UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഒന്നല്ല, രണ്ടല്ല… പ്രമേഹം പലവിധം

പുതിയ കണ്ടെത്തല്‍ പ്രകാരം പ്രമേഹം എന്നാല്‍ അഞ്ച് വ്യത്യസ്ത രോഗങ്ങളാണ്

ശരീരത്തില്‍ പഞ്ചസാരയുടെ അളവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളെയും പ്രമേഹമെന്ന് മാത്രമെ നമ്മള്‍ വിളിക്കൂ. കുറച്ചുപേരെങ്കിലും ‘ടൈപ്പ്-1’, ‘ടൈപ്പ്-2’ എന്നുവരെ കേട്ടിട്ടുണ്ടാകും. എന്നാലിപ്പോള്‍ കഥ അവിടെ നിന്നും മാറി. സ്വീഡനിലെയും ഫിന്‍ലന്റിലെയും ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പ്രമേഹത്തിന് മറ്റൊരു നിര്‍വ്വചനം നല്‍കിയിട്ടുണ്ട്. പുതിയ കണ്ടെത്തല്‍ പ്രകാരം പ്രമേഹം എന്നാല്‍ അഞ്ച് വ്യത്യസ്ത രോഗങ്ങളാണത്രെ!

ലോകമെമ്പാടും ഏറ്റവും വേഗതയില്‍ ‘വളര്‍ച്ച’ കൈവരിക്കുന്ന രോഗമാണ് ഇപ്പോള്‍ പ്രമേഹം. ഈ സാഹചര്യത്തില്‍ വൈദ്യശാസ്ത്രം ‘പഴയ കണ്ണുകളില്‍’ പ്രമേഹത്തെ കാണരുതെന്നാണ് ഇവരുടെ പക്ഷം. 1980കളില്‍ ലോകത്ത് 108 മില്യണ്‍ പേരില്‍ കാണപ്പെട്ട രോഗം 2014ല്‍ 422 മില്യണ്‍ ആള്‍ക്കാരെ പിടികൂടിയെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്.

ഈ ശാസ്ത്രജ്ഞരുടെ കണ്ടെത്തലില്‍, അഞ്ച് രോഗങ്ങള്‍ക്കും ജനിതകപരമായി വലിയ വ്യത്യാസമാണുള്ളത്. രോഗിയുടെ പ്രായം, ഭാരം, ഇന്‍സുലിന്‍ തോത് എന്നിവയെ ആശ്രയിച്ചാണിത്.

1.സിവിയര്‍ ഓട്ടോ-ഇമ്മ്യൂണ്‍ ഡയബെറ്റിസ് (Severe Autoimmune Diabetes): ഇന്‍സുലിന്റെ ഉത്പാദനത്തെ ശരീരം തടയുന്ന അവസ്ഥയാണിത്. ടൈപ്പ്-1 ഡയബെറ്റിസിന് സമാനം.

2.സിവിയര്‍ ഇന്‍സുലിന്‍ ഡെഫിഷ്യന്റ് ഡയബെറ്റിസ് (Severe Insulin Deficient Diabetes): ഇന്‍സുലിന്റെ ഉത്പാദനം ഈ രോഗം വഴി തടയപ്പെടുന്നില്ലെങ്കിലും രോഗിക്ക് ആവശ്യമായ ഇന്‍സുലിന്‍ നഷ്ടപ്പെടുന്ന അവസ്ഥ.

3.സിവിയര്‍ ഇന്‍സുലിന്‍ റെസിസ്റ്റന്റ് ഡയബെറ്റിസ് (Severe Insulin Resistant Diabetes): ഉയര്‍ന്ന ബിഎംഐ(body mass index) നിരക്ക് ഉള്ളവരിലാണ് ഈ പ്രമേഹം കാണപ്പെടുക. ഇന്‍സുലിന്‍ ഉത്പാദനം നടക്കുന്നുണ്ടെങ്കിലും ശരീരം ഇതിനോട് ആവശ്യാനുസരണം പ്രതികരിക്കാത്ത അവസ്ഥ.

4.മൈല്‍ഡ് ഒബീസിറ്റി- റിലേറ്റഡ് ഡയബെറ്റിസ് (Mild Obesity-Related Diabetes): ശരീരഭാരം കൂടിയ വ്യക്തികളില്‍ ഈ വിധം പ്രമേഹം കാണപ്പെടാം. ശരീരം ഇന്‍സുലിന്‍ പ്രതിരോധം തീര്‍ക്കാതിരിക്കുന്ന സാഹചര്യത്തിലും രോഗിക്ക് അമിത വണ്ണം ഉണ്ടാകുന്ന അവസ്ഥയാണിത്.

5.മൈല്‍ഡ് ഏജ് റിലേറ്റഡ് ഡയബെറ്റിസ് (Mild age- Related Diabetes): ഒബീസിറ്റി റിലേറ്റഡ് ഡയബെറ്റിസിനോട് സമാനമാണിത്. പക്ഷെ, മറ്റ് നാല് തരം പ്രമേഹം ബാധിക്കുന്നവരേക്കാളും പ്രായം കൂടിയവരിലാണ് ഈ അഞ്ചാമന്‍ കാണപ്പെടുന്നത്.

ഒരു വ്യക്തിയില്‍ ബാധിച്ചിരിക്കുന്ന പ്രമേഹത്തെ ഇത്രയും സൂക്ഷ്മമായി വിലിയിരുത്താന്‍ സാധിക്കുന്നത് വഴി ചികിത്സ എളുപ്പമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അപകടകരമായ തോതിലേക്ക് പ്രമേഹം കടക്കാതിരിക്കാനും പുതിയ നിര്‍വ്വചനങ്ങള്‍ സഹായിക്കുമെന്നും വാദമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍