UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നിര്‍ജലീകരണം ഉണ്ടാക്കുന്ന എട്ട് പ്രശ്‌നങ്ങള്‍; പോംവഴി, വെള്ളം കുടിക്കുക…പിന്നേയും വെള്ളം കുടിക്കുക

നിങ്ങളില്‍ നിര്‍ജലീകരണം പിടിപെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ എളുപ്പവഴിയുണ്ട്. ചര്‍മ്മം നോക്കിയാല്‍ മതി

വെള്ളം കുടിക്കുന്നത് ശരീരത്തിന് എത്രത്തോളം ആവശ്യമാണെന്ന് നമുക്കറിയാം. ദിവസം 8 ഗ്ലാസ് വീതം(ശരീരാവസ്ഥയ്ക്കനുസരിച്ച് മാറ്റം വന്നേക്കാം) കുടിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വെള്ളം നന്നായി കുടിക്കുക എന്ന ശീലം പലവിധ രോഗങ്ങളെയും അകറ്റിനിര്‍ത്തും. വെള്ളം ആവശ്യത്തിന് കുടിക്കാത്തവരിലോ, രൂക്ഷമായ പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്. നിര്‍ജലീകരണം (dehydration) മൂലം ശരീരത്തിന് ആരോഗ്യം തന്നെ നഷ്ടപ്പെട്ടേക്കാം.

ശരീരത്തിലേക്കെത്തുന്നതിലും കൂടിയ അളവില്‍ ജലം ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന അവസ്ഥയാണ് നിര്‍ജലീകരണം. ജലാംശവും മറ്റ് ദ്രാവകങ്ങളും വേണ്ടവിധത്തില്‍ ശരീരത്തിന് ലഭിച്ചില്ലെങ്കില്‍ സാധാരണഗതിയിലുള്ള പ്രവര്‍ത്തനം തകരാറിലാകും.

നന്നായി വ്യായാമം ചെയ്യുമ്പോള്‍ വിയര്‍ക്കാറില്ലെ? അത്തരം സാഹചര്യങ്ങളില്‍ വളരെ പെട്ടെന്നും, ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാല്‍ സാവധാനത്തിലും നിര്‍ജലീകരണം പിടിപെട്ടേക്കാം. ആവശ്യാനുസരണം വെള്ളവും മറ്റ് ദ്രാവകങ്ങളും ശരീരത്തിന് സ്ഥിരമായി ലഭിക്കാതെവരുമ്പോള്‍, ക്രോണിക് ഡീഹൈഡ്രേഷന്‍ എന്ന അവസ്ഥയും ഉണ്ടായേക്കാം. ഈ സാഹചര്യത്തോട് ശരീരം പൊരുത്തപ്പെടുന്നത് വഴി വെള്ളം ആവശ്യത്തിന് കുടിക്കാനുള്ള തോന്നലും നിങ്ങള്‍ക്കുണ്ടാകാതെ വരും. അതായത്, ശരീരത്തിന് ഇനിയും വെള്ളം ആവശ്യമാണോയെന്ന് അറിയാനാകാത്ത അവസ്ഥ.

നിര്‍ജലീകരണത്തിന്റെ കടുത്ത ലെവല്‍ അല്ല ക്രോണിക് ഡീഹൈഡ്രേഷന്‍. അതിനാല്‍ തലകറക്കം, പനി പോലുള്ള പ്രശ്‌നങ്ങള്‍ പിടിപെട്ടെന്ന് വരില്ല. പക്ഷെ, ഈ അവസ്ഥ തിരിച്ചറിയാതെ പോകുന്നത് ശരീരത്തിനെ വല്ലാതെ ബാധിച്ചേക്കാം. അതിനാല്‍ ദിവസവും കഴിയുന്നത്ര വെള്ളം കുടിക്കാന്‍ ശ്രമിക്കുകയെന്ന് മയോ ക്ലിനിക്കി(mayo clinic)ന്റെ കണ്ടെത്തലില്‍ വ്യക്തമാക്കുന്നു.

1. സ്ഥിരമായി ക്ഷീണവും തളര്‍ച്ചയും

വിയര്‍പ്പ്, മൂത്രം, അതിസാരം അല്ലെങ്കില്‍ ഛര്‍ദി പിടിപെടുമ്പോള്‍ എന്നിങ്ങനെയാണ് ഫ്‌ളൂയിഡ്/ജലാംശം ശരീരത്തില്‍ നിന്ന് കൂടുതലായി നഷ്ടപ്പെടുന്നത്. അപ്പോഴൊക്കെ അത് തിരികെ കിട്ടുന്നത് ശരീരത്തെ സാധാരണരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും. രക്തപ്രവാഹം നന്നായിരിക്കും, ഫ്‌ളൂയിഡ് ശരീരത്തില്‍ ധാരാളമായി കാണപ്പെടും. അല്ലാത്തപക്ഷം, രക്തത്തിന് കട്ടി കൂടുതലായിരിക്കും. ഫലത്തില്‍, ശരീരാവയവങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ ഹൃദയം കൂടുതല്‍ പണിപ്പെടും. ശരീരോഷ്മാവ് നിയന്ത്രണാതീതമാകും. ശരീരത്തിന് ഉള്ളിലെ ഈ ചൂടാണ് പുറമേ നമുക്ക് ക്ഷീണവും തളര്‍ച്ചയും സൃഷ്ടിക്കുന്നത്. തലവേദനയും അനുബന്ധ പ്രശ്‌നങ്ങളും ഉണ്ടായേക്കാം. ഇതെല്ലാം ഒഴിവാക്കാന്‍ ഒറ്റ വഴിയേയുളളൂ. നിങ്ങളുടെ ശരീരത്തിന് താങ്ങാവുന്ന ജോലികളില്‍ ഏര്‍പ്പെടുക; ജലാംശം നഷ്ടപ്പെടാതെ നോക്കുക.

2. വരണ്ട ചര്‍മ്മം

നിങ്ങളില്‍ നിര്‍ജലീകരണം പിടിപെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ എളുപ്പവഴിയുണ്ട്. ചര്‍മ്മം നോക്കിയാല്‍ മതി! വരണ്ടതും പൊട്ടുന്നതും മങ്ങിയതുമാണ് ചര്‍മ്മം എങ്കില്‍ നിങ്ങള്‍ക്ക് നിര്‍ജലീകരണം പിടിപെട്ടിട്ടുണ്ടെന്ന് അര്‍ത്ഥം. വരണ്ട ചര്‍മ്മവും നിര്‍ജലീകരണം പിടിപെട്ടവരുടെ ചര്‍മ്മവും രണ്ട് രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്. വരണ്ട ചര്‍മ്മം രോഗാവസ്ഥയെയല്ല സൂചിപ്പിക്കുന്നത്. എന്നാല്‍ നിര്‍ജലീകരണം പിടിപെട്ടിട്ടുണ്ടെങ്കില്‍ സൂക്ഷിക്കണം. ശരീര അവയവങ്ങളെയും ഭാവിയില്‍ ഇത് ബാധിച്ചേക്കാം.

3. മലബന്ധം

മനുഷ്യവിസര്‍ജ്യത്തില്‍ ജലാംശത്തിന്റെ അളവ് കൂടുതലാണ്. വിസര്‍ജ്യം വന്‍കുടലില്‍ ബാക്കിയാകുമ്പോള്‍ ജലാംശം തിരികെ വന്‍കുടലിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. നിര്‍ജലീകരണം സംഭവിക്കുമ്പോള്‍ ആഗിരണം കൂടിയ അളവില്‍ സംഭവിക്കുന്നു. മലബന്ധമുണ്ടാകാന്‍ ഇത് കാരണമാകുന്നു. ഈ അവസ്ഥ തിരിച്ചറിയാത്ത പക്ഷം, ബാക്ടീരിയയുടെ സാന്നിധ്യം വന്‍കുടലില്‍ വന്‍തോതില്‍ കാണപ്പെടാം. അണുക്കളാണ് പിന്നീട് ശരീരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്.

4. പേശികള്‍ക്കുണ്ടാകുന്ന വേദനയും മരവിപ്പും

കടുത്ത വ്യായാമവും വിയര്‍പ്പും വെള്ളം വേണ്ടത്ര കുടിക്കാത്ത സാഹചര്യവും-അപകടകരമായ സാഹചര്യമാണ്. ഓരോ അവയവത്തിനും ആവശ്യത്തിന് ജലാംശം ലഭിക്കാതെ വരുമ്പോള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ജലം ആഗിരണം ചെയ്യപ്പെടും. ഇത് രക്തത്തെ കട്ടിയുള്ളതാക്കും. ശരീരത്തിന്റെ പ്രവര്‍ത്തനവും തകരാറിലാക്കും. പേശിവേദനയും അനുഭവപ്പെടും. മയോ ക്ലിനിക്കിന്റെ നിഗമനത്തില്‍, കായികതാരങ്ങള്‍ ഈ അവസ്ഥ വരാതെ ശ്രദ്ധിക്കണം. പ്രത്യേകിച്ചും ചൂട് കാലാവസ്ഥയില്‍.

5. മൂത്രം ഒഴിക്കാത്തതും വൃക്കയിലെ കല്ലും

എത്രയാണോ വെള്ളം കുടിക്കുന്നതിന്റെ അളവ്; അത്രത്തോളം മാത്രമായിരിക്കും മൂത്രത്തിന്റെ അളവും. എത്ര കുറച്ചാണോ മൂത്രമൊഴിക്കുന്നത്; അത്രയും വേഗത്തില്‍ വൃക്കയില്‍ കല്ല് രൂപപ്പെട്ടേക്കും. മൂത്രത്തില്‍ ലവണങ്ങള്‍ അടിഞ്ഞുകൂടി ഉണ്ടാകുന്ന അവസ്ഥയാണ് കല്ല്. കഫീന്‍, സോഡിയം മുതലായവ കൂടുതലായി കഴിക്കുന്നതും കല്ല് രൂപപ്പെടാന്‍ കാരണമാകും.

കഠിനമായ വേദനയുണ്ടാകുന്ന സാഹചര്യമാണിത്. ഭക്ഷണക്രമം മാറ്റുക എന്നതാണ് ഏകവഴി. ദിവസവും 8 ഗ്ലാസ് വെള്ളമെന്ന കണക്ക് വൃക്കയിലെ കല്ലിനെ അകറ്റാന്‍ സഹായിക്കുമെന്നാണ് പ്രശസ്ത യൂറോളജിക്കല്‍ സര്‍ജന്‍ ഡോ. ഡേവിഡ് ലഡ്‌ലോ(David Ludlow) പറയുന്നത്. കണ്ണുകൊണ്ട് ചെയ്യാന്‍ പറ്റുന്ന ടെസ്റ്റാണ് എളുപ്പം. മൂത്രമൊഴിക്കുമ്പോള്‍ ശ്രദ്ധിക്കുക-കടുത്ത നിറമാണെങ്കില്‍ നിങ്ങളുടെ വൃക്കയ്ക്ക് പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അര്‍ത്ഥം. വെള്ളം ഇനിയും കുടിക്കണമെന്ന് സാരം. ‘മൂത്രം ക്ലിയറാണെങ്കില്‍ വൃക്കയും ക്ലിയര്‍’- ഡോ.ലഡ്‌ലോ വ്യക്തമാക്കുന്നു.

6. വരണ്ടുണങ്ങിയ വായയും വായ് നാറ്റവും

എവരിഡേ ഹെല്‍ത്ത്(everyday health)മാസികയോട് ഡോ. ജോണ്‍ ഹിഗ്ഗിന്‍സ്(Dr.John Higgins) പറഞ്ഞതിങ്ങനെ-നിര്‍ജലീകരണം സംഭവിക്കുമ്പോള്‍ വായയില്‍ വേണ്ടവിധം ഉമിനീര് ഉത്പാദിപ്പിക്കപ്പെടുന്നില്ല. ആന്റി-ബാക്ടീരിയില്‍ ശേഷിയുള്ള ഉമിനീരിന്റെ ഉത്പാദനത്തില്‍ കുറവ് വരുന്നത്, ബാക്ടീരിയ വര്‍ധിക്കാന്‍ കാരണമാകും. അങ്ങനെ വായനാറ്റവും ഉണ്ടാകും.

7. കരളും വൃക്കയും ഉദരകോശങ്ങളും തകരാറിലാകും

അവയവങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യമാണ് മറ്റൊരു പ്രശ്‌നം. liversupport.com എന്ന വെബ്‌സൈറ്റ് പ്രകാരം നിര്‍ജലീകരണവും മൂത്രം ശരിയായി പുറന്തള്ളാത്തതും വിഷപദാര്‍ത്ഥങ്ങള്‍ ശരീരത്തിലുണ്ടാകാന്‍ കാരണമാകും. ഇത് മറ്റ് അവയവങ്ങളെ പ്രതികൂലമായി ബാധിക്കും. രക്തത്തിലെ ദുഷിച്ച ഭാഗങ്ങളെ നീക്കം ചെയ്യുകയെന്നത് കരളിന്റെ ധര്‍മ്മമാണ്. നിര്‍ജലീകരണത്താല്‍ രക്തത്തിന് കട്ടികൂടുമ്പോള്‍ ഈ പ്രവര്‍ത്തനം ശരിയായി നടക്കാതെ വരും. കരള്‍ സംബന്ധിയായ പ്രശ്‌നങ്ങളുണ്ടാകാന്‍ ഒരു കാരണം ഇതാണ്. നേരത്തെ രോഗങ്ങളുള്ളവരാണെങ്കില്‍ ലക്ഷണങ്ങള്‍ അറിയാന്‍ വൈകുമെന്നതും മറ്റൊരു പ്രശ്‌നമാണ്.

8. അമിതഭക്ഷണം

അമിതഭക്ഷണവും നിര്‍ജലീകരണവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും ഡോ.ഹിഗ്ഗിന്‍സിന് പറയാനുണ്ട്-നിര്‍ജലീകരണം കരളിനെയും ബാധിക്കും. ആ സാഹചര്യത്തില്‍ ഗ്ലൈക്കോജന്‍ ഉള്‍പ്പെടെയുള്ളവ ഉത്പാദിപ്പിക്കാന്‍ ആവശ്യത്തിന് ജലാംശം കരളിനും കിട്ടാതെ വരും. ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാനാകാതെയും കൂടുതല്‍ വിശപ്പും അനുഭവപ്പെടും. കഫീനും സോഡിയവും കൂടുതലായി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളാകും ഈ സമയത്ത് അധികമായി കഴിക്കുക. ഇത് നിര്‍ജലീകരണത്തിന്റെ ആക്കം കൂട്ടും. ജലാംശമുള്ള പഴവും പച്ചക്കറിയും ധാരാളമായി കഴിക്കുന്നത് ഈ അവസ്ഥയെ പിടിച്ചുകെട്ടും. വെള്ളം കുടിക്കുന്നതാണ് ഏറ്റവും വലിയ പോംവഴി. നിര്‍ജലീകരണം സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും തരണം ചെയ്യാന്‍ സാധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍