UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കോട്ടണ്‍ ബഡ് ഉപയോഗിക്കുന്നത് മൂലം ഓരോ വര്‍ഷവും ആശുപത്രിയില്‍ എത്തിച്ചേരുന്നത് 12500 കുട്ടികള്‍

പതിനെട്ടു വയസില്‍ താഴെയുള്ള 263000 കുട്ടികളിലാണ് പഠനം നടത്തിയത്

സഹന ബിജു

സഹന ബിജു

കുട്ടികളെ കുളിപ്പിച്ച് പൗഡറും പൊട്ടും തൊടീച്ചാല്‍ അമ്മമാര്‍ അടുത്തത് ആയി ചെയ്യുന്നത് കുട്ടിയുടെ ചെവി വൃത്തിയാക്കല്‍ ആണ്. ദിനചര്യ പോലെ തുടരുന്ന പ്രവൃത്തി. മുതിര്‍ന്ന കുട്ടികളുടെ കാര്യവും വ്യത്യസ്തമല്ല. ഇയര്‍ ബഡ് എടുത്ത് ചെവിയില്‍ ഇടും. മുതിര്‍ന്നവരായ നമ്മളോ, കയ്യില്‍ കിട്ടുന്ന തൂവല്‍ പോലും ചെവിയില്‍ ഇട്ട് തിരിച്ചു കളയും. ബഡ് ദിവസവും ചെവിയില്‍ ഇടുന്നവരും ധാരാളം. എന്നാല്‍ ചെവിക്കായം കളയാന്‍ ഉപയോഗിക്കുന്ന ഈ കോട്ടണ്‍ ബഡ്ഡുകള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കുട്ടികളിലെ ഇയര്‍ ബഡിന്റെ ഉപയോഗം സാരമായ പരിക്ക് ഏല്‍പിക്കും എന്ന് ഗവേഷകരുടെ കണ്ടെത്തല്‍. 1990 മുതല്‍ 2010 വരെ ഇരുപത്തൊന്ന് വര്‍ഷക്കാലയളവില്‍ പതിനെട്ടു വയസില്‍ താഴെയുള്ള 263000 കുട്ടികളിലാണ് പഠനം നടത്തിയത്. കോട്ടണ്‍ ബഡ് ഉപയോഗിച്ചത് മൂലം ചെവിക്കു പരിക്ക് പറ്റി ഓരോ വര്‍ഷവും 12500 പേരാണ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ചേരുന്നത് എന്ന് പഠനത്തില്‍ കണ്ടു. എല്ലാവരുടെയും ധാരണ വീട്ടില്‍ വച്ചു ദിവസവും ചെവി വൃത്തിയാക്കണം എന്നാണ്. അതിനായി കോട്ടണ്‍ ബഡ്ഡുകള്‍ പതിവായി ഉപയോഗിക്കണം എന്നും എല്ലാവരും കരുതുന്നു.

ഇത് രണ്ടും തെറ്റാണെന്നാണ് യുഎസിലെ നേഷന്‍ വൈഡ് ചില്‍ഡ്രന്‍സ് ഹൊസ്പിറ്റലിലെ ക്രിസ് ജെറ്റാന പറയുന്നത്. ഇയര്‍ കനാലുകള്‍ സ്വാഭാവികമായും സ്വയം വൃത്തിയാക്കുന്നതാണ്. കോട്ടണ്‍ ബഡ് ഉപയോഗിക്കുമ്പോള്‍ വാക്‌സ്, ഇയര്‍ ഡ്രമ്മിനോട് വളരെ അടുത്ത് വരുന്നു. ഇത് ചെവിക്കു ചെറിയ തോതില്‍ മുതല്‍ ഗുരുതരമായ പരിക്ക് വരെ ഏല്പിക്കുന്നു.

ചെവിക്കുള്ളിലുണ്ടാകുന്ന 73% പരിക്കുകളും ചെവി വൃത്തിയാക്കുമ്പോള്‍ വരുന്നതാണെന്നും 10% പരിക്കുകള്‍ കോട്ടണ്‍ ബഡ് ഉപയോഗിച്ചു കളിക്കുമ്പോഴും 9% പഞ്ഞി ചെവിയില്‍ പോയും ഉള്ള അപകടങ്ങള്‍ ആണെന്നുമാണ് കണ്ടത്. കുട്ടികള്‍ സ്വയം ചെവിയില്‍ ബഡ് ഇടുമ്പോഴാണ് 77% പരിക്കും പറ്റുന്നത് രക്ഷിതാക്കളോ (16%) സഹോദരങ്ങളോ (6%) കുട്ടിയുടെ ചെവി വൃത്തിയാക്കുമ്പോഴും പരിക്കുകള്‍ പറ്റുന്നു.

കോട്ടണ്‍ ബഡ് മൂലമുള്ള അപകടങ്ങളില്‍ ഓരോ മൂന്നില്‍ രണ്ടും എട്ട് വയസില്‍ താഴെ ഉള്ളവരായിരുന്നു. മൂന്നു വയസ് വരെ പ്രായമുള്ളവര്‍ നാല്‍പത് ശതമാനവും ആയിരുന്നു. ഗുരുതരമായ കേസുകളില്‍ ഇയര്‍ ഡ്രമ്മിനും ചെവിയിലെ എല്ലുകള്‍ക്കും ആന്തര കര്‍ണത്തിനും ക്ഷതം പറ്റിയിരുന്നു. ചെവിയുടെ ബാലന്‍സ് നഷ്ടപ്പെടുന്ന അവസ്ഥയും കേള്‍വിശക്തി നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടായി.

കോട്ടണ്‍ ബഡ്ഡുകള്‍ ഉപദ്രവകാരികള്‍ അല്ല എന്ന് തോന്നാമെങ്കിലും ചെവി വൃത്തിയാക്കാന്‍ അവ ഉപയോഗിക്കരുത് എന്ന് ജേര്‍ണല്‍ ഓഫ് പീഡിയാട്രിക്സില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍