UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഇത്തവണ വേനല്‍ കഠിനമാകും; ഉഷ്ണകാലരോഗങ്ങള്‍ക്ക് അതിവേഗം അടിമപ്പെടാതിരിക്കാന്‍ ആയുര്‍വേദ പരിഹാരം

ജലത്തിലൂടേയും വായുവിലൂടേയും പകരുന്ന രോഗങ്ങളും പലതരത്തിലുള്ള പനികളും മറ്റുമാണ് വേനല്‍ക്കാലത്ത് സാധാരണയായി കണ്ടുവരാറുള്ളത്. മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, അതിസാരം തുടങ്ങിയ രോഗങ്ങളും ഇക്കാലത്ത് കൂടുതലായി കണ്ടുവരുന്നു.

നാടും നഗരവും ഒന്നാകെ തന്നെ കൊടും ചൂടിന്റെ വിഷമതകളിലേക്ക് അതിദ്രുതം അടുക്കുകയാണ് . ഇക്കുറി വേനല്‍ കഠിനമാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. നാടിനെ നടുക്കി കഴിഞ്ഞവര്‍ഷത്തെ പ്രളയം കടന്നുപോയപ്പോള്‍ തന്നെ വരാനിരിക്കുന്ന കൊടുംവേനലിനെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഇതിനകം തന്നെ വേനലിന്റെ കെടുതികള്‍ പുറത്തുവന്നു കഴിഞ്ഞു. ചൂട് കൂടുന്നതോടെ പലവധി രോഗപീഢകളും പടരും. ഇത് മുന്‍നിര്‍ത്തി ജീവിതചര്യകളിലും ഭക്ഷണക്രമത്തിലുമൊക്കെ എല്ലാവരും ശ്രദ്ധചെലുത്തണം.

വേനല്‍ കഠിനമാകുന്നതോടെ വലിയ തോതില്‍ ജലക്ഷാമം അനുഭവപ്പെടും. ഇതോടെ വെള്ളം ദുഷിക്കും. പ്രകൃതി പൊതുവില്‍ ദുഷിക്കുമെന്നും പറയാം. ഇതാണ് രോഗങ്ങള്‍ പടര്‍ന്ന് പിടിയ്ക്കുന്നതിനു കാരണം. ജലത്തിലൂടേയും വായുവിലൂടേയും പകരുന്ന രോഗങ്ങളും പലതരത്തിലുള്ള പനികളും മറ്റുമാണ് വേനല്‍ക്കാലത്ത് സാധാരണയായി കണ്ടുവരാറുള്ളത്. മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, അതിസാരം തുടങ്ങിയ രോഗങ്ങളും ഇക്കാലത്ത് കൂടുതലായി കണ്ടുവരുന്നു. ആയൂര്‍വേദത്തിന്റെ അടിസ്ഥാനമായ ത്രിദോഷങ്ങളില്‍ പിത്തപ്രകൃതിയുള്ള ശരീരങ്ങളാണ് ഉഷ്ണകാല രോഗങ്ങള്‍ക്ക് അതിവേഗം അടിപ്പെടുക. ഇത്തരക്കാരില്‍ വെയിലേല്‍ക്കുമ്പോള്‍ തന്നെ മുഖവും മറ്റും വല്ലാതെ കറുക്കുക, പൊള്ളലേല്‍ക്കുക തുടങ്ങിയ അവസ്ഥകള്‍ രൂപപ്പെടും. പിത്ത പ്രകൃതമുള്ളവര്‍ കൂടുതല്‍ വിയര്‍ക്കുന്നവരായിരിക്കും. ഇവരുടെ വിയര്‍പ്പിന് ദുര്‍ഗന്ധവും ഉണ്ടായിരിക്കും.

വേനല്‍ക്കാലത്ത് പിത്തകോപം മൂലമുണ്ടാകുന്ന രോഗങ്ങള്‍ ശമിപ്പിക്കുന്നതിനുള്ള ചികിത്സകളും ഔഷധങ്ങളുമാണ് നല്‍കുക. സാമാന്യേന ശീത വീര്യങ്ങളായ ഔഷധങ്ങള്‍ അകത്തേയ്ക്കും പുറത്തേയ്ക്കും നല്‍കുക എന്നതാണ് ഇതിനായി ചെയ്യുന്നത്. ഷഡംഗം എന്ന ആറുകൂട്ടം ചേര്‍ന്ന ഔഷധങ്ങങ്ങളാണ് ഉഷ്്ണകാല വ്യാധികള്‍ ശമിപ്പിക്കുന്നതിനായി പ്രയോഗിക്കുന്നത്. മുത്തങ്ങ,ചുക്ക്, ചന്ദനം, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം-ഈ ആറുകൂട്ടം മരുന്നുകളാണ് ഷഡംഗം എന്ന് അറിയപ്പെടുന്നത്. ഇവ ചേര്‍ന്ന ഔഷധങ്ങള്‍ ശരീരത്തിന് പുറത്തേയ്ക്കും അകത്തേയ്ക്കും നല്‍കണം. രാമച്ചം, ചന്ദനം തുടങ്ങിയവ ശരീരത്തില്‍ അരച്ച് പുരട്ടും. ഇവ ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് കുടിയ്ക്കുകയും ചെയ്യാം. ഇത്തരം ഔഷധങ്ങള്‍ ചേര്‍ത്ത് വൈദ്യരതനം ഔഷധശാല വികസിപ്പിച്ചെടുത്ത് വിപണിയില്‍ എത്തിച്ചിരിക്കുന്ന പാനാമൃതം ദാഹശമനി ഉഷ്്ണകാല രോഗങ്ങളെ ചെറുക്കുന്നതില്‍ ഉത്തമമാണ്.

നിര്‍ജലീകരണം, മൂത്രനാളിയിലെ അണുബാധ തുടങ്ങിയ രോഗാവസ്ഥകള്‍ ഒഴിവാക്കാനായി ധാരാളം വെള്ളം കുടിയ്ക്കണം, മല്ലി, ജീരകം, ചുക്ക് ഇവ സമം ചേര്‍ത്ത് ചതച്ചിട്ട വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നത് ഉദരരോഗങ്ങള്‍ വരാതിരിക്കാനും ദീപനശക്തി വര്‍ധിയ്ക്കുന്നതിനും സഹായകമാണ്. വേനല്‍ക്കാലം ത്വക്ക് രോഗങ്ങള്‍ വര്‍ധിയ്ക്കുന്ന കാലമാണ്. തണുപ്പുള്ള ഔഷധങ്ങള്‍ ഇട്ട് പാകം ചെയ്ത തൈലങ്ങള്‍ ദേഹത്ത് പുരട്ടി അര മണിക്കൂര്‍ മുതല്‍ മുക്കാല്‍ മണിക്കൂര്‍വരെ ഇരിക്കുന്നത് വി്വിധ തരത്തിലുള്ള ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഉത്തമമാണ്. വെളിച്ചെണ്ണയിലും എള്ളെണ്ണയിലും മറ്റും ഇത്തരത്തിലുള്ള തൈലങ്ങള്‍ തയാറാക്കാറുണ്ട്. ഓരോരുത്തരുടേയും ശരീരത്തിന്റെ സ്വഭാവം കണക്കിലെടുത്ത് വേണം ഏത് തരത്തിലുള്ള തൈലം വേണമെന്ന കാര്യം നിശ്ചയിക്കാന്‍.

വേനല്‍ക്കാലത്ത് ഫലവര്‍ഗങ്ങള്‍ അധികമായി കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. നാരങ്ങ, മാതളനാരങ്ങ, മുന്തിരിങ്ങ പോലുള്ളവ ദിവസേന ഭക്ഷിക്കുന്നത് നന്നായിരിക്കും. ആയൂര്‍വേദം വേനല്‍ക്കാലത്തേയ്ക്ക് പ്രത്യേക ചര്യകള്‍ ഒക്കെ പറയുന്നുണ്ട്. പണ്ട് കാലത്ത് വേനല്‍ കടുക്കുന്നതോടെ കുളിക്കുന്നതിനായി താമരക്കുളങ്ങളും മറ്റും അധികമായി ഉണ്ടാക്കിയിരുന്നു. അതുപോലെ വള്ളികള്‍ കൊണ്ടുപടര്‍പ്പുകള്‍ ഉണ്ടാക്കി അതിനകത്ത് ഇരിയ്ക്കുക തുടങ്ങിയ കാര്യങ്ങളും കൊടും ചൂടിനെ പ്രതിരോധിക്കുന്നതിനുവേണ്ടി പണ്ടുള്ളവര്‍ ചെയ്ത് വന്നിരുന്നു. കാലം മാറുന്നതിന് അനുസരിച്ച് പുതിയ തരത്തിലെ പ്രതിരോധ മാര്‍ഗങ്ങളും രൂപപ്പെടുത്തുന്നു. ചൂട് കഠിനമാകുന്ന പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നുവരെ പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണമൊക്കെ ഇപ്പോള്‍ പറയുന്നതും ചൂടിന്റെ ആഘാതം കുറച്ച് കൊണ്ടുവരുന്നതിനായിട്ടാണ്.

 

 തയ്യറാക്കിയത് : ഡോ. കെ.വി. രാമന്‍കുട്ടി വാര്യര്‍(ചീഫ് മെഡിക്കല്‍ ഓഫീസര്‍, വൈദ്യരത്നം ആയൂര്‍വേദ ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍, തൈക്കാട്ടുശ്ശേരി, തൃശൂര്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍