UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഡെങ്കിപ്പനിയ്ക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത മരുന്നുമായി ആയുഷ് മന്ത്രാലയം

ആരോഗ്യ ഉപദേഷ്ടാക്കള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ചികിത്സ നിര്‍ദ്ദേശിക്കുകയല്ലെന്നും ഗ്ലോബല്‍ ഹെല്‍ത്ത് ആന്‍ഡ് പോളിസിയില്‍ ഗവേഷകനായ ആനന്ദ് ഭാന്‍

ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ ബദല്‍ ഔഷധങ്ങള്‍ പ്രഖ്യാപിച്ച് ആയുഷ് മന്ത്രാലയം. രണ്ടാഴ്ചയ്ക്ക് മുമ്പാണ് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ഔഷധങ്ങള്‍ ആയുഷ് മന്ത്രാലയം ശുപാര്‍ശ ചെയ്തത്. ഈ രോഗങ്ങളുടെ ലക്ഷണമായ പനി, സന്ധിവേദന എന്നിവയുണ്ടാകുമ്പോള്‍ ചെയ്യേണ്ട മരുന്നുകളാണ് ആയുഷ് മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്.

അതേസമയം ഇതിലൂടെ സര്‍ക്കാര്‍ സ്വയം ചികിത്സയാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് ശാസ്ത്രീയമായ പിന്‍ബലമൊന്നുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആയുര്‍വേദം, യോഗയും പ്രകൃതി ചികിത്സയും, യുനാനി, സിദ്ധ വൈദ്യം, ഹോമിയോപ്പതി എന്നിവയുടെ വികസനവും വ്യാപനവുമാണ് ആയുഷ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പരമ്പരാഗത ചികിത്സ ഉറപ്പാക്കുന്നതിനായി ആയുഷ് വകുപ്പിന്റെ അധികാരപരിധിയില്‍ അഞ്ച് കൗണ്‍സിലുകള്‍ ഇവയ്ക്കായി പ്രവര്‍ത്തിക്കുന്നു. ഈ കൗണ്‍സിലുകളുടെയെല്ലാം നിര്‍ദ്ദേശങ്ങളാണ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

സര്‍ക്കാര്‍ ഇത്തരത്തിലൊരു മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിയ്ക്കുമെന്ന് അലോപതി ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നില്ല. ആരോഗ്യ ഉപദേഷ്ടാക്കള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ചികിത്സ നിര്‍ദ്ദേശിക്കുകയല്ലെന്നും ഗ്ലോബല്‍ ഹെല്‍ത്ത് ആന്‍ഡ് പോളിസിയില്‍ ഗവേഷകനായ ആനന്ദ് ഭാന്‍ പറയുന്നു. ആരെങ്കിലും ആശയക്കുഴപ്പത്താല്‍ വിവിധ കൗണ്‍സിലുകള്‍ പുറത്തുവിട്ട നിര്‍ദ്ദേശങ്ങള്‍ ഒരാള്‍ ഒരുമിച്ച് പാലിച്ചാല്‍ അതിന് പാര്‍ശ്വഫലങ്ങളുണ്ടാകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഇത് ആദ്യമായാല്ല സര്‍ക്കാര്‍ പകര്‍ച്ചപ്പനികള്‍ ബദല്‍ ഔഷധങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത്. 2013ല്‍ ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും പടര്‍ന്നുപിടിച്ചപ്പോള്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പും ആയുഷ് വകുപ്പും ചേര്‍ന്ന് സിദ്ധ വൈദ്യത്തിലെ ഔഷധമായ നിലവെമ്പു കുടിനീര്‍ എന്ന പ്രതിരോധ ചികിത്സ ലഭ്യമാക്കിയിരുന്നു. ഈ ഔഷധം രോഗം മൂര്‍ച്ഛിക്കുന്നതിനെ തടയുമെന്ന് തെളിയിക്കപ്പെട്ടിരുന്നെന്ന് സെന്റര്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ സിദ്ധ അസിസ്റ്റന്റ് ഡയറക്ടറും തമിഴ്‌നാട്ടില്‍ ഡെങ്കി നിയന്ത്രണ പ്രോഗ്രാം മേധാവിയുമായ ഡോ. പി സത്യ രാജേശ്വരന്‍ പറയുന്നു. പന്നിപ്പനി, എലിപ്പനി എന്നിവ പ്രതിരോധിക്കാനും ഈ മരുന്ന് ഫലപ്രദമാണെന്നാണ് അദ്ദേഹം പറയുന്നത്.

ചിക്കുന്‍ഗുനിയയെ പ്രതിരോധിക്കാനുള്ള ചികിത്സകള്‍ പേരെടുത്ത് പറഞ്ഞാണ് ഇത്തവണ സെന്റര്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ സിദ്ധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കിയിരിക്കുന്നത്. ആറ് വ്യത്യസ്ത തരത്തില്‍ സിദ്ധ ഔഷധങ്ങളാണ് പനി, സന്ധി വേദന എന്നിവയ്ക്ക് നിര്‍ദ്ദേശിക്കുന്നത്. മരുന്നുകളുടെ കൃത്യമായ അളവും സമയക്രമങ്ങളും എല്ലാം വിശദീകരിക്കുന്നു. ഈ മരുന്നുകള്‍ ആയുഷ് മന്ത്രാലയത്തിന്റെ അനുമതിയുള്ളവയും ഇന്ത്യയില്‍ വില്‍ക്കുന്നവയുമാണ്.

ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ഈ മരുന്നുകള്‍ക്ക് ഇതുവരെയും പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് രാജേശ്വരന്‍ പറയുന്നത്. അതേസമയം ഈ മരുന്നുകളുടെ ഫലസിദ്ധി പരിശോധിക്കാന്‍ വൈദ്യശാസ്ത്രപരമായ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സിദ്ധ സാഹിത്യത്തിലെ പരാമര്‍ശങ്ങള്‍ അനുസരിച്ച് മാത്രമാണ് ഇവ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഈവര്‍ഷത്തെ ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി കേസുകളുടെ സാഹചര്യത്തിലാണ് ഇവയെ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം ഇറക്കിയിരിക്കുന്നതെന്ന് ആയുഷ് ഡയറക്ടര്‍ ഫ്രാങ്ക്‌ളിന്‍ എല്‍ ഘോബംഗ് അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് 20 വരെ രാജ്യത്ത് 22,000 ചിക്കുന്‍ഗുനിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഡെങ്കിപ്പനി പിടിച്ചവരുടെ എണ്ണം 36,000 ആണ്. ഈ മരുന്നുകള്‍ ജനകീയമാക്കുക എന്ന ലക്ഷ്യം അധികൃതര്‍ക്കുണ്ടോയെന്ന ചോദ്യത്തിന് ഘോബാംഗ് ജനങ്ങള്‍ക്ക് ചികിത്സ തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഘോബംഗ് അറിയിച്ചു. അതേസമയം ഈ മരുന്നുകള്‍ ശുപാര്‍ശ ചെയ്യുന്നതിന് മുമ്പ് ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച ഗവേഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.

അതേസമയം സ്‌ക്രോള്‍.ഇന്‍ നടത്തിയ അന്വേഷണത്തില്‍ ആയുഷ് മന്ത്രാലയത്തിന്റെ അഞ്ച് കൗണ്‍സിലുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ കൗണ്‍സിലുകളുടെ മേധാവികളുമായുള്ള അഭിമുഖങ്ങളില്‍ ഈ ശുപാര്‍ശകള്‍ക്ക് അടിസ്ഥാനമായ തൃപ്തികരമായ കാരണങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നവ തന്നെയാണ് ചിക്കുന്‍ഗുനിയയുടെ ലക്ഷണങ്ങളെന്നാണ് സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് ഡയറക്ടര്‍ ജനറല്‍ പ്രൊഫസര്‍ കെഎസ് ധിമാന്‍ പറഞ്ഞത്. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന മറ്റൊരു രോഗത്തിന്റെ ലക്ഷണങ്ങളും ചിക്കുന്‍ഗുനിയയുടെ ലക്ഷണങ്ങളും തുല്യമാണെന്നാണ് അദ്ദേഹം പറയുന്നത്. അതിനാലാണ് ഈ ഔഷധങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമ്പരാഗത അറിവുകളെ അടിസ്ഥാനമാക്കിയാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപതി ഡയറക്ടര്‍ ആര്‍കെ മഞ്ചന്ദ പറയുന്നു. അതേസമയം ഔഷധ പരിശോധനതളൊന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് അദ്ദേഹം പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍