UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പുതുവര്‍ഷ പ്രതിജ്ഞയില്‍ തോറ്റ് തുന്നംപാടിയോ? ഈ അഞ്ച് വഴികളിലൂടെ അവയ്ക്ക് പുതിയ തുടക്കം നല്‍കാം

ഒന്ന് ഓര്‍ക്കുക! എടുക്കുന്ന തീരുമാനങ്ങള്‍ മറ്റൊരു ശുഭമുഹൂര്‍ത്തത്തില്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ളതാകരുത്

കേള്‍ക്കാന്‍ എറ്റവും രസമുള്ള കോമഡി പുതുവര്‍ഷ പ്രതിജ്ഞയാണെന്നാണ് പലരും പറയുന്നത്. ആദ്യം മാറ്റിപ്പിടിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളാണത്രെ പുതുവര്‍ഷ പ്രതിജ്ഞകളായി നമ്മുടെ മനസില്‍ ഇടം നേടുന്നത്. അല്‍പ്പായുസ്സെന്ന ചീത്തപ്പേരില്‍ പുത്തന്‍ തീരുമാനങ്ങളെ വിധിയെഴുതാന്‍ കാരണവും ഇത് എടുക്കുന്നവരാണ്. നടപ്പാക്കില്ലെന്ന് ഏതാണ്ട് നിര്‍ബന്ധമുള്ളപോലെയാണ് നമ്മുടെയൊക്കെ പ്രതിജ്ഞകള്‍. ഇവയെപ്പറ്റി ശാസ്ത്രത്തിന് പറയാനുള്ളത് കേള്‍ക്കണോ?

പലപ്പോഴും പുതുവര്‍ഷ പ്രതിജ്ഞകള്‍ വഴിയില്‍ ഉപേക്ഷിക്കുന്നത് അതിന്റെ കാഠിന്യം ഒന്നുകൊണ്ട് മാത്രമാണ്. എടുത്ത തീരുമാനങ്ങളെ രണ്ടാഴ്ചയ്ക്കകം തന്നെ 30% പേര്‍ വേണ്ടാന്നുവെക്കുമത്രെ! ഭക്ഷണവും വ്യായാമവും അധ്വാനവുമൊക്കെയാണ് സ്ഥിരമായി ഈ പംക്തിയില്‍ മുമ്പില്‍ നില്‍ക്കുന്നവ. ‘എന്നേക്കൊണ്ടാവില്ലേ’ന്ന് വിധിയെഴുതി തൊഴുത് മടങ്ങാന്‍ വരട്ടെ. ഇതൊക്കെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതായത്, ഒരിക്കല്‍ ഉപേക്ഷിച്ചെങ്കിലും പുതുവര്‍ഷ പ്രതിജ്ഞകളെ ധൈര്യത്തോടെ വീണ്ടും ഏറ്റെടുക്കണമെന്നാണ് സ്‌ക്രാന്റണ്‍(Scranton) സര്‍വ്വകലാശാലയിലെ പ്രൊഫ. ജോണ്‍ നോര്‍ക്രോസ്(John Norcross) ആവശ്യപ്പെടുന്നത്.

ഈ വിഷയത്തില്‍ ആഴത്തിലുള്ള നിരവധി പഠനങ്ങള്‍ പ്രൊഫ. നോര്‍ക്രോസ് നടത്തിയിട്ടുണ്ട്. ഒരിക്കല്‍ അടിതെറ്റിയാല്‍ എല്ലായ്പ്പോഴും തെറ്റുമെന്ന ധാരണയെയാണ് വഴിയില്‍ ഉപേക്ഷിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു. ആദ്യശ്രമത്തില്‍ പാളിപ്പോയ പ്രതിജ്ഞകള്‍ വീണ്ടും ഏറ്റെടുത്ത് വിജയം കൈവരിച്ചവരെയാണ് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്. ഇനിയും ആത്മവിശ്വാസമില്ലാത്തവര്‍ക്കായി ശാസ്ത്രീയ അടിത്തറയുള്ള അഞ്ച് വഴികളും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്.

യാഥാര്‍ത്ഥ്യത്തെ മറക്കരുത്!

പുതുവര്‍ഷ തീരുമാനങ്ങളില്‍ അടിതെറ്റിയവരോട് പ്രൊഫ. നോര്‍ക്രോസ് ചോദിച്ച ചോദ്യം അവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതാണ്. ഒരു പുതിയ കളിയോ പാട്ടോ മറ്റെന്തെങ്കിലും പഠിയ്ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ആദ്യ ശ്രമത്തില്‍ നിങ്ങള്‍ വിജയം കാണാറുണ്ടോ? ഭൂരിഭാഗത്തിനും ‘ഇല്ല’ എന്നാണ് ഉത്തരം. പിന്നെന്തിനാണ് പുതുവര്‍ഷ പ്രതിജ്ഞ വിജയം കാണാത്തതില്‍ നിരാശയെന്ന് അദ്ദേഹം ചോദിക്കുന്നു. ‘പെര്‍ഫെക്ഷന്‍ ഒരു പൊതുവികാരമായി മാറി. എന്നുകരുതി അത് കൈവരിക്കാന്‍ മാത്രമായി സമയം കണ്ടെത്താന്‍ വയ്യ. ഈ സ്വഭാവത്തോട് ആദ്യം പടവെട്ടണം. എങ്കില്‍ ഏത് തീരുമാനവും നിങ്ങള്‍ക്ക് മുമ്പില്‍ മുട്ടുമടക്കു’മെന്നും പ്രൊഫ. ജോണ്‍ നോര്‍ക്രോസ്

പ്രതിജ്ഞ നല്ലതാണ്; സമീപനത്തിലാണ് പ്രശ്നം

ഒരുപാട് കാര്യങ്ങള്‍ നേടാനുണ്ട്. അതിനാല്‍ പുതുവര്‍ഷ പ്രതിജ്ഞ ഫലവത്താകുന്നതിനായി കാത്തിരിക്കാന്‍ വയ്യ. ഫലം പെട്ടെന്ന് വേണം. എളുപ്പവിദ്യകളുണ്ടെങ്കില്‍ സന്തോഷം. ഈ സമീപനത്തോട് ശാസ്ത്രം മുഖം തിരിഞ്ഞുനില്‍ക്കുകയാണെന്ന് ഗവേഷണ സംഘത്തിലെ പ്രൊഫ. കെയ്റ്റ്ലിന്‍ വൂളി(Kaitilin Woolley) വ്യക്തമാക്കുന്നു.

തീരുമാനങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാനുള്ള സമയത്തെയും സ്നേഹിക്കണമെന്നാണ് പ്രൊഫ. വൂളിയുടെ പക്ഷം. സുഹൃത്തുക്കള്‍ക്കൊപ്പം ചെലവിടുന്നതുപോലെ അല്ലെങ്കില്‍ ഇഷ്ടമുള്ള ഒരു പാട്ട് കേള്‍ക്കുന്നതുപോലെ മധുരം വേണം ഈ സമയത്തിനും. ദീര്‍ഘകാല ഗോളുകളാണ് പുതുവര്‍ഷ പ്രതിജ്ഞകള്‍. ചുരുങ്ങിയ സമയത്തില്‍ ഫലം പ്രതീക്ഷിക്കരുതെന്നും അതില്‍ നിരാശരാവരുതെന്നും ഈ സംഘം ഉപദേശിക്കുന്നു

ഒരു ‘റെസല്യൂഷന്‍ സുഹൃത്തി’നെ വേണ്ടേ?

നിങ്ങള്‍ക്കുണ്ടോ അങ്ങനെയൊരു ചങ്ങാതി? നിങ്ങളുടെ അതേ തീരുമാനം പുതുവര്‍ഷ പ്രതിജ്ഞയാക്കിയ ഒരാള്‍? അങ്ങനെയൊരാള്‍ ജീവിതത്തിലുണ്ടെങ്കില്‍ കാര്യങ്ങള്‍ പാതി എളുപ്പമായി. ചുറ്റുപാടിന്റെ പിന്തുണ നമ്മളിലുണ്ടാക്കുന്ന സ്വാധീനത്തിന്റെ മനഃശാസ്ത്രമാണ് പ്രൊഫ. നോര്‍ക്രോസ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. നിങ്ങള്‍ ഒറ്റയ്ക്ക് ഒരു തീരുമാനത്തിന് പിന്നാലെ പോകുന്നതും ഒരു പിന്തുണയുള്ളതും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടാകുമത്രെ.

നിങ്ങള്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷം എങ്ങനെ?

ഒരു പുതിയ തീരുമാനമെന്നാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന പുത്തന്‍ മാറ്റം എന്നര്‍ത്ഥം. ആ മാറ്റത്തെ ഉള്‍ക്കൊള്ളാനാകുന്ന അന്തരീക്ഷവും പ്രധാനമാണ്. തീരുമാനത്തില്‍ പതറാതെ പിടിച്ചുനില്‍ക്കാന്‍ സഹായിക്കുന്നതാണോ നിങ്ങളുടെ ഇടം? വ്യക്തികളോ വസ്തുക്കളോ മറ്റ് ചുറ്റുപാടോ എന്തിലെങ്കിലും ഒരു ‘നെഗറ്റിവിറ്റി’ കാണുന്നുണ്ടോ? എങ്കില്‍ അതും മാറ്റേണ്ടിയിരിക്കുന്നു.

ഉദാഹരണത്തിന് ഡെസേര്‍ട്ട്സ്(desserts) കഴിക്കുന്ന ശീലം. വീട്ടിലിത് താല്‍പര്യമില്ലാത്ത സംഗതിയാണ്. പക്ഷെ, പുറത്ത് നിന്നുള്ള ഭക്ഷണത്തിന് ശേഷം ഡെസേര്‍ട്ട്സ് കഴിക്കാത്തത് വല്ലാതെ അസ്വസ്ഥത സൃഷ്ടിക്കുന്നുമുണ്ട്. അപ്പോള്‍ പ്രശ്നം പുറമേന്നുള്ള ഭക്ഷണത്തിനുമുണ്ടെന്നര്‍ത്ഥം. ഒന്നുംനോക്കണ്ട! കണ്ണുമടച്ച് ഹോട്ടല്‍ ഭക്ഷണത്തിനോട് ഗുഡ്ബൈ പറഞ്ഞേക്കൂ. പിന്നീട് ഡെസേര്‍ട്ട്സ് നിങ്ങളെ കൊതിപ്പിക്കുന്നില്ലെന്ന് ഉറപ്പ് വന്നതിന് ശേഷം വേണമെങ്കില്‍ വല്ലപ്പോഴും റെസ്റ്ററന്റിലേക്ക് പോകാം.

‘നേരവും കാലവും’ നോക്കണം

ഒരിക്കല്‍ ഉപേക്ഷിച്ച തീരുമാനമാണ്. വീണ്ടും തുടക്കമിടുമ്പോള്‍ ആ ദിവസത്തിനും വേണം എന്തെങ്കിലുമൊരു പ്രത്യേകത. വെറുതെ ഒരു നേരംപോക്കിനുള്ള തുടക്കമാകരുത്. ഒരു മാസത്തിന്റെ ആദ്യ ദിവസത്തിലോ പിറന്നാള്‍ ദിനമോ അങ്ങനെ പുതുമയുള്ള ഒരു ദിവസമാകണം പ്രതിജ്ഞയെ സ്വീകരിക്കാന്‍ ഒരുങ്ങേണ്ടത്. തമാശയല്ല, ഈ ദിവസത്തിന് പോലും നിങ്ങളില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ്.

ഒന്ന് ഓര്‍ക്കുക! എടുക്കുന്ന തീരുമാനങ്ങള്‍ മറ്റൊരു ശുഭമുഹൂര്‍ത്തത്തില്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ളതാകരുത്. അതിന് കാരണങ്ങള്‍ കണ്ടെത്താന്‍ എളുപ്പമാണ്. കാരണങ്ങള്‍ക്ക് പിന്നാലെ നിങ്ങളുടെ മനസ്സ് പോകില്ലെന്ന് ആദ്യം ഉറപ്പാക്കുക. ഇല്ലെങ്കില്‍, എല്ലാകാലത്തും നിങ്ങള്‍ തീരുമാനങ്ങള്‍ ഉപേക്ഷിക്കാനും അതിനുള്ള കാരണം കണ്ടെത്താനും ഇഷ്ടമുള്ളവരായിപ്പോകും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍