UPDATES

ബൈന ആര്‍ നാഥ്

കാഴ്ചപ്പാട്

ബൈന ആര്‍ നാഥ്

പ്രവാസം

അനാരോഗ്യ പ്രവാസി

ആതുരസേവനാലയങ്ങള്‍ എന്ന പേരില്‍ ആശ്വാസമേകുന്ന ആശുപത്രികള്‍  ഇന്നത്തെ കാലഘട്ടത്തില്‍ മനുഷ്യജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ നിര്‍ണ്ണായകമാണ്. ഇന്ന് അസുഖങ്ങള്‍ പഴയ കാലത്തേക്കാള്‍ കൂടുതലെന്ന് നമ്മള്‍ പരിതപിക്കുമ്പോഴും ജീവിതത്തിന്‍റെ സന്നിഗ്ധഘട്ടങ്ങളില്‍ താങ്ങായും തണലായും നമ്മുടെ കൂടെ നില്‍ക്കാന്‍ ഒരുപാടു ആശുപത്രികളുണ്ട്.

അസുഖങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനും വേണ്ട ചികിത്സ ചെയ്യാനും നൂതനസാങ്കേതിക വിദ്യകളുടെ പുരോഗതിയും അത് പ്രയോജനപ്പെടുത്തുന്ന മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും നമ്മെ സഹായിക്കുന്നു.പക്ഷെ എറിഞ്ഞിടാന്‍ പണമുള്ളവര്‍ക്ക് മാത്രമേ എവിടെയും രക്ഷയുള്ളൂ എന്ന പ്രതികൂലാവസ്ഥയും ഇതിനു പിന്നിലുണ്ടെന്ന് പറയാതിരിക്കാന്‍ വയ്യ. ഇന്ന് കേരളത്തിലെ വന്‍കിടനഗരങ്ങളിലെല്ലാം വാനം മുട്ടെ ഉയര്‍ന്നുപൊങ്ങുന്ന മള്‍ട്ടിസ്പെഷ്യാലിറ്റി  ഹോസ്പിറ്റലുകള്‍ വന്‍ലാഭേച്ഛയിലുള്ള വ്യവസായം കൂടിയായി മാറുകയാണോ എന്നും സംശയമുണ്ട്.

ഇങ്ങനെയോക്കെയാണെങ്കിലും വിദേശരാജ്യങ്ങളില്‍ നിന്നുപോലും കേരളത്തില്‍ വിദഗ്ധചികിത്സക്കെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ലോകനിലവാരമുള്ള ഡോക്ടര്‍മാരുടെ പരിചരണം ലഭിക്കുന്നുവെന്നതും അതിന്‍റെ ഒരു പ്രധാന ഘടകമാണ്. മരുന്നും സൌകര്യങ്ങളും എല്ലാം ചികിത്സയ്ക്കാവശ്യമാണെങ്കിലും ഡോക്ടറിലുള്ള വിശ്വാസം, അവരുടെ സ്നേഹപൂര്‍ണ്ണവും മനുഷ്യത്വപരവുമായ പെരുമാറ്റം ഓരോ രോഗിയിലും അവരുടെ രോഗചികിത്സയിലും നിവാരണത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നതാണ് സത്യം. ഈയിടെ അന്തരിച്ച ഡോക്ടര്‍ ഷാനവാസിനെപ്പോലെ മനുഷ്യനെ അറിഞ്ഞു ജീവിക്കുന്ന ഒരുപാടു ഡോക്ടര്‍മാര്‍ ഉള്ള നാടാണ് കേരളം. അറിയപ്പെടാതിരിക്കുന്ന ഇനിയും എത്രയോ നല്ല ഡോക്ടര്‍മാര്‍ അവിടെയുണ്ട് എന്ന് തന്നെ പറയാം.

ആധുനിക ജീവിതരീതിയും ഭക്ഷണക്രമങ്ങളുമെല്ലാം ഇന്ന് നമ്മുടെ ശരീരത്തിലും ആരോഗ്യത്തിലും ഒരുപാടു സ്വാധീനങ്ങള്‍ ചെലുത്തുന്നുണ്ട്. ടെലിവിഷന്‍ തുറന്നാല്‍ കാണുന്ന ജങ്ക്ഫുഡുകളുടെ നിറം തേച്ച പരസ്യങ്ങള്‍ നമ്മുടെ കുഞ്ഞുതലമുറകളെ ബ്രയിന്‍വാഷ് ചെയുന്നവയാണ്. ശീതള പാനീയങ്ങളും   നൂഡില്‍സും ചിപ്സുകളുമെല്ലാം ഇന്ന് ആട്ടിന്‍തോലണിഞ്ഞ ചെന്നായകളെപ്പോലെ, ഗുരുതരമായ ആരോഗ്യപ്രശനമുണ്ടാക്കുന്ന ഭക്ഷ്യവസ്തുവാണെന്ന് നമുക്കറിയാതെയല്ല. കുഞ്ഞുകുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെയും നടീനടന്മാരുടെയും രൂപത്തില്‍ പരസ്യങ്ങളില്ലെത്തി സ്നേഹത്തോടെ നിര്‍ബന്ധിക്കുമ്പോള്‍, കുട്ടികളും അവരുടെ കൊഞ്ചലുകള്‍ക്ക് മീതെ വലിയവരും കുറെയൊക്കെ വീണുപോവുന്നെന്നതും സത്യം തന്നെ. ഇന്നത്തെ മരകാസുഖങ്ങളിലൊന്നായ ക്യാന്‍സറിനും മറ്റും കാരണക്കാരാകാന്‍ ഇത്തരം ഭക്ഷണത്തിനു കഴിവുണ്ടെന്നുള്ളത് നമുക്കറിയാതെയല്ല.

ഇത്തരം അനാരോഗ്യകരമായ ഭക്ഷണരീതി ഏറ്റവും കൂടുതല്‍ കണ്ടുവരുന്നതും വിദേശങ്ങളിലാണ്. ജീവിതസാഹചര്യങ്ങള്‍ പ്രവാസികളെയും ഏറെക്കുറെ അതിന്റെ അടിമകളാക്കി മാറ്റിയിരിക്കുന്നു.സമയക്കുറവും ജോലിഭാരവുമെല്ലാം ഇതിനു കാരണങ്ങളൊരുക്കുന്നു. അച്ഛനും അമ്മയും ജോലിക്ക് പോവുന്ന ഒരു പ്രവാസകുടുംബത്തിലെ കുട്ടികളുടെ പ്രധാന ആശ്രയം ബര്‍ഗറും ഷവര്‍മയും ഒക്കെത്തന്നെയായിരിക്കും. വല്ലപ്പോഴും വീട്ടിലുണ്ടാക്കുന്നതോ എളുപ്പത്തില്‍ റെഡിയാവുന്ന നൂഡില്‍സും ബിരിയാണിയുമൊക്കെത്തന്നെ. ബാച്ചിലേര്‍സ് ആയി താമസിക്കുന്നവരായാലും കൂടുതലും മാംസഭക്ഷണത്തെ ആശ്രയിക്കുന്നവരാണ്. കൊളസ്ട്രോളും സുഗറും ഉള്ളവരും ഇല്ലാത്തവരും എല്ലാം ഒരേ മെസ്സ് പങ്കിടുന്നതിനാല്‍ രോഗത്തിനനുസരിച്ചുള്ള ഭക്ഷണനിയന്ത്രണം പാലിക്കാന്‍ പലര്‍ക്കും കഴിയാറില്ല. ഇതും രോഗാവസ്ഥ അധികരിക്കാന്‍ കാരണമാകുന്നു.

ഇന്ന് ചെറിയ ചെറിയ അസുഖലക്ഷണങ്ങള്‍ പോലും തിരിച്ചറിഞ്ഞു ഡോക്ടറെ കാണാനും വിശദ പരിശോധനകള്‍ നടത്താനും നമ്മള്‍ മുന്നിട്ടിറങ്ങാറുണ്ടെന്നുള്ളത് ആരോഗ്യരംഗത്ത് ആശ്വാസകരമായ ഒരു മുന്നേറ്റമാണ്. വിദ്യാഭ്യാസപുരോഗതിക്കും ആശുപത്രികളുടെയും മീഡിയകളുടെയുമെല്ലാം ആരോഗ്യബോധവത്കരണ പരിപാടികള്‍ക്കുമെല്ലാം ഇതില്‍ പ്രധാന പങ്കുണ്ട്. എന്നാല്‍ ഈ ഒരു പ്രവണത പ്രവാസികള്‍ക്കിടയില്‍ ഇത്തിരി കുറവാണെന്ന് പലപ്പോഴും തോന്നാറുണ്ട്. അതിന്റെ കാരണം വേറൊന്നുമല്ല; ഏതൊരു സാധാരണമനുഷ്യനും താങ്ങാവുന്നതിലപ്പുറമാണ് ഇവിടുത്തെ ഹോസ്പിറ്റല്‍ ചിലവുകള്‍ എന്നത് തന്നെ. നാട്ടില്‍ ഒരു ജനറല്‍ ഡോക്ടറെ കാണണമെങ്കില്‍ നൂറോ നൂറ്റമ്പതോ രൂപ വേണ്ടിടത്ത് ഇവിടെ എഴുനൂറ്റമ്പത് മുതല്‍ ആയിരം രൂപ വരെയാണ് വരിക. അതും കണ്‍സള്‍റ്റിംഗ് ഫീസ്‌ മാത്രം. ഇത് പ്രൈവറ്റ് മള്‍ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളാണെങ്കില്‍ ഫീസ്‌ വീണ്ടും കൂടും. വെറുമൊരു ജലദോഷപ്പനിയുടെ മരുന്ന് തന്നെ പുറത്തു നിന്ന് വാങ്ങുകയാണെങ്കില്‍ രൂപ രണ്ടായിരത്തിനു മീതെയാകും. ഇനി ബ്ലഡ് ടെസ്റ്റുകളോ ഇ സി ജിയോ സ്കാനിംഗോ വേണ്ടി വരികയാണെങ്കില്‍ പിന്നെ സാധാരണ തൊഴിലാളിയെ സംബന്ധിച്ചിടത്തോളം മാസസമ്പളം എങ്ങോട്ട് പോയെന്നു പറയാനാവില്ല. അതുകൊണ്ട് തന്നെ പലരും രോഗത്തെ അവഗണിക്കുന്നു. അല്ലെങ്കില്‍ ചെറിയ രോഗലക്ഷണങ്ങളെല്ലാം പെയിന്‍കില്ലെറുകളും പാരസെറ്റമോളും കഴിച്ചു അഡ്ജസ്റ്റ് ചെയ്യുന്നു.

തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന പല കമ്പനികളും ഇവിടെയുണ്ട്. തൊഴിലാളി ഘോസി നിയമപ്രകാരം അവര്‍ അതിന് അര്‍ഹരുമാണ് .എന്നാല്‍ പല കമ്പനികളും ഇതിനായി മുന്നിട്ടിറങ്ങാറില്ല എന്നതാണ് കാര്യം. അതുകൊണ്ട് തന്നെ പ്രവാസികളില്‍ ആരോഗ്യ ഇന്‍ഷുറന്‍സും സൌകര്യങ്ങളും ലഭ്യമാകുന്നത് മൂന്നിലൊന്നു ശതമാനത്തിനു മാത്രമാണ്. ബാക്കിയുള്ളവര്‍ കുറെയൊക്കെ ആശ്രയിക്കുന്നത് ഇവിടുത്തെ ഗവണ്‍മെന്‍റ് ഹെല്‍ത്ത് സെന്‍ററുകളെയാണ്. മൂന്നു ദിനാര്‍ (അഞ്ഞൂറ് രൂപ ) ഫീസ്‌ അടച്ചാല്‍ ഡോക്ടറെ കാണാം, ഒപ്പം മരുന്നും അവിടുന്ന് തന്നെ കിട്ടും. സാധാരണ അസുഖങ്ങള്‍ക്ക് അത് മതി. പക്ഷെ കൂടുതല്‍ സമയമെടുത്ത് ചികിത്സിക്കേണ്ടി വരുന്ന അസുഖങ്ങള്‍ക്ക് ഇവിടെ പോരായ്മകളുണ്ട്. കാരണം മാറിമാറി വരുന്ന ഡോക്ടര്‍മാരുടെ കീഴില്‍ ദീര്‍ഘകാല ചികിത്സകള്‍ക്കായ് ആശ്രയിക്കേണ്ടി വരിക പലപ്പോഴും ബുദ്ധിമുട്ടാണ്. 

ഈ കാരണങ്ങളെല്ലാം കൊണ്ട് തന്നെ പലരും അസുഖ ലക്ഷണങ്ങളെ പലതിനെയും അവഗണിക്കുന്നു. അല്ലെങ്കില്‍ നാട്ടില്‍ പോയിട്ട് ചികിത്സ തേടാം എന്ന ആശ്വാസത്തില്‍ എല്ലാം നീട്ടിവെക്കുന്നു. ഷുഗറും കൊളസ്ട്രോളും ഹൃദ്രോഗങ്ങളുമെല്ലാം ഇങ്ങനെ നീട്ടിവെക്കപ്പെടുമ്പോള്‍ അപകടകാരികളായി മാറുന്നത് പലരും അറിയാതെ പോകുന്നു. എന്നാല്‍ ചില ഇന്ത്യന്‍ ഹോസ്പിറ്റലുകള്‍ നമ്മുടെ സ്വാതന്ത്ര്യദിനത്തിന്റെയും വനിതാദിനത്തിന്റെയും മറ്റും ഭാഗമായി ഫ്രീ ഹെല്‍ത്ത്‌ ചെക്ക്‌ അപ്പുകളും കാമ്പയിനും നടത്താറുണ്ട്. അവരുടെ പരസ്യപ്രചാരണമാണെങ്കിലും ഇത് പ്രശംസനീയമായ കാര്യമാണ്. കാരണം ഇത്തരം കാമ്പയിനുകളില്‍ വെച്ച് നിരവധി പേര്‍ രക്തപരിശോധനകള്‍ നടത്തുകയും രോഗം തിരിച്ചറിയുകയും ചെയുന്നുണ്ട്. ഇത് തുടര്‍ ചികിത്സകളിലേക്ക് വേണ്ട സമയത്ത് പ്രവര്‍ത്തിക്കാനും പലരെയും സഹായിക്കുന്നു. എങ്കില്‍പോലും ആരോഗ്യ രംഗത്ത് പ്രവാസികളുടെ അവസ്ഥ ഇനിയും ഒരുപാട് പുരോഗമിക്കാനുണ്ട്  എന്ന് തന്നെ വേണം പറയാന്‍ .

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ബൈന ആര്‍ നാഥ്

ബൈന ആര്‍ നാഥ്

പ്രവാസ എഴുത്തുകാരിയാണ് ബൈന. ഇപ്പോള്‍ ബഹറിനില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍