UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

ലോകാരോഗ്യ സംഘടന അംഗീകരിച്ച ഹോമിയോപ്പതി എങ്ങനെ ശാസ്ത്ര വിരുദ്ധമാകും? വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി

ഹോമിയോപ്പതിയിലെ ‘ശാസ്ത്ര വിരുദ്ധത’യെക്കുറിച്ചു ഡോക്ടര്‍ ആരിഫ് ഹുസൈന്റെ വിമര്‍ശനങ്ങള്‍ക്ക് ഗ്ലോബല്‍ ഹോമിയോപ്പതി ഫൗണ്ടേഷന്‍ (GHF) ഫൗണ്ടര്‍ മാനേജിംഗ് ട്രസ്റ്റിയും  ഇന്ത്യന്‍ മെഡിക്കല്‍ ഹോമിയോപ്പതി അസോസിയേഷന്റെ മുന്‍ അഖിലേന്ത്യ സെക്രട്ടറിയുമായ ഡോ. ശ്രീവത്സ് മേനോന്‍ പ്രതികരിക്കുന്നു.

ഹോമിയോപ്പതിയിലെ ‘ശാസ്ത്ര വിരുദ്ധത’യെക്കുറിച്ചു ഡോക്ടര്‍ ആരിഫ് ഹുസൈന്റെ വിമര്‍ശനങ്ങള്‍ക്ക് ഗ്ലോബല്‍ ഹോമിയോപ്പതി ഫൗണ്ടേഷന്‍ (GHF) ഫൗണ്ടര്‍ മാനേജിംഗ് ട്രസ്റ്റിയും  ഇന്ത്യന്‍ മെഡിക്കല്‍ ഹോമിയോപ്പതി അസോസിയേഷന്റെ മുന്‍ അഖിലേന്ത്യ സെക്രട്ടറിയുമായ ഡോ. ശ്രീവത്സ് മേനോന്‍ പ്രതികരിക്കുന്നു.

ആരിഫ് ഹുസൈന്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി

*ലാന്‍സെറ്റില്‍ വന്ന പഠനം

വര്‍ഷങ്ങളായി ഹോമിയോപ്പതിയെ പ്രകീര്‍ത്തിക്കുകയും നിരന്തരം ഹോമിയോപ്പതിയുടെ അഡ്വാന്റേജസും, പേപ്പേഴ്സും, സ്റ്റഡീസും, റിസര്‍ച്ചും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്ന ലാന്‍സെറ്റ് പെട്ടെന്ന് ഹോമിയോപ്പതിയെ ഇല്ലാതാക്കാനുള്ള ഒരു വ്യാജ പഠന റിപ്പോര്‍ട്ടുമായി എത്തി. അവരുടെ പഠന രീതി തന്നെ അലോപ്പതി പിന്തുടരുന്ന അതേ ശൈലി തന്നെ ഹോമിയോപ്പതിയിലും പിന്തുടരുകയെന്നതായിരുന്നു. ഹോമിയോപ്പതിയില്‍ വ്യക്തിയധിഷ്ഠിതമായ ചികിത്സയാണുള്ളത്. ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പഠനത്തില്‍ 50 പേര്‍ക്ക് / ഒരു കൂട്ടമാളുകള്‍ക്ക് ഒരു ചികിത്സ എന്ന രീതിയിലുള്ള ആലോപ്പതി രീതിയിലെ ശൈലിയിലാണ് ഹോമിയോപ്പതിയിലും പഠനം നടത്തിയത്. സ്വാഭാവികമായും ഹോമിയോ ചികിത്സ പരാജയമാണെന്നും അടിസ്ഥാനമില്ലെന്നും കാണിക്കാന്‍ അവര്‍ക്ക് എളുപ്പത്തില്‍ സാധിക്കുകയും ചെയ്തു. ഹോമിയോപ്പതിയെക്കുറിച്ച് അറിവുള്ളവര്‍ക്ക് ആ പഠനം പരിശോധിച്ചാല്‍ തന്നെ മനസിലാവും അതിലെ പൊള്ളത്തരങ്ങള്‍.

*ഗവേഷണം നടക്കുന്നില്ല/ശരിയായ രീതിയില്ല.

മുപ്പത് വര്‍ഷം മുമ്പ് തന്നെ ഹോമിയോപ്പതിയില്‍ ഗവേഷണം നടക്കുന്നില്ലെന്നും പോരായ്മകളുണ്ടെന്നും അത് പരിഹരിക്കണമെന്നുമുള്ള ശക്തമായ പരാതി ഉയര്‍ന്നിട്ടുണ്ടായിരുന്നു. പക്ഷെ ഇന്ത്യയിലും പുറത്തുമൊക്കെ കഴിഞ്ഞ 20 വര്‍ഷമായിട്ട് ഹോമിയോപ്പതിയില്‍ പല തരത്തില്‍ ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ (GHF) പ്രധാനമായും മൂന്ന് തരത്തിലുള്ള വീക്ഷണത്തോടെയാണ് ഗവേഷണം നടത്തുന്നത്. ഒന്ന് പൊതുജനങ്ങളുമായി ബന്ധപ്പെട്ടത്, രണ്ട് ഹോമിയോപ്പതി ഓര്‍ഗനൈസേഷനെയും പ്രൊഫഷണല്‍ ഓര്‍ഗനൈസേഷനേയും സഹായിക്കുക, മൂന്ന് റിസര്‍ച്ചേഴ്സിനെയും റിസര്‍ച്ച് എവിഡന്‍സിനെയും ലോകം മുഴുവന്‍ എത്തിക്കുക. ഇത് പോലെ പല സെന്ററുകളിലും വിവിധ ലക്ഷ്യങ്ങളിട്ടുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ഇത് പക്ഷെ ജനങ്ങളിലെത്താന്‍ തക്കവണ്ണമുള്ള മാധ്യമ ശ്രദ്ധ കിട്ടുന്നില്ല. ഇന്ത്യയില്‍ മാത്രം മുപ്പത്തോളം സെന്ററുകളിലായിട്ട് പഠനവും ഗവേഷണവും നടന്നുകൊണ്ടിരിക്കുന്നുണ്ട്. കോട്ടയത്തുള്ള സെന്ററില്‍ മാത്രം എത്ര സ്റ്റഡികള്‍ നടന്നിട്ടുണ്ടെന്ന് നോക്കിയാല്‍ ഹോമിയോപ്പതിയില്‍ നടക്കുന്ന ഗവേഷണങ്ങളുടെ കേരളത്തിലെ വ്യാപ്തിയെങ്കിലും മനസ്സിലാവും (കേരളത്തില്‍ കോട്ടയത്ത് മാത്രമല്ല പഠനവും ഗവേഷണവും നടക്കുന്നതെന്നും ശ്രദ്ധയില്‍പ്പെടുത്തുന്നു). ഹോമിയോപ്പതി നാഷണല്‍ / ഇന്റര്‍നാഷണല്‍ തലത്തില്‍ എവിടെ നില്‍ക്കുന്നുവെന്നതിനെ കുറിച്ചറിയാതെ തീര്‍ത്തും അസംബന്ധമായ കാര്യങ്ങളാണ് ആ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്.

*ഫലപ്രാപ്തിയെക്കുറിച്ച് പഠനമില്ല

ഹോമിയോപ്പതി ചികിത്സയുടെ ഫലപ്രാപ്തിയെ സംബന്ധിച്ച് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ക്ലിനിക്കലി റിസര്‍ച്ച് മേഖലകളില്‍ ആലോപ്പതിയുടെ അത്ര സഞ്ചരിച്ചിട്ടില്ലെങ്കിലും നിരവധി കാര്യങ്ങള്‍ നടന്നിട്ടുണ്ട്, ഇപ്പൊഴും നടക്കുന്നുമുണ്ട്. ഹോമിയോപ്പതിയില്‍ നിന്നല്ലാത്ത മറ്റ് മേഖലകളില്‍ നിന്നുള്ള – മോളിക്യൂലര്‍ ബയോളജിസ്റ്റുകള്‍, ഫിസിയോളജിക്കല്‍ കെമിസ്ട്രി, നാനോ സയന്‍സ്, ഹൈ ഡൈല്യൂഷന്‍ റിസര്‍ച്ച്, ഇമ്മ്യൂണിയോളജിസ്റ്റുകള്‍, വിവിധ പതോളജിക്കല്‍ ട്രയല്‍സ് ഒക്കെ ഫലപ്രാപ്തിയില്‍ ആഴത്തില്‍ പഠനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വേള്‍ഡ് ഹോമിയോപ്പതി സബ്മിറ്റിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല മേഖലകളില്‍ (pure science ശ്രേണിയില്‍പ്പെട്ട) നിന്നുള്ള ഹോമിയോപ്പതിയെപ്പറ്റി നടത്തിയ ഗവേഷണങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

*ആഗോളതലത്തിലും വികസിത രാജ്യങ്ങളിലും ഹോമിയോപ്പതി

ഹോമിയോപ്പതി ലോകം മുഴുവന്‍ കാണുന്ന രീതിയും ഇന്ത്യ ഇപ്പോള്‍ കാണുന്ന രീതിയും തമ്മില്‍ വ്യത്യാസമുണ്ട്. ലോകാമഹായുദ്ധങ്ങള്‍ക്ക് ശേഷം ലോകത്തെ പല ഹോമിയോ ഹോസ്പിറ്റലുകളും പ്രത്യേകിച്ച് അമേരിക്കയിലെ ഹോസ്പിറ്റലുകള്‍ ആലോപ്പതി ഹോസ്പിറ്റലുകളായി മാറി. അനിയന്ത്രിതമായ യുദ്ധ അപകടങ്ങളുടെ എണ്ണമായിരുന്നു അതിന് കാരണം. 50 കൊല്ലത്തോളം മികച്ച രീതിയില്‍ വളര്‍ന്ന ഹോമിയോപ്പതി ചികിത്സയുടെ വളര്‍ച്ച യുദ്ധ കാലഘട്ടത്തിന് ശേഷം മന്ദഗതിയിലായി. പെന്‍സിലിന്റെ കണ്ടുപിടുത്തതോടെ ആധുനിക വൈദ്യശാസ്ത്രത്തിന് കിട്ടിയ പിന്തുണയും പിന്നെ യുദ്ധകാലഘട്ടത്തിന് ശേഷം പഴയ ഹോമിയോ ആശുപത്രികള്‍ ആധുനിക വൈദ്യശാസ്ത്രത്തിലേക്ക് തിരിഞ്ഞതുമാണ് അതിന് ഒരു പ്രധാന കാരണം. ജര്‍മ്മനിയിലാണ് ഉത്ഭവമെങ്കിലും ഇംഗ്ലണ്ടിലായിരുന്നു ഈ ചികിത്സ വളര്‍ച്ച പ്രാപിച്ചത്. അതുകൊണ്ട് തന്നെ ലോകം മുഴുവന്‍ ഈ ചികിത്സരീതി എത്തുകയും ചെയ്തു. ഇന്ത്യയിലും അങ്ങനെ തന്നെയാണ് എത്തിയത്. ആദ്യം ഇപ്പോഴത്തെ പാക്കിസ്ഥാന്‍ ലാഹോറിലും പിന്നീട് കല്‍ക്കട്ട (കൊല്‍ക്കത്ത) പ്ലേഗിന്റെ കാലത്തുമാണ് ഇന്ത്യയില്‍ ഹോമിയോ വ്യാപകമായി പ്രചരിക്കുന്നത്. ഡോ. ഹോണിക് ബര്‍ഗര്‍ ആയിരുന്നു അതിന് പിന്നില്‍. ദക്ഷിണേന്ത്യയില്‍ ജര്‍മ്മന്‍ മിഷനറിമാരുടെ സ്വാധീനംകൊണ്ട് ഹോമിയോപ്പതിക്ക് പ്രചാരം ലഭിച്ചു. ഇഎംഎസ് സര്‍ക്കാരിന്റെ കാലത്താണ് ഹോമിയോയ്ക്ക് കൂടുതല്‍ ശക്തമായ പ്രചാരം കേരളത്തില്‍ കിട്ടുന്നത്. ഇന്ന് ലോകത്തിലെ യൂറോപ്പ്, ഏഷ്യ രാജ്യങ്ങളുള്‍പ്പടെ ഭൂരിഭാഗം രാജ്യങ്ങളിലും ഹോമിയോ ചികിത്സ രീതികള്‍ സുഗമമായി നടക്കുന്നുണ്ട്.

ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ വരുന്ന ലോകാരാഗ്യസംഘടന (WHO) പ്രാബല്യത്തിലുള്ളടത്തെല്ലാം ഹോമിയോപ്പതിയുമുണ്ട്. കാരണം WHO ലിസ്റ്റഡാണ് ഹോമിയോപ്പതി. ഹോമിയോപ്പതി ലോകത്ത് ഒരിടത്തും നിരോധിച്ചിട്ടില്ല. സൗദി അറേബ്യ അടക്കുമള്ള ചില മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിരോധനമുണ്ടെന്ന് പറയുന്നത് വ്യാജ പ്രചരണം മാത്രമാണ്. WHOയുടെ ടിസിഎഎം-ന്റെ ഒരു ഘടകമാണ് ഹോമിയോപ്പതി മരുന്നുകള്‍. ഇന്ത്യയുടെ സംഭാവനയായ ആയുഷിന്റെ ഭാഗമായിട്ടും ഹോമിയോപ്പതി അന്താരാഷ്ട്ര തലത്തില്‍ വരുന്നുണ്ട്. ആയുഷും WHO അംഗീകരിച്ചിട്ടുണ്ട്. WHO വേദികളില്‍ ആയുഷിന്റെ കീഴില്‍ ഹോമിയോപ്പതി വന്നതുകൊണ്ട്, ഇന്ത്യയെ ഹോമിയോപ്പതിയില്‍ പ്രതിനിധീകരിക്കുന്നത് ആയുഷിന്റെ മേധാവിയാണ് (ഇപ്പോള്‍ ഡോ. ഗീതാകൃഷ്ണന്‍). ലോകത്ത് ഹോമിയോപ്പതി പ്രൊഫഷനും ഫാര്‍മയും റെഗുലേറ്റഡായിട്ടുള്ളത് എണ്‍പതോളം രാജ്യങ്ങളുണ്ട്.

മോഡേണ്‍ സയന്‍സ് ഹോമിയോപ്പതി തള്ളികളഞ്ഞുവെന്ന് ഒക്കെ പറയുന്നത് ഒക്കെ ശുദ്ധമണ്ടത്തരമാണ്. അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ മോഡേണ്‍ സയന്‍സിനെ പിന്തുടരുന്നവര്‍ ഹോമിയോയെക്കുറിച്ച് പ്രതികരിക്കാറുണ്ട്. യൂറോപ്പില്‍ ധാരാളം ആലോപ്പതി ഡോക്ടര്‍മാര്‍ (മുഖ്യധാരയില്‍ നില്‍ക്കുന്ന) ഹോമിയോപ്പതിയുടെ വക്താകളാണ്. അവര്‍ അത് പ്രാക്ടീസും നടത്താറുണ്ട്. യൂറോപ്പിലും യുകെയിലും ഹോമിയോപ്പതി ഡോക്ടര്‍മാര്‍ യഥാര്‍ഥത്തില്‍ അലോപ്പതി ഡോക്ടര്‍മാരാണ്. അതായത് അലോപ്പതി ഡോക്ടര്‍മാര്‍ ഉന്നത പഠനമായി ഹോമിയോപ്പതി തെരഞ്ഞെടുക്കുകയും അത് പ്രാക്ടീസ് ചെയ്യുന്നവരുമാണ്.

*സര്‍ക്കാര്‍ സംവിധാനത്തിലൂടെ നല്‍കുന്ന ഹോമിയോ മരുന്നുകളില്‍ അളവില്‍ കൂടുതല്‍ മാതൃസത്ത് അടങ്ങിയിരിക്കുന്നു. ഹാനികരമായ മരുന്ന് സംയുക്തങ്ങള്‍ ഉപയോഗിക്കുന്നു. പഠനം നടത്താത്ത മരുന്നുകള്‍ ഉപയോഗിച്ച് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നു.

നിന്ന നില്‍പ്പില്‍ ഒരാള്‍ക്കും ഇന്ന് ഹോമിയോപ്പതി മരുന്നുകള്‍ ഇറക്കി രോഗികള്‍ക്ക് നല്‍കാന്‍ കഴിയില്ല. ഹോമിയോപ്പതി കേരളത്തില്‍ പ്രചരിച്ചിരുന്ന തുടക്ക കാലത്ത് ചിലപ്പോള്‍ അങ്ങനെ സംഭവിച്ചിരിക്കാം. പക്ഷെ ഇന്ന് ഒരു മദര്‍ടിഞ്ചര്‍ (മാതൃസത്ത്) കൊടുക്കണമെങ്കില്‍, അത് എങ്ങനെയായിരിക്കണം, അതിന്റെ അളവും എല്ലാം നോക്കി വേണം കൊടുക്കുവാന്‍. അതില്‍ തെറ്റായ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് പറയുന്നത് ആരോപണം ഉന്നയിക്കുന്നവര്‍ തന്നെ തെളിയിക്കണം.

ഒരു മരുന്ന് ഇന്ത്യയില്‍ ഇറക്കണമെങ്കിലും പുതിയതായി കൊണ്ടുവരുന്നതിലും ഇവിടുത്തെ ശക്തമായി നിയമങ്ങളിലൂടെയുള്ള നിരീക്ഷണത്തിന് ശേഷമാണ്. അതുമാത്രമല്ല, ആ മരുന്നുകള്‍ കോമേഴ്സലായിട്ട് ഇറക്കണമെങ്കില്‍, ഫാര്‍മ സ്റ്റാര്‍ഡേര്‍ഡായിട്ട് ഇറക്കണമെങ്കില്‍ പല സ്റ്റഡികളുടെയും ഡോക്യൂമെന്റേഷനുമൊക്കെ കഴിഞ്ഞാലെ സാധിക്കൂ. വിക്സ് പോലുള്ള ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ ഇറക്കുന്നത് പോലെ മരുന്നുകള്‍ ഇറക്കാമെന്നാണോ ധരിച്ചുവച്ചിരിക്കുന്നത്. ഇതിനൊക്കെ ഓരോ രാജ്യത്തും വ്യക്തമായ നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. ഹോമിയോപ്പതിയുടെ മദര്‍ ടിഞ്ചറുകള്‍ ഉള്‍പ്പടെ മൈക്രോ പെര്‍ഫക്ഷന്‍ ഉള്ളതുകൊണ്ട് തന്നെയാണ് ഒരു വലിയ അളവ് ഹോമിയോ മരുന്നുകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ എഫ്ഡിഎ ലഭിക്കുന്നത്. പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠനങ്ങളുടെ വ്യക്തമായ തെളിവുകള്‍ ഇല്ലാതെ ഈ മരുന്നുകള്‍ക്ക് ഒക്കെ അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം കിട്ടുമെന്ന് തോന്നുന്നുണ്ടോ? ഒരു ദിവസം രാവിലെ എഴുന്നേറ്റ് ഒരു മരുന്ന് വിപണിയില്‍ എത്തിക്കാന്‍ പറ്റുന്ന കാര്യമൊന്നുമല്ല.

ഒരു മരുന്ന് ഇന്ത്യയില്‍ കോമേഴ്സ്യലായി ഇറക്കണമെങ്കില്‍ ഒരുപാട് പ്രക്രിയകള്‍ക്ക് ശേഷമാണ് എത്തുന്നത്. ഇന്ത്യയില്‍ ഹോമിയോപ്പതി മരുന്നുകള്‍ ഇറക്കണമെങ്കില്‍ ഇന്ത്യന്‍ ഹോമിയോപ്പതിക് ഫാം (ഇന്ത്യ പിന്‍ന്തുടരുന്ന ഫാം ഓഫ് കോപ്പിയ) അടിസ്ഥാനമാക്കി മാത്രമെ സാധിക്കൂ. ഒരു വിരുദ്ധ മരുന്നോ ഒരു അപകടം നടന്ന മരുന്നോ ഉണ്ടെങ്കില്‍ അധികൃതര്‍ അതിന് അനുമതി നല്‍കില്ല. അത്തരം മരുന്നുകളുടെ വിതരണം ഇന്ത്യയില്‍ കുറ്റകരമാണ്. പിന്നെ സംയുക്ത മരുന്നുകള്‍ ഹോമിയോപ്പതിയുടെ യഥാര്‍ഥ സ്വഭാവത്തില്‍ വരുന്നതല്ല. ഹോമിയോയിലെ ജനറിക് മെഡിസിന്‍ എന്നത് മദര്‍ ടിഞ്ചര്‍, പൊട്ടന്‍സീസ്, ബയോകെമിക്സ് ഇങ്ങനെ ചിലതാണ്. കഫ് സിറപ്പുകള്‍ ഓയിന്റ്മെന്റുകള്‍ മുതലായവ യഥാര്‍ഥത്തില്‍ ജനറിക് ഹോമിയോ മരുന്നുകള്‍ അല്ല. എന്നിരുന്നാലും ഇതില്‍ ഒന്നും നിരോധിത സംയുക്തങ്ങള്‍ ഇല്ല താനും. സിംഗിള്‍ ഓയിന്റ്മെന്‍റുകള്‍ ഹോമിയോപ്പതിയുടെ ജനറിക് മെഡിസിനായി വരാറുണ്ട്. നിരോധിത സംയുക്തങ്ങള്‍ ഉള്ള മെഡിസിന്‍ ഉപയോഗിക്കാന്‍ ഇന്ത്യയിലെ ഡ്രഗ് നിയമം അനുവദിക്കുന്നില്ല. അങ്ങനെയുണ്ടായാല്‍ കുറ്റകരവുമാണ്.

*ഡോ. ഹാനിമാന് ശേഷം ഹോമിയോപ്പതി മുന്നോട്ടുപോയിട്ടില്ല / ഹാനിമാന്‍ പറഞ്ഞ് വച്ചത് മാത്രമാണ് ശശി. ഹോമിയോപ്പതി ചികിത്സ രീതി

ഹോമിയപ്പതിയുടെ അടിസ്ഥാനം പോലും വ്യക്തമായി മനസ്സിലാക്കാത്തതിന്റെയും അതില്‍ ആഴത്തില്‍ പഠിക്കാത്തതിന്റെയും ഭാഗമായുള്ള ആരോപണമാണിത്. ഹോമിയോപ്പതി വൈറ്റലിസ്റ്റ്ക് തെറാപ്പിയാണ്. അയുര്‍വേദത്തില്‍ വാത പിത്ത കഫ അടിസ്ഥാനത്തില്‍ ചികിത്സിക്കുന്നപ്പോലെ ഹോമിയോപ്പതിക്കും അടിസ്ഥാന രീതിയുണ്ട്. ‘സമം സമേന ശാന്തി’ ഇതില്‍ ഊന്നിയാണ് ഹോമിയോപ്പതി ചികിത്സ. ചില വ്യാജ ഡോക്ടര്‍മാര്‍ ഹോമിയോപ്പതിയുടെ സ്വഭാവം വിട്ട് സ്വന്തമായി ചില രീതികള്‍ ഒക്കെ കാണിക്കുന്നുണ്ടാവും.

മുഖ ലക്ഷണം, അന്ധവിശ്വാസ ചികിത്സ രീതികളും, എനര്‍ജി മെഡിസിന്‍ സങ്കല്പങ്ങളും വൈബ്രേറ്റ് തിയറികളും, കപട സിദ്ധാന്തങ്ങളും ഹോമിയോപ്പതിയാണ് എന്ന തരത്തിലാണ് ലേഖനത്തില്‍ പറയുന്നത്. ഹോമിയോപ്പതിയുമായി യാതൊരു ബന്ധവും ഇതിനില്ല. കാരണം മരുന്നില്ലാതെ ഒരു ഹോമിയോപ്പതിക് ചികിത്സ ഇല്ല എന്നത് തന്നെ. ഹോമിയോപ്പോതി ഡോക്ടര്‍മാര്‍ എന്ന പേരില്‍ ഏതെങ്കിലും ഒരാള്‍ ഈ പറഞ്ഞ കപടസിദ്ധാന്തങ്ങളും വൈബ്രേറ്റ് തിയറികളും ചികിത്സയില്‍ ഉപയോഗിക്കുകയോ ഒരു പൊതുയിടത്ത് അത് ഹോമിയോപ്പതിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയോ ചെയ്താല്‍ എന്താണ് ചെയ്യാന്‍ സാധിക്കുക.

മുഖലക്ഷണം എന്ന് പറയുന്നത് ഹോമിയോപ്പതി മാത്രം ആശ്രേയിക്കുന്നതല്ല. അത് അക്കാദമിക് ആണ്. രോഗം കണ്ടെത്താനാണത്. മുഖലക്ഷണം എന്നത് ഉദ്ദേശിക്കുന്നത് ജ്യോത്സ്യന്മാര്‍ പറയുന്നത് പോലെയല്ല. രോഗകാരണം കൊണ്ട് മുഖത്തും ശരീരത്തിന് വിളര്‍ച്ചയും ക്ഷീണവും മാറ്റങ്ങളും അങ്ങനെ പല ലക്ഷണങ്ങളുണ്ടാകും. അത് നിരീക്ഷിക്കുന്നത് ഹോമിയോപ്പതി മാത്രമല്ല, ആയുര്‍വേദവും ആലോപ്പതിയുമൊക്കെയുണ്ട്. ഏതൊരു ഡോക്ടര്‍ക്കും അത് ചെയ്‌തെ പറ്റൂ.

രോഗത്തെ നിര്‍ണ്ണയിക്കാനാണ് രോഗലക്ഷണങ്ങളെ ആശ്രയിക്കുന്നത്. രോഗബാധിതന്റെ വ്യക്തിയധിഷ്ഠിത ലക്ഷണങ്ങള്‍ക്കാണ് ഹോമിയോപ്പതി പ്രാധാന്യത്തില്‍ എടുക്കുന്നത്. ഒരാള്‍ക്ക് വരുന്നത് പോലെയല്ല മറ്റൊരാള്‍ക്ക് അസുഖം വരുക. ഈ വ്യത്യാസങ്ങള്‍ മനസ്സിലാക്കി വേണം രോഗം കണ്ടെത്താന്‍. ഇത് പ്രൈമറിയാണ്. ഹോമിയോപ്പതിയില്‍ പേഴ്സണല്‍ ഡയഗ്നോസിസും ഡീസിസ് ഡയഗ്നോസിസുമുണ്ട് (വ്യക്തിയധിഷ്ഠിത രോഗനിര്‍ണയം, രോഗത്തിനെ വെച്ചുള്ള നിര്‍ണ്ണയവും). രണ്ടിനും തുല്യ പ്രാധാന്യമുണ്ട്. രോഗത്തെകുറിച്ചുള്ള അറിവുണ്ടെങ്കിലെ അതിനെ കുറിച്ചുള്ള മരുന്നിനെക്കുറിച്ചും അറിയാന്‍ സാധിക്കൂ. രോഗലക്ഷണത്തെയും രോഗം കണ്ടെത്തലിനെയും കുറിച്ചുള്ള ആരോപണം അറിവില്ലായ്മയാണ്.

ചില ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ പ്രസിദ്ധിക്കു വേണ്ടിയോ വ്യത്യസ്തത കാണിക്കാനും രോഗികളെ ആകര്‍ഷിക്കാനും സ്വയം അവരെ മാര്‍ക്കറ്റ് ചെയ്യാനുമൊക്കെ കാണിക്കുന്നത് പലതും ആസ്ഥാനത്താവുകയാണ്. മുടിനാര് ചികിത്സയും ഒക്കെ അതുപോലെയുള്ളതാണ്. അതും ഹോമിയോപ്പതിയുമായി യാതൊരു ബന്ധവുമില്ല. ചിലപ്പോള്‍ അത് കാണിക്കുന്നതില്‍ മുമ്പ് പറഞ്ഞ ചില ഹോമിയോ ഡോക്ടര്‍മാരുണ്ടാകും. എന്ന് കരുതി അത് ഹോമിയോ ചികിത്സയാണെന്ന് കരുതരുത്. ഇലക്ട്രോ ഹോമിയോപ്പതി എന്ന പേരില്‍ വന്ന ചികിത്സ രീതി വ്യാജമാണെന്ന് സുപ്രിം കോടതിവിധിയും എത്തിയിട്ടുണ്ട്. ഇതുപോലെയുള്ള കപടരീതികള്‍ ഹോമിയോയുടേതാണെന്ന് പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണെന്നും കൂടി മനസ്സിലാക്കുക.

(അഴിമുഖം പ്രതിനിധി ഡോ. ശ്രീവത്സ് മേനോനുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്)

ഡോ. അരീഫ് ഹുസൈന്റെ വിമര്‍ശനങ്ങള്‍

Read : ഡോക്ടർ ആവാൻ പഠിച്ചിട്ട് ക്ലർക്കായി ജോലി ചെയ്യേണ്ടി വരുന്ന ഗതികേടിന് ഉത്തരവാദിയാര്? ഹാനിമാന് ശേഷം ശാസ്ത്രം വളര്‍ന്നു, ഹോമിയോപ്പതിയോ?

Read : ഹോമിയോപ്പതിയെ കുറിച്ച് തുറന്നെഴുതിയതിന് വ്യക്തിഹത്യയെന്ന് ഹോമിയോ ഡോക്ടര്‍

ഡോ. ശ്രീവത്സ് ജി മേനോന്‍

ഡോ. ശ്രീവത്സ് ജി മേനോന്‍

ഗ്ലോബല്‍ ഹോമിയോപ്പതി ഫൗണ്ടേഷന്‍ (GHF) ഫൗണ്ടര്‍ മാനേജിംഗ് ട്രസ്റ്റി, NABH ആയുഷ് പ്രിന്‍സിപ്പല്‍ അസസര്‍ & മുന്‍ ടെക്കിനിക്കല്‍ മെമ്പര്‍, ഇന്ത്യന്‍ മെഡിക്കല്‍ ഹോമിയപ്പതി അസോസിയേഷന്റെ മുന്‍ അഖിലേന്ത്യ സെക്രട്ടറി

More Posts - Website

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍