളതാണെന്ന് ബോയ്സ് അഭിപ്രായപ്പെടുന്നു. വെളുത്തവര്‍ഗക്കാരിയില്‍ നിന്ന് സ്പെയിന്‍ യുവാവിലേക്കും അവിടുന്ന് കറുത്ത വര്‍ഗക്കാരിയിലേക്കും. അവയവമാറ്റത്തിന് വംശംവും വര്‍ണ്ണവുമില്ലെന്ന മഹത്തായ സന്ദേശത്തിനും ഈ വൃക്കമാറ്റിവെക്കല്‍ വഴിയൊരുക്കിയെന്ന് ബോയ്സ് അഭിപ്രായപ്പെടുന്നു.

(ചിത്രത്തില്‍: ഡോ. ജെഫ്രി വെയ്ല്‍ ബെറ്റോ മല്‍ഡൊണാഡോയുടെ അമ്മയ്ക്കും സഹോദരിയ്ക്കും വെര്‍ട്ടിസ് ബോയ്‌സിനുമൊപ്പം)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍