UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കൃത്രിമ മധുരം രോഗകാരണമാകും വിധം

ഡയറ്റ് സോഡ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മധുരം കലര്‍ത്താത്ത പാനീയങ്ങള്‍ വന്‍തോതിലാണ് വിപണി കീഴടക്കിയത്

ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിന്റെ സമ്മാനമാണ് കൃത്രിമ മധുരപാനീയങ്ങള്‍. രുചികരമായ ചൈനീസ് വിഭവങ്ങള്‍ക്കും ഫ്രൈഡ് ചിക്കന്‍ വൈവിധ്യങ്ങള്‍ക്കുമൊപ്പം മാത്രമല്ല, സിനിമാ തിയേറ്ററുകളിലും കൂട്ടുകാര്‍ക്കൊപ്പമുള്ള കറക്കങ്ങളിലും എന്തിന്, ആശുപത്രി കാന്റീനുകളില്‍ പോലും ദാഹം ശമിപ്പിക്കാന്‍ ഇത്തരം പാനീയങ്ങള്‍ ലഭ്യമാകുന്നതിലാണ് നമ്മുക്ക് പ്രിയം. പ്രായഭേദമന്യേ ഉള്ളൊന്ന് തണുപ്പിക്കാന്‍ കുടിയ്ക്കുന്ന, വിവിധ നിറങ്ങളിലുള്ള പാനീയങ്ങള്‍ അപകടകാരികളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. ഡയറ്റ് സോഡ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മധുരം കലര്‍ത്താത്ത പാനീയങ്ങള്‍ വന്‍തോതിലാണ് വിപണി കീഴടക്കിയത്. ഇവ സമ്മാനിക്കുന്ന വിപത്തുകളില്‍ ക്യാന്‍സര്‍ രോഗസാധ്യത നേരത്തെ ചര്‍ച്ചയായിരുന്നു. എന്നാല്‍, പ്രമേഹരോഗികളെ സൃഷ്ടിക്കുന്നതില്‍ ഡയറ്റ് പാനീയങ്ങള്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയെന്നാണ് പുതിയ കണക്ക്.

പൊണ്ണത്തടിയുള്ളവരിലും വ്യായാമം ഇഷ്ടപ്പെടാത്തവരിലുമാണ് ഇത്തരം പാനീയങ്ങള്‍ ടൈപ്പ് 2 ഡയബറ്റിസ് സാധ്യത വര്‍ധിപ്പിക്കുന്നത്. സ്ഥിരമായി ഇവ ഉപയോഗിക്കുന്നവരില്‍, മറ്റുള്ളവരേക്കാള്‍ 83% പ്രമേഹരോഗ സാധ്യതയുണ്ടെന്ന് ഫ്രാന്‍സില്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചു. ഇവയിലടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ ഇതരരൂപങ്ങള്‍ പ്രമേഹരോഗത്തെ ക്ഷണിച്ചുവരുത്തുന്നതിനും ശരീരഭാരം വര്‍ധിക്കുന്നതിനും കാരണമാകുമെന്ന് ഇന്‍സേമിലെ സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ എപ്പിഡമോളജി ആന്റ് പോപ്പുലേഷന്‍ ഹെല്‍ത്ത് (centre for research in epidemiology and population health) നടത്തിയ പഠനത്തില്‍ വ്യക്തമായി.

പഞ്ചസാരയ്ക്ക് പകരമായി പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ‘അസ്പാര്‍ടേം’ ശരീരത്തിന് ഏറ്റവും അപകടകരമായ നിലയിലാണ് പ്രവര്‍ത്തിക്കുക. ബിസ്‌ക്കറ്റിലും കേക്കിലും ചായയിലും ഉള്‍പ്പെടെ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന അസ്പാര്‍ടേം, ആരോഗ്യം ക്ഷയിക്കുന്നതിനും അമിത ഭാരമുണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട്. കൃത്രിമമധുരപാനീയങ്ങളിലെ പോലെതന്നെ അസ്പാര്‍ടേം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളിലും കാന്‍സര്‍ സാധ്യത തെളിയിക്കപ്പെട്ടുകഴിഞ്ഞു. നേരത്തെ ഇസ്രയേലില്‍ (weizmann institute of science) മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍, കൃത്രിമ മധുരപദാര്‍ഥങ്ങളുടെ ഉപയോഗത്താല്‍, ദഹനത്തിനും രോഗപ്രതിരോധ ശേഷിക്കും സഹായിക്കുന്ന സൂക്ഷ്മകണികകളുടെ നാശവും ന്യൂറോപ്രവര്‍ത്തനങ്ങളുടെ തകരാറും സംഭവിക്കുമെന്ന് കണ്ടെത്തിയിരുന്നു. ചുരുക്കത്തില്‍, കൃത്രിമ മധുരം അസുഖദായകം മാത്രമാണെന്നുള്ള നിഗമനങ്ങള്‍ക്ക് അടിവരയിടുന്ന തരത്തിലാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍