UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

ആര്‍ത്തവത്തിന്റെ അരങ്ങായ എന്‍ഡോമെട്രിയത്തിലെ കോശങ്ങള്‍ ഗര്‍ഭപാത്രത്തിന് വെളിയില്‍ കാണപ്പെടുന്ന അവസ്ഥ വന്ധ്യതയിലേക്ക് നയിക്കും

അണ്ഡവാഹിനിക്കുഴലില്‍ എന്‍ഡോമെട്രിയോസിസ് മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ വന്ധ്യതയിലേക്ക് നയിക്കാം.

ഗര്‍ഭാശയത്തിന്റെ ഏറ്റവും ഉള്ളിലുള്ള സ്തരമാണ് എന്‍ഡോമെട്രിയം. ഗര്‍ഭത്തിന് സജ്ജമാവുകയും ഹോര്‍മോണ്‍ ഏറ്റകുറച്ചിലനനുസരിച്ച് രക്തസ്രാവത്തോടെ നശിച്ച് പുറന്തള്ളപ്പെടുകയും ചെയ്യുന്ന, ഇപ്പോള്‍ ചര്‍ച്ചാ വിഷയമായ ആര്‍ത്തവത്തിന്റെ അരങ്ങാണ് ഈ എന്‍ഡോമെട്രിയം.

‘എന്‍ഡോമെട്രിയ’ ത്തിലെ കോശങ്ങള്‍ ഗര്‍ഭപാത്രത്തിന് വെളിയിലായി മറ്റ് ആന്തരിക അവയവങ്ങളില്‍ കാണപ്പെടുന്ന അവസ്ഥയാണ് ‘എന്‍ഡോമെട്രിയോസിസ്’ എന്നറിയപ്പെടുന്നത്. ലോകത്തെ സ്ത്രീകളില്‍ ഏകദേശം 6 മുതല്‍ 10 ശതമാനം വരെ ( ഏകദേശം 11 മില്യണ്‍ ) എന്‍ഡോമെട്രിയോസിസ് ബാധയുള്ളവരാണ് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 1860 ല്‍ കാള്‍ വോണ്‍ റോക്കിറ്റാന്‍സ്‌കി എന്ന ഒരു പത്തോളജിസ്റ്റാണ് ഈ രോഗം തിരിച്ചറിഞ്ഞത്.

ശരീരത്തിനുള്ളില്‍ ഏത് ഭാഗത്തും കാണാമെങ്കിലും ഈ അവസ്ഥ കൂടുതലായും അണ്ഡാശയത്തിലും അണ്ഡവാഹിനി കുഴലിലും ഗര്‍ഭാശയത്തിന്റെ ബാഹ്യഭിത്തിയിലും മറ്റ് സമീപ പ്രദേശങ്ങളിലും ആയാണ് കാണപ്പെടുന്നത്. അപൂര്‍വമായി യോനി, ഗര്‍ഭാശയഗളം, കുടല്‍, മൂത്രസഞ്ചി, മുറിവ്/തുന്നലുണങ്ങിയുണ്ടാകുന്ന വടുക്കള്‍ ( Scarring ) എന്നീയിടങ്ങളിലും, അത്യപൂര്‍വമായി, ശ്വാസകോശത്തിലും, തലച്ചോറിലും, തൊലിപ്പുറത്തും വരെ എന്‍ഡോമെട്രിയോസിസ് കാണപ്പെടാം.

 എന്ത് കൊണ്ടാണ് എന്‍ഡോമെട്രിയോസിസ് ഉണ്ടാകുന്നത്?

ഇതിനുത്തരം മെഡിക്കല്‍ സയന്‍സിന് ഇപ്പോഴും വ്യക്തമായി അറിയില്ലയെന്നതാണ് സത്യം. പല തിയറികളും ഉണ്ട്, പക്ഷെ കൃത്യമായി ഇന്നതാണ് കാരണം എന്നുറപ്പിച്ചു പറയാനാകാത്ത പഴുതുകള്‍ ഓരോന്നിലും ഉണ്ട്.

ഇതിലേറ്റവും പഴക്കമുള്ളത് ‘റിട്രോഗ്രേഡ് മെന്‍സ്ട്രുവേഷന്‍’ ( Retrograde Menstruation ) എന്ന തിയറിയാണ്.

മാസമുറക്കാലത്ത് ഗര്‍ഭാശയത്തില്‍ നിന്ന് പുറത്തേക്ക് വരുന്നത് പോലെ കുറച്ചു രക്തം അണ്ഡവാഹിനിക്കുഴലുകള്‍ വഴി വയറ്റിനകത്തേക്കും കടക്കുമെന്നും, ഇവയിലുള്ള എന്‍ഡോമെട്രിയല്‍ കോശങ്ങള്‍ അടിവയറ്റില്‍ ഉള്ള അവയവങ്ങളില്‍ പറ്റിപ്പിടിച്ചു വളരുമെന്നും ആണ് ഈ തിയറി. അണ്ഡവാഹിനിക്കുഴലുകള്‍ക്ക് പ്രശ്‌നങ്ങളില്ലാത്ത 90% സ്ത്രീകളിലും ഈ റിട്രോഗ്രേഡ് മെന്‍സ്ട്രുവേഷന്‍
നടക്കുന്നുണ്ടെങ്കിലും ഇതില്‍ വളരെ ചെറിയ ശതമാനം പേര്‍ക്ക് മാത്രമേ എന്‍ഡോമെട്രിയോസിസ് കാണപ്പെടുന്നുള്ളൂ. ചുരുക്കത്തില്‍ എന്തു കൊണ്ട് ഭൂരിഭാഗം സ്ത്രീകളിലും എന്‍ഡോമെട്രിയോസിസ് വരുന്നില്ല എന്ന ചോദ്യം ഈ തിയറി ബാക്കി വെക്കുന്നു…!

സീലോമിക് മെറ്റാപ്‌ളേസിയ (Coelomic metaplasia) തിയറി.

വയറിന്റെ ഉള്ളിലുള്ള സ്തരങ്ങളിലുള്ള ചില കോശങ്ങള്‍ ഹോര്‍മോണ്‍/ഇമ്മ്യൂണ്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി എന്‍ഡോമെട്രിയല്‍ കോശങ്ങളായി രൂപാന്തരം പ്രാപിക്കുന്നു എന്നാണ് ഇതില്‍ പറയുന്നത്.

സ്റ്റെം സെല്‍ (മൂലകോശ) തിയറി.

നമ്മുടെ ശരീരത്തില്‍ കാണപ്പെടുന്ന മൂലകോശങ്ങള്‍. (ഇതിന് മൂലാധാരം തുടങ്ങിയവയുമായ് ബന്ധമില്ല എന്ന് മുന്‍കൂട്ടി പറയേണ്ടിയിരിക്കുന്നു!). ആവശ്യമനുസരിച്ച് വ്യത്യസ്ത രൂപങ്ങളിലുള്ള അഡല്‍റ്റ് കോശങ്ങളായി രൂപം മാറാനുള്ള കഴിവുള്ളവയാണിവ. ഹോര്‍മോണുകളുടെയും ചില ഘടകങ്ങളുടെയും സ്വാധീനത്താല്‍ എന്‍ഡോമെട്രിയല്‍ കോശങ്ങളായി ഗര്‍ഭപാത്രത്തിന് വെളിയില്‍ വളരുന്നു എന്നാണ് ഇത് സമര്‍ത്ഥിക്കുന്നത്.

 ജനിതക കാരണങ്ങള്‍

അടുത്ത രക്തബന്ധുക്കളില്‍ (അമ്മ, സഹോദരി, മകള്‍ ഇങ്ങനെ ഉള്ള ഫസ്റ്റ് ഡിഗ്രി ബന്ധുക്കളില്‍) ഈ രോഗമുള്ളവരില്‍ എന്‍ഡോമെട്രിയോസിസ് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇവരില്‍ ഒരേപോലെ കാണപ്പെടുന്ന ജനിതക പ്രത്യേകതകള്‍ മൂലമാണിത് സംഭവിക്കുന്നത്.

?? ഇവ കൂടാതെ, ഇമ്യൂണ്‍ (പ്രതിരോധ) വ്യവസ്ഥയിലെ തകരാറുകള്‍, കൂടിയ തോതിലുള്ള ഇന്‍ഫ്‌ളമേഷനും ഓക്‌സീകരണം മൂലമുള്ള തകരാറുകളും, ഹോര്‍മോണ്‍ റിസപ്റ്റര്‍ തകരാറുകള്‍ എന്നിവയും കാരണങ്ങളായി ചില പഠനങ്ങള്‍ പറയുന്നു.

ഒരു രോഗത്തിന് ഒറ്റ കാരണം തന്നെ ആവണം എന്നില്ല. പല കാരണങ്ങള്‍ കൊണ്ടോ ഇവയുടെ എല്ലാം കൂട്ടമായ പ്രവര്‍ത്തനം കൊണ്ടോ രോഗമുണ്ടാകാം. എന്‍ഡോമെട്രിയോസിസും അതുപോലെയുള്ള ഒരു അവസ്ഥയാകാനാണ് സാധ്യതയെന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ വെച്ച് നമുക്ക് അനുമാനിക്കാവുന്നത്.

30 നും 40 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍, ഇതുവരെ ഗര്‍ഭിണിയായിട്ടില്ലാത്തവര്‍, മാസമുറ 7 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നവര്‍, 28 ദിവസത്തില്‍ താഴെ ദൈര്‍ഘ്യമുള്ള ആര്‍ത്തവചക്രം ഉള്ളവര്‍, 12 വയസ്സിനുമുമ്പ് ഋതുമതിയായവര്‍ എന്നിവരില്‍ എന്‍ഡോമെട്രിയോസിസ് വരാനുള്ള സാധ്യത കൂടുതലാണ്.

രോഗലക്ഷണങ്ങള്‍

പ്രജനന ക്ഷമതയുള്ള പ്രായത്തിലുള്ള ( reproductive age group ) സ്ത്രീകള്‍ക്കാണ് കൂടുതലായും ലക്ഷണങ്ങള്‍ കണ്ടു വരുന്നത്. ആര്‍ത്തവ സമയത്ത് വസ്തി പ്രദേശത്ത് അനുഭവപ്പെടുന്ന അമിതമായ വേദന, വന്ധ്യത എന്നിവയാണ് ഈ രോഗത്തിന്റെ സര്‍വസാധാരണമായ ലക്ഷണങ്ങള്‍. ഭൂരിഭാഗം സ്ത്രീകളിലും മാസമുറയോടനുബന്ധിച്ചാണ് ഈ വേദന അനുഭവപ്പെടുന്നത്. ചുരുക്കം ചിലരില്‍ സ്ഥിരമായ വേദനയായും അനുഭവപ്പെടാറുണ്ട്. ചിലരില്‍ ഈ വേദന ലൈംഗികബന്ധത്തിനിടയിലോ, ശേഷമോ, മലമൂത്രവിസര്‍ജന സമയത്തോ അനുഭവപ്പെടും.

ഈ രോഗാവസ്ഥയിലുള്ള പകുതിയോളം ആളുകളില്‍ വന്ധ്യതയ്ക്കുള്ള സാധ്യത വളരേ കൂടുതലാണ്. മിക്കവാറും വന്ധ്യതയ്ക്ക് ചികിത്സയ്ക്കായി ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കുമ്പോഴാവും ഇതാണ് വില്ലന്‍ എന്നു കണ്ടെത്തുന്നത് തന്നെ.

ഏകദേശം 25 ശതമാനത്തോളം സ്ത്രീകളില്‍ ഈ രോഗം യാതൊരുവിധ ലക്ഷണങ്ങളും തന്നെ പ്രകടിപ്പിക്കാറില്ല.

 എന്തുകൊണ്ട് വേദന??

മാസമുറയുടെ സമയത്ത് ഗര്‍ഭപാത്രത്തിനുള്ളില്‍നിന്നു മാത്രമല്ല, മറ്റു ഭാഗങ്ങളിലുള്ള എന്‍ഡോമെട്രിയോസിസ് കലകളില്‍ നിന്നു കൂടി രക്തസ്രാവം സംഭവിക്കുന്നു. ഈ രക്തം വയറിനുള്ളിലെ മറ്റ് ആന്തരികാവയവങ്ങളില്‍ ചെറിയതോതില്‍ ഇറിറ്റേഷന്‍ ഉണ്ടാക്കുകയും അത് വേദനയിലേക്ക് നയിക്കുകയും ചെയ്യുന്നു. രക്തസ്രാവത്തിനു ശേഷം ആ ഭാഗം ഉണങ്ങുമ്പോള്‍ ഉണ്ടാകുന്ന വടുക്കളും ഭാവിയില്‍ വേദനയ്ക്കു കാരണമാകാം.

വന്ധ്യത എന്തുകൊണ്ട്?

അണ്ഡവാഹിനിക്കുഴലില്‍ എന്‍ഡോമെട്രിയോസിസ് മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ വന്ധ്യതയിലേക്ക് നയിക്കാം. അതല്ലാതെ അണ്ഡാശയങ്ങളിലും അണ്ഡവാഹിനി കുഴലുകളിലും ഗര്‍ഭാശയത്തിനു പുറത്തുമായി നിലകൊള്ളുന്ന എന്‍ഡോമെട്രിയോസിസ് അവയുടെ പ്രവര്‍ത്തനത്തെ പലരീതിയില്‍ തടസ്സപ്പെടുത്തുന്നതും വന്ധ്യതയിലേക്ക് നയിച്ചേക്കാം.

രോഗനിര്‍ണയം

കൃത്യമായി രോഗചരിത്രം വിശകലനം ചെയ്യുന്നതിലൂടെയും ദേഹപരിശോധനയിലൂടെയും ഉള്ളുപരിശോധനയിലൂടെയും ഒരു പരിശീലനം ലഭിച്ച ഡോക്ടര്‍ക്ക് എന്‍ഡോമെട്രിയോസിസ് തിരിച്ചറിയാനാകും.

അത് സ്ഥിരീകരിക്കുന്നതിനായി അള്‍ട്രാസൗണ്ട്, എം.ആര്‍.ഐ., സി.ടി. സ്‌കാന്‍ എന്നീ സങ്കേതങ്ങളും, ലാപ്രോസ്‌കോപ്പിക് പരിശോധനയും നടത്താറുണ്ട്.

ഇതില്‍ ലാപ്രോസ്‌കോപ്പിക് പരിശോധനയോടൊപ്പം എന്‍ഡോമെട്രിയോസിസ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ ചെയ്യാനോ അവ കരിച്ചുകളയുന്നതിനുള്ള സങ്കേതങ്ങളോ ഉപയോഗിക്കാമെന്നുള്ള സൗകര്യംകൂടിയുണ്ട്. ഒപ്പം രോഗനിര്‍ണയം ബയോപ്‌സി പരിശോധനയിലൂടെ പൂര്‍ത്തിയാക്കുന്നതിനായി കലകളുടെ സാമ്പിളുകളും എടുക്കാം.

ചികിത്സ

ചില ഹോര്‍മോണല്‍ മരുന്നുകളുപയോഗിച്ച് എന്‍ഡോമെട്രിയോസിസിനോടനുബന്ധിച്ച് ആര്‍ത്തവദിനത്തില്‍ വരുന്ന വേദന ലഘൂകരിക്കുന്ന ചികിത്സാരീതികളുണ്ട്. അവയോടൊപ്പം വേദനയെ കൈകാര്യം ചെയ്യുന്നതിനായി എന്‍.എസ്.എ.ഐ.ഡി. കുടുംബത്തില്‍പ്പെട്ട മരുന്നുകളും ഉപയോഗിച്ചുവരുന്നു.

നേരത്തേ തന്നെ സൂചിപ്പിച്ചതുപോലെ ലാപ്രോസ്‌കോപ്പിയുടെ സഹായത്തോടെ എന്‍ഡോമെട്രിയോസിസ് ബാധിച്ച ഭാഗങ്ങള്‍ നീക്കം ചെയ്യുകയോ കരിച്ചുകളയുകയോ ചെയ്യും. ഒപ്പം വടുക്കള്‍ മൂലമുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും. ഭൂരിഭാഗം വ്യക്തികളിലും വന്ധ്യതയ്ക്ക് കാരണം ഇത്തരം തടസ്സങ്ങളാണ്.

അതിസങ്കീര്‍ണ്ണമായ ചില രോഗികളില്‍, പ്രസവം നിര്‍ത്തിയതിനു ശേഷം ഒരു ശസ്ത്രക്രിയയിലൂടെ എന്‍ഡോമെട്രിയോസിസ് ബാധിച്ച അണ്ഡാശയവും ഗര്‍ഭാശയവും പരിപൂര്‍ണ്ണമായി നീക്കം ചെയ്യേണ്ടതായും വരാറുണ്ട്.

എഴുതിയത്-ഇന്‍ഫോക്ലിനിക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന് വേണ്ടി ഡോക്ടര്‍ കിരണ്‍ നാരായണ്‍, ഡോക്ടര്‍ കുഞ്ഞാലികുട്ടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍