UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

സന്ധിവാതം അലട്ടുന്നുവോ ; ഇവ ശ്രദ്ധിക്കാം

ലഘുവായതോ അല്‍പം കൂടിയതോ ആയ സന്ധിവാതത്തിന് വേദന ലഘൂകരിക്കാന്‍ പാരസെറ്റമോള്‍ മതിയാകും. ട്രമഡോള്‍, മറ്റു വേദനസംഹാരികള്‍ (NSAID), കാപ്സൈസിന്‍, ന്യൂറോമോഡുലേറ്ററുകളായ അമിട്രിപ്റ്റ്ലിൻ, ഡ്യുലോക്സറ്റിന്‍ തുടങ്ങിയവയും ഉപയോഗിക്കാറുണ്ട്..

“തേയ്മാനം എന്നൊക്കെ പറയുന്നത് ഇങ്ങളെ തട്ടിപ്പല്ലേ ഡോക്ടറേ?”

ഇതും പറഞ്ഞു രൂക്ഷമായൊന്നു നോക്കിക്കൊണ്ടാണ് അയാൾ ഒപിയിൽ നിന്നും പുറത്തേക്ക് പോയത്. അയാളുടെ അമ്മയിൽ, അൽപ്പം മുൻപ് വരെ എന്റെ മുന്നിലിരുന്ന 55 വയസ്സുകാരിയിൽ വ്യക്തമായി ഞാൻ കണ്ട ലക്ഷണങ്ങൾ bilateral osteoarthritis knee അഥവാ രണ്ടു കാല്മുട്ടുകളുടെയും തേയ്മാനം അഥവാ സന്ധിവാതം തന്നെയായിരുന്നു. ഇരുന്ന ഇരിപ്പിൽ MBBS ക്ളസ്സ്മുറികളിൽ മാത്രമല്ല, പ്ലസ് ടു കളാസ്സുകളിൽ വരെ ഒരു ഓട്ടപ്രദക്ഷിണം നടത്തി തിരിച്ചെത്തി. അപ്പോഴും ഞാൻ പറഞ്ഞതിലെ തട്ടിപ്പു എന്താണെന്ന് എനിക്ക് മനസ്സിലായില്ല. രോഗാവസ്ഥയുടെ കോളത്തിൽ എഴുതി വച്ച, ‘തേയ്മാനം’ എന്നു മലയാളത്തിൽ ലളിതമാക്കി പറഞ്ഞ Osteoarthritis, അതൊരു തട്ടിപ്പുകഥ അല്ലെന്നു വിശദീകരിക്കണമല്ലോ.

ഓസ്റ്റിയോആർത്രൈറ്റിസ് (സന്ധിവാതം/തേയ്മാനം)

നിത്യജീവിതത്തിന്‍റെ സാധാരണ പ്രവൃത്തികളായ ഇരിക്കാനും നടക്കാനും പടി കയറാനും പടിയിറങ്ങാനും ജോലിചെയ്യാനും ഒന്നും കഴിയാതെ ഒരുപാട് പ്രയാസങ്ങള്‍ തീര്‍ത്ത് നിരവധിപേര്‍ അനുഭവിച്ചറിഞ്ഞ ഒന്നാണ് സന്ധിവാതം. ഇതിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇത്രയേറെപേരെ ബാധിക്കുന്ന അസുഖത്തെ കുറിച്ചു ജനങ്ങളിൽ ശരിയായ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഒക്ടോബർ 12 ലോക ആർത്രൈറ്റിസ് ദിനമായി ആചരിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ഹെബര്‍ഡനും ഹെയ്ഗ്രനും ചേര്‍ന്നാണ് ഇതിനെ ആദ്യമായി ശാസ്ത്രീയമായി വിശദീകരിച്ചത്.

സന്ധികളിലെ വേദന, ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. സന്ധികൾ ചലിക്കുന്ന സമയത്ത് സന്ധികളിന്മേൽ സ്പര്ശിക്കുമ്പോൾ അനുഭവപ്പെടുന്ന ‘നുറുങ്ങല്‍” അഥവാ പൊടിയുന്നത് പോലെ തോന്നുന്നതിനെയാണ് crepitus എന്നു പറയുന്നത്. ഓസ്റ്റിയോ ആർത്രൈറ്റിസിന്‍റെ ലക്ഷണമാണ് ഇത് എങ്കിലും ഈ പ്രയാസമില്ലാത്തവരിലും ഈ നുറുങ്ങല്‍ കിട്ടാറുണ്ട്.

സന്ധികളിൽ കാണുന്ന ചെറിയ മുഴകളാണ് മറ്റൊരു ലക്ഷണം. വിരലുകള്‍ പോലെയുള്ള ചെറിയ സന്ധികളിലാണ് ഇത് കൂടുതലായും കണ്ടു വരുന്നത്.

തേയ്മാനം എന്നു കേള്‍ക്കുമ്പോ പ്രായം കൂടിയവരെ മാത്രം ഓര്‍മവരുന്നവര്‍ അതങ്ങു തിരുത്തുക. ഇരുപത്തഞ്ചുവയസ്സുള്ളവരില്‍, ആറുശതമാനം പേര്‍ തേയ്മാനത്തിന്‍റെ എക്സ്റേ മാറ്റങ്ങള്‍ വന്നുകഴിഞ്ഞവരാണ് എന്നു പഠനങ്ങള്‍ പറയുന്നു.

മുപ്പതുകളിലും നാല്‍പതുകളിലും പുരുഷന്‍മാരിലും, നാല്പതുകൾക്കു ശേഷം സ്ത്രീകളിലുമാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധിവാതം കൂടുതലായി കാണപ്പെടുന്നത്. ഇതിനെ രണ്ടായി തിരിക്കാം, പ്രൈമറി ഓസ്റ്റിയോ ആർത്രൈറ്റിസും, സെക്കണ്ടറി ഓസ്റ്റിയോ ആർത്രൈറ്റിസും.

പ്രായംകൂടുന്നതിനനുസരിച്ചു ഉണ്ടാകുന്നതാണ് പ്രൈമറി. ഇത് സഹോദരങ്ങളിൽ കാണാനും, തലമുറ കൈമാറി വരാനുമുള്ള സാധ്യത കൂടുതലാണ്. ശരീരഭാരം കൂടുന്നത്, ഹോർമോണ്‍ വ്യതിയാനങ്ങൾ, മുൻപ് സംഭവിച്ച പരിക്കുകൾ തുടങ്ങിയവ ഇതിനു ആക്കം കൂട്ടുന്നു.

അടുത്തത് സെക്കണ്ടറി ഓസ്റ്റിയോ ആർത്രൈറ്റിസ്. ഇത് ചെറുപ്രായക്കാരിലും കാണപ്പെടുന്നു. പ്രമേഹരോഗം, ജനിതക വൈകല്യങ്ങൾ, സന്ധികളിലും അതിന്‍റെ ചുറ്റുപാടുമായി ഉണ്ടാകുന്ന അണുബാധ, പരിക്ക് എന്നിവയാണ് പ്രധാന കാരണങ്ങൾ.

തേയ്മാനത്തിന് കാരണം എന്താണ്?

അതു പറയണമെങ്കിൽ, ആദ്യം സന്ധികളുടെ ഘടനാശാസ്ത്രം പറയണം. രണ്ടു എല്ലുകൾ ചേരുന്നിടത്തതാണ് സന്ധി രൂപപ്പെടുന്നത്. സൈനോവിയല്‍ സന്ധികളിൽ, എല്ലുകൾക്കിടയിൽ അവയെ പൊതിഞ്ഞു കൊണ്ട് തരുണാസ്ഥിയും, സൈനോവിയൽ ഫ്ലൂയിഡും ഉണ്ട്. തരുണാസ്ഥിക്ക് ഷോക്അബ്സോര്‍ബര്‍, ഘര്‍ഷണം കുറക്കല്‍, താഴെയുള്ള അസ്ഥിയിലേക്ക് ഭാരത്തെ പ്രസരിപ്പിക്കല്‍ എന്നീ ചുമതലകളുണ്ട്.

തരുണാസ്ഥിയോട് ചേര്‍ന്നുള്ള അസ്ഥിയുടെ ഭാഗമായ Subchondral Bone, തരുണാസ്ഥിയിലേക്ക് പോഷണമെത്തിക്കുന്ന രക്തക്കുഴലുകളാല്‍ (end arteries and veins) സമൃദ്ധമാണ്. ഷോക് അബ്സോര്‍പ്ഷന്‍, സന്ധിയിലെ ലോഡ് കുറക്കല്‍ എന്നിവയിലും ഇതിന് പങ്കുണ്ട്.

ഇതു കൂടാതെ എല്ലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്നായുക്കൾ അഥവാ ലിഗമെന്‍റുകള്‍ ഉണ്ട്. ചുറ്റിലും പേശികളും, പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന പേശീതന്തു (tendon)ക്കളും ഉണ്ട്.

ഇനി ഓസ്റ്റിയോആർത്രൈറ്റിസിൽ സംഭവിക്കുന്നത് പറയാം.

സന്ധികളിലെ തരുണാസ്ഥിയിലുണ്ടാകുന്ന പരിക്കോ, മറ്റു സന്ധീ കോശങ്ങൾക്കുണ്ടാകുന്ന ഘടനാപരമായ പരിക്കുകളോ ആണ് പ്രധാനമായും ഓസ്റ്റിയോ ആർത്രൈറ്റിസിന് തുടക്കം കുറിക്കുന്നത്. തരുണാസ്ഥിയിലെ കൊളാജന്‍, പ്രോട്ടിയോഗ്ലൈകാന്‍ എന്നീ ഘടകങ്ങളിലുണ്ടാകുന്ന വ്യതിയാനമാണ് തരുണാസ്ഥിയുടെ നാശത്തിനുള്ള പ്രധാന കാരണം. സ്നായുക്കാൾക്കും സൈനോവിയൽദ്രാവകത്തിനും കട്ടി കൂടുന്നതാണ് മറ്റൊരു കാരണം. സന്ധികളിൽ നാശം സംഭവിക്കുന്ന തരുണാസ്ഥിക്കു പകരമായി പുതു അസ്ഥികൾ (Osteophyte) സ്വാഭാവികമായി ഉണ്ടാകുന്നു. സന്ധികളിൽ ലോഡ് കുറഞ്ഞഭാഗത്ത് നാമ്പിടുന്ന ഇവ പലപ്പോഴും വേദനയ്ക്ക് കാരണമാകുന്നു.

എക്‌സ്റേ, എം ആർ ഐ (MRI) തുടങ്ങിയ മാര്‍ഗങ്ങള്‍ വഴി ഓസ്റ്റിയോ ആർത്രൈറ്റിസ് സ്ഥിരീകരിക്കാം.

സന്ധിവാതം ഒരു ചലനാത്മക സ്വഭാവമുള്ള അസുഖമാണ്. വ്യത്യസ്ത സമ്മര്‍ദ്ദങ്ങളോടുള്ള സന്ധിയുടെ പ്രതിജനകാവതരണം (Adaptive response) മൂലം ഇടവിട്ടുള്ള വര്‍ദ്ധനക്ക് സാധ്യത ഈ അസുഖത്തിലുണ്ട്. വന്നു കഴിഞ്ഞ തേയ്മാനത്തെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെങ്കിലും, തേയ്മാനം കൂടുതലായി ഉണ്ടാകുന്നത് തടയാനും, അതിന്റെ വേഗത കുറക്കാനും ആധുനിക വൈദ്യ ശാസ്ത്രത്തിനു കഴിയും.

പറയുന്നത് പോലെ എളുപ്പമല്ലെങ്കിലും ശരീര വണ്ണം കുറയ്ക്കലാണ് പ്രധാനമായും ചെയ്യേണ്ടത്. ബോഡിമാസ് ഇന്‍റക്സ് 30 ല്‍ നിന്ന് 25 എത്തിച്ച 29 ശതമാനം പേരിലും അസുഖത്തിന്‍റെ തീവ്രത ഗണ്യമായി കുറഞ്ഞതായി പഠനങ്ങള്‍ പറയുന്നുണ്ട്. ഒരു കിലോ ഭാരം കുറക്കുമ്പോള്‍ 3 കിലോയുടെ ആശ്വാസം കാല്‍മുട്ടിലും 6 കിലോ ആശ്വാസം ഇടുപ്പിലും ലഭിക്കുന്നുണ്ട് എന്നറിയുക.
ഭക്ഷണനിയന്ത്രണം കൊണ്ടും, ചിലപ്പോഴൊക്കെ ഡോക്ടറുടെ നിര്‍ദ്ദേശത്തിനനുസരിച്ച് കഴിക്കുന്ന മരുന്നുകള്‍ കൊണ്ടും ശരീരഭാരം കുറക്കാന്‍ സാധിക്കും.

വേഗനടത്തം (Brisk walking), സൈക്ളിങ്ങ്, നീന്തല്‍ തുടങ്ങിയ എയറോബിക് വ്യായാമങ്ങള്‍ അസുഖത്തിന്‍റെ വര്‍ദ്ധനതടയുന്നതിനും ശരീരത്തിന്‍റെ പൊതുവായ ക്ഷമത വര്‍ദ്ധിക്കുന്നതിനും സഹായകമാണ്.
സന്ധികളിലെ ചലനപരിധി(ROM) വ്യായാമങ്ങളും, പേശികളെ ബലപ്പെടുത്താനുള്ള എെസോമെട്രിക് (Isometric), എെസോടോണിക് (Isotonic), എെസോകൈനറ്റിക് (isokinetic) വ്യായാമങ്ങളും വേദന ലഘൂകരീക്കുന്നതായും, സന്ധിയുടെ പ്രവര്‍ത്തനക്ഷമതയും, രോഗിയുടെ ജീവിതനിലവാരവും വര്‍ദ്ധിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വ്യായാമങ്ങൾ വഴി സന്ധികളുടെ മേൽ വന്നു വീഴുന്ന ഭാരവും, സന്ധികൾക്കു ചെയ്യേണ്ടി വരുന്ന പ്രവർത്തിഭാരവും കുറക്കാൻ സാധിക്കുന്നു. ടെന്‍സ്(TENS) പോലെയുള്ള ഫിസിക്കല്‍ മോഡാലിറ്റി(Physical Modality) കളും, മസ്സാജ് അടക്കമുള്ള Manipulation Technique കളും വേദനകുറയുന്നതിനും, സന്ധിയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിക്കുന്നതിനും ഉപയോഗിക്കാറുണ്ട്.

ലഘുവായതോ അല്‍പം കൂടിയതോ ആയ സന്ധിവാതത്തിന് വേദന ലഘൂകരിക്കാന്‍ പാരസെറ്റമോള്‍ മതിയാകും. ട്രമഡോള്‍, മറ്റു വേദനസംഹാരികള്‍ (NSAID), കാപ്സൈസിന്‍, ന്യൂറോമോഡുലേറ്ററുകളായ അമിട്രിപ്റ്റ്ലിൻ, ഡ്യുലോക്സറ്റിന്‍ തുടങ്ങിയവയും ഉപയോഗിക്കാറുണ്ട്.

DMOAD (Disease Modifying OsteoArthritis Drugs) ആണ് ഈ രംഗത്തെ പുതിയ പ്രതീക്ഷ. തേയ്മാനം തടയാനും, അസുഖാവസ്ഥ ലഘൂകരിക്കാനും ആണ് ഈ മരുന്നുകള്‍ ലക്ഷ്യം വയ്ക്കുന്നത്. കാല്‍സിടോണിൻ, ബിസ്ഫോണൈറ്റുകള്‍, സ്ട്രോണ്‍ഷ്യം, ഡയസറിന്‍ തുടങ്ങിയവയില്‍ DMOAD എന്ന നിലയില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്. കൂടാതെ, ഏറ്റവും നൂതനമായ, കോശങ്ങളുടെ പുനരുജ്ജീവന ചികിത്സയുടെ ഗവേഷണത്തിനും (regeneration therapy) ഈ മേഖലയില്‍ പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുകയാണ്.

മുട്ടിനിടുന്ന ഉറകളും ഉപയോഗിച്ചു വരുന്നുണ്ട്. ചെരുപ്പില്‍ വരുത്തുന്ന മാറ്റങ്ങളും (Lateral wedge/sole raise), മുട്ടിലെ ചിരട്ടയിലെ ടേപ്പിങ്ങും, മുട്ടിലെ ഭാരസംവഹനം കുറക്കുന്ന (Knee offloading) ഓര്‍ത്തോസിസുകളും പ്രയോജനപ്രദമാണ്.

ഗ്ലുക്കോകോർട്ടികോയ്ഡ് ഇഞ്ചക്ഷനുകളും, ചില അവസരങ്ങളില്‍ മോര്‍ഫിന്‍ ഇഞ്ചക്ഷനുകളും വേദന കുറയാൻ വേണ്ടി സന്ധികളിലേക്ക് നല്‍കാറുണ്ട്. ഇവ ഫലിക്കാത്ത അവസരങ്ങളില്‍ മുട്ടിലെ വേദനയെ സംവഹിക്കുന്ന ജെനിക്കുലാര്‍ ( Genicular ) ഞരമ്പുകളെ ബ്ലോക്ക് ചെയ്തും വേദന കുറയ്ക്കാറുണ്ട്.

തേയ്മാനം കൂടുതലായി സംഭവിച്ച അവസരങ്ങളിൽ സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും വ്യാപകമായി ചെയ്യുന്നുണ്ട്. സന്ധിക്ക് വളരെയധികം ശോഷണം നേരിടുന്നതിനു മുമ്പ് ശരിയായ സമയത്ത് ചെയ്താല്‍ വളരെ ഫലപ്രദമായ ചികിത്സയാണിത്.

ജോനാസ് കെല്ലഗ്രനും ജോണ്‍ ലോറന്‍സും 1950 കളില്‍ എക്സ്റേ ഗ്രേഡിങ്ങും കൊണ്ടുവന്നതിലൂടെയും, 1960 ല്‍ ജോണ്‍ ചാര്‍ല്നിയും ജോര്‍ജ് മക്വീയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലൂടെയുമാണ് സന്ധിമാറ്റിവെക്കല്‍ ചികിത്സ പ്രചാരം നേടിയത്.

നമ്മുടെ രാജ്യത്ത് മുട്ടുമാറ്റിവെക്കലിനുള്ള ‘പ്രോസ്തസിസ് ‘ വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട് എന്നത് ഒരുപാട് പേര്‍ക്ക് ആശ്വാസജനകമാണ്. എങ്കിലും ഇടുപ്പിലെ സന്ധിയുടെ പ്രോസ്തസിസ് ഇന്നും വിലനിയന്ത്രണപരിധിക്ക് പുറത്താണ്.

ആർത്രോസ്കോപി വഴി തരുണാസ്ഥി ഭാഗികമായി നീക്കം ചെയ്യുന്ന Arthroscopic Partial Meniscectomy, മുട്ടിലെ ടിബിയ അസ്ഥിയുടെ ചെറുഭാഗം മുറിച്ചുമാറ്റി കാലിലെ വളവ് നികത്തുക തുടങ്ങിയ ശസ്ത്രക്രിയകളും മുട്ടിലെ തേയ്മാനം ഉള്ളവരിൽ ചെയ്യാറുണ്ട്.

ചുരുക്കത്തില്‍,തുടക്കത്തിലേ മനസ്സിലാക്കിയാല്‍, രോഗാവസ്ഥയോട് പുറംതിരിയാതെ നിന്നാല്‍, ശരിയായ വ്യായാമവും വേദന നിയന്ത്രണവും ശാരീരികക്ഷമത ഉറപ്പാക്കലും വഴി നിയന്ത്രണത്തില്‍ നിര്‍ത്താവുന്ന ഒന്നാണ് ഈ തേയ്മാനരോഗം.

ഏതൊരു രോഗത്തിലും എന്നതുപോലെ രോഗത്തെ കുറിച്ചുള്ള ശരിയായ അറിവിന് സന്ധിവാതചികിത്സയിലും വളരെ പ്രാധാന്യമുണ്ട്. ഇത്രയേറെ പേര്‍ സ്വയം ചികിത്സ ചെയ്യുന്ന, പരസ്യങ്ങള്‍ കണ്ട് വഞ്ചിതരാകുന്ന രോഗം ഭൂമിമലയാളത്തില്‍ വേറെയുണ്ടാവില്ല. വേദനസംഹാരികളും, സ്റ്റിറോയ്ഡ്കളും, ഉള്ളടക്കം വെളിപ്പെടുത്താത്ത സ്പൂരിയസ് മരുന്നുകളും, ഓര്‍ത്തോസിസുകളും വരെ പരസ്യങ്ങളുടെ അകമ്പടിയില്‍ വിറ്റഴിക്കപ്പെടുകയാണ്. രോഗത്താല്‍ പ്രയാസപ്പെടുന്ന പല വ്യക്തികളും ഇത്തരം സംഗതികളില്‍ കൈവെച്ച് നിരാശരായവരാണ്. തുടക്കത്തില്‍ സംതൃപ്തി തോന്നിയേക്കാമെങ്കിലും മാര്‍ഗനിര്‍ദ്ദേശങ്ങളില്ലാത്ത സ്വയംചികിത്സ അപകടം തന്നെയാണ്.

വാൽക്കഷ്ണം: വർഷങ്ങൾ പഴക്കമുള്ള ദിനോസറുകളുടെ ഫോസിലുകളിൽ ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ തെളിവുകൾ കണ്ടെത്തിയത് കൊണ്ട് അലൂമിനിയവുമായും, അജിനോമോട്ടോയുമായും, ഫ്രിഡ്ജിൽ വച്ച ഭക്ഷണവുമായും ഇതിനു ബന്ധമില്ലെന്നു ഉറപ്പിച്ചു പറയാം

റിപ്പോർട്ട് തയ്യാറാക്കിയത്: ഇൻഫോക്ലിനിക് ഫേസ്‌ബുക്ക് കൂട്ടായ്മയ്ക്കുവേണ്ടി ഡോ.സബ്ന എസ്, ഡോ. ജാവേദ് അനീസാ, ഡോ. വിശ്വനാഥൻ കെ. എന്നിവരാണ്‌.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍