UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

സമൂഹ മാധ്യമങ്ങളിലൂടെ വിഷാദ രോഗം പടരുന്നു

ഹൈപ്പർകണക്ടഡ് ആയ ഇക്കാലത്ത് സാമൂഹ്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന പരമ്പരാഗതമായ സമ്പര്‍ക്കങ്ങളെല്ലാം കുറഞ്ഞു വരികയാണ്

വാര്‍ത്താ വ്യാപനത്തിനും ആശയ വിനിമയത്തിനും ഏറെ സഹായകമാണ് സാമൂഹിക മാധ്യമങ്ങള്‍. ഉപയോഗിക്കുന്നതിലെ എളുപ്പവും വേഗതയും ലഭ്യതയും ഉപയോക്താക്കളുടെ ആധിക്യവുമുള്ള ഇത്തരം മാധ്യമങ്ങള്‍, പുതിയ കാലത്ത് കൂടുതല്‍ സൗകര്യപ്രദമാണെന്നതില്‍ സംശയമില്ല. അതോടൊപ്പംതന്നെ ഭയം, ഉത്കണ്ഠ, മാനസിക പിരിമുറുക്കം, വിഷാദം തുടങ്ങിയ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകാനും സാമൂഹിക മാധ്യമങ്ങള്‍ കാരണമാകുന്നു എന്നതു സംബന്ധിച്ച നിരവധി ഗവേഷണ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, വിഷാദ രോഗം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപിക്കുമെന്ന പുതിയ നിഗമനത്തില്‍ എത്തിയിരിക്കുകയാണ് ഗവേഷകര്‍.

ഹൈപ്പർകണക്ടഡ് ആയ ഇക്കാലത്ത് സാമൂഹ്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന പരമ്പരാഗതമായ സമ്പര്‍ക്കങ്ങളെല്ലാം കുറഞ്ഞു വരികയാണ്. അതിലൂടെ നഷ്ടപ്പെടുന്നത് ചില സമൂഹ പിന്തുണകള്‍കൂടെയാണെന്ന് ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നു. ഇത് മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യാ പ്രവണത എന്നിവയെല്ലാം മുമ്പത്തേക്കാള്‍ കൂടിയ നിരക്കിലേക്ക് എത്തിച്ചെന്ന് ‘ദി ലാൻസെറ്റ് ജേർണലിൽ’ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ വ്യക്തമാക്കുന്നു.

‘നിരാശയും ദുഃഖവുമെല്ലാം സോഷ്യൽ നെറ്റ്വർക്കിലൂടെ വ്യാപിപ്പിക്കാൻ കഴിയും’, എന്ന് ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്തിലെ പ്രൊഫസർ തരുൺ ബസ്തിയാംപിള്ളൈ പറഞ്ഞു. മരുന്നുകളെ മാത്രം ആശ്രയിച്ചാലോ, വ്യക്തിഗതമായ മനഃശാസ്ത്ര ചികിത്സാ രീതികള്‍ പിന്തുടര്‍ന്നാലോ മാത്രം പ്രശ്ന പരിഹാരമാവില്ല. സാമൂഹ്യ മാധ്യമങ്ങളും, സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സ്വാധീനം ഉൾപ്പെടെയുള്ള വിശാലമായ സാമൂഹിക പശ്ചാത്തലവുംകൂടെ പരിഗണിക്കണം എന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഒരു വ്യക്തിയുടെ മനോനില തിരിച്ചറിയണമെങ്കില്‍ അയാളുടെ വിശാലമായ സാമൂഹ്യബന്ധങ്ങള്‍കൂടെ പരിശോധിക്കേണ്ടി വരും. എങ്കിലേ നല്ലവശവും ദൂഷ്യവശവും കൃത്യമായി വേര്‍തിരിച്ചു മനസ്സിലാക്കാന്‍ സാധിക്കൂ എന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. പൊതുവായ ശ്രദ്ധയും ജാഗ്രതയും എല്ലായിടത്തും അനിവാര്യം തന്നെ. അത്യാവശ്യമായ ജാഗ്രതാ നിര്‍ദേശവും മറ്റും സര്‍ക്കാറും നിയമപാലകരും നല്‍കുന്നുമുണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലെ ഓരോ ഇടപെടലുകളും നിയന്ത്രിതവും കാര്യക്ഷമവുമാക്കി മാനസികാരോഗ്യം കൈവരിക്കാന്‍ എല്ലാവരും ബദ്ധശ്രദ്ധരാവുക.

Read More: “സ്മൃതി, കോന്‍?”: മോദിയുടെ രാജിയ്ക്കായി ‘മരണം വരെ’ നിരാഹാരമിരുന്ന സ്മൃതി ഇറാനിയുടെ മൂന്നാം വരവ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍