UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

അടുത്തടുത്ത ദിവസങ്ങളില്‍ സഹോദരിമാരുടെ മരണം; തിരുവനന്തപുരത്തെ കിടാരക്കുഴി ആദിവാസി ഊര് ഭീതിയിലാണ്

തുടര്‍ച്ചയായുള്ള മരണങ്ങള്‍ കാരണം പരിഭ്രാന്തിയിലായ പെരിങ്ങാവ് കിടാരക്കുഴി ആദിവാസി ഊരില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

നെടുമങ്ങാട് പെരിങ്ങാവ് കിടാരക്കുഴി ആദിവാസി ഊരില്‍ പനി ബാധിച്ച് സഹോദരികളുടെ മരണം ആശങ്കയുയര്‍ത്തുന്നു. ബാലചന്ദ്രന്‍ കാണി-മോളി ദമ്പതികളുടെ മക്കളാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞത്. ഇക്ബാല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ദീപ ബാലചന്ദ്രന്‍, വിതുര ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ദിവ്യ ബാലചന്ദ്രന്‍ എന്നിവരാണ് മരണമടഞ്ഞത്. ‘കഴിഞ്ഞ ബുധനാഴ്ച സ്‌കൂളില്‍ എത്തിയ ദീപാ ചന്ദ്രന്‍ വളരെ ഉല്‍സാഹത്തോടെയാണ് തിരികെ വീട്ടിലേക്ക് പോയത്. പിന്നെ അറിയുന്നത് പനി കാരണം മരണമടഞ്ഞുവെന്നാണ്.’ ഇക്ബാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച പനി ചികില്‍സിക്കാനായി ആദ്യം പാലോടുള്ള പബ്ലിക് ഹെല്‍ത്ത് സെന്ററിലേക്കാണ് ദീപയെ കൊണ്ടുപോയത്. അവിടെ ഡോക്ടര്‍ ഇല്ലാതിരുന്നതുകൊണ്ട് ഒരു സ്വകാര്യ ക്ലിനിക്കില്‍ കാണിച്ചു മരുന്ന് വാങ്ങി ദീപയെ തിരികെ വീട്ടില്‍ കൊണ്ടുവന്നിരുന്നു. വ്യാഴാഴ്ച രാവിലെ പനി കുറയാത്തതിനാല്‍ നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടക്കാണ് ദീപ മരിച്ചത്. നാല്‍പത്തിയഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ച ദീപയുടെ സഹോദരി ദിവ്യയും ചികില്‍സ നേടിയിരുന്നത് നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു. ചികില്‍സയിലിരിക്കെയാണ് ദിവ്യ മരിച്ചത്.

ദിവസങ്ങളുടെ വ്യത്യാസത്തില്‍ സഹോദരിമാര്‍ സമാനമായ സാഹചര്യത്തില്‍ മരണമടഞ്ഞതു കൊണ്ടാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് നെടുമങ്ങാട് ആശുപത്രിയിലുണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടര്‍ ആവശ്യപ്പെട്ടത്. മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച തന്നെ പോസ്റ്റ് മോര്‍ട്ടം നടന്നുവെങ്കിലും റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ലെന്ന് പാലോട് എസ്‌ഐ അറിയിച്ചു. ദീപയുടെ ഇളയ സഹോദരിക്കും പനി ബാധിക്കുമോ എന്ന ഭയത്തിലാണ് പ്രദേശനിവാസികള്‍.

തുടര്‍ച്ചയായുള്ള മരണങ്ങള്‍ കാരണം പരിഭ്രാന്തിയിലായ പെരിങ്ങാവ് കിടാരക്കുഴി ആദിവാസി ഊരില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. കിടാരക്കുഴിയിലുള്ളവര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന തോട്ടില്‍ നിന്ന് വെള്ളമെടുത്ത് പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി പി പ്രീത പറഞ്ഞു. ഇന്നലെ നടന്ന മെഡിക്കല്‍ ക്യാംപില്‍ അസാധാരണമായ എന്തെങ്കിലും കണ്ടെത്താനായോ എന്നുള്ള വിവരശേഖരണം നടന്നു കൊണ്ടിരിക്കുകയാണെന്ന് മെഡിക്കല്‍ ക്യാംപ് ചുമതലയുള്ള ഡോക്ടര്‍ നീന അറിയിച്ചു. പ്രദേശത്ത് ഇന്നും നാളെയുമായി മെഡിക്കല്‍ ക്യാംപ് തുടരുമെന്നും അവര്‍ പറഞ്ഞു. കിടാരക്കുഴി ആദിവാസി ഊരിനടുത്തുള്ള ആദിവാസി ഊരുകളിലും മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും. ഇതുവരെയും സംശയാസ്പദമായ രീതിയില്‍ രോഗലക്ഷണങ്ങളുള്ള കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും ഡോ. നീന പറഞ്ഞു.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍