UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കിഴക്ക്-പടിഞ്ഞാറന്‍ ഏഷ്യയില്‍ മലേറിയഭീതി പടരുന്നു; സമ്പൂര്‍ണ്ണ നിര്‍മ്മാര്‍ജ്ജനത്തിന് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല സംഘം

രോഗത്തിന്റെ ഭീകരത തിരിച്ചറിയാനോ അവരവരുടെ സുരക്ഷിതമേഖല വിട്ട് മാറിപ്പോകാനോ ആരും തയ്യാറാകാത്തതാണ് വിദഗ്ധര്‍ നേരിടുന്ന പ്രധാന പ്രശ്നം

മലേറിയ രോഗത്തെ തുടച്ചുനീക്കാനൊരുങ്ങി കിഴക്ക്-പടിഞ്ഞാറന്‍ ഏഷ്യ. മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധമരുന്ന് നല്‍കാനും ബോധവത്കരണം നടത്താനുമാണ് തീരുമാനം. ഏഷ്യാവന്‍കരയുടെ കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ വളരെ വേഗം വ്യാപിക്കുകയാണ് രോഗം. പുതിയ പദ്ധതി വഴി രോഗം പൂര്‍ണ്ണമായും പിടിച്ചുകെട്ടാനാണ് ശ്രമം.

മ്യാന്‍മറിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത്. 18,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് 3,65,000 ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തുകഴിഞ്ഞു. ഗ്രാമപ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ നടപടികള്‍ കൈകൊള്ളുന്നത്. ഗ്രാമാന്തരീക്ഷത്തില്‍ മലേറിയ വ്യാപകമാകുന്ന സാഹചര്യത്തിലാണിത്.

പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലാണ് ഏഷ്യാവന്‍കരയുടെ വിവിധ ഭാഗങ്ങളില്‍ മലേറിയ വ്യാപകമാകുന്നത്. ഒക്സ്ഫോര്‍ഡ്(oxford) സര്‍വ്വകലാശാല സംഘമാണ് എത്രയും വേഗം നടപടിയെടുക്കാന്‍ വിവിധ രാജ്യങ്ങളോട് നിര്‍ദ്ദേശിച്ചതും. പ്രതിരോധനടപടികള്‍ വൈകുന്ന ഓരോ സെക്കന്റിലും നിലവിലുള്ള മരുന്നുകള്‍ ഉപയോഗിച്ച് രോഗത്തിന് തടയിടാന്‍ സാധ്യമല്ലാതാവുകയാണ് എന്നതാണ് നിലവിലെ ഭീഷണി.

ഓകസ്ഫോര്‍ഡ് പ്രതിനിധികളുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതത് സര്‍ക്കാരുകളോടും ലോകാരോഗ്യസംഘടനയോടും സാമ്പത്തിക-രാഷ്ട്രീയ സഹായം ഇതിനകം അഭ്യര്‍ത്ഥിച്ചുകഴിഞ്ഞു. ചില പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം വരെയുണ്ട്. പക്ഷെ, രോഗത്തിന്റെ ഭീകരത തിരിച്ചറിയാനോ അവരവരുടെ സുരക്ഷിതമേഖല വിട്ട് മാറിപ്പോകാനോ ആരും തയ്യാറാകാത്തതാണ് വിദഗ്ധര്‍ നേരിടുന്ന പ്രധാന പ്രശ്നം. രാഷ്ട്രീയ ശുപാര്‍ശകള്‍, പണം എന്നിവ ഈ പ്രദേശങ്ങളില്‍ അനിവാര്യമാണെന്നാണ് സര്‍വ്വകലാശാല പ്രതിനിധി പ്രൊഫ. സര്‍ നിക്ക് വൈറ്റ്(Sir Nick White) പറയുന്നത്.

നിലവില്‍ രോഗഭീഷണിയില്ലാത്ത രാജ്യങ്ങളിലേക്കും രോഗം വ്യാപിക്കുമെന്നാണ് വിദഗ്ധസംഘം പറയുന്നത്. ‘രോഗം പടര്‍ന്നാല്‍ ഞങ്ങള്‍ നിസ്സഹായരാകും. ഇന്ത്യയിലേക്കും ആഫ്രിക്കയിലേക്കും മലേറിയരോഗം പടര്‍ന്നുകഴിഞ്ഞാല്‍ നോക്കിനില്‍ക്കാനേ നമ്മുക്ക് കഴിയുകയുള്ളു’. രോഗത്തിന്റെ ഭീകരത മനസ്സിലാക്കണമെന്നാണ് സര്‍ നിക്ക് വൈറ്റ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്.

കിഴക്കന്‍ മ്യാന്‍മറിന്റെ ഉള്‍പ്രദേശങ്ങളില്‍ 1200 ഫീല്‍ഡ് ക്ലിനിക്കുകളുടെ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. ഈ മേഖലകളിലെ നാട്ടുവൈദ്യന്മാര്‍, നേതൃപാടവമുള്ള സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായവും സംഘത്തിനുണ്ട്. അവര്‍ വഴിയാണ് മരുന്ന് വിതരണം. ആറ് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മരുന്നുകളോട് അലര്‍ജിയുള്ളവര്‍ എന്നിവര്‍ക്ക് പ്രതിരോധമരുന്ന് നല്‍കിയിട്ടില്ല. പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സംഘം വ്യക്തമാക്കി.

മാരകവും മരണകാരണവുമായ പി.ഫാല്‍സിപാറം മലേറിയ( P.falciparum malaria) ഈ ഗ്രാമങ്ങളില്‍ ഓരോ അഞ്ച് മാസത്തിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രോഗബാധിതരായ 1000 പേരില്‍ 25 പേര്‍ക്ക് ഇത് കാണപ്പെടുന്നുണ്ട്.

‘രോഗനിര്‍മ്മാര്‍ജ്ജനത്തിന് കൃത്യമായ പദ്ധതികളില്ല. മരുന്നുപയോഗിച്ചുള്ള നിയന്ത്രണത്തിനാണ് മുന്‍ഗണന. മാരകമായ ടൈപ്പ് മലേറിയയുടെ സമ്പൂര്‍ണ്ണമായ നിര്‍മ്മാര്‍ജ്ജനമാണ് ലക്ഷ്യമാക്കേണ്ടത്. ലോകരാജ്യങ്ങള്‍ ശ്രദ്ധവെക്കേണ്ട വിഷയമാണിത്. ആഫ്രിക്കയിലും കിഴക്ക് പടിഞ്ഞാറന്‍ ഏഷ്യയിലും രോഗം വേഗത്തില്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്’- ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ തായ്‌ലന്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഷോക്ലോ മലേറിയ റിസര്‍ച്ച് യൂണിറ്റ് ഡയറക്ടര്‍ പ്രൊഫ. ഫ്രാന്‍കോയിസ് നോസ്റ്റണ്‍(Francois Nosten) പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍