ടെലി മെഡിസിന്‍ സംവിധാനം, സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനടക്കമുള്ള ഇ-ടോയ്‌ലറ്റ് സംവിധാനങ്ങളെല്ലാം ഈ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രത്യേകത
പഴകിത്തേഞ്ഞ ചുവരുകളും ഉപയോഗശൂന്യമായ ചികിത്സോപകരണങ്ങളും വിരലിലെണ്ണാവുന്ന സന്ദര്‍ശകരുമുള്ള സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കഥകളാണ് പലപ്പോഴും നാം കേള്‍ക്കാറ്. എന്നാല്‍ വയനാട് നൂല്‍പ്പുഴ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും അവിടുത്തെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദാഹര്‍ മുഹമ്മദിനും കേരളത്തോട് പറയാനുള്ളത് മറ്റൊരു കഥയാണ്.
നാലില്‍ മൂന്നു ഭാഗവും കാടായ, ജനസംഖ്യയിലെ അന്‍പതു ശതമാനവും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരായ നൂല്‍പ്പുഴ പഞ്ചായത്തില്‍, ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നത് ഇപ്പോള്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമായി സ്ഥാനക്കയറ്റം കിട്ടിയിട്ടുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തെയാണ്. മികച്ച ഓ.പി സംവിധാനവും, കിടത്തി ചികിത്സാ സൗകര്യങ്ങളും ഇ-ഹെല്‍ത്ത് പദ്ധതിയും തുടങ്ങി കുട്ടികള്‍ക്കു വേണ്ടിയുള്ള കളിസ്ഥലം വരെ ഒരുക്കി, ഒരു പ്രദേശത്തെ പട്ടിക വിഭാഗക്കാര്‍ക്കെല്ലാം സമഗ്രമായ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രം പക്ഷേ, ഇപ്പോഴത്തെ അവസ്ഥയിലെത്തിയിട്ട് അധികകാലമായിട്ടില്ല.
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ ചുമതലയേല്‍ക്കുന്ന കാലത്ത് മറ്റേത് ആരോഗ്യ കേന്ദ്രത്തെയും പോലുള്ള ബുദ്ധിമുട്ടുകള്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രവും അഭിമുഖീകരിച്ചിരുന്നുവെന്ന് ഡോ. ദാഹര്‍ മുഹമ്മദ് പറയുന്നു.‘ഇത്രയും പിന്നാക്കം നില്‍ക്കുന്ന ഒരു ഗ്രാമപഞ്ചായത്തിന് എങ്ങിനെ എന്നെ സഹായിക്കാനാകും എന്നായിരുന്നു സെന്റര്‍ നവീകരണത്തിന്റെ പദ്ധതിയുമായി പഞ്ചായത്ത് ഓഫീസിലെത്തുമ്പോള്‍ എന്റെ ചിന്ത. എന്നാല്‍, അതുണ്ടാകേണ്ടത് ജനങ്ങളുടെ ആവശ്യമായിക്കണ്ട് അവര്‍ കൂടെനിന്നു. അങ്ങിനെയാണ് പൂര്‍ണമായ അര്‍ത്ഥത്തില്‍ പഞ്ചായത്തു ഫണ്ടുകളുപയോഗിച്ച് ഇ-ഹെല്‍ത്ത് പദ്ധതി വരെ നടപ്പില്‍ വരുത്തിയ കേരളത്തിലെ ആദ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രമായി നൂല്‍പ്പുഴയിലേത് മാറുന്നത്. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലായി ഏകദേശം ഒന്നരക്കോടി രൂപയാണ് പഞ്ചായത്ത് സെന്ററിനു വേണ്ടി വകയിരുത്തിയിട്ടുള്ളത്.’
പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്ത ഒ.പി സംവിധാനമാണ് ഇന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലുള്ളത്. സെന്ററിലെത്തുന്ന ഓരോ രോഗിയുടെയും ആരോഗ്യവിവരങ്ങളും മറ്റും രേഖപ്പെടുത്തപ്പെടുന്നു. ഇത്തരത്തിലുള്ള പരിശോധനകള്‍ക്കു ശേഷമാണ് രോഗി ഡോക്ടറുടെ അടുത്തെത്തുന്നത്. അതിനുള്ളില്‍ത്തന്നെ ഡോക്ടര്‍ക്ക് രോഗവിവരങ്ങള്‍ കമ്പ്യൂട്ടറൈസ്ഡ് സംവിധാനം വഴി കൃത്യമായി അറിയാന്‍ സാധിക്കും. ബാര്‍കോഡുള്ള ഒ.പി ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനാല്‍ ഡോക്ടറുടെ കുറിപ്പടിയുമായി രോഗി ഫാര്‍മസിയിലെത്തുമ്പോള്‍ത്തന്നെ മരുന്നു വിവരങ്ങളും അവിടെ രേഖപ്പെടുത്തപ്പെട്ടിരിക്കും. ഇത്തരത്തില്‍ ഡോക്ടര്‍ക്ക് കൂടുതല്‍ സംവേദനക്ഷമതയോടെ രോഗികളുമായി ഇടപെടാന്‍ സാധിക്കുന്ന സംവിധാനമാണ് ചെറിയൊരു ‘സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രി’ തന്നെയായ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലുള്ളത്.
അത്യാധുനിക ഉപകരണങ്ങളോടു കൂടിയ ലാബ് സിസ്റ്റം, ശീതികരിച്ച ഫാര്‍മസിയില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തുന്ന സംവിധാനങ്ങള്‍, മികച്ച സൗകര്യങ്ങളോടു കൂടിയ കിടത്തി ചികിത്സാ വിഭാഗം, മാനന്തവാടി ആശുപത്രി പോലുള്ള മറ്റിടങ്ങളിലെ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനം ആദിവാസി വിഭാഗക്കാര്‍ക്ക് നൂല്‍പ്പുഴയില്‍ത്തന്നെ ലഭ്യമാക്കുന്ന ടെലി മെഡിസിന്‍ സംവിധാനം, സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനടക്കമുള്ള ഇ-ടോയ്‌ലറ്റ് സംവിധാനങ്ങള്‍ എന്നിവയെല്ലാമാണ് ഡോ. ദാഹിറും അദ്ദേഹത്തിന്റെ സംഘവും ചേര്‍ന്ന് രണ്ടു വര്‍ഷത്തെ കഠിനാധ്വാനത്തിനൊടുവില്‍ കെട്ടിപ്പടുത്തിരിക്കുന്നത്.
മറ്റു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ ശ്രദ്ധിക്കാത്ത പല കാര്യങ്ങളിലും നൂല്‍പ്പുഴയിലെ സംഘം മനുഷ്യത്വപരവും ക്രിയാത്മകവുമായ ഇടപെടല്‍ നടത്തുന്നുണ്ട്. കേന്ദ്രത്തോടു ചേര്‍ന്ന് കുട്ടികള്‍ക്കായി ഒരുക്കിയ ഒരു കളിസ്ഥലമുണ്ട്. മാതാപിതാക്കള്‍ ചികിത്സയ്‌ക്കെത്തുമ്പോള്‍ ഒപ്പമെത്തുന്ന കുട്ടികള്‍ ആശുപത്രി വരാന്തകളില്‍ കറങ്ങിനടന്ന് രോഗബാധിതരാകരുതെന്ന് ഇവര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. ആ ചിന്തയുടെ പുറത്ത് കുട്ടികള്‍ക്കായി ഒരുക്കിയ കളിസ്ഥലത്ത് ഇപ്പോള്‍ സായാഹ്നങ്ങളില്‍ ആദിവാസി ഊരുകളില്‍ നിന്നും കുട്ടികളെത്തി കളിക്കുക വരെ ചെയ്യുന്നു.
ഊരുകളിലെത്തി ചികിത്സ നല്‍കുന്ന മൊബൈല്‍ യൂണിറ്റുകളുമുള്ള ആരോഗ്യ കേന്ദ്രത്തിന്റെ ഇനിയുള്ള ശ്രമം, വീടുകളില്‍ നിന്നുള്ള പ്രസവം ആദിവാസികള്‍ക്കിടയില്‍ കുറയ്ക്കാനാണ്. അതിനായി ആദിവാസി സെറ്റില്‍മെന്റുകള്‍ക്കു സമാനമായ മണ്‍വീടുകള്‍ ആശുപത്രിയോടു ചേര്‍ന്ന് നിര്‍മിച്ച്, ഗര്‍ഭിണികളെ കൂടുതല്‍ ശ്രദ്ധ കിട്ടുന്ന തരത്തില്‍ അങ്ങോട്ടു മാറ്റാനുള്ള പദ്ധതി ചിന്തയിലുണ്ടെന്ന് ഡോ. ദാഹിര്‍ പറയുന്നു. സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഫണ്ടുകളും നിയമിക്കപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കഴിവും ഫലപ്രദമായി ഉപയോഗിച്ചാല്‍, ഏതൊരു സ്വകാര്യ ആശുപത്രിയോടും കിടപിടിക്കുന്ന സൗകര്യങ്ങള്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലു കൊണ്ടുവരാമെന്നതിന്റെ ദൃഷ്ടാന്തമാണ് നൂല്‍പ്പുഴയിലുള്ളത്.
കഴിഞ്ഞ ദിവസം ലഭിച്ച, ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമെന്ന ഖ്യാതിയില്ലായിരുന്നെങ്കില്‍, ഒരു പക്ഷേ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കഥ ആരുമറിയാതെ പോയേനെ. എങ്കിലും, ആദിവാസി ഊരുകളില്‍ മികച്ച ആരോഗ്യ പരിരക്ഷ എത്തിക്കുക എന്ന സ്വയമേറ്റെടുത്ത ദൗത്യത്തില്‍ നിന്നും ഇവര്‍ പിന്മാറുകയില്ലായിരുന്നുവെന്നുറപ്പാണ്.