UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

എംആര്‍ വാക്‌സിനേഷനുമായി സഹകരിക്കുന്നില്ല: സിബിഎസ്ഇ സ്‌കൂളുകള്‍ക്കെന്താ കൊമ്പുണ്ടോ?

മാതാപിതാക്കള്‍ വാക്‌സിനേഷന് എതിരാണെന്നാണ് സ്‌കൂളുകള്‍ പറയുന്നതെങ്കിലും ഈ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ വിഷയം അവതരിപ്പിക്കാനായി ഒരു പിടിഎ മീറ്റിംഗ് പോലും വിളിച്ചു ചേര്‍ത്തിട്ടില്ലെന്ന് ഡിഎംഒ

എംആര്‍ വാക്‌സിനേഷനുകളുമായി സഹകരിക്കാനാകില്ലെന്നാണ് തിരുവനന്തപരുത്തെ ചില സിബിഎസ്ഇ സ്‌കൂളുകള്‍ ആരോഗ്യവകുപ്പ് മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. മീസില്‍സ്(അഞ്ചാംപനി), റൂബെല്ലാ എന്നീ രോഗങ്ങള്‍ തടയുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പുകളോട് സഹകരിക്കാനാകില്ലെന്ന ഇവരുടെ അറിയിപ്പ് ആരോഗ്യവകുപ്പ് ഗൗരവത്തോടെ എടുക്കുകയും ചെയ്തു. ആറ് സിബിഎസ്ഇ സ്‌കൂളുകള്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി കഴിഞ്ഞു.

വാക്‌സിനേഷനുമായി സഹകരിക്കണമെന്ന സിബിഎസ്ഇ ഡയറക്ടറുടെ ഉത്തരവ് അവഗണിച്ചാണ് ആറ് സിബിഎസ്ഇ സ്‌കൂളുകള്‍ ഇതില്‍ നിന്നും മാറിനില്‍ക്കുന്നത്. രക്ഷിതാക്കളുടെ സമ്മതപത്രമില്ലാതെ വാക്‌സിനേഷന്‍ നല്‍കാനാകില്ലെന്നാണ് ഈ സ്‌കൂളുകള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോസ് ജെ ഡിക്രൂസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് സ്‌കൂളുകളുടെ നിസഹകരണത്തെക്കുറിച്ച് നോട്ടീസ് നല്‍കിയിരിക്കുകയാണ്. തന്റെ പരാതിയില്‍ ആറ് സ്‌കൂളുകളെയാണ് പരാമര്‍ശിച്ചിരിക്കുന്നതെങ്കിലും വേറെയും സിബിഎസ്ഇ സ്‌കൂളുകള്‍ വാക്‌സിനെതിരെ പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാതാപിതാക്കള്‍ വാക്‌സിനേഷന് എതിരാണെന്നാണ് സ്‌കൂളുകള്‍ പറയുന്നതെങ്കിലും ഈ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ വിഷയം അവതരിപ്പിക്കാനായി ഒരു പിടിഎ മീറ്റിംഗ് പോലും വിളിച്ചു ചേര്‍ത്തിട്ടില്ലെന്ന് ഡിഎംഒ അറിയിച്ചു. വാക്‌സിന്‍ സ്വീകരിക്കാനുള്ള കുട്ടികളുടെ അവകാശം ലംഘിക്കുന്നു എന്ന നിലയ്ക്ക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം സ്‌കൂളുകള്‍ക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ട്. സൗജന്യമായി സര്‍ക്കാര്‍ നല്‍കുന്ന രോഗപ്രതിരോധത്തിനുള്ള അവസരമാണ് ഇതിലൂടെ കുട്ടികള്‍ക്ക് നഷ്ടമാകുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാകുമ്പോഴാണ് സിബിഎസ്ഇ സ്‌കൂളുകള്‍ ഇതിനോട് നിസഹകരിക്കുന്നത്. ഇത് പണത്തിന്റെ ധാര്‍ഷ്ട്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സാധാരണക്കാരായ മാതാപിതാക്കളുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഈ വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ സമ്പന്നരായ മാതാപിതാക്കളുടെ മക്കള്‍ പഠിക്കുന്ന സിബിഎസ്ഇ സ്‌കൂളുകള്‍ മാത്രം ഇതില്‍ നിന്നും മാറി നില്‍ക്കുകയാണ്. സിബിഎസ്ഇയ്‌ക്കെന്താ കൊമ്പുണ്ടോയെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. എന്നാല്‍ ഈമാസം ഒമ്പത് വരെ വാക്‌സിന്‍ നല്‍കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും തങ്ങള്‍ പൂര്‍ത്തിയാക്കിയെന്നാണ് സെന്റ് മേരീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. നെല്‍സണ്‍ പറയുന്നത്. അതോടൊപ്പം മാതാപിതാക്കളുടെ സമ്മതവും തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു.

ഇതിനിടെ കോട്ടയം ജില്ലയില്‍ കുത്തിവയ്പ്പിനിടെ വിദ്യാര്‍ത്ഥികള്‍ ബോധരഹിതരായെന്ന് വ്യാജ പ്രചരണം നടത്തിയ മേലുകാവ് കടനാട് സ്വദേശി സെബാസ്റ്റ്യന്‍ പുഴക്കരയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഒരു വശത്ത് വാക്‌സിനെടുക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കിയുള്ള പ്രചരണം നടക്കുമ്പോഴും ഇതിനെതിരെ ശക്തമായ പ്രചരണവും നടക്കുന്നുണ്ട്. വാക്‌സിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത മാതാപിതാക്കള്‍ ഈ പ്രചരണത്തില്‍ വീണ് വാക്‌സിനോട് മുഖംതിരിച്ച് നില്‍ക്കുന്നതും സ്വാഭാവികമായിരിക്കുന്നു. വാക്‌സിനെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് കോടതിയും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അഞ്ചാം പനി, റൂബെല്ല എന്നീ രോഗങ്ങള്‍ പടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ എംആര്‍ വാക്‌സിനേഷന്‍ പദ്ധതി നടപ്പാക്കുന്നത്.

ഒമ്പത് മാസം മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്. ഇതേക്കുറിച്ച് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള ഭയം മാറ്റാന്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ബോധവല്‍ക്കരണ ക്യാമ്പുകള്‍ക്കൊപ്പം മീസെല്‍സ്, റൂബെല്ല രോഗങ്ങളെക്കുറിച്ച് ക്ലാസുകളും ചിത്രരചന മത്സരങ്ങളും സംഘടിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ് സ്‌കൂളുകളും ഇത് സംഘടിപ്പിച്ചെങ്കിലും സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ തയ്യാറായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍