UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കറുവപ്പട്ട കൊളസ്‌ട്രോളും ശരീര ഭാരവും കുറയ്ക്കും

കറുവപ്പട്ട പൊണ്ണത്തടിയും ഉപാപചയ രോഗങ്ങളും കുറയ്ക്കും എന്ന് ന്യൂഡല്‍ഹിയില്‍ നടത്തിയ ഒരു പഠനത്തിലാണ് തെളിഞ്ഞത്

നമ്മുടെ അടുക്കളയില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനമായ കറുവപ്പട്ടയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. കറുവപ്പട്ട പൊണ്ണത്തടിയും ഉപാപചയ രോഗങ്ങളും കുറയ്ക്കും എന്ന് ന്യൂഡല്‍ഹിയില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞു. പൊണ്ണത്തടി, ഗ്ലൂക്കോസ് ടോളറന്‍സ്, രക്താതിമര്‍ദം, ഉയര്‍ന്ന ട്രൈ ഗ്ലിസെ റൈഡുകള്‍ ഇവ ഉള്ള 114 സ്ത്രീ പുരുഷന്മാരില്‍ ഫോര്‍ട്ടിസ് ഡയബെറ്റിസ്, ഒബീസിറ്റി ആന്‍ഡ് കൊളസ്ട്രോള്‍ ഫൌണ്ടേഷന്‍ ആണ് പഠനം നടത്തിയത്.

കറുവപ്പട്ട പൊടിച്ചത് ദിവസവും 3ഗ്രാം വീതം 16 ആഴ്ചക്കാലം നല്‍കി. കണ്‍ട്രോള്‍ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് ശരീര ഭാരം, ശരാശരി ഒരു കിലോ കുറഞ്ഞപ്പോള്‍ കറുവപ്പട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയ ഗ്രൂപ്പിന് ശരീരഭാരം 4കിലോ കുറഞ്ഞതായി കണ്ടു. ഭക്ഷണം വ്യത്യാസപ്പെടുത്തിയതോടൊപ്പം ദിവസവും 45 മിനിറ്റ് ചടുല നടത്തവും (Brisk walking) ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആഴ്ചയില്‍ രണ്ട് തവണ ഇവരെ പരിശോധിച്ചു.

കറുവപ്പട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതോടൊപ്പം വ്യായാമവും കൂടി ആയപ്പോള്‍ ഫാസ്റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസ് നില, ഗ്ലൈക്കോസൈലേറ്റഡ് ഹീമോഗ്ലോബിന്‍, അര വണ്ണം, ബോഡി മാസ്സ് ഇന്‍ഡക്‌സ് ഇവ കുറഞ്ഞു. കൂടാതെ വെയ്സ്റ്റ് ഹിപ് റേഷ്യോ, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, എല്‍ ഡി എല്‍ അഥവാ നല്ല കൊളസ്ട്രോള്‍, ട്രൈഗ്ലിസെറൈഡ് എന്നിവ മെച്ചപ്പെട്ടതായും കണ്ടു.

‘ഇന്ത്യക്കാര്‍ പാചകത്തിന് സാധാരണ യായി ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജന മാണ് കറുവപ്പട്ട. അതുകൊണ്ട് തന്നെ ഇത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ എളുപ്പത്തില്‍ സാധിക്കും. ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോം എക്കണോമിക്ള്‍സിലെ അസോസിയേറ്റ് പ്രൊഫെസ്സറും പഠനത്തില്‍ പങ്കാളിയും ആയ ഡോ. സീമ പുരി പറഞ്ഞു.

കറുവപ്പട്ട ഇന്‍സുലിന്‍ സംവേദന ക്ഷമത മെച്ചപ്പെടുത്തുന്നതായും രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോള്‍, രക്തത്തിലെ നിരോക്‌സികാരികളുടെ അളവ്, ഗ്ലൈകോസൈലേറ്റഡ് ഹീമോഗ്ലോബിന്‍ എന്നിവ കുറയ്ക്കുന്നതായും മുന്‍ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ലിപിഡ്‌സ് ഇന്‍ ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ ഡോ. അനൂപ് മിശ്ര, ഡോ. സോനാല്‍ ഗുപ്ത എന്നിവരും പങ്കെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍