UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ദുരിതാശ്വാസ ക്യാംപുകളില്‍ മെഡിക്കല്‍ സേവനം നല്‍കി ഡോക്ടര്‍ ദമ്പതികള്‍

പ്രളയബാധിതര്‍ ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങള്‍

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാംപുകളില്‍ ചികില്‍സാ സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സജ്ജമാണ്. മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ക്യാംപുകളിലേക്ക് ഡോക്ടര്‍മാരുടെ സംഘങ്ങളെ അയക്കുന്നുണ്ട്. ഇത് കൂടാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് മരുന്നുകളും ലഭ്യമാക്കുന്നുണ്ട്.

തൃശൂരിലെ ദുരിതാശ്വാസ ക്യാംപുകളില്‍ മെഡിക്കല്‍ സേവനം നല്‍കി ഡോക്ടര്‍ ദമ്പതികള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തനത്തിലാണ്. കണ്ണൂരിലെ പുളിങ്ങോം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ഷിനു ശ്യാമളനും ഭര്‍ത്താവും കൊരട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ ആര്‍എംഓയുമായ രാഹുല്‍ കെ കെയും ചേര്‍ന്നാണ് തൃശൂര്‍ മേഖലയിലുള്ള ക്യാംപുകളില്‍ സേവനങ്ങള്‍ നല്‍കുന്നത്.

‘തൃശൂരിലുള്ള തിരൂര്‍, വിയൂര്‍, മുളങ്കുന്നത്ത് എന്നിവടങ്ങളിലുള്ള ദുരിതാശ്വാസ ക്യാംപുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ക്യാംപുകളില്‍ അഭയം തേടിവര്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങളും ചികില്‍സയും നല്‍കുന്നുണ്ട്.’ ഡോ.ഷിനു ശ്യമാളന്‍ പറഞ്ഞു.

‘ആളുകള്‍ ഒരുപാട് നേരം വെള്ളത്തില്‍ നിന്നത് കൊണ്ട് വളംകടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ക്ലോട്‌റി മസോള്‍ എന്ന ക്രീമാണ് വളംകടിയെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്നത്. ഇത് എല്ലാ ക്യാംപുകളിലും വളരെ അത്യാവശ്യമാണ്. പിന്നെ ആന്റിബയോട്ടികായ ഡോക്‌സിസൈക്ലിന്‍ ആവശ്യമുണ്ട്. ഇത് എലിപ്പനി വരാതിരിക്കാന്‍ സഹായിക്കും.’ ഷിനു കൂട്ടിച്ചേര്‍ത്തു.

200 mg യുടെ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കുന്നത് എലിപ്പനി തടയാന്‍ 89.6 ശതമാനം സഹായിക്കുമെന്ന് തായ്‌ലാന്‍ഡ് വെള്ളപ്പൊക്ക സമയത്തുള്ള പഠനങ്ങളില്‍ പറയുന്നുണ്ട്. ഭക്ഷണം, വസ്ത്രം, നാപ്കിനുകള്‍ എല്ലാം ദുരിതാശ്വാസ ക്യാംപുകളില്‍ കിട്ടുന്നുണ്ട്. ആവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവ് ഇതുവരെയും ഇല്ല. പക്ഷേ സാനിറ്ററി നാപ്കിനുകളുടെ ഡിസ്‌പോസല്‍ ഒരു വലിയ പ്രശ്‌നമാണ്. വെള്ളപ്പൊക്കം കാരണം സാനിറ്ററി നാപ്കിനുകള്‍ ശരിയായ രീതിയില്‍ ഡിസ്‌പോസല്‍ ചെയ്യാന്‍ സാധിക്കുന്നില്ല.

‘തൃശൂര്‍ ദയ ഹോസ്പിറ്റല്‍ ഭാഗത്ത് വെള്ളക്കെട്ട് ഉള്ളത് കൊണ്ട് മുളങ്കുന്നം ഭാഗത്തുള്ളവര്‍ക്ക് തൃശൂര്‍ ടൗണിലേക്ക് എത്താനാകുമായിരുന്നില്ല. പിന്നെ പെട്രോള്‍ ഡീസല്‍ ഇന്നലെ കിട്ടാനില്ലായിരുന്നു. ഇന്ന് അത്തരം പ്രശ്‌നങ്ങള്‍ തീര്‍ന്ന് ഗതാഗതം ശരിയാകാന്‍ തുടങ്ങി. വെള്ളം ഇറങ്ങുന്ന സ്ഥിതിക്ക് ആളുകള്‍ ദുരിതാശ്വാസ ക്യാംപില്‍ നിന്ന് വീട്ടിലേക്ക് തിരിച്ച് പോകാന്‍ തുടങ്ങും. വീടുകള്‍ നല്ല രീതിയില്‍ വൃത്തിയാക്കി ക്ലോറിനേഷന്‍ ചെയ്യണം. കൂടാതെ മഞ്ഞപ്പിത്തം, എലിപ്പനി, ഹെപ്പറ്റൈറ്റിസ് പോലുള്ള ജലജന്യരോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് പനി വന്നാല്‍ വളരെ ശ്രദ്ധിക്കണം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരും വോളണ്ടിയര്‍മാരുമെല്ലാം ഡോക്‌സിസൈക്ലിന്‍ കഴിക്കണം.’ ഡോക്ടര്‍ പറഞ്ഞു.

‘സാധാരണ ഗതിയില്‍ കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുമ്പോള്‍ 1000 ലിറ്ററിന് രണ്ടര ഗ്രാം ക്ലോറിനാണ് ഉപയോഗിക്കുക. ഇതുപോലുള്ള വെള്ളപ്പൊക്കസമയത്ത് 1000 ലിറ്റര്‍ വെള്ളത്തില്‍ 5 ഗ്രാം ക്ലോറിനുമാണ് ഉപയോഗിക്കേണ്ടത്. വീടും പരിസരവും വൃത്തിയാക്കാന്‍ ക്ലോറിന്‍ പൗഡര്‍ വിതറരുത്. ക്ലോറിന്‍ ലായനിയാണ് തയാറേക്കേണ്ടത്. അതിനായി അഞ്ചോ ആറോ ടീസ്പൂണ്‍ ക്ലോറിന്‍ വെള്ളത്തില്‍ കുഴച്ച് കുഴമ്പ് രൂപത്തിലാക്കണം. ഇതിലേക്ക് ഒരു ലിറ്റര്‍ വെള്ളം ചേര്‍ക്കണം. അത് കുറച്ച് നേരം വെക്കുമ്പോള്‍ കിട്ടുന്ന തെളിഞ്ഞ വെള്ളം എടുത്ത് തുടയ്ക്കണം. എന്നാല്‍ മാത്രമേ അണുവിമുക്തമാകുള്ളൂ.’ഡോക്ടര്‍ പറഞ്ഞു.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍