UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഇന്ത്യയിലെ പെണ്‍കുട്ടികള്‍ വളരെ നേരത്തെ ഋതുമതികളാകുന്നു!

ശാരീരികവും മാനസികവുമായ മാറ്റങ്ങളും ഹോര്‍മോണല്‍ വ്യത്യാസങ്ങളും വളരെ നേരത്തെ ഒരു പെണ്‍കുട്ടിയില്‍ ഉണ്ടാകാന്‍ തുടങ്ങുന്നു. അങ്ങനെ പ്രത്യേക ശ്രദ്ധ ലഭിക്കേണ്ട പ്രായത്തില്‍ ഒരുതരം മാനസികമായ ഒറ്റപ്പെടലും സ്വതന്ത്രമാകാനുള്ള ചിന്തയും ഉടലെടുക്കുന്നു.

പെണ്‍കുട്ടികള്‍ വളരെ നേരത്തെ ഋതുമതിയാകുന്നത് ഇന്ത്യയില്‍ പ്രത്യേകിച്ചും നാഗരിക ജീവിതത്തില്‍ സാധാരണമായിക്കൊണ്ടിരിക്കുന്നതായി നാല് വര്‍ഷങ്ങള്‍ മുന്‍പ് ഒരു സര്‍വ്വേ റിപ്പോര്‍ട്ട് വന്നിരുന്നു. ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഈ റിപ്പോര്‍ട്ടിന് ഇന്ന് പ്രാധാന്യവും ശ്രദ്ധയും ഏറിവരുകയാണ്.

സെക്ഷ്യല്‍ ഹോര്‍മോണുകളുടെ ഉത്ഭവം, ശരീരം അവ സ്വീകരിക്കല്‍ തുടങ്ങിയ ഘട്ടങ്ങള്‍ ഒരു സ്ത്രീയില്‍ ആരംഭിക്കുന്ന പ്രായമാണിത്. ശാരീരിക-മാനസിക വ്യത്യാസങ്ങള്‍ തുടങ്ങുന്ന പ്രായം. കൗമാരം എന്ന ആ ഘട്ടം സാധാരണ ഗതിയില്‍ ഒരു പെണ്‍കുട്ടി അനുഭവിക്കാന്‍ തുടങ്ങുന്ന സമയം നേരത്തെ ഉണ്ടാകുന്നതാണ് precocious puberty. സ്തനവളര്‍ച്ച, രോമവളര്‍ച്ച, ആര്‍ത്തവം എന്നിവ അവരില്‍ വളരെ നേരത്തെ തുടങ്ങുന്നു.

നഗരജീവിതം നയിക്കുന്ന പെണ്‍കുട്ടികളില്‍ 80%പേരും 11-വയസ് പ്രായത്തോടെ ‘കൗമാര’ക്കാരാകുന്നു എന്നതാണത്രേ ഇന്നത്തെ സാഹചര്യം! രണ്ട് വര്‍ഷങ്ങള്‍ മുന്‍പുണ്ടായിരുന്ന കണക്കുകളേക്കാള്‍ വലിയ വ്യത്യാസം ഇതില്‍ പ്രകടമാണ്.

മാത്രവുമല്ല, ആര്‍ത്തവം ആരംഭിക്കുന്ന പ്രായം ഇന്ന് 11-12 വയസ്സാണ് ഭൂരിപക്ഷം പെണ്കുട്ടികള്‍ക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു. അതായത്,മൂന്നില്‍ ഒരു പെണ്‍കുട്ടി നേരത്തെ ഋതുമതിയാകുന്നു! മാതാപിതാക്കളും ശിശുരോഗവിദഗ്ധരും അങ്ങേയറ്റം ശ്രദ്ധ നിലനിര്‍ത്തുന്ന ഘട്ടമാണിത്.

ആണ്‍കുട്ടികള്‍ക്ക് 12നും 16നും ഇടയില്‍ ലൈംഗിക മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കിത് 10-12എന്ന കണക്കില്‍ താഴ്ന്നു. ശരീരത്തിലെ ലൈംഗിക മാറ്റങ്ങളെ സ്വാധീനിക്കുന്ന ഹൈപ്പോതലാമസ്, പിറ്റിയൂയിറ്ററി ഗ്രന്ഥികള്‍, അണ്ഡാശയത്തിനുണ്ടാകുന്ന വ്യത്യാസങ്ങള്‍ തുടങ്ങി ജനിതക മാറ്റങ്ങളാണ് ഇവയെല്ലാം.

കാരണങ്ങള്‍

ഒരു പരിധിവരെ ജീവിതാന്തരീക്ഷം ഈ മാറ്റങ്ങളെ സ്വാധീനിക്കുന്നുണ്ട്. കോള ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തം ഈ അവസ്ഥയിലുണ്ട്.അമിത ശരീരഭാരം,ഹൈപ്പര്‍ ആക്ടിവിറ്റി,പല്ലുകള്‍ക്ക് കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ഈ പാനീയങ്ങള്‍ക്കാകും. പുതിയതായി നടന്ന പഠനങ്ങളിലാണ് പെണ്‍കുട്ടികള്‍ നേരത്തെ ഋതുമതിയാകുന്നതിലും ഇവയ്ക്കു സ്ഥാനമുണ്ടെന്ന് തെളിഞ്ഞത്.

ദിവസേന അരലിറ്റര്‍ കോള,കൃത്രിമ മധുരം ചേര്‍ത്ത മറ്റ് പാനീയങ്ങള്‍ എന്നിവ കഴിക്കുന്നത് നേരത്തെയുള്ള കൗമാരത്തിനൊപ്പം സ്തനാര്‍ബുദ സാധ്യതയും 5% വര്‍ധിപ്പിക്കുന്നു. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ കണ്ടെത്തലാണിത്.

അമിതവണ്ണം ആണ് മറ്റൊരു കാരണം. ചുറ്റുപാടിലുള്ള രാസപദാര്ഥങ്ങളുടെ സാന്നിധ്യവും ഈ സാഹചര്യത്തിന് ആക്കം കൂട്ടുന്നു. കീടനാശിനികള്‍,പ്ലാസ്റ്റിക്,ഷാംപൂ എന്നിവയിലും മാംസത്തിലും പാലിലും കാണപെടുന്നതുമായ സ്ത്രീ ഹോര്‍മോണ്‍ ഈസ്ട്രജനോട് സാദൃശ്യമുള്ള ഘടകങ്ങള്‍ പ്രശ്‌നക്കാരാണ്.

ദൂഷ്യവശം

ശാരീരികവും മാനസികവുമായ മാറ്റങ്ങളും ഹോര്‍മോണല്‍ വ്യത്യാസങ്ങളും വളരെ നേരത്തെ ഒരു പെണ്‍കുട്ടിയില്‍ ഉണ്ടാകാന്‍ തുടങ്ങുന്നു. അങ്ങനെ പ്രത്യേക ശ്രദ്ധ ലഭിക്കേണ്ട പ്രായത്തില്‍ ഒരുതരം മാനസികമായ ഒറ്റപ്പെടലും സ്വതന്ത്രമാകാനുള്ള ചിന്തയും ഉടലെടുക്കുന്നു.സാമാന സ്വഭാവക്കാരെ അനുകരിക്കാനും ചില ഇടങ്ങളില്‍ മാത്രം സുരക്ഷിതത്വബോധം ഉണ്ടാകാനും തുടങ്ങും. പ്രതീക്ഷിച്ചത് ലഭിക്കാത്ത പക്ഷം അത്രതന്നെ ഒറ്റപ്പെട്ടിരിക്കാനും ഇഷ്ടപെടും. വിഷാദം,ഉത്കണ്ഠ,ദേഷ്യം,ഏകാന്തത തുടങ്ങിയ മാനസിക പ്രശ്‌നങ്ങളിലേക്ക് വളരെ വേഗം വഴുതി വീഴും.

കൗമാരം നേരത്തേയെത്തുന്നത് കുട്ടികളുടെ ഉയരത്തെ നിജപ്പെടുത്തും. എല്ലുകള്‍ വേഗം ഉറപ്പുള്ളതാകുന്നതാണ് ഇതിന് കാരണം. സമാന പ്രായക്കാരേക്കാള്‍ ഉയരം ഇവര്‍ക്ക് കുറയാനും സാധ്യതയുണ്ട്.

ഓരോ മാറ്റങ്ങളും കൂടുതല്‍ ചിന്തകളിലേക്കാണ് കുട്ടികളെ നയിക്കുക. ശരീരത്തിനും മനസിനുമുണ്ടാകുന്ന മാറ്റം അവരെ സമ്മര്‍ദ്ദത്തിലാക്കും. ആര്‍ത്തവത്തെകുറിച്ചു അറിവില്ലാത്ത പ്രായത്തില്‍ ഋതുമതിയാകുന്നത് കൂടുതലും മാനസിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നിര്‍ണായക ഇടപെടല്‍ നടത്താനാകുന്ന സമയമാണിത്.

നിങ്ങളുടെ കുട്ടി നേരത്തെ ഋതുമതിയാകുന്നത് ഒഴിവാക്കണമെന്ന് ചിന്തിക്കുന്നുണ്ടോ? വ്യായാമം ചെയ്യിക്കണം, നല്ല ഭക്ഷണശീലം സമ്മാനിക്കണം,ആക്റ്റീവ് ആയിരിക്കാന്‍ പരിശീലിപ്പിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍