UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനാരോഗ്യ കേരളം; ചില സത്യങ്ങള്‍-ഡോ.അനീഷ് ടി എസ് എഴുതുന്നു

Avatar

ഡോ. അനീഷ് ടി എസ്

കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ പകര്‍ച്ചവ്യാധി വിഭാഗത്തില്‍പ്പെട്ട അരഡസനോളം അസുഖങ്ങളാണ് നമ്മുടെ നാട്ടിലേക്ക് കടന്നു വന്നിട്ടുള്ളത്. ഇവയില്‍ പലതും മരണകാരണങ്ങളായിട്ടുള്ളവയുമാണ്. എലിപ്പനി, ഡങ്കു, ജപ്പാന്‍ ജ്വരം, മലേറിയ, ചെള്ളുപനി തുടങ്ങി പലതും. ഈ അസുഖങ്ങളെല്ലാം മാലിന്യബാധിത പരിസ്ഥിതിയിലാണ് വ്യാപകമായതെന്നതും ശ്രദ്ധിക്കണം. ജൈവമാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കാന്‍ കഴിയാതെ പോകുന്നതിലൂടെ നമ്മുടെ മണ്ണും വെള്ളവും രോഗകേന്ദ്രങ്ങളായി തീരുന്നു. പകര്‍ച്ചവ്യാധികളുടെ വര്‍ദ്ധനവിന് പ്രധാനകാരണം മാലിന്യങ്ങള്‍ തന്നെയാണെന്നതില്‍ സംശയമില്ല. നമ്മുടെ പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ തന്നെ പകര്‍ച്ചവ്യാധികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്താന്‍ സാധിക്കും.

സാമൂഹിക ശുചിത്വം
പകര്‍ച്ചവ്യാധികള്‍ എപ്പോഴും ശുചിത്വവുമായി ബന്ധപ്പെട്ടുതന്നെയാണ് ഉണ്ടാകുന്നത്. ആദ്യകാലത്ത് നമ്മുടെ നാട്ടിലുണ്ടായിരുന്ന പകര്‍ച്ചവ്യാധികള്‍ പ്രധാനമായും വയറിളക്കം, ടൈഫോയിഡ്, കോളറ എന്നിവയായിരുന്നു. ഈ അസുഖങ്ങളെല്ലാം തന്നെ വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതായിരുന്നു. ഈ അസുഖങ്ങള്‍ നാട്ടില്‍ വ്യാപകമായതോടെയാണ് നമ്മള്‍ വ്യക്തിശുചിത്വത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും ആ രംഗത്ത് ലോകനിലവാരത്തിലേക്ക് എത്താന്‍ കഴിഞ്ഞതും. അതിന്റെ ഭാഗമായി ഇത്തരം അസുഖങ്ങള്‍ വ്യാപകമായി കുറയ്ക്കാന്‍ കഴിഞ്ഞു. എന്നാല്‍ എലിപ്പനി, ഡങ്കു തുടങ്ങിയ അസുഖങ്ങള്‍ വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ടല്ല, സാമൂഹിക ശുചിത്വവുമായി ബന്ധപ്പെട്ടുണ്ടാകുന്നതാണ്. എന്നാല്‍ വ്യക്തിശുചിത്വത്തിന്റെ കാര്യത്തിലുണ്ടാക്കിയ നേട്ടം സാമൂഹിക ശുചിത്വത്തിന്റെ കാര്യത്തില്‍ നമുക്കാവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. വ്യക്തിശുചിത്വം ഓരോരുത്തരുടെയും തീരുമാനത്തില്‍ നിന്നുണ്ടാകുന്നതാണ്. സാമൂഹികശുചിത്വം സമൂഹത്തിന്റെ മൊത്തത്തിലുള്ള തീരുമാനമാണിവിടെ വേണ്ടത്. സാമൂഹികമായൊരു ഓണര്‍ഷിപ്പ് ഈക്കാര്യത്തില്‍ വേണം. വ്യക്തികളില്‍ ശുചിത്വബോധവത്കരണം നടത്തുകയും, ഗവണ്‍മെന്റ് ഈ കാര്യത്തില്‍ ഒരു നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുകയും വേണം. നിര്‍ഭാഗ്യമെന്നു പറയട്ടെ, അത്തരം പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നില്ല.

അന്യസംസ്ഥാന തൊഴിലാളികള്‍
അന്യസംസ്ഥാന തൊഴിലാളികള്‍ കമ്യൂണിക്കബിള്‍ ഡിസീസിന് പ്രധാനകാരണമാകുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ കൂടുതലുള്ള സ്ഥലത്തുനിന്നുള്ളവരാണ് ഇവരിലധികവും. കൃത്യമായ പരിശോധനകളൊന്നും കൂടാതെയാണ് ഇവര്‍ ഇവിടെ എത്തുന്നത്. മലേറിയ ഉള്ളവര്‍പോലും പനിക്കുള്ള മരുന്നുമാത്രം കഴിച്ചാണ് എത്തുന്നത്. ഇവരെ കൊണ്ടുവരുന്നവര്‍ ഇതിലൊന്നും ശ്രദ്ധ കാണിക്കാറുമില്ല. മന്തുരോഗം ഇപ്പോള്‍ കൂടുതലും കണ്ടുവരുന്നത് അന്യദേശക്കാരായ തൊഴിലാളികളിലാണ്. നമ്മുടെ നാട്ടില്‍ മന്തുരോഗമുള്ളവരുടെ എണ്ണം എതാണ്ട് ഇല്ലാതായെങ്കിലും രോഗകാരണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കൊതുകള്‍ ഉണ്ടെന്നതു തന്നെ കാരണം. അന്യസംസ്ഥാനക്കാരില്‍ മന്തുരോഗം ഉള്ളതിനാല്‍ ഇവരെ കുത്തുന്ന കൊതുകള്‍ രോഗം കൂടുതല്‍ പേരിലേക്ക് പരുത്തുന്നു. ഈ സാമൂഹികപ്രശ്‌നവും പകര്‍ച്ചവ്യാധികളുടെ വര്‍ദ്ധനയ്ക്ക് ഒരു കാരണമാണ്.

ലോകവ്യാപകമായി ഉണ്ടാകുന്ന രോഗങ്ങള്‍
ലോകത്ത് വ്യാപിക്കുന്ന അസുഖങ്ങളുടെ അനുരണനവും നമ്മുടെ നാട്ടില്‍ ഉണ്ടാകുന്നുണ്ട്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പക്ഷിപ്പനിയുടെ സങ്കേതം ദേശാടനപ്പക്ഷികളാണ്. ഇത്തരത്തില്‍ പല അസുഖങ്ങളും വിവിധ വഴികളിലൂടെ നമ്മുടെ നാട്ടില്‍ പടരുന്നുണ്ട്. ശുചിത്വവുമായി ബന്ധപ്പെട്ടല്ലാതെ രോഗങ്ങള്‍ പടരുന്നതിന് ഒരു കാരണം ഇതാണ്.

രോഗങ്ങളെക്കുറിച്ചുള്ള അവബോധം
ചില അസുഖങ്ങളെക്കുറിച്ച് നമുക്കുള്ള അവബോധം ആ അസുഖങ്ങളെ തടഞ്ഞു നിര്‍ത്താറുണ്ട്. ഒരു അസുഖത്തെ കുറിച്ച് നമുക്ക് അറിവുണ്ടെങ്കില്‍ അവയില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയും. എയ്ഡ്‌സ് രോഗം അതിന് ഉദാഹരണമാണ്. ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച് ഐ വി ബാധിതരുള്ള സംസ്ഥാനം കേരളമാണ്. ഇന്ത്യയിലാകമാനം എച്ച് ഐ വി ബാധിതരുടെ എണ്ണം 2 ശതമാനം ആയിരുന്നപ്പോള്‍ കേരളത്തിലത് 12 ശതമാനം മാത്രമായിരുന്നു. നമുക്ക് ചുറ്റുമുള്ള സംസ്ഥാനങ്ങളിലൊക്കെ ഈ നിരക്ക് വളരെ കൂടുതലാണ്. ലോകത്തില്‍ തന്നെ എച്ച് ഐ വി ബാധിതര്‍ ഏറ്റവും കുറവുള്ള സ്ഥലം കേരളമാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം 

പകര്‍ച്ചവ്യാധികള്‍ ഒരു പാരിസ്ഥിതിക പ്രശ്നമാണ്- ഡോ. ബി ഇക്ബാല്‍ പറയുന്നു
റൂബെല്ലയ്ക്ക് പിറകെ റോട്ടാ വൈറസ് വാക്‌സിനും; മരുന്നുപരീക്ഷണശാലയാവുന്ന കേരളം
നാം സൂക്ഷിക്കണം; ലോക ഹൃദയ ദിനത്തില്‍ മലയാളി ഓര്‍മ്മിക്കേണ്ടത്
‘രണ്ടാം എന്‍ഡോസള്‍ഫാ’നിലേക്ക് ഒരു നാട് മുങ്ങുന്ന വിധം
പ്ലാസ്റ്റിക്കുകളാല്‍ സമ്പന്നമായ നമ്മുടെ ജീവിതം അഥവാ വിഷം തീറ്റക്കാര്‍

അസുഖങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കുണ്ടാകുന്ന അവബോധം വളരെ പ്രധാനപ്പെട്ടതു തന്നെ. എന്നാല്‍ എല്ലാ അസുഖങ്ങളെയും തടഞ്ഞു നിര്‍ത്താന്‍ അവബോധം കൊണ്ടുമാത്രം കഴിയണമെന്നില്ല. സമൂഹത്തെ മൊത്തമായി ബാധിക്കുന്ന അസുഖങ്ങളെ നേരിടാന്‍ നമ്മുടെ പ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെടുന്നത് അതുകൊണ്ടാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ മനുഷ്യനെ ബാധിച്ചിരിക്കുന്ന മാരകമായ രോഗങ്ങളില്‍ എഴുപത് ശതമാനവും മൃഗങ്ങളില്‍ നിന്നുണ്ടായിരിക്കുന്നതാണ്. എലിപ്പനി, ഡങ്കു മുതല്‍ ഇപ്പോള്‍ ലോകവ്യാപകമായി ഭീതി വിതയ്ക്കുന്ന എബോള വരെ. ഇതിനര്‍ത്ഥം മൃഗങ്ങളെ ഭയക്കണമെന്നല്ല, രോഗങ്ങള്‍ പരത്തുന്നതില്‍ മൃഗങ്ങളും ഒരു പ്രധാനപ്പെട്ട വെഹിക്കിള്‍ ആകുന്നുണ്ടെന്നു മനസ്സിലാക്കണമെന്ന് മാത്രം. ഇത്തരം അസുഖങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവുണ്ടാകണമെന്നില്ലല്ലോ.

ആരോഗ്യസംവിധാനത്തിലെ നേട്ടങ്ങളും കോട്ടങ്ങളും
രോഗങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം,. രോഗങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കണമെങ്കില്‍ അതിനു തക്ക സര്‍വയലന്‍സ് സിസ്റ്റം ആവശ്യമാണ്. പക്ഷിപ്പനിയുടെ കാര്യം തന്നെയെടുക്കുക. പക്ഷിപ്പനി അഥവാ എച്ച് 5 എന്‍ 1 എന്ന ഈ അസുഖം ദേശാടനപക്ഷികളിലാണ് കാണപ്പെട്ടത്. അവയില്‍ നിന്നും നമ്മുടെ താറാവുകളില്‍ പടര്‍ന്നു. താറാവുകള്‍ കൂട്ടത്തോടെ ചത്തു തുടങ്ങിയപ്പോള്‍ കര്‍ഷകര്‍ ഇക്കാര്യം മൃഗസംരക്ഷണവകുപ്പില്‍ അറിയിച്ചു. ബേഡ് പ്ലേഗ്, ബേഡ് പാര്‍സെലെലോ എന്നിവയാണ് സാധാരണ താറാവുകളെ കൂടുതലായി ബാധിക്കുന്നത്. ഈ രണ്ട് അസുഖങ്ങളുടെയും ലക്ഷണങ്ങള്‍ കാണാതെ വന്നതോടെയാണ് ഇക്കാര്യത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ താറാവുകളുടെ സ്‌പെസിമന്‍ പരിശോധനയ്ക്ക് അയച്ചതും ഇത് പക്ഷിപ്പനിയാണെന്ന് തിരിച്ചറിഞ്ഞതും. അല്ലാതെ പതിവു രോഗപരിശോധനയുടെ ഭാഗമായിട്ടൊന്നുമല്ല ഈ രോഗം നമ്മള്‍ കണ്ടെത്തിയത്. അങ്ങനെയൊന്നു നടക്കുന്നുമില്ല.

മനുഷ്യരിലാണെങ്കിലും മൃഗങ്ങളിലാണെങ്കിലും ഒരു രോഗാണുവിന്റെ സാന്നിധ്യം അറിയാന്‍ തക്കവണ്ണമുള്ള ടെക്‌നോളജി നമുക്കില്ല, ഉണ്ടെങ്കില്‍ തന്നെ അവ കാര്യക്ഷമമല്ല. പലപ്പോഴും രോഗം വ്യാപകമായതിനുശേഷമായിരിക്കും തിരിച്ചറിയാന്‍ സാധിക്കുന്നത്. രോഗിയെ കണ്ടെത്താന്‍ നമുക്ക് സാധിക്കുന്നുണ്ടെങ്കിലും രോഗകാരികളെ കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്നു. രോഗിയെ കണ്ടെത്തുന്നതിന് മുമ്പ് രോഗത്തെ കണ്ടെത്താനുള്ള സംവിധാനമാണ് ആവശ്യം. പുതിയ രോഗങ്ങളെ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയാതെ പോകുന്നതിന്റെ കാരണമിതാണ്. ആരോഗ്യവകുപ്പിനെ മാത്രം ഈ കാര്യത്തില്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതിനുള്ള സംവിധാനങ്ങളൊരുക്കാന്‍ തക്ക സാമ്പത്തികശേഷിയും സാങ്കേതികവൈദഗ്ദ്യവും നമുക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

രോഗം വന്നതിനുശേഷം അതു കണ്ടെത്താനുള്ള സംവിധാനം നമുക്കുണ്ട്. പല അസുഖങ്ങളും കണ്ടെത്തുന്നതും അവ റിപ്പോര്‍ട്ട് ചെയ്യുന്നതും ആരോഗ്യവകുപ്പിലെ ഫീല്‍ഡ് ഓഫിസര്‍മാരായിരിക്കും. സങ്കടകരമായ കാര്യം എന്താണെന്നു പറഞ്ഞാല്‍, ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നവരെ കാത്തിരിക്കുന്നത് പലപ്പോഴും ശിക്ഷാനടപടികളായിരിക്കും. അതിലെ രാഷ്ട്രീയത്തെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. ആരോഗ്യവകുപ്പ് പലപ്പോഴും അവരുടെ കണക്കുകള്‍ വെള്ളം ചേര്‍ത്താണ് പ്രഖ്യാപിക്കുന്നത്. രോഗങ്ങളുടെ കാര്യത്തില്‍ കൃത്യമായ കണക്കുകള്‍ അവരൊരിക്കലും പറയാറില്ല.  നമ്മുടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ കാര്യം എടുക്കാം, ഒരു ദിവസം 50 രോഗികള്‍ വന്നെന്നിരിക്കട്ടെ പിറ്റേ ദിവസം അവിടെ തന്നെ 100 രോഗികള്‍ വന്നാല്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്യുക 60 പേര്‍ എന്നുമാത്രമായിരിക്കും. അല്ലെങ്കില്‍ രോഗികളുടെ എണ്ണം കൂടിയതിന് കാരണം ബോധിപ്പിക്കേണ്ടി വരും. ചിലപ്പോള്‍ മുകളില്‍ നിന്നു തന്നെ നിര്‍ദേശം വരും; എണ്ണം കുറച്ചു പറഞ്ഞാല്‍ മതിയെന്ന്. അല്ലെങ്കില്‍ അവര്‍ക്ക് മന്ത്രിയുടെ ഓഫിസില്‍ നിന്ന് ഫോണ്‍ വരും.

അസുഖങ്ങള്‍ വന്നു കഴിഞ്ഞ് അതിനെ എതിര്‍ത്തു തോല്‍പ്പിക്കാനുള്ള ഒരു ഫൈറ്റിംഗ് ഫയര്‍ നമുക്കുണ്ടെന്നതിന് പക്ഷിപ്പനി പ്രതിരോധിക്കുന്നതില്‍ കാണിച്ച ഉത്സാഹം തെളിയിച്ചതാണ്, അതുമാത്രം പോര, അസുഖങ്ങള്‍ വരാതെ തടയാനും നമുക്ക് സംവിധാനങ്ങള്‍ ഉണ്ടായേ പറ്റൂ. എങ്കില്‍ മാത്രമെ ആരോഗ്യകേരളം എന്ന വിശേഷണത്തിന് അര്‍ത്ഥമുണ്ടാകൂ.

(തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍