UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കറുപ്പ് നിറം പടര്‍ന്ന വാഴപ്പഴം കഴിക്കാറുണ്ടോ?

കറുത്ത വാഴപ്പഴം കഴിക്കുന്നത് ക്യാന്‍സറിനെ ചെറുക്കാന്‍ വരെ സഹായിക്കും

വാഴപ്പഴത്തിന് മനുഷ്യരുടെ ആരോഗ്യകാര്യത്തില്‍ ഉള്ള പങ്ക് വളരെ വലുതാണ്. ആരോഗ്യ കാര്യത്തില്‍ വാഴപ്പഴത്തിന്റെ ഗുണങ്ങള്‍ക്കും അതിരില്ല. ശരീരത്തിന് നല്‍കുന്ന പോഷണത്തിന് പുറമെ വയര്‍ നിറഞ്ഞതായുള്ള തോന്നലും പഴം കഴിച്ചാല്‍ ഉണ്ടാവും. അമിതാഹാരത്തിന് തടയിടാന്‍ വാഴപ്പഴം ശീലമാക്കുന്നത് സഹായിക്കും. വിറ്റാമിന്‍, ന്യൂട്രിയന്‍സ്, ഫൈബര്‍ എന്നിവയെല്ലാം വാഴപ്പഴത്തില്‍ ധാരാളമായുണ്ട്. ഇവ തിരിച്ചറിഞ്ഞത് കൊണ്ടാണ് അമേരിക്കയില്‍ ആപ്പിളിനും ഓറഞ്ചിനും മുകളില്‍ പഴം വിറ്റുപോകുന്നത്.

നല്ല മഞ്ഞ തൊലിയുമായി പാകത്തിന് പഴുത്ത പഴമാണ് എല്ലാവര്‍ക്കും ഇഷ്ടം. തൊലിപ്പുറത്ത് കറുത്ത പാടുകള്‍ കണ്ട് തുടങ്ങുന്നത് തന്നെ പലര്‍ക്കും ഇഷ്ടമല്ല. നന്നായി കറുത്താല്‍ ചീഞ്ഞതായെന്നാണ് അര്‍ത്ഥം. എല്ലാ പഴങ്ങളും ആ നിറത്തിലേക്ക് എത്തുമ്പോള്‍ നശിച്ചുവെന്നാണ് അര്‍ത്ഥം, എന്നാല്‍ വാഴപ്പഴം അങ്ങനെയല്ല. നന്നായി തൊലിയില്‍ കറുപ്പ് പടരുന്നതിന് അനുസരിച്ച് അതിലെ ടിഎന്‍എഫ് വര്‍ധിക്കുകയാണ് ചെയ്യുക. ടിഎന്‍എഫ് എന്നാല്‍ ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍. അതായത് ക്യാന്‍സറിനെ ചെറുക്കുന്ന സംയുക്തം. കോശങ്ങളുടെ അപകടകരമായ വളര്‍ച്ചയെ തടയാന്‍ ഇവയ്ക്കാകും. ശരിക്കും രോഗപ്രതിരോധ ശേഷിയെ ഇരട്ടിയാക്കാന്‍ ടിഎന്‍എഫിന് കഴിയുമെന്ന് ചുരുക്കം. ട്യൂമര്‍ കോശങ്ങളുമായി പ്രവര്‍ത്തിച്ച് വ്യാപനം തടയാന്‍ ഇവയ്ക്കാകും. അതിനാല്‍ ഇനി കറുപ്പ് നിറം പടര്‍ന്ന വാഴപ്പഴം കണ്ടാല്‍ വലിച്ചെറിയാതെ കഴിക്കാന്‍ ശ്രദ്ധിക്കുക. ഈ ശീലം ശരീരത്തെ ക്യാന്‍സറിന് അടിപ്പെടാതെ സംരക്ഷിക്കാന്‍ സഹായിക്കും. അമിത ഭാരം കുറയ്ക്കാനും ദിവസേനെ പഴം കഴിക്കുന്നത് നല്ലതാണ്.

തൊലിയില്‍ കറുപ്പ് പടര്‍ന്ന പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്
നെഞ്ചെരിച്ചില്‍ ഒഴിവാക്കാം. പ്രകൃതി ദത്തമായ ആന്റിആസിഡ് ആയതിനാല്‍ നെഞ്ചെരിച്ചിലില്‍ നിന്നും പുളിച്ച് തികട്ടലില്‍ നിന്നും രക്ഷിക്കും. സോഡിയത്തിന്റെ അളവ് കുറഞ്ഞ, പൊട്ടാസ്യം ധാരാളമുള്ള ഫലം ഹൃദയത്തെ സംരക്ഷിക്കും. പഴം കഴിക്കുന്നത് ശരീരത്തിന് നല്ല ഊര്‍ജ്ജവും ഉന്മേഷവും നല്‍കും. ഇരുമ്പ് സത്ത് ധാരാളമടങ്ങിയ പഴം വിളര്‍ച്ച രോഗംഅനീമിയ തടയാന്‍ സഹായിക്കും. അള്‍സര്‍ ബാധിച്ചാല്‍ പല ആഹാര സാധനങ്ങളും ഉപേക്ഷിക്കേണ്ടി വരും എന്നാല്‍ പഴം ഇവിടെയും ഔഷധമാണ്. വയറ്റിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീര താപനില നിയന്ത്രിക്കാന്‍ സഹായിക്കും. നല്ല ചൂടുള്ള ദിവസം ശരീരത്തെ ഒന്നു തണിപ്പിക്കാന്‍ ഒരു പഴം കഴിച്ചാല്‍ മതിയാകും. ശരീര താപനില താഴ്ത്താന്‍ ഇത് സഹായിക്കും. പനി പിടിച്ചാലും ഇത് ഉപയോഗിക്കാം എന്ന് ചുരുക്കം. ആരോഗ്യ സംരക്ഷണത്തിന് ദിവസവും രണ്ട് പഴം കഴിക്കുന്നത് ഉത്തമമാണ്. പൊട്ടാസ്യം സമൃദ്ധമായും, സോഡിയം കുറഞ്ഞ അളവിലും അടങ്ങിയതാണ് വാഴപ്പഴം. ഇത് കഴിക്കുന്നത് വഴി രക്തസമ്മര്‍ദ്ധം നിയന്ത്രിക്കാനാവും. ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിലനിര്‍ത്താനും, വിഷാംശങ്ങളെ അകറ്റി ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയില്‍ നിന്ന് സംരക്ഷിക്കാനും വാഴപ്പഴത്തിനാവും. മികച്ച അന്റാസിഡാണ് വാഴപ്പഴം. ഇത് ഉദരത്തിലെ ഉള്‍പ്പാളിയെ പൊതിയുകയും ആസിഡ് രൂപപ്പെടുന്നത് തടയുകയും ചെയ്യും. ഇത് വഴി അള്‍സര്‍, അസിഡിറ്റി എന്നിവയെ തടയാം. ശാരീരികമായ അധ്വാനത്തിന് ശേഷം വാഴപ്പഴം കഴിക്കുന്നത് വഴി നഷ്ടപ്പെട്ട ഊര്‍ജ്ജം വേഗത്തില്‍ വീണ്ടെടുക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന ഈ അവസരത്തില്‍ വാഴപ്പഴം ഏറെ സഹായകരമാകും.

ജോലി ചെയ്ത് ക്ഷീണിച്ചാല്‍ വാഴപ്പഴം കഴിച്ച് നഷ്ടമായ കരുത്ത് വീണ്ടെടുക്കാം. വാഴപ്പഴവും പിണ്ടിയും, ഫൈബറും പെക്ടിനും സമൃദ്ധമായി അടങ്ങിയതാണ്. ഇവ കഴിക്കുക വഴി മലബന്ധമുണ്ടാകുന്നത് തടയാം. വാഴയുടെ പിണ്ടി ഉപയോഗിച്ച് ജ്യൂസുണ്ടാക്കി കുടിക്കുന്നതും ഫലപ്രദമാണ്. കിടക്കുന്നതിന് മുമ്പ് വാഴപ്പഴം കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. വാഴപ്പഴത്തിലെ ഉയര്‍ന്ന അളവിലുള്ള ട്രിപ്‌റ്റോഫാന്‍ തലച്ചോറിലെ സെറോട്ടോണിനായി രൂപാന്തരം പ്രാപിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. ഇത് മാനസിക നിലയെ മെച്ചപ്പെടുത്തുക മാത്രമല്ല ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും സഹായിക്കും. സൗന്ദര്യ സംരക്ഷണത്തിലും വാഴപ്പഴത്തിന് പങ്കുണ്ട്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഏറെ സഹായകരമായ വിധത്തില്‍ ചര്‍മ്മത്തില്‍ നനവ് നല്കാന്‍ വാഴപ്പഴം സഹായിക്കും. വാഴപ്പഴത്തിലെ ഫ്രുക്ടൂലിഗോസാച്ചറൈഡ്‌സ്(എഫ്.ഒ.എസ്) എന്ന ഘടകം കുടലിലെ ശരീര സൗഹൃദമായ ബാക്ടീരിയകള്‍ പെരുകാന്‍ സഹായിക്കുകയും അതു വഴി ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ തടയാന്‍ സാധിക്കുകയും ചെയ്യും.

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വാഴപ്പഴം

ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യം വര്‍ധിപ്പിക്കാനും വാഴപ്പഴം ഉപയോഗിക്കാം. ഏതുസമയത്തും ലഭ്യമാകുന്ന വാഴപ്പഴത്തില്‍ ധാരാളം പോഷകമൂല്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ ചര്‍മ്മത്തിന്റെയും മുടിയുടേയും ആരോഗ്യത്തിന് ഇതു ഏറെ നല്ലതുമാണ്. ധാരാളം വിറ്റാമിന്‍ സിയും ബി6 ഉം വാഴപ്പഴത്തിലുണ്ട്. ഇത് ചര്‍മ്മത്തെ ഇലാസ്തികവും മൃദുവും ആക്കി നിലനിര്‍ത്തും. കൂടാതെ ചര്‍മ്മം ചുളിയുന്നതില്‍ നിന്നും സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകളും ഇതിലുണ്ട്. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ജലാംശം ചര്‍മ്മത്തെ ഹൈഡ്രേറ്റഡ് ആയി നിലനിര്‍ത്തും. വരണ്ടു പോകാതെ കാത്തുസൂക്ഷിക്കും. നല്ലൊരു മോയ്സ്ചുറൈസര്‍ കൂടിയായി ഇതു പ്രവര്‍ത്തിക്കുന്നു. കാരണം സ്‌കിന്നിനു നഷ്ടമായ ഈര്‍പ്പം വീണ്ടെടുക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ എ വാഴപ്പഴത്തില്‍ ധാരാളം ഉണ്ട്.

സ്‌കിന്നിനെ ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തുന്നതിന് വാഴപ്പഴം മിശ്രിതമാക്കി മുഖത്തും കഴുത്തിനും പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകിക്കളയാം. സ്‌കിന്നിലെ പാടുകള്‍ ഇല്ലാതാക്കാനും ഇതുപയോഗിക്കാം. വാഴപ്പഴ മിശ്രിതമത്തില്‍ അല്പം തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. വാഴപ്പഴം, തൈര്, തേന്‍, ബദാം എന്നിവയുടെ മിശ്രിതം മുഖത്ത് പുരട്ടുന്നത് ഈര്‍പ്പം വര്‍ധിപ്പിക്കുന്നതിനൊപ്പം ചര്‍മ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കും. തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യും. മുഖക്കുരു കാരണമുള്ള പാടുകള്‍ ഇല്ലാതാക്കാന്‍ വാഴപ്പഴം ഉപയോഗിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍