UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കോളന്‍ ക്യാന്‍സര്‍ പരിശോധന വൈകിക്കേണ്ട; 45ല്‍ തുടങ്ങാം

വളരെ വൈകി മാത്രം തിരിച്ചറിയുന്നതിനാല്‍ ഈ രോഗം ബാധിച്ചവര്‍ മരിക്കാനുള്ള സാധ്യകള്‍ ഏറെയാണ്

50 വയസ് പ്രായത്തില്‍ നടത്തേണ്ട കോളന്‍ ക്യാന്‍സര്‍ പരിശോധന 45 വയസില്‍ തന്നെ ആരംഭിക്കണമെന്ന് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി.

അമേരിക്കയിലുള്‍പ്പെടെ ചെറുപ്പക്കാരില്‍ കോളന്‍ ക്യാന്‍സര്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം.

കോളന്‍ ക്യാന്‍സര്‍ വ്യാപിക്കാന്‍ കാരണമെന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. പക്ഷെ പരിശോധനകള്‍ നേരത്തെ തന്നെ തുടങ്ങണമെന്നതിനെ ഗൗരവത്തോടെ കാണണമെന്ന് സംഘടന നിര്‍ദ്ദേശിക്കുന്നു.

‘1980കളിലും 90കളിലും ജനിച്ചവരില്‍ ഈ രോഗം വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ ഇരട്ടിയാണ്. 40കളിലും 50കളിലും ജനിച്ചവരേക്കാള്‍ നാലിരട്ടി രോഗസാധ്യതയും ഇവരില്‍ പ്രതീക്ഷിക്കുന്നു’-ആശങ്കയുണ്ടാക്കുന്ന കണക്കുകളാണിതെന്ന് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി ചീഫ് ക്യാന്‍സര്‍ കണ്ടട്രോള്‍ ഓഫീസര്‍ ഡോ. റിച്ചാര്‍ഡ് വെന്‍ഡര്‍ (Richard Wender) വ്യക്തമാക്കി.

‘കൊളോറെക്ടല്‍ ക്യാന്‍സര്‍ ഇന്ന് ടീനേജുകാരില്‍ പോലും സാധാരണമാകുകയാണ്. കുറച്ച് കാലം മുമ്പ് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല ഇത്തരമൊരു സ്ഥിതിവിശേഷം’

ഷിക്കാഗോയിലെ കോളന്‍ ക്യാന്‍സര്‍ രോഗിയായ ലാരി ജോണ്‍സന്റെ പ്രായം 50 വയസ് മാത്രമാണ്. 47 വയസില്‍ ഇവര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. അപ്പോഴേക്കും രോഗം വ്യാപിച്ച ഘട്ടമെത്തി. അതായത് ആ പ്രായത്തിനും വളരെ മുമ്പെ തന്നെ കോളന്‍ ക്യാന്‍സര്‍ ലാരിയെ പിടിപെട്ടിരിക്കണമെന്ന്ന് അനുമാനിക്കുന്നു.

40ാം വയസില്‍ ഒരു ടെസ്റ്റ് നടത്തുമ്പോഴായിരുന്നു ലാരിയില്‍ കോളന്‍ ക്യാന്‍സര്‍ രോഗമുള്ളതായി ഗൈനക്കോളജിസ്റ്റ് ആശങ്ക പ്രകടിപ്പിച്ചത്.

‘സ്റ്റേജ് 4 ക്യാന്‍സറില്‍ എത്തിനില്‍ക്കുകയാണ് ഞാന്‍. എങ്കിലും സുഖപ്പെടുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. രോഗം നേരത്തെ കണ്ടെത്തിയ ഗൈനക്കോളജിസ്റ്റിനാണ് എല്ലാ നന്ദിയും. സുഖപ്പെടുമെന്ന പ്രതീക്ഷ നല്‍കിയത് അവരാണ്.’-ലാരി ജോണ്‍സണ്‍

അമേരിക്കയില്‍ സാധാരണമായി കണ്ടുവരുന്ന മൂന്നാമത്തെ ക്യാന്‍സറാണ് ഇപ്പോള്‍ കോളന്‍ ക്യാന്‍സര്‍. ഈ വര്‍ഷം മാത്രം 95,000 പേരില്‍ ഇതിനകം രോഗം കണ്ടെത്തിയിട്ടുണ്ട്. 40,000 പേര്‍ക്ക് റെക്ടല്‍ ക്യാന്‍സറും.

രണ്ട് രോഗങ്ങളും പിടിപെട്ടവരില്‍ 50,000 പേരുടെ മരണവും ഈ വര്‍ഷം ഉണ്ടായേക്കാം. കാരണം വളരെ വൈകി മാത്രമാണ് രോഗം തിരിച്ചറിയാനായത് എന്നതുതന്നെ.

അമേരിക്കന്‍ ജനതയില്‍ 45 വയസ്സ് പിന്നിട്ടവരില്‍ നിര്‍ബന്ധിത കോളന്‍ ക്യാന്‍സര്‍ പരിശോധന നടത്താനുള്ള നീക്കവുമായി സൊസൈറ്റി മുന്നോട്ട് പോവുകയാണ്. പാരമ്പര്യമായി ഇത്തരം രോഗങ്ങളുളളവര്‍ പരിശോധന ഇതിലും നേരത്തെ ആരംഭിക്കണം.

കോളനോസ്‌കോപ്പി ആണ് പരിശോധനാ മാര്‍ഗം. കോളനോസ്‌കോപ്പി സ്‌ക്രീനിംഗ് നടത്തുന്നതിലൂടെ രോഗസാധ്യത തിരിച്ചറിയാം. ഇത് പൂര്‍ണ്ണമായ കോളനോസ്‌കോപ്പി അല്ല. സെഡേഷന്‍ നല്‍കി ക്യാമറ ഘടിപ്പിച്ച ട്യൂബ് ശരീരത്തിനുള്ളില്‍ പ്രവേശിപ്പിക്കുന്ന കോളനോസ്‌കോപ്പി പ്രത്യേകിച്ചും ചെറുപ്പക്കാര്‍ ചെയ്യാന്‍ മടിക്കുന്ന രോഗനിര്‍ണ്ണയ രീതിയാണിന്നും. പക്ഷെ രോഗസാധ്യത ഇരട്ടിപ്പിക്കുന്ന പോളിപ്പുകളെ കണ്ടെത്താനും ആ സമയംതന്നെ നശിപ്പിക്കാനും കോളനോസ്‌കോപ്പിയിലൂടെ സാധിക്കുമെന്നതാണ് ഗുണം. അതായത്, ഭാവിയില്‍ ക്യാന്‍സര്‍ ആയേക്കാവുന്ന വളര്‍ച്ചകളെ നശിപ്പിക്കാന്‍ കോളനോസ്‌കോപ്പി ചെയ്യുന്നതിലൂടെയാകും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍