UPDATES

ഡോ. റീന എന്‍ ആര്‍

കാഴ്ചപ്പാട്

ഡോ. റീന എന്‍ ആര്‍

ഹെല്‍ത്ത് / വെല്‍നെസ്സ്

ഗര്‍ഭ കാലത്തെ പ്രമേഹം: അറിയേണ്ട കാര്യങ്ങള്‍

ഇന്‍ഡ്യയില്‍ 3.8% മുതല്‍ 21%വരെ ഗര്‍ഭിണികളില്‍ പ്രമേഹം കാണപ്പെടുന്നു

പൂര്‍ണ്ണ ആരോഗ്യമുള്ള ഒരു കുഞ്ഞ് ആണ് ഗര്‍ഭവതിയായ ഓരോ അമ്മയുടെയും എറ്റവും വലിയ സ്വപ്നം. ആരോഗ്യമുള്ള അമ്മയും കുഞ്ഞും എന്നത് ബന്ധുക്കളുടെയും ചികില്‍സകരുടെയും ആവശ്യവും. പൂര്‍ണ്ണ ആരോഗ്യമുള്ള അമ്മയില്‍ നിന്ന് മാത്രമേ ആരോഗ്യമുള്ള ഒരു കുഞ്ഞ് പിറവിയെടുക്കുകയുള്ളു. ഗര്‍ഭ കാലയളവിലുണ്ടാകുന്ന പ്രമേഹം സര്‍വ്വ സാധാരണമായി ഇന്ന് കണ്ടുവരുന്നു. ഇന്‍ഡ്യയില്‍ 3.8% മുതല്‍ 21%വരെ ഗര്‍ഭിണികളില്‍ പ്രമേഹം കാണപ്പെടുന്നു. ഇനി എന്താണ് പ്രമേഹം എന്നു നോക്കാം. രക്തത്തില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ് പ്രമേഹം എന്ന രോഗം. സാധാരണയായി രക്തത്തിലെ ഗ്ലൂക്കോസിന്റ അളവ് ആഹാരത്തിന് മുമ്പ് 100 mg/dl ല്‍ താഴെയും ആഹാരത്തിന് ശേഷം 140 mg/dl-ല്‍ താഴെയും ആയിരിക്കണം.

നാം ഭക്ഷണം കഴിക്കുമ്പോള്‍ അന്നനാളത്തിലെത്തുന്ന ആഹാരം ദഹന പ്രകൃയക്ക് ശേഷം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. അങ്ങനെ രക്തത്തിലെത്തുന്ന ഗ്ലൂക്കോസ് ശരീരത്തിലെ വിവിധ കലകളിലേക്ക് രക്തത്തിലൂടെ സഞ്ചരിക്കുന്നു. ഈ ഗ്ലൂക്കോസിന് കോശങ്ങള്‍ക്ക് ഉള്ളിലേക്ക് പ്രവേശിക്കണമെങ്കില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റ സാന്നിദ്ധ്യം ആവശ്യമാണ്. കോശങ്ങള്‍ക്ക് ഉള്ളിലേക്ക് ഗ്ലൂക്കോസ് കടന്നാല്‍ മാത്രമേ ശരീരത്തിന് വേണ്ടുന്ന ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ സാദ്ധ്യമാകൂ. ഇന്‍സുലിന്റെ അഭാവത്തില്‍ കോശങ്ങള്‍ക്ക് ഉള്ളിലേക്ക് ഗ്ലൂക്കോസ് കടക്കാതിരിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് പ്രമേഹം. ഒന്നു കൂടി വിശദമായി പറഞ്ഞാല്‍ രക്തത്തിലെ ഗ്ലൂക്കോസ് കൂടുതലായിരിക്കുകയും എന്നാല്‍ ശരീരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളോ ഊര്‍ജ്ജോല്‍പാദന പ്രവര്‍ത്തനങ്ങളോ നടക്കിതിരിക്കുകയും ചെയ്യുന്ന അവസ്ഥ.(starvation in plenty).

ഗര്‍ഭാവസ്ഥയിലെ പ്രത്യേകത ഇന്‍സുലിന് എതിരായി പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകള്‍ മറുപിള്ളയില്‍(placenta) നിന്ന് പുറത്തു വരുന്നു എന്നതാണ്. തല്‍ഫലമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ശരിയായ ക്രമത്തില്‍ നിലനിര്‍ത്തുന്നതിന് കൂടുതല്‍ ഇന്‍സുലിന്‍ ആവശ്യമായി വരുന്നു. പ്രമേഹം വരാന്‍ ചെറിയ സാദ്ധ്യത എങ്കിലും ഉള്ളവരില്‍ ഗര്‍ഭ കാലത്ത് പ്രമേഹം പ്രത്യക്ഷപ്പെടുന്നതിന്റെ കാരണം ഇതാണ്. അതു പോലെ തന്നെ ഗര്‍ഭ കാലയളവില്‍ ആഹാരത്തിന് മുന്‍പുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണയില്‍ നിന്ന് കുറയുകയും ആഹാരത്തിന് ശേഷമുള്ള ഗ്ലൂക്കോസിന്റെ അളവ് കൂടുകയും ചെയ്യുന്നു. മാത്രവുമല്ല രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയില്‍ ആയിരിക്കുമ്പോള്‍ തന്നെ മൂത്രത്തിലൂടെ ഗ്ലൂക്കോസ് വിസര്‍ജ്ജിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഗര്‍ഭാവസ്ഥയില്‍ മൂത്രത്തില്‍ പഞ്ചസാരയുടെ സാന്നിദ്ധ്യം കണ്ടു എന്നതു കൊണ്ടു മാത്രം ഒരാള്‍ക്ക് പ്രമേഹം ഉള്ളതായി പറയാന്‍ കഴിയില്ല.

ഗര്‍ഭിണികളിലുണ്ടാകുന്ന പ്രമേഹം രണ്ടു തരത്തിലാകാം. ഒന്ന് ഗര്‍ഭ ധാരണം നടന്നതിനു ശേഷം ഉണ്ടാകുന്ന പ്രമേഹം (gestational diabetes ) . രണ്ടാമത്തേത് ഗര്‍ഭധാരണത്തിന് മുന്‍പു തന്നെ സ്ത്രീ പ്രമേഹ ബാധിതയായിരിക്കുന്ന അവസ്ഥയാണ്.

ഇനി ഗര്‍ഭാവസ്ഥയില്‍ പ്രമേഹം വന്നാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം-

ഗര്‍ഭ കാലയളവില്‍ പ്രമേഹം ഉള്ള സ്ത്രീകളില്‍ ശരീര ഭാരം അമിതമായി വര്‍ദ്ധിക്കുന്നതായി കാണപ്പെടുന്നു. പലപ്പോഴും രക്താതിസമ്മര്‍ദ്ദവും ഇതോടൊപ്പം ഉണ്ടാകാറുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ തൂക്കം അസാധാരണമായി വര്‍ദ്ധിക്കുന്നതു കൊണ്ട് പ്രസവ സമയത്ത് അമ്മയുടെ ഗര്‍ഭാശയ മുഖത്തും യോനീനാളിയിലും മുറിവുകളുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഒപ്പം സിസ്സേറിയന്‍ നിരക്ക് കൂടാനും ഇത് കാരണമാകുന്നു. ശിശുവിന്റെ തോളുകള്‍ തലയെ അപേക്ഷിച്ച് കൂടുതല്‍ വളരുന്നതു കൊണ്ട് പ്രസവ സമയത്ത് തല പുറത്തു വന്നതിനു ശേഷം തോളുകള്‍ പുറത്തു വരാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. വലുപ്പം കൂടിയ തോളുകള്‍ പുറത്തേക്ക് വലിച്ചെടുക്കുമ്പോള്‍ കുഞ്ഞിന് പല രീതിയിലുള്ള ക്ഷതങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. കൈകളിലേക്കുള്ള ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചാല്‍ കൈകള്‍ പുറകിലേക്ക് തിരിഞ്ഞിരിക്കുന്ന erbs palsy ഉണ്ടാകാം.

പ്രസവ സമയത്ത് കുഞ്ഞിന്റെ തൂക്കം 4 കിലോഗ്രാമില്‍ അധികമാണെങ്കില്‍ അമിത ഭാരമായി കണക്കാക്കപ്പെടുന്നു.

അകാരണമായി ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടു പോകുന്ന അവസ്ഥയും പ്രമേഹ ബാധിതരായ ഗര്‍ഭിണികളില്‍ കാണാറുണ്ട്.

കൂടാതെ കുഞ്ഞിന്റെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞ് പോവുക, കുഞ്ഞിന് മഞ്ഞയുണ്ടാവുക, കാല്‍സ്യത്തിന്റെ അളവ് കുറഞ്ഞു പോവുക, ഹൃദയത്തിന്റെ തകരാറുകള്‍ തുടങ്ങിയ പ്രശ്‌നങ്ങളും ഇത്തരം കുട്ടികളില്‍ കൂടുതലായി കാണുന്നു.

ഗര്‍ഭ ധാരണ സമയത്ത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുതലായിരുന്നാല്‍ ശിശുവിന് അംഗവൈകല്യമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. സാധാരണയായി ഗര്‍ഭസ്ഥ ശിശുവിന് അംഗവൈകല്യം ഉണ്ടാകാനുള്ള സാദ്ധ്യത 2%ആണ്. എന്നാല്‍ ഗര്‍ഭധാരണ സമയത്ത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമാണെങ്കില്‍ അംഗ വൈകല്യം ഉണ്ടാകാനുള്ള സാദ്ധ്യത 10%ആയി ഉയരുന്നു.

അതു പോലെ തന്നെ ഗര്‍ഭ കാലയളവില്‍ അമ്മമാര്‍ക്ക് പ്രമേഹം ഉണ്ടെങ്കില്‍ ആ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുമ്പോള്‍ അമിത വണ്ണം, രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, തുടങ്ങിയവക്കുള്ള സാദ്ധ്യത കൂടുതലായാണ് കാണുന്നത്.

ഇന്‍ഡ്യന്‍ സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയില്‍ പ്രമേഹമുണ്ടാകാനുള്ള സാദ്ധ്യത പാശ്ചാസ്ത്യരെക്കാള്‍ പതിനൊന്നു മടങ്ങ് അധികമാണ്. അതുകൊണ്ടു തന്നെ എല്ലാ ഗര്‍ഭിണികളിലും പ്രമേഹം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടോ എന്ന് അറിയുന്നതിനു വേണ്ടിയുള്ള പരിശോധന ചെയ്യേണ്ടതാണ്.

75g ഗ്ലൂക്കോസ് കഴിച്ചതിനു ശേഷം 2 മണിക്കൂര്‍ കഴിഞ്ഞ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിര്‍ണ്ണയിക്കുന്നതിലൂടെ (75g OGTT) നമുക്കിത് മനസ്സിലാക്കാന്‍ കഴിയും.

140-ന് മുകളിലാണ് blood sugar എങ്കില്‍ ഗര്‍ഭ കാലയളവിലെ പ്രമേഹം ഉള്ളതായി കണക്കാക്കാം. 200-ന് മുകളിലാണെങ്കില്‍ ഗര്‍ഭ ധാരണത്തിനു മുന്‍പു തന്നെ പ്രമേഹം ഉണ്ടായിരുന്നതായി സംശയിക്കണം. 120 മുതല്‍ 139 വരെയാണെങ്കില്‍ പ്രസവത്തോട് അടുക്കുമ്പോള്‍ പ്രമേഹം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതായി കണക്കാക്കാം.

ഈ ടെസ്റ്റ് എല്ലാ ഗര്‍ഭിണിമാരിലും ആദ്യത്തെ മൂന്നു മാസത്തില്‍ ഒരിക്കലും അതു കഴിഞ്ഞ് 24-28 ആഴ്ചകള്‍ക്കകവും പിന്നീട് 32-34 ആഴ്ചകള്‍ക്കകവും ഗൈനക്കോളജിസ്റ്റുമാര്‍ ചെയ്യിക്കാറുണ്ട്.


ചികില്‍സ

1. വ്യായാമം

അര മണിക്കൂര്‍ നടക്കുന്നത് blood sugar കുറക്കാന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമമാണ്.
കൈകള്‍ക്കുള്ള വ്യായാമങ്ങള്‍ 20 മിനിറ്റ് ദിവസവും ചെയ്യുന്നത് blood sugar കുറക്കാന്‍ സഹായിക്കുന്നു.

2. Medical Nutrition Therapy

സാധാരണ തൂക്കമുള്ള ഒരു സ്ത്രീയില്‍ 11kg മുതല്‍ 15 kg വരെ തൂക്കം ഗര്‍ഭാവസ്ഥയില്‍ വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്. എന്നാല്‍ അമിത വണ്ണമുള്ള പ്രമേഹ ബാധിതരായ സ്ത്രീകളില്‍ ഗര്‍ഭ കാലഘട്ടത്തിലെ ആകെ തൂക്ക വര്‍ദ്ധന 5-6 kg-ല്‍ നിജപ്പെടുത്തുന്നതാണ് നല്ലത്.

പഞ്ചസാരയും ശര്‍ക്കരയും ചേര്‍ന്ന ഭക്ഷണം ഒഴിവാക്കുക.

അന്നജം അടങ്ങിയ ആഹാരങ്ങളായ ചോറ് കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയുടെ അളവ് കുറക്കുക.

ഇലക്കറികളും പയറു വര്‍ഗ്ഗങ്ങളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

മൂന്നു നേരം ആഹാരം എന്നതില്‍ നിന്നു മാറി ഓരോ നേരവും കുറേശ്ശെ ആയി ആറു നേരം കഴിക്കുക എന്നതാണ് കൂടുതല്‍ അഭികാമ്യം.

90% പ്രമേഹവും വ്യായാമം ആഹാര നിയന്ത്രണം എന്നിവയിലൂടെ നിയന്ത്രിക്കാന്‍ കഴിയും. രണ്ടാഴ്ച കൊണ്ട് പ്രമേഹം നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇന്‍സുലിന്‍ ചികില്‍സ സ്വീകരിക്കുന്നതാകും നല്ലത്.

75g OGTT 200 mg/dl ല്‍ അധികമാണെങ്കില്‍ ഉടന്‍ തന്നെ ഇന്‍സുലിന്‍ തുടങ്ങേണ്ടതാണ് .

3. ഇന്‍സുലിന്‍

ഇന്‍സുലിന്‍ തുടങ്ങുന്നതിനു മുന്‍പ് വ്യായാമം ആഹാര നിയന്ത്രണം എന്നിവയെ കുറിച്ച് ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക.

രക്തത്തിലെ ഗ്ലൂക്കോസ് നില സ്വയം നോക്കുന്നതെങ്ങനെയെന്നും സ്വന്തമായി ഇന്‍സുലിന്‍ കുത്തിവയ്പ് എടുക്കുന്നതെങ്ങനെയെന്നും ചോദിച്ചു മനസ്സിലാക്കുക.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്നതിന്റെ ലക്ഷണങ്ങളും ചികില്‍സാ രീതികളും ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക.

അമിതമായ വിയര്‍പ്പ്, ക്ഷീണം, ഭാരമില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി, വായിലും ചുണ്ടുകളിലും മരവിപ്പ്, കാഴ്ച മങ്ങല്‍, നെഞ്ചിടിപ്പ്, സംസാരം കുഴഞ്ഞു പോവുക, സംഭ്രമം, തലവേദന, വിറയല്‍, ചിന്തിക്കാനുള്ള ശേഷിക്കുറവ് തുടങ്ങിയവ പഞ്ചസാരയുടെ അളവ് കുറയുന്നതിന്റെ ലക്ഷണങ്ങളാണ്.

ഈ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ പഞ്ചസാരയോ മധുര പാനീയങ്ങളോ കഴിക്കുക. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതിനെക്കാള്‍ അപകടകരമാണ് hypoglycemia(രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്ന അവസ്ഥ). വളരെ പെട്ടെന്ന് ഈ അവസ്ഥ പരിഹരിച്ചില്ലെങ്കില്‍ രോഗി അബോധാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാദ്ധ്യതയുണ്ട്.

പ്രസവം അടുക്കുന്തോറും ഇന്‍സുലിന്റെ dose കൂട്ടേണ്ടതായി വരാം. Regular Insulin ആഹാരത്തിന് അര മണിക്കൂര്‍ മുന്‍പ് ആണ് എടുക്കേണ്ടത്.

പ്രമേഹം ഗര്‍ഭ കാലത്തിന്റെ ആരംഭ ദശയില്‍ തന്നെ നിയന്ത്രണ വിധേയമാണെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച കൂടുതല്‍, കുഞ്ഞിന് ചുറ്റുമുള്ള സ്രവമായ amniotic fluid കൂടുന്ന അവസ്ഥ, അകാരണമായി ഗര്‍ഭസ്ഥ ശിശു മരണപ്പെടല്‍ തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ നമുക്ക് ഒഴിവാക്കാനാകും.

ആഹാരത്തിനു മുമ്പ് blood sugar 90-ല്‍ താഴെയും ആഹാരത്തിനു 2 മണിക്കൂര്‍ ശേഷം blood sugar 120-ല്‍ താഴെയുമായി നില നിര്‍ത്തേണ്ടതാണ്.

Blood sugar നില നിയന്ത്രണ വിധേയമാണെങ്കില്‍ ശിശു പൂര്‍ണ്ണ വളര്‍ച്ച എത്തിയതിനു ശേഷം പ്രസവിപ്പിച്ചാല്‍ മതിയാകും. എന്നാല്‍ പ്രമേഹം നിയന്ത്രണ വിധേയമല്ലാതിരിക്കുക, ഗര്‍ഭസ്ഥ ശിശുവിന് വലിപ്പ കൂടുതല്‍ ഉണ്ടായിരിക്കുക തുടങ്ങിയ അവസരങ്ങളില്‍ പൂര്‍ണ്ണ വളര്‍ച്ച എത്തുന്നതിന് രണ്ടാഴ്ച മുമ്പ് പ്രസവിപ്പിക്കുന്നതാകും ഉത്തമം.

ഗര്‍ഭസ്ഥ ശിശുവിന്റെ തൂക്കം 4.5 kg ല്‍ കൂടുതലാണെങ്കില്‍ സിസ്സേറിയന്‍ ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കുന്നതു തന്നെയാണ് ഉചിതം.

പ്രസവ ശേഷം blood sugar സാധാരണ നിലയില്‍ എത്തുന്നതായാണ് കാണപ്പെടാറുള്ളത്. ആശുപത്രിയില്‍ നിന്ന് വിടുന്നതിന് മുമ്പ് ഒരു വട്ടമെങ്കിലും blood sugar നോക്കേണ്ടതാണ്. അതുപോലെ തന്നെ പ്രസവ ശേഷം ആറ് ആഴ്ച കഴിഞ്ഞ് 75g 2hr OGTT ചെയ്യേണ്ടതുമാണ്.

അടുത്ത പ്രസവ സമയത്തോ മദ്ധ്യ വയസ്സിലോ പ്രമേഹം ഉണ്ടാകാനുള്ള സാദ്ധ്യത ഇത്തരക്കാരില്‍ വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഭക്ഷണ ക്രമീകരണവും വ്യായാമവും തുടര്‍ന്നും ഒരു ശീലമാക്കേണ്ടതാണ്.


ഗര്‍ഭ ധാരണത്തിന് മുമ്പുള്ള പ്രമേഹം

ഗര്‍ഭ ധാരണത്തിന് മുമ്പ് പ്രമേഹം ഉള്ളവരില്‍ Hb A1c എന്ന test ചെയ്താല്‍ കഴിഞ്ഞ മൂന്നു മാസങ്ങളിലെ blood sugar നിയന്ത്രണ വിധേയമായിരുന്നോ എന്ന് മനസ്സിലാക്കാന്‍ കഴിയും.

ദീര്‍ഘ കാലമായി പ്രമേഹ രോഗ ബാധിതരാണെങ്കില്‍ ഗര്‍ഭധാരണത്തിന് മുമ്പ് കണ്ണുകള്‍ (retinopathy), വൃക്കകള്‍ (nephropathy), നാഡീവ്യവസ്ഥ (neuropathy), രക്ത ചംക്രമണ വ്യവസ്ഥ തുടങ്ങിയവയെ പ്രമേഹം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് നോക്കേണ്ടതാണ്.

അതു പോലെ ഇന്‍സുലിന്‍ ഗര്‍ഭ ധാരണത്തിന് മുമ്പ് തന്നെ എടുത്തു തുടങ്ങുന്നതാണ് അഭികാമ്യം. HbA1c 6ല്‍ താഴെ ആയിരുന്നാല്‍ പ്രമേഹം മൂലമുണ്ടാകുന്ന ജനന വൈകല്യങ്ങളും, ഗര്‍ഭം അലസലും ഒഴിവാക്കാനാകും.

ഗര്‍ഭ ധാരണത്തിന് മുന്‍പു തന്നെ കണ്ണുകള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നമായ retinopathy ചികില്‍സിക്കേണ്ടതാണ്.

ജനന വൈകല്യങ്ങള്‍, ഗര്‍ഭമലസല്‍, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവ്, ഗര്‍ഭ കാലത്തെ അമിത രക്ത സമ്മര്‍ദ്ദം(PIH), തുടങ്ങിയവ ഇത്തരക്കാരില്‍ ഗര്‍ഭ കാല പ്രമേഹം മാത്രം ഉള്ളവരേക്കാള്‍ കൂടുതലായാണ് കാണുന്നത്. അതു കൊണ്ടു തന്നെ ഗര്‍ഭ ധാരണത്തിന് മുമ്പു പ്രമേഹ ബാധിതരായിട്ടുള്ളവരില്‍ കൂടുതല്‍ കാര്യ ക്ഷമമായി പരിശോധനകളും ചികില്‍സയും നടത്തേണ്ടതാണ്.

ഡോ. റീന എന്‍ ആര്‍

ഡോ. റീന എന്‍ ആര്‍

കൊല്ലം ഗവ. വിക്ടോറിയ ഹോസ്പിറ്റലില്‍ ഗൈനക്കോളജിസ്റ്റാണ് ഡോ. റീന എന്‍ ആര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍