UPDATES

കാഴ്ചപ്പാട്

ഡോ. ജിമ്മി മാത്യു

ന്യൂസ് അപ്ഡേറ്റ്സ്

വൈദ്യശാസ്ത്രത്തിലെ ചില സത്യങ്ങള്‍; അറിയണമെങ്കില്‍ നമ്മള്‍ വിയര്‍ത്തേ പറ്റൂ

”ഞാന്‍ സത്യമാടാ പറയുന്നത്” എന്റെ സുഹൃത്ത് ആണയിട്ടു.
”സമ്മതിച്ചു. നിന്റെ മുഖം കണ്ടാലറിയാം നീ സത്യമേ പറയൂന്ന്.” വേറൊരു സുഹൃത്ത് പറഞ്ഞു.
”അതെങ്ങനെ അറിയാം?” ഞാന്‍ ചോദിച്ചു.
”നീ കേട്ടിട്ടില്ലേ… സത്യത്തിന്റെ മുഖം വികൃതവും ഭീകരവുമായിരിക്കും.”

ഞാന്‍ മുമ്പേ ജോലി ചെയ്തിരുന്ന സ്ഥലത്തെ സഹപ്രവര്‍ത്തകനായിരുന്നു ഡോ. ബാലകൃഷ്ണന്‍. പത്തുനാല്‍പ്പത്തഞ്ചു വയസ്സുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്‍ അമ്പതുവയസ്സായപ്പോഴേക്കും ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചതാണ്.  എന്നിട്ടും അടുത്തകാലത്താണ് ബാലകൃഷ്ണന്‍  രക്തത്തിലെ കൊളസ്‌ട്രോളും ഷുഗറുമൊക്കെ ചെക്ക് ചെയ്തത്. കൊളസ്‌ട്രോള്‍ എപ്പോഴും മുന്നൂറിനു മേലെ. വളരെ കൂടുതലാണ്. വീണ്ടും പല പ്രാവശ്യം പരിശോധിച്ചു. പലപ്പോഴും അങ്ങനെ തന്നെ.

കഷ്ടം അതല്ല. ഡോക്ടര്‍ ബാലകൃഷ്ണന്‍ ആഹാരകാര്യങ്ങളൊക്കെ വളരെയധികം ശ്രദ്ധിക്കുന്നയാളാണ്. എണ്ണയൊക്കെ കുറച്ചേ ഉപയോഗിക്കൂ. മെലിഞ്ഞിട്ടാണ്. എന്നും നന്നായി വ്യായാമം ചെയ്യു. എന്നിട്ടാണ് ഈ ഗതി. റിസല്‍ട്ട് കാണിച്ച ബാലയോട് കാര്‍ഡിയോളജി ഡോക്ടര്‍ പറഞ്ഞു – മരുന്ന് കഴിച്ചേ പറ്റൂ. ബാലയ്ക്കും അതൊക്കെ അറിയാം.

ബാല എം.ബി.ബി.എസ്. ഡോക്ടറാണെങ്കിലും ആയുര്‍വേദത്തിലും പാരമ്പര്യ ചികിത്സാരീതികളിലും നല്ല വിശ്വാസമുണ്ട്. ഉടനെ അടുത്തുള്ള ഒരു പേരുകേട്ട ആയുര്‍വേദ വൈദ്യന്റെ അടുത്തുപോയി. അദ്ദേഹം ഒരു കഷായം കൊടുത്തു. ബാല അത് കുടിച്ചും തുടങ്ങി.

അപ്പോഴാണ് ഒരയല്‍ക്കാരന്‍ ഒരു ഹോമിയോപ്പതി ഡോക്ടറുടെ കാര്യം പറഞ്ഞത്. മിടുക്കനാണത്രെ. പുറംനാടുകളില്‍ നിന്നുപോലും രോഗികള്‍ വരുന്നു. അയാള്‍ ബാലയെ പരിശോധിച്ചു. മധുരമുള്ള ചെറു ഗുളികകള്‍ കൊടുത്തു. ബാല സന്തോഷത്തോടെ അതെല്ലാം വിഴുങ്ങിത്തുടങ്ങി.

ഒരമ്പതു കിലോമീറ്റര്‍ അകലെ ഒരു പാരമ്പര്യ തിരുമ്മു ചികിത്സകനുണ്ടായിരുന്നു. അദ്ദേഹത്തിന് തിരുമ്മാണ് എല്ലാറ്റിന്റെയും ചികിത്സ. കൊളസ്‌ട്രോളിന് ചികിത്സയുണ്ടോ വൈദ്യരേ?  പിന്നേ തിരുമി ശരിയാക്കിത്തരാം.

ആഴ്ചയില്‍ രണ്ടു പ്രാവശ്യം ബാലകൃഷ്ണന്‍ വണ്ടിയോടിച്ച് ചെല്ലും. – വൈദ്യര്‍ അദ്ദേഹത്തിന്റെ വയറാണ് തിരുമ്മുന്നത്.

”വയറ്റിക്കൂടയല്ലേ ഈ കൊളസ്‌ട്രോള്‍ വരുന്നത്?” വൈദ്യന്‍ വിശദീകരിച്ചു.

ബാല പിന്നെയും ഭക്ഷണം നിയന്ത്രിച്ചു. ഓട്ടം കൂടി. മെലിഞ്ഞു തുടങ്ങി. ചാവാലിപ്പരുവമായി. എല്ലാ ദിവസവും രണ്ട് മീന്‍ ഗുളികകള്‍ വിഴുങ്ങും. ഫ്‌ളാക്‌സിന്റെ വിത്തുകള്‍ കുറേ ചവച്ചരച്ചു കഴിക്കും. ഇതിലെല്ലാം ഒമേഗ ത്രീ ഫാറ്റി ആസിഡുകളുണ്ട്. ഇതെല്ലാം വളരെ ശാസ്ത്രീയമാണ് – ബാല വിശദീകരിച്ചു.

ഇതിനെല്ലാം ശേഷം കൊളസ്‌ട്രോള്‍ ഒന്നുകൂടി നോക്കി ഇരുന്നൂറ്റി തൊണ്ണൂറ്. പിന്നെയും നോക്കി – ഇരുന്നൂറ്റി തൊണ്ണൂറ്റി മൂന്ന്. പത്ത് പോയിന്റ് കുറഞ്ഞിരിക്കുന്നു. ബാലയ്ക്ക് സന്തോഷമായി.

സുഹൃത്ത് കാര്‍ഡിയോളജിസ്റ്റിന് തീരെ സന്തോഷമായില്ല. ”ഇരുന്നൂറില്‍ താഴെ വരണം.” രസംകൊല്ലിയായ അങ്ങേര്‍ കര്‍ശനമായി മൊഴിഞ്ഞു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ‘അറ്റോര്‍വാസ്ടാടിന്‍’ എന്ന ഗുളികയും കൊടുത്തു. ബാല മനസ്സില്ലാ മനസ്സോടെ അതും കഴിച്ചു തുടങ്ങി. ടപ്പ് എന്ന് ഒരു മാസത്തിനുള്ളില്‍ കൊളസ്‌ട്രോള്‍ നൂറ്റിഎണ്‍പതായി. ബാല സന്തോഷം കൊണ്ട് തുള്ളിച്ചാടി.

”എന്തൊക്കെ ചെയ്തിട്ടാണ് ഇത് സാധിച്ചത്!” ബാല പറഞ്ഞു.

********

മനുഷ്യശരീരം ഭയങ്കര സങ്കീര്‍ണ്ണമാണ്. ഏതൊക്കെ കാര്യങ്ങള്‍ എങ്ങനെയൊക്കെ ശരീരത്തെ ബാധിക്കും എന്ന സത്യം കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. സംശയങ്ങള്‍ എപ്പോഴും ബാക്കിയാകും.

കാര്‍ഡിയോളജിസ്റ്റ് കൊടുത്ത മരുന്നാണോ അതോ തിരുമ്മാണോ ഇത് സാധിച്ചത്? ഹോമിയോ ഗുളികയാണോ, കഷായമാണോ മിടുക്കന്‍? അതോ ഇതെല്ലാമാണോ?  ഓരോന്നിനും എത്ര ശതമാനം ഇഫക്ട് ഉണ്ട്? ഇതിന്റെ സത്യാവസ്ഥ എങ്ങനെ മനസ്സിലക്കാം?

വഴികളുണ്ട്. ആയിരക്കണക്കിനാളുകളില്‍ നല്‍കിയ ചികിത്സയുടേയും ഫലത്തിന്റെയും ശരിയായ വിവരങ്ങള്‍ കഷ്ടപ്പെട്ടു ശേഖരിക്കണം. മള്‍ട്ടിപ്പിള്‍ റിഗ്രഷന്‍ അനാലിസിസ് തുടങ്ങിയ കൊനഷ്ട് സ്റ്റാറ്റിസ്റ്റിക്‌സ് ഒക്കെ പ്രയോഗിക്കണം. ഒരു രോഗിയുടെ കാര്യം നോക്കി ഒരഭിപ്രായവും പറയാന്‍ പറ്റില്ല. പാരാവാര സമാനമായ മനുഷ്യശരീര സങ്കീര്‍ണ്ണതകളിലേക്കും വെളിച്ചം വീശാന്‍ നന്നായി വിയര്‍ക്കണം.

പല പാരമ്പര്യ ചികിത്സകളും നല്ല ഫലപ്രദമായിരിക്കും. പലതിനും അപകടകരമായ പാര്‍ശ്വഫലങ്ങളും കണ്ടേക്കും. ഓരോ ആധുനിക ചികിത്സാരീതിയും നിരന്തര പരീക്ഷണ വിമര്‍ശനങ്ങള്‍ക്കും പാത്രമാവണം. എന്നാലേ ഏകദേശ സത്യം പുറത്തുവരൂ. സത്യം കണ്ടെത്താന്‍ പൊതുജനവും ലേശം വിയര്‍ക്കണം. വൈദ്യശാസ്ത്രത്തിലെ സത്യങ്ങളെപ്പറ്റി ലേശം സ്വയം  ബോധവല്‍ക്കരിക്കണം.

അവസാനം കാണുമ്പോള്‍, ബാല അറ്റോര്‍വാസ്ടാടിന്‍ കഴിപ്പു നിര്‍ത്തി.

”അതൊക്കെ വലിയ പാടാണെന്നേ,” അദ്ദേഹം പറഞ്ഞു.

”അപ്പോള്‍  തിരുമ്മ്, ഹോമിയോ, കഷായം ഒക്കെ?”

”അതെല്ലാമുണ്ട്.”

”അപ്പോള്‍ പിന്നെ കൊളസ്‌ട്രോള്‍ എങ്ങനെ?”

”ഓ അതൊന്നും ഇപ്പോള്‍ നോക്കുന്നില്ല. എന്തിനാ ഇതെല്ലാം നോക്കി വെറുതെ ആധി പിടിക്കുന്നത്. ഇതാണ് മോഡേണ്‍ മെഡിസിന്റെ കുഴപ്പം. ഈ കൊളസ്‌ട്രോള്‍ വലിയ കുഴപ്പമില്ലെന്ന് എവിടെയോ വായിച്ചു.”

മനുഷ്യശരീരത്തേക്കാള്‍ സങ്കീര്‍ണ്ണമാണ് മനുഷ്യമനസ്സ്. അതാണല്ലോ നമ്മുടെ ഗുണവും കുഴപ്പവും.

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍