UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ബേബി മെമ്മോറിയല്‍ ആശുപത്രി നിപ ബാധിതരെ പരിചരിച്ച നഴ്സുമാരെ പിരിച്ചുവിട്ടെന്ന് ആരോപണം

നിപയുമായി ബന്ധമില്ലെന്ന് ആശുപത്രി അധികൃതര്‍

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്ന് നിപ ബാധിതരുമായി അടുത്ത് ഇടപഴകിയതിനെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ള നഴ്‌സുമാരെ പിരിച്ച് വിട്ടതായി ആരോപണം. അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്ത് വന്നിരുന്ന മൂന്ന് ട്രെയിനി നഴ്‌സുമാര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. ട്രെയിനികളായിരിക്കുന്ന നഴ്‌സുമാരെ ശമ്പള പരിഷ്‌കരണം വന്നപ്പോള്‍ പിരിച്ച് വിടാനുള്ള നീക്കത്തിന്റെ ഭാഗമായി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയ്തതാണിതെന്നും, ശമ്പള പരിഷ്‌കരണത്തില്‍ നിന്ന് രക്ഷപെടാനായി ആദ്യം തന്നെ ഇവിടെ ബെഡുകളുടെ എണ്ണം വെട്ടികുറച്ച് 800ല്‍ നിന്നും 500ല്‍ താഴെയാക്കിയിട്ടുണ്ടെന്നും യുഎന്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് സൂനീഷ് ആരോപിച്ചു.

കൂടാതെ ജോലി സ്ഥിരമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഇന്റര്‍വ്യൂയില്‍ യുഎന്‍എ അംഗത്വം ഉള്ളവര്‍ക്ക് മാത്രമായി പ്രത്യേകം കഠിനമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയെന്നും സൂനീഷ് പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്‌കരണം ഇത് വരെ ബേബി മെമ്മോറിയലില്‍ നടപ്പാക്കിയിട്ടില്ല. ഇതിന്റെ ഭാഗമായി അവര്‍ സ്റ്റാഫുകളുടെ എണ്ണം വെട്ടിക്കുറക്കുകയാണ്. പിരിച്ച് വിടുന്നതോടൊപ്പം പുതിയ ആളുകളെ ട്രെയിനികളായി തന്നെയാണ് നിയമിക്കുന്നത്. ഇത് വഴി അവര്‍ക്ക് ശമ്പളം പരിഷ്‌കരണം ഇല്ലാതെ തന്നെ തുച്ഛമാ ശമ്പളത്തില്‍ ആളുകളെ ജോലി ചെയ്യിപ്പിക്കാന്‍ സാധിപ്പിക്കുമെന്നും സൂനീഷ് വ്യക്തമാക്കി.

അതേസമയം നിപ ബാധിതരെ പരിചരിച്ച നഴ്‌സുമാരെ ഇന്‍കുബേഷന്‍ പീരിയഡ് കഴിയുന്നതിന് മുന്നെ പുറത്താക്കുന്നത് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള തികച്ചും നിരുത്തരവാദിത്തപരമായ സമീപനമാമെണെന്നും യുഎന്‍എ അഭിപ്രായപെട്ടു. ഹോസ്പിറ്റല്‍ മാനേജ്‌മെന്റുമായി യുഎന്‍എ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്നാണ് മാനേജ്‌മെന്റെ അറിയിച്ചതെന്നും സുനീഷ് പറയുന്നു. പിരിച്ച് വിട്ടവരെ തിരിച്ചെടുക്കുക, ശമ്പള പരിഷ്‌കരണം അടിയന്തിരമായി നടപ്പാക്കുക എന്നി ആവശ്യങ്ങളാണ് യുഎന്‍എ മാനേജ്‌മെന്റിന് മുന്നില്‍ വെച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനകം തീരുമാനമെടുക്കാത്ത പക്ഷം ശക്തമായ സമര മാര്‍ഗങ്ങളുമായി മുന്നോട്ട് പോകാനാണ് യുനൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ തീരുമാനം.

നിപ ബാധ ആദ്യം തിരിച്ചറിഞ്ഞ ഡോക്ടര്‍ അനൂപിനൊപ്പം അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്ത നഴ്‌സുമാരാണിവര്‍. ഇപ്പോള്‍ നിപ ബാധയുടെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലുളളവരുമാണ്. ഇവരെ പുറത്താക്കുന്നതിലൂടെ നിപ കണ്ടുപിടിച്ചെന്ന് കൊട്ടിഘോഷിച്ചത് ഇവരുടെ കച്ചവട തന്ത്രമാണെന്ന് തെളിഞ്ഞെന്നും ആരോപണങ്ങളുയരുന്നുണ്ട്. തുടര്‍ന്ന് ആശുപത്രിയില്‍ ആളുകള്‍ കുറഞ്ഞതിനാലാണ് ഇത്തരമൊരു നീക്കവുമായി ആശുപത്രി അധികൃതര്‍ മുന്നോട്ട് വന്നെതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

അതേസമയം ഈ ആരോപണങ്ങളെ മുഴുവന്‍ തള്ളിക്കളയുന്ന രീതിയിലാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ട്രെയിനിങ്ങിലുള്ള നഴ്‌സുമാരുടെ പെര്‍ഫോമന്‍സ് അനുസരിച്ചാണ് ജോലി സ്ഥിരപ്പെടുത്തുന്നതെന്നും, ഇതൊരു അഡ്മിനിസ്ട്രേറ്റീവ് കാര്യം മാത്രമാണെന്നുമാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.ഇത് എല്ലാ വര്‍ഷവും നടക്കുന്നതാണ്. എച്ച് ആര്‍ നിയമങ്ങള്‍ അനുസരിച്ച് നടക്കുന്ന കാര്യം മാത്രമാണിതെന്നും ബേബി ഹോസ്പിറ്റല്‍ പിആര്‍ മാനേജര്‍ സലീല്‍ ശങ്കര്‍ പറയുന്നു. നിപയുമായി ഇതിനൊരു ബന്ധവുമില്ലെന്നാണ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന്റെ വാദം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ജീവന് വില പറയുന്ന ബേബി മെമ്മോറിയലുകാര്‍ക്ക് മനസിലാകില്ല ഈ കഫീല്‍ ഖാന്‍മാരുടെ ‘ഉറക്കം കെടല്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍