UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പതിവായ ആസ്പിരിന്‍ ഉപയോഗം അര്‍ബുദ സാധ്യത കുറയ്ക്കും

ടോക്സിസിറ്റി വളരെ കുറഞ്ഞതും കുറഞ്ഞ വിലയ്ക്ക് എളുപ്പം ലഭിക്കുന്നതുമായ ആസ്പിരിന്‍, സ്തനാര്‍ബുദം, വന്‍കുടലിലെ അര്‍ബുദം, ശ്വാസകോശ അര്‍ബുദം, പ്രോസ്റ്റേറ്റ് അര്‍ബുദം തുടങ്ങിയവ മൂലമുള്ള മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കും എന്ന് ഈ പഠനം പറയുന്നു.

ആസ്പിരിന്‍ ദിവസവും കഴിക്കുന്നത് ഡോക്ടറെ അകറ്റുമോ ? അകറ്റും എന്നാണ് ഒരു പഠനം പറയുന്നത്. ദീര്‍ഘ കാലമായ ആസ്പിരിന്‍ ഉപയോഗവും വിവിധ തരം അര്‍ബുദവും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് നടത്തിയ പഠനത്തില്‍ ആസ്പിരിന്‍ ദിവസവും കഴിക്കുന്നത് അര്‍ബുദം മൂലമുള്ള മരണം തടയും എന്ന് തെളിഞ്ഞു. പഠനത്തിനായി 1980 മുതല്‍ 2012 വരെ നടത്തിയ നഴ്സസ് ഹെല്‍ത്ത് സ്റ്റഡിയില്‍ പങ്കെടുത്ത 86000 സ്ത്രീകളുടെയും 1986 മുതല്‍ 2012 വരെ നടത്തിയ ഹെല്‍ത്ത് പ്രൊഫഷണല്‍സ് ഫോളോ അപ് സ്റ്റഡിയില്‍ പങ്കെടുത്ത 43000 പുരുഷന്‍മാരുടെയും വിവരങ്ങള്‍ പരിശോധിച്ചു. ഈ 32 വര്‍ഷക്കാലം എണ്ണായിരത്തി ഇരുനൂറിലധികം സ്ത്രീകളും നാലായിരത്തി അറുനൂറിലധികം പുരുഷന്മാരും അര്‍ബുദം മൂലം മരിച്ചു. ആസ്പിരിന്‍ പതിവായി കഴിച്ചവരില്‍ ഇത് കഴിക്കാത്തവരെ അപേക്ഷിച്ച്, മരണനിരക്ക് സ്ത്രീകളില്‍ ഏഴു ശതമാനവും പുരുഷന്മാരില്‍ പതിനൊന്ന് ശതമാനവും കുറവായിരുന്നു. ആസ്പിരിന്‍ പതിവായി കഴിച്ചവരില്‍, ആസ്പിരിന്‍ പതിവായി കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തിയാല്‍ അര്‍ബുദമരണ നിരക്ക് സ്ത്രീകളില്‍ ഏഴു ശതമാനവും പുരുഷന്മാരില്‍ പതിനഞ്ചു ശതമാനവും കുറവാണെന്ന് കണ്ടു.

ആസ്പിരിന്‍ ഉപയോഗവുമായി ഏറ്റവും കൂടുതല്‍ ബന്ധം വന്‍കുടലിലെയും മലാശയത്തിലെയും അര്‍ബുദത്തിനായിരുന്നു. ആസ്പിരിന്‍ കഴിച്ചവരില്‍ വന്‍കുടലിലെ അര്‍ബുദത്തിനുള്ള സാധ്യത സ്ത്രീകള്‍ക്ക് 31 %വും പുരുഷന്മാര്‍ക്ക് 30%വും കുറവായിരുന്നു. സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത 11%കുറയ്ക്കാനും പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് അര്‍ബുദ സാധ്യത 23% കുറയ്ക്കാനും പതിവായ ആസ്പിരിന്‍ ഉപയോഗത്തിന് കഴിഞ്ഞു. പുരുഷന്മാരില്‍ ശ്വാസകോശ അര്‍ബുദത്തിനുള്ള സാധ്യതയും കുറഞ്ഞു. അര്‍ബുദം മൂലവും ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലവും ഉള്ള മരണനിരക്ക് കുറയ്ക്കാന്‍ ആസ്പിരിന്‍ സഹായിക്കുന്നു എന്ന് ഈ പഠനത്തിലൂടെ തെളിഞ്ഞു. ഒരു വ്യക്തി ചെറിയ അളവില്‍ ആസ്പിരിന്‍ പതിവായി കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പ്രത്യേകിച്ചും അയാള്‍ അര്‍ബുദ രോഗി ആണെങ്കില്‍ തീര്‍ച്ചയായും അതിന് മുന്‍പ് വൈദ്യസഹായം തേടണം. ഉദരസംബന്ധമായ രക്തപ്രവാഹമോ കുടല്‍ വ്രണമോ ഉള്ള ആളാണെങ്കില്‍ ദിവസവും ആസ്പിരിന്‍ കഴിക്കുന്നത് ഈ രോഗങ്ങളെ ഗുരുതരമാക്കും. എന്നാല്‍ മറ്റുള്ള എല്ലാവര്‍ക്കും പതിവായ ആസ്പിരിന്‍ ഉപയോഗം ഗുണം ചെയ്യും.

ഹൃദ്രോഗ സാധ്യത ഉള്ളവര്‍ക്കോ ഹൃദ്രോഗവും പക്ഷാഘാതവും ബാധിച്ചവര്‍ക്കോ ആസ്പിരിന്‍ ഗുണകരമാണ്. വേദന ഇല്ലാതാക്കാന്‍ നല്ലൊരു മരുന്നാണിത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ പുരാതന ഈജിപ്തുകാര്‍ വേദനാസംഹാരിയായി ഇത് ഉപയോഗിച്ചിരുന്നു. ഹൃദ്രോഗവും കോളോ റെക്ടല്‍ ക്യാന്‍സറും വരാന്‍ പത്തു ശതമാനത്തിലധികം സാധ്യതയുള്ള, 50നും 69നും ഇടയില്‍ പ്രായമുള്ളവര്‍ പതിവായി ദിവസവും കുറഞ്ഞ അളവില്‍ ആസ്പിരിന്‍ കഴിക്കുന്നത് വന്‍കുടലിലെ അര്‍ബുദവും ഹൃദ്രോഗവും വരാതെ തടയും എന്ന് 2016 ഏപ്രിലില്‍ യു എസ് പ്രിവന്റീവ് സര്‍വീസ് ടാസ്‌ക് ഫോഴ്സ് നിര്‍ദേശിച്ചിരുന്നു. അര്‍ബുദ മരണങ്ങള്‍ ഉള്‍പ്പെടുത്തി ഈ രംഗത്തെ ഗവേഷണം തുടരാന്‍ കഴിയും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ. വിവിധ തരം അര്‍ബുദം ബാധിച്ചവരില്‍ ഏത് പ്രത്യേക വിഭാഗത്തിനാണ് ആസ്പിരിന്‍ ഉപയോഗം കൂടുതല്‍ ഗുണം ചെയ്യുന്നത് എന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും പഠനസംഘം അഭിപ്രായപ്പെട്ടു.

ആസ്പിരിന്‍ ഉപയോഗം അര്‍ബുദ മരണം കുറയ്ക്കും എന്നതിന് ഈ പഠനം ശക്തമായ തെളിവ് നല്‍കുന്നു. ടോക്സിസിറ്റി വളരെ കുറഞ്ഞതും കുറഞ്ഞ വിലയ്ക്ക് എളുപ്പം ലഭിക്കുന്നതുമായ ആസ്പിരിന്‍, സ്തനാര്‍ബുദം, വന്‍കുടലിലെ അര്‍ബുദം, ശ്വാസകോശ അര്‍ബുദം, പ്രോസ്റ്റേറ്റ് അര്‍ബുദം ഇവ മൂലമുള്ള മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കും എന്ന് ഈ പഠനം പറയുന്നു. മസാച്യുസെറ്റ്സ് ജനറല്‍ ഹൊസ്പിറ്റലിലെ മെഡിസിന്‍, ക്ലിനിക്കല്‍ ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ എപിഡെമിയോളജി യൂണിറ്റിലെ ഇന്‍സ്ട്രക്ടര്‍ ആയ യിന്‍ കാവോയുടെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനം, വാഷിങ്ടണില്‍ നടന്ന അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസേര്‍ച്ചിന്റെ മീറ്റിംഗില്‍ അവതരിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍