UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

ലൈംഗിക ബന്ധത്തിലൂടെ HIV വൈറസ് പകരുന്നത് തടയാനുള്ള ചികിത്സ കണ്ടെത്തി

1000 സ്വവർഗ്ഗാനുരാഗി പുരുഷ ജോഡികളിൽ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് ഗവേഷകർ തങ്ങളുടെ പഠനഫലം ഉറപ്പിക്കുന്നത്.

എയ്ഡ്‌സ് രോഗം പകരുന്നത് തടയാനുള്ള ഫലപ്രദമായ മാർഗ്ഗം കണ്ടുപിടിച്ചതുവഴി എയ്ഡ്‌സ് രോഗത്തെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കാനുള്ള വലിയ യജ്ഞത്തിന് തിരികൊളുത്തി യൂറോപ്പിലെ ഒരു കൂട്ടം ഡോക്ടര്‍മാർ. വർഷങ്ങൾ നീണ്ട പ്രയത്നങ്ങൾകൊണ്ട് ഇവർ വികസിപ്പിച്ചെടുത്ത ആന്റി റെട്രോവൈറൽ ചികിത്സ കൊണ്ട് ലൈംഗിക ബന്ധത്തിലൂടെ എയ്ഡ്‌സ് ഒരു രോഗിയിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത് തടയാനാകുമെന്നാണ് ഇവർ ഗവേഷണത്തിലൂടെയും കേസ് സ്റ്റഡികളിലൂടെയും കണ്ടെത്തുന്നത്. ഈ ചികിത്സ ചെയ്തുകഴിഞ്ഞാൽ HIV പോസിറ്റിവ് ആയ ഒരാളോടൊപ്പം കോണ്ടം പോലുള്ള സുരക്ഷാ ഉറകളൊന്നുമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാലും പങ്കാളി സുരക്ഷിതനായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

1000 സ്വവർഗ്ഗാനുരാഗി പുരുഷ ജോഡികളിൽ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് ഗവേഷകർ തങ്ങളുടെ പഠനഫലം ഉറപ്പിക്കുന്നത്. തിരഞ്ഞെടുത്ത 1000 ജോഡികളിൽ ഒരാൾ ഈ ആന്റി റെട്രോവൈറൽ ചികിത്സയും മരുന്നുകളും ഉപയോഗിച്ച HIV പോസിറ്റിവ് ആയ ആളും പങ്കാളി HIV നെഗറ്റിവ് ആയ ആളുമായിരുന്നു. നീണ്ട എട്ടു വർഷത്തെ തുടർച്ചയായ നിരീക്ഷണങ്ങളിൽ നിന്നും ഈ ചികിത്സ നടത്തിയാൽ എയ്ഡ്‌സ് പകരുന്നത് പൂർണ്ണമായും തടയാനാകുമെന്ന് ഗവേഷകർ ഉറപ്പിച്ചു. നിരീക്ഷണ വിധേയരായവരിൽ 15 പേർക്ക് പുതിയതായി എയ്ഡ്‌സ് കണ്ടെത്തിയെങ്കിലും അവർക്ക് എയ്ഡ്‌സ് പകർന്നത് ചികിത്സ ചെയ്യാത്ത മറ്റ് പങ്കാളികളിൽ നിന്നുമാണ് എന്ന് ഇവർ കണ്ടെത്തി.

ഈ ചികിത്സ വ്യാപകമാകുന്നതോടെ പുതിയതായി ആർക്കെങ്കിലും എച് ഐ വി പകരുന്നത് പൂർണ്ണമായും തടയാകുമെന്നാണ് ഇവരുടെ അവകാശവാദം. നിലവിൽ എയ്ഡ്‌സ് ഉള്ളവരെ ഈ ചികിത്സ കൊണ്ട് രക്ഷപ്പെടുത്താനാകില്ലെങ്കിലും ഇവരിൽ നിന്നും എയ്ഡ്‌സ് പകരുന്നത് ഒഴിവാക്കി ചില സാമൂഹ്യ ബഹിഷ്കരണങ്ങളിൽ നിന്നും ഈ രോഗികളെ രക്ഷിക്കാനാകുമെന്നാണ് ഗവേഷകർ പറയുന്നത്.

‘കൃത്യസമയത്ത് പരിശോധനകൾ നടത്തുക, വേണ്ട ചികിത്സകൾ നടത്തുക എന്ന കാര്യങ്ങളൊക്കെ ഉറപ്പുവരുത്തിക്കൊണ്ട് HIV പോസിറ്റിവ് ആയ ആളുകൾക്ക് കരുതലും പ്രചോദനവും നൽകാനും എയ്ഡ്‌സ് രോഗത്തെ തന്നെ ഈ ലോകത്തുനിന്നും ഒഴിവാക്കാനുമുള്ള ഒരു ശക്തമായ സന്ദേശം കൂടിയാണ് ഈ പഠനം.’ ഗവേഷകരിൽ ഒരാളായ പ്ര. അലൈസൻ റോഡ്ജസ് പറയുന്നു.

പരിശോധനകൾക്ക് പോലും കണ്ടെത്താനാകാത്ത തരത്തിൽ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഈ ചികിത്സയെ ഒരു പ്രതിരോധമാർഗ്ഗം എന്ന നിലയ്ക്ക് ഉപയോഗിക്കാനാണ് ഡോക്ടര്‍മാര്‍ നിർദ്ദേശിക്കുന്നത്. എല്ലാവരും തന്നെ HIV പരിശോധനകൾക്ക് വിധേയമാക്കണമെന്നും കൃത്യമായ ഇടവേളകളിൽ ടെസ്റ്റുകൾ നടത്തികൊണ്ടിരിക്കണമെന്നും ഇവർ നിർദ്ദേശിക്കുന്നു. ഒറ്റക്കെട്ടായ പ്രവർത്തനങ്ങളിലൂടെ എയ്ഡ്‌സ് എന്ന വലിയ ഭീഷണിയെ തുരത്താനായേക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍